കഴിയുന്നത്ര ആളുകളെ സുവാർത്ത അറിയിക്കൽ
1 രാജ്യദൂത് എല്ലായിടത്തും വ്യാപിപ്പിക്കാൻ യേശുവിന്റെ ആദിമ അനുഗാമികൾ ആത്മാർഥമായി യത്നിച്ചു. കഴിയുന്നത്ര ആളുകൾക്കു സുവാർത്ത എത്തിച്ചുകൊടുക്കാൻ അവർ പ്രായോഗികമായ പടികൾ സ്വീകരിച്ചു. റോമാ സാമ്രാജ്യത്തിന്റെ അന്താരാഷ്ട്ര ഭാഷയായ സാധാരണ ഗ്രീക്കിലാണ് ക്രിസ്തീയ ബൈബിളെഴുത്തുകാർ നിശ്വസ്ത പുസ്തകങ്ങൾ എഴുതിയത്. കൂടാതെ, പൊതുയുഗം രണ്ടും മൂന്നും നൂറ്റാണ്ടുകൾ മുതലുള്ള തീക്ഷ്ണരായ സുവിശേഷകർ കൈയെഴുത്തു പുസ്തകം (കോഡക്സ്) ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നിരിക്കാൻ സാധ്യതയുണ്ട്. തിരുവെഴുത്തുകൾ എടുത്തുനോക്കാൻ ചുരുളുകളെക്കാൾ എളുപ്പം അതായിരുന്നു.
2 സാങ്കേതിക വിദ്യയുടെ ഉപയോഗം: യെശയ്യാ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “നീ ജാതികളുടെ പാൽ കുടിക്കും.” (യെശ. 60:16) ഈ പ്രവചനത്തിന്റെ നിവൃത്തിയായി ആധുനികകാലത്ത് യഹോവയുടെ ദാസർ പ്രസംഗവേലയുടെ പുരോഗതിക്കായി രാഷ്ട്രങ്ങളുടെ മൂല്യവത്തായ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഉദാഹരണത്തിന്, വാണിജ്യരംഗം ശബ്ദസംയോജിത ചലച്ചിത്രങ്ങൾ വിജയകരമായി പ്രദർശിപ്പിച്ചു തുടങ്ങുന്നതിനു വളരെമുമ്പുതന്നെ 1914-ൽ ബൈബിൾ വിദ്യാർഥികൾ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിക്കാൻ തുടങ്ങിയിരുന്നു. ചലച്ചിത്രവും സ്ലൈഡ് പ്രദർശനവും അടങ്ങിയ എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ശബ്ദസംയോജിത കളർച്ചിത്ര പരിപാടി ദശലക്ഷക്കണക്കിന് ആളുകൾക്കു ശക്തമായ സാക്ഷ്യം പ്രദാനം ചെയ്തു.
3 ഇന്ന്, ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും നൂറുകണക്കിനു ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ദൈവജനം അതിവേഗ അച്ചടിയന്ത്രങ്ങളും കമ്പ്യൂട്ടർവത്കൃത ഉപാധികളും പ്രയോജനപ്പെടുത്തുന്നു. വേഗമേറിയ ഗതാഗത ഉപാധികൾ ഭൂമിയുടെ വിദൂര ഭാഗങ്ങളിൽപ്പോലും ബൈബിൾ സാഹിത്യം എത്തിച്ചുകൊടുക്കുന്നു. 235 ദേശങ്ങളിലുള്ള ആളുകളാണ് ഈ സാഹിത്യങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കുന്നത്. മുമ്പെന്നത്തേതിലും അധികം ആളുകൾക്കു ബൈബിൾ സത്യം ലഭ്യമാകാൻ തക്കവണ്ണം അത്തരം സാങ്കേതികവിദ്യ ഫലകരമായി ഉപയോഗിക്കാൻ യഹോവ തന്റെ ആത്മാവിലൂടെ അവന്റെ ദാസന്മാരെ പ്രചോദിപ്പിച്ചിരിക്കുന്നു.
4 വ്യക്തിപരമായ പൊരുത്തപ്പെടുത്തലുകൾ: കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ കഴിയേണ്ടതിന് ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനും സത്യാരാധകർ പ്രേരിതരായിരുന്നിട്ടുണ്ട്. പ്രസംഗവേലയിൽ വർധിച്ച പങ്കുണ്ടായിരിക്കാൻ അനേകരും ജീവിതം ലളിതമാക്കിയിരിക്കുന്നു. ചിലർ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിക്കുകയും മറ്റു ചിലർ പുതിയ ഒരു ഭാഷ പഠിച്ചുകൊണ്ട് തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.
5 കൂടാതെ, ആളുകൾ വീട്ടിലുള്ള സമയത്ത് സന്ദർശനം നടത്തുന്നതിനാലും അവരെ കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം പ്രസംഗിക്കുന്നതിനാലും അധികം പേരെ സുവാർത്ത അറിയിക്കാൻ നമുക്കു കഴിയും. നിങ്ങളുടെ പ്രദേശത്തുള്ളവരെ പകൽസമയത്തു വീട്ടിൽ കണ്ടുമുട്ടുക പ്രയാസമാണെങ്കിൽ സായാഹ്ന സാക്ഷീകരണം നടത്താൻ തക്കവണ്ണം പട്ടിക ക്രമീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? സാക്ഷ്യം കൊടുക്കാൻ കഴിയുന്ന പൊതുസ്ഥലങ്ങൾ സംബന്ധിച്ചെന്ത്? ടെലിഫോൺ സാക്ഷീകരണം നടത്താനും വ്യാപാരപ്രദേശങ്ങളിൽ സാക്ഷീകരിക്കാനും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ?
6 യഹോവയുടെ നാമത്തെയും രാജ്യത്തെയും കുറിച്ചു സാക്ഷ്യം നൽകുന്ന മഹത്തായ വേലയിൽ പങ്കെടുക്കാൻ കഴിയുന്നത് എന്തൊരു പദവിയാണ്! ദൈവവചനത്തിലുള്ള ജീവദായക സത്യം കഴിയുന്നത്ര ആളുകളുമായി പങ്കുവെക്കാൻ തുടർന്നും നമുക്കു ശ്രമിക്കാം.—മത്താ. 28:19, 20.
[അധ്യയന ചോദ്യങ്ങൾ]
1. കഴിയുന്നത്ര ആളുകൾക്കു സുവാർത്ത എത്തിച്ചുകൊടുക്കാൻ ആദിമ ക്രിസ്ത്യാനികൾ എന്തു ചെയ്തു?
2, 3. (എ) ആധുനിക കാലത്ത് യെശയ്യാവു 60:16 എങ്ങനെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു? (ബി) നിർമലാരാധനയുടെ ഉന്നമനത്തിനായി സാങ്കേതിക വിദ്യ എപ്രകാരം ഉപയോഗപ്പെടുത്തിവരുന്നു?
4. കൂടുതൽ ആളുകൾക്കു സുവാർത്ത എത്തിച്ചുകൊടുക്കാൻ ചിലർ ജീവിതത്തിൽ എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു?
5, 6. നിങ്ങളുടെ പ്രദേശത്ത്, കഴിയുന്നത്ര ആളുകളെ സുവാർത്ത അറിയിക്കാൻ എന്തു ചെയ്യാനാകും?