ജീവൻ അപകടത്തിൽ!
1 യഹോവയുടെ ഹിതം ‘സകലമനുഷ്യരും രക്ഷ പ്രാപിക്കണം’ എന്നതാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. എന്നിരുന്നാലും, ഭൂമിയിലെ ലക്ഷക്കണക്കിനാളുകളുടെ ജീവപ്രതീക്ഷകൾ യഹോവയോടും അവന്റെ രാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിനോടും അവർക്കുള്ള മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. “സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം” ഉണ്ടെങ്കിൽ മാത്രമേ ഉചിതമായ മനോഭാവം പ്രകടമാക്കാൻ സാധിക്കുകയുള്ളു. (1 തിമൊ. 2:3, 4, NW) പെട്ടെന്നുതന്നെ ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കപ്പെടുകയും തത്സ്ഥാനത്ത് ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകം വരുകയും ചെയ്യുമെന്ന സുവാർത്ത ആളുകളെ അറിയിക്കുമ്പോൾ നാം, ജീവരക്ഷാകരമായ ഒരു വേല നിർവഹിക്കുകയുമാണ്.—മത്താ. 24:14; 28:19, 20; റോമ. 10:13-15.
2 ഇത്ര അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? ‘ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത ഒരു വലിയ കഷ്ട’ത്തെക്കുറിച്ച് യേശു മുന്നറിയിപ്പു നൽകി. (മത്താ. 24:21) ആ കഷ്ടം അർമഗെദോനിൽ അതിന്റെ പാരമ്യത്തിലെത്തും. (വെളി. 16:16) സുവാർത്തയോടു പ്രതികരിക്കാത്തപക്ഷം നിർമൂലമായി നശിപ്പിക്കപ്പെടുന്നവരിൽ നമ്മുടെ അവിശ്വാസികളായ ബന്ധുക്കളും അയൽക്കാരും സഹജോലിക്കാരും സഹപാഠികളും പരിചയക്കാരും ഉൾപ്പെടുന്നു. എന്നാൽ, നമ്മുടെ താത്പര്യം സകലർക്കും വേണ്ടി മറുവിലയാഗമായി യേശുക്രിസ്തുവിനെ നൽകുകവഴി മുഴുമനുഷ്യവർഗത്തോടും സ്നേഹം കാണിച്ച ദൈവത്തെ അനുകരിച്ചുകൊണ്ട് ‘സകലമനുഷ്യരുടെയും’ അടുക്കൽ സുവാർത്ത എത്തിക്കുക എന്നതാണ്. (യോഹ. 3:16) ദൈവത്തിന്റെ സുരക്ഷാ സ്ഥാനത്തേക്കു പലായനം ചെയ്യാനുള്ള ക്ഷണം സകലർക്കും വെച്ചുനീട്ടാൻ നാം തീക്ഷ്ണമായി ശ്രമിക്കേണ്ടതുണ്ട്. പ്രസംഗനിയോഗം പൂർണമായി നിറവേറ്റിക്കൊണ്ട് നമുക്കു രക്തപാതകക്കുറ്റം ഒഴിവാക്കാനാകും.—യെഹെ. 33:1-7; 1 കൊരി. 9:16.
3 എന്താണ് നമ്മുടെ ലക്ഷ്യം? പ്രസംഗവേലയുടെ പ്രാധാന്യം ദൈവവചനത്തിലുടനീളം ഊന്നിപ്പറഞ്ഞിരിക്കുന്നു. പൗലൊസ് പറഞ്ഞ പ്രകാരം, ദൈവത്തിന്റെ വഴികൾക്ക് അനുസൃതമായി ജീവിക്കാൻ ‘ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു.’ (2 കൊരി. 5:14) കൂടാതെ, പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിന് വീക്ഷാഗോപുരം കൂടെക്കൂടെ ഊന്നൽ നൽകുന്നുണ്ട്. ഈ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാം എന്നതു സംബന്ധിച്ച് നമ്മുടെ രാജ്യ ശുശ്രൂഷ നിരന്തരം മാർഗനിർദേശം നൽകിക്കൊണ്ടിരിക്കുന്നു. മൂപ്പന്മാർ സാക്ഷീകരണ വേല സംഘടിപ്പിക്കുകയും അതിൽ പങ്കുപറ്റാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ സഹവിശ്വാസികൾ നമ്മെ ക്ഷണിക്കുന്നു. അവതരണങ്ങൾ തയ്യാറാകൽ, മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും സമർപ്പിക്കൽ, മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനങ്ങളും നടത്തൽ, സാക്ഷ്യം നൽകാൻ ഏതൊരു അവസരവും ഉപയോഗപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ നമുക്കു കൂടെക്കൂടെ ലഭിക്കുന്നു. ഇതെല്ലാം ആളുകളുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ നമ്മെ സഹായിക്കുന്നു!—1 കൊരി. 9:22, 23; എഫെ. 1:13.