നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
1 ഒരു ദീർഘകാല സാക്ഷി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “കൺവെൻഷന്റെ ആദ്യദിവസം ഹാജരാകാതിരിക്കുന്നത് വലിയൊരു നഷ്ടം തന്നെയാണ്!” അദ്ദേഹത്തിന് അങ്ങനെ തോന്നിയത് എന്തുകൊണ്ടാണ്? കാരണം, യഹോവയുടെ സംഘടന നമുക്കായി ഒരുക്കിയിരിക്കുന്ന സമൃദ്ധമായ ആത്മീയ വിരുന്നിന്റെ ആദ്യദിനമാണത്. (യെശ. 25:6) തുടക്കം മുതൽ നാം അവിടെ സന്നിഹിതരായിരുന്നാൽ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വികാരങ്ങളോടു നാം യോജിക്കുകയായിരിക്കും: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.”—സങ്കീ. 122:1.
2 കഴിഞ്ഞ വർഷം, “ദൈവത്തിന്റെ പ്രാവചനിക വചന” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ചിലതിൽ ശനിയാഴ്ചയെയും ഞായറാഴ്ചയെയും അപേക്ഷിച്ച് വെള്ളിയാഴ്ച ഹാജർ വളരെ കുറവായിരുന്നു. ഇതിന്റെ അർഥം പ്രാവചനിക വചനം സംബന്ധിച്ച് മർമപ്രധാനമായ വിവരങ്ങൾ അവതരിപ്പിച്ച കൺവെൻഷൻ പരിപാടികൾ നമ്മുടെ സഹോദരങ്ങളിൽ നല്ലൊരു ശതമാനം നഷ്ടമാക്കി എന്നാണ്. സഹവിശ്വാസികളുമായുള്ള സന്തോഷകരമായ സഹവാസവും അവർക്ക് ആസ്വദിക്കാനായില്ല.
3 ലൗകിക തൊഴിൽ ഒരു തടസ്സമാകാൻ അനുവദിക്കരുത്: തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയം നിമിത്തമായിരിക്കാം വെള്ളിയാഴ്ച ചിലർ ഹാജരാകാതിരുന്നത്. എങ്കിലും, മുന്നമേതന്നെ അവധിക്ക് അപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമകൾ അത് അനുവദിക്കുന്നതായി അനേകം സാക്ഷികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ സഭായോഗങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിക്കാനുള്ള ഒരു പയനിയർ സഹോദരിയുടെ ഉറച്ച തീരുമാനത്തിൽ മതിപ്പു തോന്നിയ തൊഴിലുടമ ഒരു ദിവസത്തെ മുഴു കൺവെൻഷൻ പരിപാടികളിലും സംബന്ധിക്കുകയുണ്ടായി.
4 തൊഴിലുടമ അവധി തരാൻ സാധ്യതയില്ലെന്ന് നിങ്ങൾതന്നെ തീരുമാനിക്കരുത്. അല്ലെങ്കിൽ ഒരു ദിവസം കൺവെൻഷനിൽ സംബന്ധിക്കാതിരിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്നു നിങ്ങൾ വിചാരിക്കരുത്. കൺവെൻഷനിൽ പങ്കെടുക്കുന്നത് നിങ്ങളുടെ ആരാധനയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് ആത്മാർഥ ബോധ്യത്തോടെ, തിരുവെഴുത്തുകളിൽനിന്നു നയപൂർവം നിങ്ങളുടെ തൊഴിലുടമയെ കാണിച്ചുകൊടുക്കാൻ തയ്യാറായിരിക്കുക. (എബ്രാ. 10:24, 25) എന്നിട്ട്, നിങ്ങളുടെ ജീവിതത്തിൽ ആത്മീയ ആവശ്യങ്ങൾ ഒന്നാം സ്ഥാനത്തു വെക്കുന്നെങ്കിൽ ഭൗതികമായതെല്ലാം നൽകപ്പെടുമെന്നു തിരിച്ചറിഞ്ഞുകൊണ്ട്, യഹോവയുടെ വാഗ്ദാനത്തിൽ പൂർണ വിശ്വാസം അർപ്പിക്കുക.—മത്താ. 6:33; എബ്രാ. 13:5, 6.
5 “കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങ”ളോടുള്ള വിലമതിപ്പാണ് ഉൾപ്പെട്ടിരിക്കുന്ന മുഖ്യ സംഗതി. (ഫിലി. 1:10, 11, NW; സങ്കീ. 27:4) യഹോവയിൽനിന്നുള്ള ഈ ജീവത്പ്രധാന കരുതലിൽനിന്നു പൂർണ പ്രയോജനം നേടാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ആ വിലമതിപ്പു നമ്മെ പ്രേരിപ്പിക്കും. ഇപ്പോൾത്തന്നെ അതിനുള്ള സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്തുതുടങ്ങുക, മൂന്നു ദിവസവും അവിടെ ഉണ്ടായിരിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്യുക!