ദൈവവ്യവസ്ഥകൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കൽ
“നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!”—1 കൊരിന്ത്യർ 9:16.
1, 2. (എ) ഏതു ദ്വിമുഖ വേലയിൽ നാം പങ്കെടുക്കാനാണു യഹോവ ആവശ്യപ്പെടുന്നത്? (ബി) ദൈവരാജ്യത്തിന്റെ പ്രജകളായിത്തീരാൻ ആത്മാർഥഹൃദയർ എന്തു പഠിക്കണം?
മനുഷ്യവർഗത്തിനായി യഹോവയ്ക്കു സുവാർത്തയുണ്ട്. അവന് ഒരു രാജ്യമുണ്ട്, സകലയിടത്തുമുള്ള ആളുകൾ അതേക്കുറിച്ചു കേൾക്കാൻ അവൻ ആഗ്രഹിക്കുന്നു! ആ സുവാർത്ത നാം ഒരിക്കൽ മനസ്സിലാക്കിയാൽപ്പിന്നെ, അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ദൈവം ആവശ്യപ്പെടുന്നു. അതൊരു ദ്വിമുഖ വേലയാണ്. ഒന്നാമത്, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത നാം പ്രഘോഷിക്കേണ്ടതുണ്ട്. “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുള്ള [NW] തന്റെ പ്രവചനത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:3, 14.
2 ഈ വേലയുടെ രണ്ടാമത്തെ വശത്ത് ഉൾപ്പെട്ടിരിക്കുന്നത് രാജ്യപ്രഘോഷണത്തോട് അനുകൂലമായി പ്രതികരിക്കുന്നവരെ പഠിപ്പിക്കുന്നതാണ്. തന്റെ പുനരുത്ഥാനത്തെത്തുടർന്നു ശിഷ്യന്മാരുടെ ഒരു വലിയ കൂട്ടത്തോട് യേശു പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്തായി 28:19, 20) ‘ക്രിസ്തു കല്പിച്ച കാര്യങ്ങൾ’ അവനിൽനിന്ന് ഉരുത്തിരിഞ്ഞതായിരുന്നില്ല; ദൈവത്തിന്റെ കൽപ്പനകൾ അഥവാ വ്യവസ്ഥകൾ പ്രമാണിക്കാൻ അവൻ മറ്റുള്ളവരെ പഠിപ്പിച്ചു. (യോഹന്നാൻ 14:23, 24; 15:10) ‘ക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ പ്രമാണിക്കാൻ’ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ, ദൈവവ്യവസ്ഥകൾ പഠിക്കാൻ അവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. ദൈവരാജ്യത്തിന്റെ പ്രജകളായിത്തീരുന്നതിന് ആത്മാർഥഹൃദയർ അവന്റെ വ്യവസ്ഥകളിൽ എത്തിച്ചേരേണ്ടതുണ്ട്.
3. എന്താണു ദൈവരാജ്യം, രാജ്യസന്ദേശത്തെ വളരെ നല്ലൊരു സുവാർത്തയാക്കുന്ന എന്താണ് അതു നിവർത്തിക്കാൻ പോകുന്നത്?
3 എന്താണു ദൈവരാജ്യം? രാജ്യസന്ദേശത്തെ വളരെ നല്ലൊരു സുവാർത്തയാക്കുന്ന എന്താണ് അതു നിവർത്തിക്കാൻ പോകുന്നത്? ദൈവരാജ്യം ഒരു സ്വർഗീയ ഗവൺമെൻറാണ്. അതു യഹോവയുടെ ഹൃദയത്തിനു വളരെ പ്രിയങ്കരമാണ്. കാരണം, അതിലൂടെയാണ് അവൻ സകല നിന്ദയും നീക്കി തന്റെ നാമം വിശുദ്ധീകരിക്കുന്നത്. ആ രാജ്യം സ്വർഗത്തിലെപ്പോലെ ഭൂമിയിലും തന്റെ ഇഷ്ടം നടപ്പാക്കാൻ യഹോവ ഉപയോഗിക്കുന്ന ഉപാധിയാണ്. അതുകൊണ്ടാണു ദൈവരാജ്യം വരുന്നതിനായി പ്രാർഥിക്കാനും അതിനെ നമ്മുടെ ജീവിതത്തിൽ ഒന്നാമതു വെക്കാനും യേശു പഠിപ്പിച്ചത്. (മത്തായി 6:9, 10, 33) യഹോവയുടെ രാജ്യത്തെക്കുറിച്ച് നാം മറ്റുള്ളവരെ പഠിപ്പിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
വെല്ലുവിളി, എന്നാൽ ഭാരമല്ല
4. സുവാർത്ത പ്രസംഗിക്കാനുള്ള നമ്മുടെ കടപ്പാട് ഒരു ഭാരമല്ലെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ സാധിക്കും?
4 ഈ സുവാർത്ത പ്രസംഗിക്കുന്നത് ഒരു ഭാരമാണോ? തീർച്ചയായും അല്ല! അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: പിതാവായ ഒരാൾക്കു തന്റെ കുടുംബത്തിനു വേണ്ടി ഭൗതികമായി കരുതാനുള്ള കടപ്പാടുണ്ട്. അതു ചെയ്യുന്നതിലുള്ള പരാജയം ക്രിസ്തീയ വിശ്വാസം തള്ളിക്കളയുന്നതിനു തുല്യമാണ്. പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) എന്നാൽ ഈ കടപ്പാട് ക്രിസ്തീയ പുരുഷന് ഒരു ഭാരമാണോ? അയാൾ തന്റെ കുടുംബത്തെ സ്നേഹിക്കുന്നെങ്കിൽ, അല്ല. കാരണം, ഈ സംഗതിയിൽ അവർക്കു വേണ്ടി കരുതാൻ അയാൾ ആഗ്രഹിക്കുന്നു.
5. പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല ഒരു കടപ്പാടാണെങ്കിലും, അതിൽ പങ്കെടുക്കുന്നതിൽ നാം ആനന്ദിക്കേണ്ടത് എന്തുകൊണ്ട്?
5 സമാനമായി, പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല ഒരു കടപ്പാടാണ്, ഒരു വ്യവസ്ഥയാണ്. അതിലാണു നമ്മുടെ ജീവൻതന്നെ ആശ്രയിച്ചിരിക്കുന്നത്. പൗലൊസ് അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:16; യെഹെസ്കേൽ 33:7-9 താരതമ്യം ചെയ്യുക.) എന്നാൽ, പ്രസംഗിക്കുന്നതിനുള്ള നമ്മുടെ പ്രേരകഘടകം സ്നേഹമാണ്, വെറും കടമയല്ല. ഒന്നാമത്, നാം ദൈവത്തെ സ്നേഹിക്കുന്നു. അതേസമയം നാം നമ്മുടെ അയൽക്കാരെയും സ്നേഹിക്കുന്നു. അവർ സുവാർത്ത കേൾക്കുന്നത് എത്ര പ്രധാനമാണെന്നു നമുക്കറിയാം. (മത്തായി 22:37-39) ദൈവരാജ്യം, ഉടൻതന്നെ അനീതികൾ നേരെയാക്കുകയും സകലവിധ അടിച്ചമർത്തലുകളും നീക്കിക്കളയുകയും അതിന്റെ നീതിനിഷ്ഠമായ ഭരണത്തിനു കീഴ്പെടുന്നവർക്കു നിത്യാനുഗ്രഹങ്ങൾ കൊടുത്തുകൊണ്ട് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നതിനാൽ അത് അവർക്കു ഭാവി സംബന്ധിച്ച് പ്രത്യാശ നൽകുന്നു. അത്തരം സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാം ആനന്ദിക്കുന്നില്ലേ, അതേ, പുളകം കൊള്ളുന്നില്ലേ?—സങ്കീർത്തനം 110:3.
6. പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല വെല്ലുവിളി നിറഞ്ഞതായിരിക്കുന്നത് എന്തുകൊണ്ട്?
6 അതേസമയം, പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന ഈ വേല യഥാർഥ വെല്ലുവിളിയും ഉയർത്തുന്നു. ആളുകൾ വ്യത്യസ്ത തരക്കാരാണ്. എല്ലാവർക്കും ഒരേ അഭിരുചികളോ പ്രാപ്തികളോ അല്ല ഉള്ളത്. ചിലർക്കു നല്ല വിദ്യാഭ്യാസമുണ്ട്. എന്നാൽ മറ്റു ചിലർക്കാകട്ടെ, കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ഒരിക്കൽ ഇഷ്ടപ്പെട്ട ഒരു നേരമ്പോക്കായി കരുതിയിരുന്ന വായന ദുഷ്കരമായ ജോലിയായി വീക്ഷിക്കപ്പെടുന്നു. “വായിക്കാനറിയാമെങ്കിലും അതിൽ താത്പര്യമില്ലാത്ത അവസ്ഥ അല്ലെങ്കിൽ പ്രകൃതം” എന്നു നിർവചിക്കപ്പെട്ടിരിക്കുന്ന വായനാവിമുഖത, ഉയർന്ന സാക്ഷരതാനിരക്കുണ്ടെന്നു വീമ്പിളക്കുന്ന രാജ്യങ്ങളിൽപോലും വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്. അത്തരം വിഭിന്നമായ പശ്ചാത്തലങ്ങളും അഭിരുചികളുമുള്ളവരെ ദൈവം ആവശ്യപ്പെടുന്നതെന്തെന്നു പഠിക്കാൻ നമുക്കെങ്ങനെ സഹായിക്കാനാകും?—1 കൊരിന്ത്യർ 9:20-23 താരതമ്യം ചെയ്യുക.
മറ്റുള്ളവരെ സഹായിക്കാൻ ഉചിതമായി സജ്ജരാക്കപ്പെട്ടിരിക്കുന്നു
7. ദൈവവ്യവസ്ഥകൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മെ സജ്ജരാക്കിയിരിക്കുന്നത് എങ്ങനെ?
7 ശരിയായതരത്തിലുള്ള ഉപകരണങ്ങളുണ്ടെങ്കിൽ ദുഷ്കരമായ ഒരു ജോലി ചെയ്യാനെളുപ്പമാണ്. ഒരു ഉപകരണം ഇന്ന് ഒരു പ്രത്യേക ജോലിക്കു പറ്റിയതായിരിക്കാം. എന്നാൽ, മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് നാളെ അതിനു ഭേദഗതി വരുത്തുകയോ അതിന്റെ സ്ഥാനത്ത് മറ്റൊന്നു വരുകയോ ചെയ്തേക്കാം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം പ്രഘോഷിക്കാനുള്ള നമ്മുടെ നിയോഗത്തിന്റെ കാര്യത്തിലും അതു സമാനമാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ” വർഷങ്ങളായി ശരിയായ തരത്തിലുള്ള ഉപകരണങ്ങൾ, ഭവന ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ ഉപയോഗിക്കുന്നതിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള പ്രസിദ്ധീകരണങ്ങൾ, നൽകിയിട്ടുണ്ട്. (മത്തായി 24:45, NW) അങ്ങനെ, ദൈവവ്യവസ്ഥകൾ പഠിക്കാൻ “സകല ജാതികളിലും ഗോത്രങ്ങളിലും . . . ഭാഷകളിലും” നിന്നുള്ള ആളുകളെ സഹായിക്കാൻ നാം സജ്ജരാണ്. (വെളിപ്പാടു 7:9) ലോകവയലിലെ മാറിവരുന്ന ആവശ്യങ്ങൾക്കൊത്ത് കാലാകാലങ്ങളിൽ പുതിയ ഉപകരണങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു. ഏതാനും ഉദാഹരണങ്ങൾ നമുക്കു പരിചിന്തിക്കാം.
8. (എ) ബൈബിൾ വിദ്യാഭ്യാസം വർധിപ്പിക്കുന്നതിൽ “ദൈവം സത്യവാൻ” എന്ന പുസ്തകം എന്തു പങ്കാണു വഹിച്ചത്? (ബി) ബൈബിളധ്യയന വേലയ്ക്കുള്ള എന്ത് ഉപകരണമാണ് 1968-ൽ പ്രദാനം ചെയ്തത്, അതു പ്രത്യേകമായി രൂപകൽപ്പന ചെയ്തത് എങ്ങനെ? (സി) ശിഷ്യരെ ഉളവാക്കുന്ന വേലയിൽ സത്യം പുസ്തകം എങ്ങനെയാണു സഹായകമായിരുന്നത്?
8 1946 മുതൽ 1968 വരെ “ദൈവം സത്യവാൻ” എന്ന പുസ്തകം ബൈബിൾ വിദ്യാഭ്യാസത്തിനുള്ള ശക്തമായ ഉപകരണമായി ഉപയോഗിച്ചുപോന്നു. 54 ഭാഷകളിലായി ഏതാണ്ട് 1,92,50,000 പ്രതികൾ പ്രസിദ്ധീകരിക്കുകയുണ്ടായി. 1968-ൽ പ്രകാശനം ചെയ്ത നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം അനേക വർഷങ്ങളോളം താത്പര്യക്കാരുമൊത്തു ബൈബിൾ പഠിക്കുന്നതിനു ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. മുമ്പ്, ചിലർ സ്നാപനമേൽക്കാതെ യഹോവയുടെ സാക്ഷികളോടൊത്തു വർഷങ്ങളോളം പഠിക്കുന്നതു സാധാരണമായിരുന്നു. എന്നാൽ ഈ ഉപകരണം വിദ്യാർഥിയെ ഉൾപ്പെടുത്താനും അയാൾ പഠിച്ചുകൊണ്ടിരിക്കുന്നതു ബാധകമാക്കാൻ പ്രോത്സാഹിപ്പിക്കാനും വേണ്ടി രൂപകൽപ്പന ചെയ്തതായിരുന്നു. ഫലമോ? യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “1968 സെപ്റ്റംബർ 1-ന് തുടങ്ങി 1971 ആഗസ്റ്റ് 31-ന് അവസാനിച്ച മൂന്നു സേവനവർഷങ്ങളിൽ മൊത്തം 4,34,906 വ്യക്തികളാണു സ്നാപനമേറ്റത്—അതിന്റെ തലേ മൂന്നു സേവനവർഷങ്ങളിലായി സ്നാപനമേറ്റവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമായിരുന്നു അത്!” സത്യം പുസ്തകം പ്രകാശനം ചെയ്യപ്പെട്ടതുമുതൽ അതിനു വമ്പിച്ച പ്രചാരം ലഭിച്ചു—117 ഭാഷകളിലായി 10,70,00,000 പ്രതികൾ.
9. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന് എന്തു പ്രത്യേകതയാണുള്ളത്, രാജ്യപ്രഘോഷകരിൽ അതിന് എന്തു ഫലമാണുണ്ടായിരുന്നത്?
9 1982-ൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ബൈബിളധ്യയനങ്ങൾ നടത്തുന്നതിനുള്ള പ്രാഥമിക പുസ്തകമായിത്തീർന്നു. ഈ ഉപകരണത്തിൽ 150-ലധികം ദൃശ്യചിത്രങ്ങളുണ്ട്. ചിത്രങ്ങൾക്കൊണ്ട് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ആശയം ഹ്രസ്വമായി വിശേഷവത്കരിക്കുന്ന അർഥവത്തായ ചിത്രക്കുറിപ്പുകളും നൽകിയിരിക്കുന്നു. 1982 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “‘ദൈവം സത്യവാൻ’ നമ്മുടെ പ്രധാന പഠനപുസ്തകമായിരുന്ന ഏതാണ്ട് 20 വർഷംകൊണ്ട് (1946 മുതൽ 1960-കളുടെ മധ്യം വരെ) 10,00,000-ത്തിലധികം പുതിയ രാജ്യപ്രഘോഷകർ നമ്മുടെ അണികളോടു ചേർക്കപ്പെട്ടു. പിന്നീട്, 1968-ൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം പ്രകാശനം ചെയ്യപ്പെട്ടതിനെത്തുടർന്ന് അതു നമ്മുടെ മുഖ്യ പഠനപുസ്തകമായപ്പോൾ വേറൊരു 10,00,000 പ്രസാധകർ കൂടി ചേർക്കപ്പെട്ടു. നമ്മുടെ പുതിയ പഠനപുസ്തകമായ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നതിന്റെ ഉപയോഗംകൊണ്ടു രാജ്യപ്രസാധകരുടെ അണികളിൽ സമാനമായ വർധനവു നാം കാണുമോ? അത് യഹോവയുടെ ഇഷ്ടമെങ്കിൽ, തീർച്ചയായും!” അത് യഹോവയുടെ ഇഷ്ടമായിരുന്നുവെന്നു സ്പഷ്ടം. കാരണം 1982 മുതൽ 1995 വരെ 27,00,000-ത്തിലധികം പേരാണു രാജ്യപ്രസാധകരുടെ അണികളിലേക്കു ചേർക്കപ്പെട്ടത്!
10. 1995-ൽ പുതിയ എന്ത് ഉപകരണമാണു പ്രദാനം ചെയ്തത്, ഏറെക്കുറെ ത്വരിതഗതിയിൽ ആത്മീയ പുരോഗതി കൈവരിക്കാൻ അതു ബൈബിൾ വിദ്യാർഥികളെ എങ്ങനെ പ്രാപ്തമാക്കേണ്ടതാണ്?
10 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം” എന്ന് യേശു പറഞ്ഞു. (മത്തായി 9:37) കൊയ്ത്തു തീർച്ചയായും വലുതാണ്. ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ചില ദേശങ്ങളിൽ ബൈബിളധ്യയനങ്ങൾക്കു വേണ്ടി ആളുകൾക്കു വെയിറ്റിങ് ലിസ്റ്റിൽ പേര് നൽകേണ്ടിവരുന്നു. അതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വളരെ പെട്ടെന്നുതന്നെ വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1995-ൽ “വിശ്വസ്തനും വിവേകിയുമായ അടിമ” ഒരു പുതിയ ഉപകരണം പ്രദാനം ചെയ്തു—192 പേജുള്ള, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ശീർഷകത്തോടുകൂടിയ പുസ്തകം. ഈ വിലയേറിയ ഉപകരണം വ്യാജമതപഠിപ്പിക്കലുകളെക്കുറിച്ചു വിശദമായി ചർച്ചചെയ്യുന്നില്ല. ക്രിയാത്മകമായ ഒരു വിധത്തിൽ അതു ബൈബിൾ സത്യങ്ങൾ അവതരിപ്പിക്കുന്നു. ഏറെക്കുറെ ത്വരിതഗതിയിൽ ആത്മീയ പുരോഗതി കൈവരിക്കാൻ അതു ബൈബിൾ വിദ്യാർഥികളെ സഹായിക്കുമെന്നാണു പ്രതീക്ഷ. പരിജ്ഞാനം പുസ്തകത്തിന് ഇപ്പോൾത്തന്നെ ലോകവയലിൽ കാര്യമായ പ്രഭാവമുണ്ട്. 125 ഭാഷകളിലായി 4,55,00,000 പ്രതികൾ അച്ചടിച്ചുകഴിഞ്ഞു. കൂടാതെ 21 ഭാഷകളിലേക്കുള്ള പരിഭാഷ നടന്നുകൊണ്ടിരിക്കുന്നു.
11. നിരക്ഷരരെയോ നന്നായി വായിക്കാൻ അറിയാത്തവരെയോ പഠിപ്പിക്കുന്നതിനു ഫലപ്രദമായ എന്ത് ഉപകരണമാണു പ്രദാനം ചെയ്തത്, നമ്മുടെ ആഗോള പഠിപ്പിക്കൽ പരിപാടിയിൽ അത് ഒരു ശക്തമായ മുദ്ര പതിപ്പിച്ചിരിക്കുന്നത് എങ്ങനെ?
11 നിർദിഷ്ടമോ പരിമിതമോ ആയ ആളുകളെ ഉദ്ദേശിച്ചുള്ള ഉപകരണങ്ങൾ ‘വിശ്വസ്ത അടിമ’ ചിലപ്പോഴൊക്കെ പ്രദാനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ സാംസ്കാരികമോ മതപരമോ ആയ പശ്ചാത്തലം നിമിത്തം പ്രത്യേക സഹായം ആവശ്യമുള്ള ആളുകളെ സംബന്ധിച്ചെന്ത്? ദൈവവ്യവസ്ഥകൾ പഠിക്കാൻ നമുക്കവരെ എങ്ങനെ സഹായിക്കാനാകും? നമുക്ക് ആവശ്യമുണ്ടായിരുന്നത് 1982-ൽ നമുക്കു ലഭിച്ചു—32 പേജുള്ള, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക. നിരക്ഷരരോ നന്നായി വായിക്കാൻ അറിയാത്തവരോ ആയ ആളുകളെ പഠിപ്പിക്കുന്നതിൽ ഫലപ്രദമായ ഒരു ഉപകരണമാണെന്നു തെളിഞ്ഞു ധാരാളം ചിത്രങ്ങളുള്ള ഈ പ്രസിദ്ധീകരണം. വളരെ ലളിതവും മനസ്സിലാക്കാൻ എളുപ്പവുമായ വിധത്തിൽ അടിസ്ഥാന തിരുവെഴുത്തു പഠിപ്പിക്കലുകൾ അതിൽ കൊടുത്തിരിക്കുന്നു. പ്രകാശനം ചെയ്യപ്പെട്ടതുമുതൽ ഭൂമിയിൽ ജീവിതം ലഘുപത്രിക നമ്മുടെ ആഗോള പഠിപ്പിക്കൽ പരിപാടിയിൽ ഒരു ശക്തമായ മുദ്രതന്നെ പതിപ്പിച്ചിരിക്കുന്നു. 239 ഭാഷകളിലായി അതിന്റെ 10,51,00,000 പ്രതികളിലധികം അച്ചടിച്ചുകഴിഞ്ഞു. അങ്ങനെ അത് ഇന്നോളം വാച്ച് ടവർ സൊസൈറ്റി ഉത്പാദിപ്പിച്ച് ഏറ്റവും വ്യാപകമായി പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രസിദ്ധീകരണമായിത്തീർന്നിരിക്കുന്നു!
12, 13. (എ) വിദൂരവ്യാപകമായുള്ള ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിന് ‘വിശ്വസ്തനായ അടിമ’ 1990 മുതൽ ഏതു നൂതന മാർഗം പ്രദാനം ചെയ്തിരിക്കുന്നു? (ബി) സൊസൈറ്റിയുടെ വീഡിയോകൾ നമ്മുടെ വയൽശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാവുന്നതാണ്? (സി) ശിഷ്യരാക്കൽവേലയിൽ നമ്മെ സഹായിക്കാൻ എന്തു പുതിയ ഉപകരണമാണ് അടുത്തകാലത്തു പ്രദാനം ചെയ്തിരിക്കുന്നത്?
12 അച്ചടിച്ച പ്രസിദ്ധീകരണങ്ങൾക്കു പുറമേ, 1990 മുതൽ ‘വിശ്വസ്തനായ അടിമ’ വിദൂരവ്യാപകമായ ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിന് ഒരു പുതിയ വഴി പ്രദാനം ചെയ്യുന്ന പ്രബോധനമാർഗം നമുക്കു നൽകിയിരിക്കുന്നു—അതാണ് വീഡിയോ കാസെറ്റുകൾ. ആ വർഷം ഒക്ടോബറിൽ, വാച്ച് ടവർ സൊസൈറ്റി ആദ്യമായി നിർമിച്ച 55 മിനിറ്റുള്ള, യഹോവയുടെ സാക്ഷികൾ—ആ നാമത്തിനു പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്) എന്ന വീഡിയോ പ്രകാശനം ചെയ്തു. മനോഹരവും വിജ്ഞാനപ്രദവുമായ ആ വീഡിയോ ഏതാണ്ട് 35 ഭാഷകളിൽ ഇപ്പോൾ ലഭ്യമാണ്. മുഴു ഭൂമിയിലും സുവാർത്ത പ്രഘോഷിക്കാനുള്ള യേശുവിന്റെ കൽപ്പന നിവർത്തിക്കുന്ന, യഹോവയുടെ അർപ്പിത ജനത്തിന്റെ ലോകവ്യാപക സ്ഥാപനത്തെ അതു കാട്ടിത്തരുന്നു. ശിഷ്യരാക്കൽവേലയിൽ നമ്മെ സഹായിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ആ വീഡിയോ. വയൽശുശ്രൂഷയിൽ ഈ പുതിയ ഉപകരണം ഉപയോഗിക്കുന്നതിൽ രാജ്യപ്രസാധകർ സമയം പാഴാക്കിയില്ല. താത്പര്യമുള്ളവരെ കാണിക്കാനോ അവർക്കു കടമായി നൽകാനോ സന്നദ്ധരായി ചിലർ അതു തങ്ങളുടെ പുസ്തകബാഗിൽ കൊണ്ടുനടന്നു. അതിന്റെ പ്രകാശനത്തിനുശേഷം താമസിയാതെ ഒരു സഞ്ചാരമേൽവിചാരകൻ ഇങ്ങനെ എഴുതി: “ലക്ഷക്കണക്കിനു വ്യക്തികളുടെ മനസ്സിലും ഹൃദയത്തിലും എത്തിച്ചേരുന്നതിനുള്ള 21-ാം നൂറ്റാണ്ടിന്റെ മാർഗമായിത്തീർന്നിരിക്കുന്നു വീഡിയോകൾ. അതുകൊണ്ട് ലോകവ്യാപക രാജ്യവേല ഉന്നമിപ്പിക്കുന്നതിനായി സൊസൈറ്റി ഉപയോഗിക്കാൻ പോകുന്ന അനേകം വീഡിയോകളിൽ ആദ്യത്തേതു മാത്രമായിരിക്കും ഈ വീഡിയോ എന്നാണു ഞങ്ങളുടെ പ്രത്യാശ.” തീർച്ചയായും, മൂന്നു ഭാഗങ്ങളുള്ള പരമ്പരയായ ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്നിവ ഉൾപ്പെടെ അനേകം വീഡിയോകൾ സൊസൈറ്റി പ്രദാനം ചെയ്തിട്ടുണ്ട്. സൊസൈറ്റിയുടെ വീഡിയോകൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ, വയൽശുശ്രൂഷയിൽ നിങ്ങളവ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ?a
13 ശിഷ്യരാക്കൽവേലയിൽ നമ്മെ സഹായിക്കാൻ അടുത്ത കാലത്ത് ഒരു പുതിയ ഉപകരണം, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ലഭിക്കുകയുണ്ടായി. അതു പ്രസിദ്ധീകരിച്ചതിന്റെ കാരണമെന്തായിരുന്നു? അത് എങ്ങനെ ഉപയോഗിക്കാവുന്നതാണ്?
ഒരു പുതിയ ഉപകരണം പരിശോധിക്കൽ
14, 15. ആർക്കു വേണ്ടിയാണ് ആവശ്യം ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്, അതിൽ എന്ത് അടങ്ങിയിരിക്കുന്നു?
14 ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന പുതിയ പ്രസിദ്ധീകരണം ദൈവത്തിൽ വിശ്വസിക്കുകയും ബൈബിളിനെ ആദരിക്കുകയും ചെയ്യുന്ന ആളുകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. വികസ്വരനാടുകളിൽ അനേകവർഷത്തെ അനുഭവപരിചയമുള്ള സഞ്ചാരമേൽവിചാരകന്മാരും ഗിലെയാദ് മിഷനറിമാരും ഈ ലഘുപത്രിക തയ്യാറാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. അത്, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ അടങ്ങുന്ന ഒരു സമ്പൂർണ പഠനപദ്ധതിയായി വർത്തിക്കുന്നു. ഊഷ്മളവും ലളിതവും നേരിട്ടുള്ളതുമായ വിധത്തിലാണു വാക്കുകൾ കൊടുത്തിരിക്കുന്നത്. അതേസമയം, പാഠഭാഗത്തെ ലാഘവത്തോടെ അവതരിപ്പിക്കുന്നില്ല. അതു പ്രദാനം ചെയ്യുന്നതു “പാല”ല്ല, പിന്നെയോ മിക്കയാളുകൾക്കും മനസ്സിലാകുന്ന വിധത്തിൽ ദൈവവചനത്തിൽനിന്നുള്ള “കട്ടിയായുള്ള ആഹാര”മാണ്.—എബ്രായർ 5:12-14.
15 അടുത്തകാലത്തായി പല ദേശങ്ങളിലുമുള്ള രാജ്യപ്രസാധകർ അത്തരമൊരു പ്രസിദ്ധീകരണത്തിനുള്ള ആവശ്യമുന്നയിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, പാപ്പുവാ ന്യൂഗിനിയിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് ഇങ്ങനെ എഴുതി: “പരസ്പരവിരുദ്ധമായ മതപഠിപ്പിക്കലുകൾ നിമിത്തം ആളുകൾക്ക് ആശയക്കുഴപ്പമാണ്. അവർക്ക് അനേകം തിരുവെഴുത്തുവാക്യങ്ങളുടെ പിന്തുണയുള്ള സത്യത്തിന്റെ സംക്ഷിപ്തമായ പ്രസ്താവനകളാണ് ആവശ്യം. ആ വാക്യങ്ങൾ അവർക്കു സ്വന്തം ബൈബിളിൽ എടുത്തുനോക്കാൻ സാധിക്കും. സത്യക്രിസ്ത്യാനികളിൽനിന്നു ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളും അവന് അസ്വീകാര്യമായിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വ്യക്തവും നിർദിഷ്ടവുമായ അവതരണമാണ് അവർക്ക് ആവശ്യം.” ദൈവവ്യവസ്ഥകൾ പഠിക്കാൻ അത്തരക്കാരെ നമുക്കു സഹായിക്കാൻ പറ്റിയ ഒന്നുതന്നെയാണ് ആവശ്യം ലഘുപത്രിക.
16. (എ) പുതിയ ലഘുപത്രികയിൽ കൊടുത്തിരിക്കുന്ന ലളിതമായ വിശദീകരണങ്ങളിൽനിന്നു പ്രത്യേകിച്ച് ആർക്കു പ്രയോജനം നേടാവുന്നതാണ്? (ബി) നിങ്ങളുടെ പ്രദേശത്തുള്ളവർ ആവശ്യം ലഘുപത്രികയിൽനിന്ന് എങ്ങനെ പ്രയോജനം നേടിയേക്കാം?
16 ഈ പുതിയ ഉപകരണം എങ്ങനെ ഉപയോഗിക്കാവുന്നതാണ്? ഒന്നാമതായി, വായിക്കാൻ ബുദ്ധിമുട്ടുള്ളവരോ വായിക്കാൻ താത്പര്യമില്ലാത്തവരോ ആയ ആളുകളോടൊത്തു പഠിക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്.b ഈ ലഘുപത്രികയിൽ കൊടുത്തിരിക്കുന്ന ലളിതമായ വിശദീകരണങ്ങളിൽനിന്ന് അത്തരം വ്യക്തികൾക്കു പ്രയോജനം നേടാനാകും. ഈ പ്രസിദ്ധീകരണത്തിന്റെ ഒരു മുൻകൂർ കോപ്പി പുനരവലോകനം ചെയ്തശേഷം വാച്ച് ടവർ ബ്രാഞ്ചുകൾ പിൻവരുന്നപ്രകാരം എഴുതി: “ഈ രാജ്യത്ത് കാര്യമായി വായിക്കാൻ താത്പര്യമില്ലാത്ത ആളുകളുള്ള പല ഭാഗങ്ങളിലും ഈ ലഘുപത്രിക വളരെ ഉപയോഗപ്രദമായിരിക്കും.” (ബ്രസീൽ) “തങ്ങളുടെ പ്രാദേശിക ഭാഷ വായിക്കാനറിയാത്തവരും ഫ്രഞ്ചു വായിക്കുന്നതിൽ കുറെയൊക്കെ ബുദ്ധിമുട്ടുള്ളവരുമായ കുടിയേറിപ്പാർത്ത അനേകരുണ്ട്. അത്തരക്കാരുമൊത്തു പഠിക്കുന്നതിൽ ഈ ലഘുപത്രിക ഒരു സഹായമായേക്കും.” (ഫ്രാൻസ്) ആവശ്യം ലഘുപത്രികയിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന നിങ്ങളുടെ പ്രദേശത്തുള്ളവരെക്കുറിച്ചു ചിന്തിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
17. പുതിയ ലഘുപത്രിക അനേകം ദേശങ്ങളിലും എങ്ങനെ ഉപയോഗിക്കാവുന്നതാണ്, എന്തുകൊണ്ട്?
17 രണ്ടാമതായി, ആളുകൾ എത്ര വിദ്യാസമ്പന്നരാണെങ്കിലും ദൈവഭയമുള്ളവരാണെങ്കിൽ അവരുമായി ബൈബിളധ്യയനങ്ങൾ നടത്തുന്നതിനു പല നാടുകളിലും ഈ ലഘുപത്രിക ഉപയോഗപ്രദമായിരിക്കാം. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകമുപയോഗിച്ച് അധ്യയനം തുടങ്ങുന്നതിനു തീർച്ചയായും ശ്രമിക്കേണ്ടതുണ്ട്. എന്നാൽ ചില കേസുകളിൽ, ഒരു ലഘുപത്രിക ഉപയോഗിച്ച് അധ്യയനം തുടങ്ങുക കൂടുതൽ എളുപ്പമായിരിക്കാം. എന്നിട്ട്, ഉചിതമായ ഒരു സമയത്ത് അധ്യയനം, നമ്മുടെ പ്രാഥമികവും അഭിലഷണീയവുമായ അധ്യയന സഹായിയായ പരിജ്ഞാനം പുസ്തകത്തിലേക്കു മാറ്റേണ്ടതാണ്. ആവശ്യം ലഘുപത്രികയുടെ ഈ ഉപയോഗത്തെക്കുറിച്ചു വാച്ച് ടവർ ബ്രാഞ്ചുകൾ എഴുതി: “ബൈബിളധ്യയനങ്ങൾ തുടങ്ങുക ബുദ്ധിമുട്ടാണ്. പ്രസാധകർ ലഘുപത്രിക ഉപയോഗിക്കുമ്പോൾ അധ്യയനം തുടങ്ങാനുള്ള സാധ്യതകൾ കൂടുതൽ മെച്ചമാണെന്നു തോന്നുന്നു.” (ജർമനി) “പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ ഇതുപോലുള്ള ഒരു ലഘുപത്രിക അങ്ങേയറ്റം ഫലപ്രദമാണ്. എന്നിട്ട് അത് പരിജ്ഞാനം പുസ്തകം ഉപയോഗിച്ചു തുടരാവുന്നതാണ്.” (ഇറ്റലി) “ജപ്പാൻകാർക്ക് ഉയർന്ന അളവിലുള്ള വിദ്യാഭ്യാസമുണ്ടെങ്കിലും, മിക്കവർക്കും ബൈബിളിനെക്കുറിച്ചോ അതിന്റെ അടിസ്ഥാന പഠിപ്പിക്കലുകളെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഉള്ളൂ. ഈ ലഘുപത്രിക പരിജ്ഞാനം പുസ്തകത്തിലേക്കുള്ള ഒരു നല്ല ചവിട്ടുപടിയായിരിക്കണം.”—ജപ്പാൻ.
18. ദൈവവ്യവസ്ഥകളിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് നാം എന്ത് ഓർമിക്കേണ്ടതാണ്?
18 ലോകമെമ്പാടുമുള്ള സൊസൈറ്റിയുടെ ബ്രാഞ്ചുകൾ ഈ ലഘുപത്രികയ്ക്കു വേണ്ടി അപേക്ഷിച്ചു. അത് 221 ഭാഷകളിലേക്കു വിവർത്തനം ചെയ്യുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. യഹോവയാം ദൈവം തങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് എന്തെന്നു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഈ പുതിയ പ്രസിദ്ധീകരണം അമൂല്യമാണെന്നു തെളിയട്ടെ. പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള കൽപ്പന ഉൾപ്പെടെ നാം ദൈവവ്യവസ്ഥകളിൽ എത്തിച്ചേരുന്നത്, നാം യഹോവയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവനു കാണിച്ചുകൊടുക്കാൻ വിലയേറിയ ഒരു അവസരം നൽകുന്നുവെന്നു നമുക്ക് ഓർമിക്കാം. അതേ, ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് ഭാരമുള്ളതല്ല. ജീവിക്കേണ്ട ഉത്തമമായ മാർഗമാണത്!—സങ്കീർത്തനം 19:7-11.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “വീഡിയോ കാസെറ്റുകൾ അച്ചടിച്ച പേജിന്റെയും വ്യക്തിപരമായി സാക്ഷ്യം കൊടുക്കുന്നതിന്റെയും സ്ഥാനം ഒരുപ്രകാരത്തിലും കയ്യടക്കുന്നില്ല. സുവാർത്ത വ്യാപിപ്പിക്കുന്നതിൽ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ മർമപ്രധാനമായ പങ്കു വഹിക്കുന്നതിൽ തുടരുന്നു. യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള വേല തിരുവെഴുത്തുകളിൽ ഉറച്ച അടിസ്ഥാനമുള്ള അവരുടെ ശുശ്രൂഷാവശമാണ്. എന്നിരുന്നാലും, യഹോവയുടെ അമൂല്യമായ വാഗ്ദത്തങ്ങളിൽ വിശ്വാസം നട്ടുവളർത്തുന്നതിനും നമ്മുടെ നാളിൽ അവൻ ഭൂമിയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പു വളർത്തിയെടുക്കുന്നതിനും ആ വിലയേറിയ ഉപകരണങ്ങൾക്കുള്ള അനുബന്ധമായി വർത്തിക്കുന്നു ഇപ്പോൾ വീഡിയോ കാസെറ്റുകൾ.”
b ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അധ്യയനം നടത്തുന്നതിനെക്കുറിച്ചുള്ള വിശദീകരണത്തിനായി 16-17 പേജുകളിൽ കൊടുത്തിരിക്കുന്ന “ദൈവവ്യവസ്ഥകൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിന് ഒരു പുതിയ ഉപകരണം” എന്ന ലേഖനം കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഏതു ദ്വിമുഖ വേലയിൽ പങ്കെടുക്കാനാണു യഹോവ തന്റെ ദാസന്മാരോട് ആവശ്യപ്പെടുന്നത്?
◻ പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള നമ്മുടെ കടപ്പാട് നമ്മെ സംബന്ധിച്ചിടത്തോളം ഭാരമുള്ളതല്ലാത്തത് എന്തുകൊണ്ട്?
◻ പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേലയിലെ നമ്മുടെ ഉപയോഗത്തിനായി “വിശ്വസ്തനും വിവേകിയുമായ അടിമ” എന്തെല്ലാം ഉപകരണങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു?
◻ ആർക്കു വേണ്ടിയാണ് ആവശ്യം ലഘുപത്രിക രൂപകൽപ്പന ചെയ്തിരിക്കുന്നത്, നമ്മുടെ ശുശ്രൂഷയിൽ അത് എങ്ങനെ ഉപയോഗിക്കാം?
[24-ാം പേജിലെ ചിത്രം]
പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല ഭാരമുള്ളതല്ല
[26-ാം പേജിലെ ചിത്രങ്ങൾ]
“ദൈവം സത്യവാൻ” (1946, പരിഷ്കരിച്ചത് 1952-ൽ): 54 ഭാഷകളിലായി 1,92,50,000 എണ്ണം (കാണിച്ചിരിക്കുന്നത് ഇംഗ്ലീഷ്)
“നിത്യജീവനിലേക്കു നയിക്കുന്ന സത്യം” (1968): 117 ഭാഷകളിലായി 10,70,00,000 എണ്ണം (കാണിച്ചിരിക്കുന്നത് ഫ്രഞ്ച്)
“നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും” (1982): 130 ഭാഷകളിലായി 8,09,00,000 എണ്ണം (കാണിച്ചിരിക്കുന്നത് റഷ്യൻ)
“നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം” (1995): 125 ഭാഷകളിലായി 4,55,00,000 എണ്ണം (കാണിച്ചിരിക്കുന്നത് ജർമൻ)