പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 5: എത്രമാത്രം വിവരങ്ങൾ ചർച്ചചെയ്യണമെന്ന് തീരുമാനിക്കൽ
1 യേശു തന്റെ ശിഷ്യന്മാരുടെ പരിമിതി കണക്കിലെടുത്തുകൊണ്ടാണ് അവരെ പഠിപ്പിച്ചത്. ‘അവർക്കു വഹിപ്പാൻ കഴിയുന്നത്ര’ കാര്യങ്ങൾ മാത്രമേ അവൻ അവരോടു സംസാരിച്ചുള്ളൂ. (യോഹ. 16:12; മർക്കൊ. 4:33) സമാനമായി, ഇന്ന് ബൈബിളധ്യയനം നടത്തുമ്പോൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം വിവരങ്ങൾ ചർച്ചചെയ്യുന്നത് പ്രായോഗികമാണെന്ന് ഓരോരുത്തരും തിട്ടപ്പെടുത്തേണ്ടതുണ്ട്. അധ്യാപകന്റെയും വിദ്യാർഥിയുടെയും പ്രാപ്തിയും സാഹചര്യങ്ങളും അനുസരിച്ച് ചർച്ചചെയ്യുന്ന വിവരങ്ങളുടെ അളവു വ്യത്യാസപ്പെട്ടിരിക്കും.
2 ഉറച്ച വിശ്വാസം വളർത്തിയെടുക്കുക: ഒരു അധ്യയനവേളയിൽത്തന്നെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ചില വിദ്യാർഥികൾക്കു കഴിഞ്ഞേക്കും. എന്നാൽ മറ്റു ചിലർ രണ്ടോ മൂന്നോ തവണകൊണ്ടായിരിക്കും അത്രയും വിവരം ഉൾക്കൊള്ളുക. പഠിക്കുന്ന സംഗതികൾ വിദ്യാർഥിക്കു നന്നായി മനസ്സിലാകണം എന്നതാണു പ്രധാനം. അല്ലാതെ വിവരങ്ങൾ വേഗം ചർച്ചചെയ്തുതീർക്കുക എന്നതല്ല. ഓരോ വിദ്യാർഥിയും ദൈവവചനത്തിൽ പുതുതായി ആർജിച്ചെടുക്കുന്ന വിശ്വാസത്തിന് ഉറച്ച അടിസ്ഥാനം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.—സദൃ. 4:7; റോമ. 12:2.
3 ഓരോ വാരവും അധ്യയനം നടത്തുമ്പോൾ, ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനും അംഗീകരിക്കാനും വിദ്യാർഥിയെ സഹായിക്കാൻ ആവശ്യമായത്ര സമയം ചെലവഴിക്കുക. പഠിക്കുന്ന സത്യങ്ങളുടെ മൂല്യം മുഴുവനായി മനസ്സിലാക്കാൻ വിദ്യാർഥിക്കു കഴിയാത്തത്ര വേഗത്തിൽ അധ്യയനം നടത്തരുത്. പഠിപ്പിക്കലുകൾക്ക് ആധാരമായ മുഖ്യ തിരുവെഴുത്തുകൾക്കു ശ്രദ്ധകൊടുക്കാനും പ്രധാന ആശയങ്ങൾ പ്രദീപ്തമാക്കാനും ആവശ്യമായ സമയം എടുക്കുക.—2 തിമൊ. 3:16, 17.
4 ശ്രദ്ധാശൈഥില്യം ഒഴിവാക്കുക: അധ്യയനം തിടുക്കത്തിൽ എടുത്തുതീർക്കുന്നത് ഒഴിവാക്കാൻ നാം ആഗ്രഹിക്കുമ്പോൾത്തന്നെ, മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കാനും നാം ജാഗ്രത പാലിക്കണം. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു ദീർഘമായി സംസാരിക്കാൻ വിദ്യാർഥി പ്രവണത കാണിക്കുന്നെങ്കിൽ, അധ്യയനത്തിനുശേഷം അവ ചർച്ചചെയ്യാമെന്ന് പറയാവുന്നതാണ്.—സഭാ. 3:1.
5 ഇനി, സത്യത്തോടുള്ള തീക്ഷ്ണത നിമിത്തം നമ്മൾതന്നെയും അധ്യയനവേളയിൽ ധാരാളം സംസാരിച്ചുപോയേക്കാം. (സങ്കീ. 145:6, 7) ബന്ധപ്പെട്ട ഒരു ആശയമോ അനുഭവമോ വല്ലപ്പോഴുമൊക്കെ ഉൾപ്പെടുത്തുന്നതു നല്ലതാണ്. എന്നാൽ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാൻ വിദ്യാർഥിക്കു തടസ്സം നേരിടുന്ന വിധത്തിൽ ദീർഘമായോ കൂടെക്കൂടെയോ അത്തരം വിവരങ്ങൾ നാം അവതരിപ്പിക്കരുത്.
6 ഓരോ അധ്യയന വേളയിലും ന്യായമായ ഒരു ഭാഗം പഠിപ്പിച്ചുകൊണ്ട് ‘യഹോവയുടെ വെളിച്ചത്തിൽ നടക്കാൻ’ ബൈബിൾ വിദ്യാർഥികളെ നമുക്കു സഹായിക്കാം.—യെശ. 2:5.