വിശുദ്ധ അരുളപ്പാടുകൾക്ക് ശ്രദ്ധ കൊടുപ്പിൻ
1 മനുഷ്യർ പറയുന്ന എല്ലാ കാര്യങ്ങളും സവിശേഷ ശ്രദ്ധ അർഹിക്കുന്നില്ല. എന്നാൽ, ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധ കൊടുക്കേണ്ടത് അടിയന്തിരമാണ്. (ആവ. 28:1, 2) സന്തോഷകരമെന്നു പറയട്ടെ, നിശ്വസ്ത എഴുത്തുകാർ ‘ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ’ നമ്മുടെ പ്രയോജനത്തിനായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. (റോമ. 3:2) ഈ അരുളപ്പാടുകൾ വായിച്ച് ചർച്ച ചെയ്യുന്നത് ശ്രദ്ധിക്കുന്നതിനുള്ള അമൂല്യ അവസരങ്ങൾ ഈ വരുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നമുക്കു ലഭിക്കും. പ്രത്യേകാൽ ശ്രദ്ധയുള്ളവരായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
2 ദിവസവും നേരത്തേ എത്തിച്ചേരുക: ന്യായപ്രമാണം കേൾക്കാനായി സീനായി മലയിങ്കൽ യഹോവയുടെ മുമ്പാകെ കൂടിവരാനായി ഇസ്രായേല്യരോടു പറഞ്ഞപ്പോഴുള്ള അവരുടെ ഉത്സാഹത്തെ കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ! (പുറ. 19:10, 11, 16-19) ഡിസ്ട്രിക്റ്റ് കൺവെൻഷനിലൂടെ യഹോവയുടെ പ്രബോധനം സ്വീകരിക്കുന്നതു സംബന്ധിച്ചു നിങ്ങൾക്കു സമാനമായ ഒരു മനോഭാവമുണ്ടെങ്കിൽ, ഓരോ ദിവസവും നേരത്തേ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ നിങ്ങൾ ചെയ്യും. താമസിച്ചുവരികയും ഇരിപ്പിടം തേടി നടന്നു മറ്റുള്ളവരെ ശല്യപ്പെടുത്തുകയുമാണെങ്കിൽ നമുക്കു മുഴുപരിപാടികളും ശ്രദ്ധിക്കാൻ സാധിക്കില്ല. കൺവെൻഷൻ സ്ഥലത്തേക്ക് രാവിലെ 8.00 മണിക്ക് പ്രവേശനം അനുവദിക്കും, ഓരോ ദിവസവും 9.30-ന് ആയിരിക്കും പരിപാടികൾ തുടങ്ങുക.
3 ചിലർ നേരത്തേ വരുമെങ്കിലും പരിപാടി തുടങ്ങുമ്പോൾ ഇരിപ്പിടത്തിൽ കാണില്ല. എന്താണു കാരണം? അധ്യക്ഷൻ ഗീതത്തിന്റെ നമ്പർ പറയുന്നതുവരെ അവർ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയും അതുകഴിഞ്ഞ് ഇരിപ്പിടങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഓരോ സെഷനും തുടങ്ങുന്നതിനു മുമ്പുള്ള പ്രാരംഭ ഗീതത്തിന് ഏതാനും മിനിട്ടുകൾക്കു മുമ്പ്, അതായത് രാജ്യസംഗീതം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ അധ്യക്ഷൻ സ്റ്റേജിൽ വന്നിരിക്കുമെന്നതു ശ്രദ്ധിക്കുക. ഇരിപ്പിടങ്ങളിൽ വന്നിരിക്കാനുള്ള സമയമായെന്ന സൂചനയാണ് അത്! പിന്നെ ഗീതാലാപനത്തിനു ക്ഷണിക്കുമ്പോൾ, യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുന്നതിൽ പങ്കുചേരാൻ നാം തയ്യാറായിരിക്കും.
4 ഏകീകൃത കുടുംബമെന്ന നിലയിൽ ശ്രദ്ധിക്കുക: കൂടിവന്ന ഇസ്രായേല്യരെ ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ വായിച്ചു കേൾപ്പിച്ചപ്പോൾ ‘കുട്ടികൾ’ ഉൾപ്പെടെ, മുഴു കുടുംബാംഗങ്ങളും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തു. (ആവ. 31:12) നമ്മുടെ കൺവെൻഷനുകളിൽ കുട്ടികളെ “തന്നിഷ്ടത്തിന്നു” വിടരുത്. (സദൃ. 29:15) മാതാപിതാക്കളേ, കൗമാരപ്രായക്കാരായ നിങ്ങളുടെ കുട്ടികൾ ഉൾപ്പെടെ മുഴു കുടുംബാംഗങ്ങളും ഒന്നിച്ചിരിക്കാനുള്ള ക്രമീകരണം ചെയ്യുക. ചില മാതാപിതാക്കൾ കുട്ടികളെ ടോയ്ലെറ്റിൽ കൊണ്ടുപോകുന്നതിന് പ്രാരംഭ ഗീതം തുടങ്ങാനായി കാത്തിരിക്കുന്നതു പോലെ തോന്നുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ, നമ്മുടെ ആരാധനയിൽ പാട്ടിനും പ്രാർഥനയ്ക്കുമുള്ള വലിയ പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം കുട്ടികൾക്കു നഷ്ടമാകും. കഴിയുമെങ്കിൽ, പരിപാടികൾ തുടങ്ങുന്നതിനു മുമ്പുതന്നെ അത്തരം കാര്യങ്ങൾ ചെയ്യുക.
5 രാത്രിസമയത്ത് ആവശ്യത്തിനു വിശ്രമിക്കുന്നതും പകൽ സമയത്ത് അമിതാഹാരം ഒഴിവാക്കുന്നതും ഏകാഗ്രതയോടെ ശ്രദ്ധിക്കാൻ നമ്മെ സഹായിക്കും. പ്രസംഗകൻ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കാതിരിക്കുക. വാക്യം വായിക്കുമ്പോൾ അത് എടുത്തുനോക്കുക. ഹ്രസ്വമായ കുറിപ്പുകളെടുക്കുക. പ്രസംഗം നടക്കുമ്പോൾ പ്രസംഗകൻ പറഞ്ഞതു സംബന്ധിച്ച് വിചിന്തനം ചെയ്യുകയും അതിലെ വിവരങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുകയും ചെയ്യുക. ഓരോ ദിവസത്തെയും പരിപാടികൾക്കുശേഷം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അവയെക്കുറിച്ച് ചർച്ച ചെയ്യുക. ഓരോരുത്തർക്കും പ്രത്യേകമായി ഇഷ്ടപ്പെട്ട ആശയങ്ങൾ എന്തൊക്കെയാണ്? ഈ ആശയങ്ങൾ നല്ലവണ്ണം ഉപയോഗപ്പെടുത്താൻ എങ്ങനെ കഴിയും?
6 ദൈവവചനത്തോട് ആദരവു കാണിക്കുക: സുഹൃത്തുക്കളോടു സംസാരിക്കാനും കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കാനുമുള്ള നല്ല അവസരം കൺവെൻഷനുകളിൽ നമുക്കു ലഭിക്കുന്നു. നേരത്തേ വന്നാൽ, പരിപാടി തുടങ്ങുന്നതിനു മുമ്പ് മറ്റുള്ളവരുമായി സംസാരിക്കാനുള്ള സമയം നമുക്കു ലഭിക്കും. എങ്കിലും, വലിയൊരു ഓഡിറ്റോറിയത്തിൽ സംസാരിക്കുന്നത് ശ്രദ്ധാശൈഥില്യത്തിനു കാരണമാകില്ല എന്നു തെറ്റായി വിചാരിച്ചുകൊണ്ട് ചിലർ പരിപാടി നടക്കുന്ന സമയത്ത് അങ്ങനെ ചെയ്യാറുണ്ട്. വലിയൊരു സദസ്സാണെങ്കിൽപ്പോലും, രാജ്യഹാളിലെ യോഗങ്ങളിൽ എന്നപോലെ ശ്രദ്ധിക്കാനുള്ള സമയമാണ് അത്. മൊബൈൽ ഫോണുകൾ, പേജറുകൾ, വീഡിയോ ക്യാമറകൾ, ക്യാമറകൾ എന്നിവ പരിപാടി നടക്കുന്ന സമയത്തു ശ്രദ്ധാശൈഥില്യത്തിനു കാരണമാകാൻ അനുവദിക്കരുത്.
7 യഹോവയിൽനിന്ന് മോശെയ്ക്ക് ന്യായപ്രമാണം ലഭിച്ച സമയത്ത് അവൻ “ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും” ഇരുന്നു. (പുറ. 34:28) അതു കണക്കിലെടുക്കുമ്പോൾ, ആത്മീയ പരിപാടികളുടെ സമയത്ത് തിന്നുന്നതും കുടിക്കുന്നതും അനുചിതമായിരിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നമൊന്നും ഇല്ലെങ്കിൽ, ഭക്ഷണത്തിനുള്ള “നിയമിത സമയം” വരെ കാത്തിരിക്കുക.—സഭാ. 3:1, NW.
8 ചില കൺവെൻഷനുകളിൽ, പരിപാടിയുടെ സമയത്ത് പല സഹോദരന്മാരും സഹോദരിമാരും കുട്ടികൾപോലും ഇടനാഴികളിലൂടെ ചുറ്റിത്തിരിയുന്നതായി പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ കയറിയിരിക്കാൻ അങ്ങനെയുള്ളവരോടു പറയാൻ സേവകർക്ക് നിർദേശം നൽകുന്നതായിരിക്കും. വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കുന്ന സ്വമേധയാ സേവകർ തങ്ങളുടെ ജോലി തീർന്നാൽ ഉടൻതന്നെ സദസ്സിൽ ചെന്നിരിക്കേണ്ടതാണ്. പരിപാടിയുടെ സമയത്ത് അത്യാവശ്യ ജോലിക്ക് നിയമിതരല്ലാത്ത സ്വമേധയാ സേവകർ സദസ്സിലിരുന്ന് പരിപാടികൾ ശ്രദ്ധിക്കണം. പരിപാടി നടക്കുമ്പോൾ അവർ വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളിൽ ചെന്നു സംസാരിച്ചുകൊണ്ടു നിൽക്കരുത്.
9 ദൈവവചനം ശ്രദ്ധിക്കുമ്പോൾ ‘കേൾക്കുന്നതിൽ മാന്ദ്യമുള്ളവരാകാൻ’ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (എബ്രാ. 5:11) അടുത്തുവരുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ യഹോവയുടെ വിശുദ്ധ അരുളപ്പാടുകൾക്ക് അടുത്ത ശ്രദ്ധ നൽകിക്കൊണ്ട് അതിനോട് ആദരവുള്ളവരായിരിക്കാൻ നമുക്കു ദൃഢചിത്തരായിരിക്കാം.