“സുവിശേഷത്തിനു സമഗ്രസാക്ഷ്യം” നൽകുക
1. നാം അറിയിക്കുന്ന സുവിശേഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതാനും ചില കാര്യങ്ങൾ ഏവ?
1 സുവാർത്തകൾ വിരളമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, “ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം” നൽകാനുള്ള പദവി നമുക്കുണ്ട്. (പ്രവൃ. 20:24, NW) ‘അന്ത്യകാലം’ പെട്ടെന്നുതന്നെ യഹോവയുടെ നീതിനിഷ്ഠമായ പുതിയലോകത്തിനു വഴിമാറിക്കൊടുക്കും എന്ന് ആളുകളെ അറിയിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. (2 തിമൊ. 3:1-5) അന്നാളിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശ. 33:24) മരിച്ചുപോയവർ കല്ലറകളിൽനിന്നു പുറത്തുവരികയും ബന്ധുമിത്രാദികളോടൊപ്പം ചേരുകയും ചെയ്യും. (യോഹ. 5:28, 29) മുഴുഭൂമിയും ഒരു മനോഹരപറുദീസ ആയിത്തീരും. (യെശ. 65:21-23) “പഴയതെല്ലാം” അന്ന് പൊയ്പ്പോയിരിക്കും. (വെളി. 21:4, പി.ഒ.സി. ബൈബിൾ) നാം അറിയിക്കുന്ന സുവിശേഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതാനും ചില കാര്യങ്ങൾ മാത്രമാണ് ഇവ.
2. സ്മാരകകാലം സുവാർത്താഘോഷണത്തിന് ഏറ്റവും അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
2 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ഈ സുവിശേഷം ഘോഷിക്കുന്നതിനുള്ള നല്ല അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഈ മാസങ്ങളിൽ പകലിനു ദൈർഘ്യം ഏറുമെന്നതിനാൽ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. കൂടാതെ, ഏറ്റവും പ്രധാനപ്പെട്ട വാർഷികാചരണമായ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ലോകമെമ്പാടും ആചരിക്കുന്നത് മാർച്ച് 22 ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ്. സ്മാരകകാലത്ത് ശുശ്രൂഷ വർധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾത്തന്നെ ചെയ്തു തുടങ്ങരുതോ?
3. ഒരു കുടുംബമെന്ന നിലയിൽ ശുശ്രൂഷയിലെ പങ്ക് എങ്ങനെ വർധിപ്പിക്കാം?
3 സഹായ പയനിയർ: സ്മാരകകാലത്ത് ഒന്നോ അതിലധികമോ മാസം സഹായ പയനിയറിങ് നടത്താൻ നിങ്ങൾക്കു സാധിക്കുമോ? അടുത്ത കുടുംബാധ്യയന വേളയിൽ ഇക്കാര്യം ചർച്ച ചെയ്യരുതോ? നല്ല സഹകരണമുണ്ടെങ്കിൽ ഒന്നോ അതിൽ കൂടുതലോ അംഗങ്ങൾക്കു സഹായ പയനിയറിങ് നടത്താൻ സാധിച്ചേക്കും. (സദൃ. 15:22) ഇതേക്കുറിച്ചു യഹോവയോടു പ്രാർഥിക്കുക, അവൻ നിങ്ങളുടെ ശ്രമങ്ങളെ തീർച്ചയായും അനുഗ്രഹിക്കും. (സദൃ. 16:3) ഇനി അഥവാ കുടുംബത്തിലെ ആർക്കും സഹായ പയനിയറിങ് നടത്താൻ സാധിക്കുന്നില്ലെങ്കിൽക്കൂടി പയനിയർമാരോടൊപ്പം പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാൻ എല്ലാവർക്കും കഴിയും.
4. സഹായ പയനിയറിങ് നടത്താൻ ജോലിക്കാർക്ക് എങ്ങനെ സമയം കണ്ടെത്താം?
4 നന്നായി ആസൂത്രണം ചെയ്താൽ ജോലിക്കാർക്കും സഹായ പയനിയറിങ് നടത്താൻ കഴിയും. ഉച്ചയൂണിന്റെ സമയത്തിൽകുറെ സാക്ഷീകരണത്തിനായി ഉപയോഗിക്കാനാകുമോ? മറ്റൊരു സാധ്യത, ജോലിക്കു മുമ്പോ പിമ്പോ ഒരു മണിക്കൂർ പ്രവർത്തിക്കാനാകുംവിധം നിങ്ങളുടെ വീടിനോ ജോലിസ്ഥലത്തിനോ അടുത്ത് “വ്യക്തിപരമായ ഒരു പ്രദേശം” സമ്പാദിക്കുക എന്നതാണ്. അത്യാവശ്യമില്ലാത്ത കാര്യങ്ങൾ മറ്റൊരു സമയത്തേക്കു മാറ്റിവെച്ചുകൊണ്ടും വാരാന്തങ്ങളിൽ മുഴുദിവസവും സേവനത്തിൽ ഏർപ്പെട്ടുകൊണ്ടും ശുശ്രൂഷയ്ക്കായി കൂടുതൽ സമയം കണ്ടെത്താനാകും. ചിലരാകട്ടെ ഒന്നോ രണ്ടോ ദിവസം അവധിയെടുത്തു ശുശ്രൂഷയിൽ ഏർപ്പെടുന്നു.
5. സഹായ പയനിയറിങ് ചെയ്യാൻ വൃദ്ധരെയും രോഗികളെയും നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
5 വാർധക്യമോ രോഗമോ മൂലമുള്ള പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽപ്പോലും, ദിവസവും കുറച്ചു സമയം ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ട് സഹായ പയനിയറിങ് നടത്താനായേക്കും. “അത്യന്തശക്തി”ക്കായി യഹോവയോടു അപേക്ഷിക്കുക. (2 കൊരി. 4:7) 106-ാമത്തെ വയസ്സിലും ഒരു സഹോദരിക്കു സഹായ പയനിയറിങ് നടത്താനായി! ബന്ധുക്കളുടെയും സഭയിലുള്ള മറ്റുള്ളവരുടെയും സഹായത്താൽ, വീടുതോറുമുള്ള ശുശ്രൂഷ, മടക്കസന്ദർശനങ്ങൾ, ബൈബിളധ്യയനങ്ങൾ എന്നിങ്ങനെ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ അവർ പങ്കുപറ്റി. പത്തു ബൈബിളധ്യയനങ്ങൾ തുടങ്ങാനും അവർ സഹായിച്ചു. അവർ പറഞ്ഞു: “ഒരു സഹായ പയനിയറായി സേവിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് ഓർക്കുമ്പോൾ, യഹോവയോടും അവന്റെ പുത്രനോടും അവന്റെ കരുതലുള്ള സംഘടനയോടുമുള്ള സ്നേഹത്താലും വിലമതിപ്പിനാലും എന്റെ ഹൃദയം നിറഞ്ഞുതുളുമ്പുന്നു. യഹോവയോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക!”
6. സ്നാനമേറ്റ വിദ്യാർഥികൾക്ക് സഹായ പയനിയറിങ് ചെയ്യാൻ സാധിക്കുന്നതെങ്ങനെ?
6 സ്നാനമേറ്റ സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും സഹായ പയനിയറിങ് നടത്താൻ സാധിക്കും. ജോലിക്കാരെപ്പോലെ നിങ്ങൾക്കും വാരാന്തങ്ങൾ ശുശ്രൂഷയ്ക്കായി മാറ്റിവെക്കാവുന്നതാണ്. ചില ദിവസങ്ങളിൽ സ്കൂൾവിട്ട ശേഷം ഒന്നോ രണ്ടോ മണിക്കൂർ സാക്ഷീകരിക്കാനായേക്കും. സ്കൂൾ അവധി ദിവസങ്ങളും ശുശ്രൂഷയ്ക്കായി പ്രയോജനപ്പെടുത്താനാകും. സഹായ പയനിയറിങ് നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോട് അതേക്കുറിച്ചു സംസാരിക്കുക.
7. സ്മാരകകാലത്ത് ശുശ്രൂഷയിലുള്ള ഉത്സാഹം വർധിപ്പിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാനാകും?
7 ഉത്സാഹം വർധിപ്പിക്കുക: ശുശ്രൂഷയിലുള്ള സഭയുടെ ഉത്സാഹം വർധിപ്പിക്കുന്നതിൽ മൂപ്പന്മാരുടെ മാതൃക നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. (1 പത്രൊ. 5:2, 3) അതിരാവിലെയോ വൈകുന്നേരമോ വയൽസേവന യോഗങ്ങൾ ക്രമീകരിക്കാൻ അവർക്കായേക്കും. വയൽസേവന യോഗം നടത്തുന്നതിനു യോഗ്യതയുള്ള പ്രസാധകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ പ്രത്യേക മാസങ്ങളിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ പ്രദേശവും മാസികയും സാഹിത്യവും ഉണ്ടെന്നും സേവന മേൽവിചാരകൻ ഉറപ്പുവരുത്തണം.
8. ഒരു സഭയുടെ അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
8 ഒരു സഭയിൽ, സഹായ പയനിയറിങ് നടത്താനുള്ള പ്രോത്സാഹനം മാസങ്ങൾക്കു മുമ്പുതന്നെ മൂപ്പന്മാർ നൽകിത്തുടങ്ങി. സഹായ പയനിയറിങ് നടത്താൻ എത്ര പ്രസാധകരുണ്ടെന്ന് ഒരോ ആഴ്ചയും അവർ സഭയെ അറിയിച്ചുകൊണ്ടിരുന്നു. കൂടെ പ്രവർത്തിക്കാൻ ധാരാളം പേരുണ്ടെന്ന അറിവ് ശുശ്രൂഷ വർധിപ്പിക്കാൻ ആഗ്രഹിച്ചിരുന്നവർക്ക് ഉത്സാഹമേകി. അതിരാവിലെയും വൈകുന്നേരവും വയൽസേവയോഗങ്ങൾ ക്രമീകരിക്കുകയുണ്ടായി. ഇതിന്റെയെല്ലാം ഫലമോ? 53 പ്രസാധകർ അതായത് സഭയുടെ പകുതിയോളംപേർ ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ് നടത്തി! ശുശ്രൂഷയ്ക്ക് എതിർപ്പു നേരിടുന്ന സ്ഥലങ്ങളിൽ, സഹോദരങ്ങൾക്കു മൂപ്പന്മാരിൽനിന്നു നല്ല പ്രോത്സാഹനം ആവശ്യമാണ്. കത്തുകളിലൂടെയുള്ള സാക്ഷീകരണം, ടെലിഫോൺ സാക്ഷീകരണം തുടങ്ങി മറ്റുവിധങ്ങളിൽ ശുശ്രൂഷ നിർവഹിക്കാനാകുന്നതെങ്ങനെയെന്ന് കാണിക്കുന്ന പ്രകടനങ്ങൾ സേവനയോഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.
9. യോഗ്യത പ്രാപിക്കുന്നവർക്കു സുവാർത്ത പ്രസംഗിച്ചുതുടങ്ങാൻ സ്മാരകകാലം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
9 സാക്ഷീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുക: പുതിയവരും ചെറുപ്പക്കാരും പ്രസാധകരാകാൻ യോഗ്യത പ്രാപിക്കുമ്പോൾ, അവരെ ശുശ്രൂഷയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ പരിചയസമ്പന്നരായവർക്കു മുൻകൈ എടുക്കാനാകും. പലരും ശുശ്രൂഷയിലെ തങ്ങളുടെ പങ്കു വർധിപ്പിക്കാൻ ശ്രമിക്കുമെന്നതിനാൽ സ്മാരകകാലത്ത് ഇതു ചെയ്യുന്നതിനുള്ള ധാരാളം അവസരങ്ങളുണ്ട്. ജീവിതം യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവന്നിട്ടുള്ള ഒരു ബൈബിൾ വിദ്യാർഥി നിങ്ങൾക്കുണ്ടോ? സദ്സ്വഭാവികളും ബൈബിൾ പഠനത്തിൽ പുരോഗമിക്കുന്നവരുമായ മക്കൾ നിങ്ങൾക്കുണ്ടോ? പ്രസാധകരാകാനുള്ള ആഗ്രഹം അവർ പ്രകടിപ്പിക്കുകയും അവരതിനു യോഗ്യരാണെന്നു നിങ്ങൾക്കു തോന്നുകയും ചെയ്യുന്നപക്ഷം അക്കാര്യം ഒരു മൂപ്പനെ അറിയിക്കുക. നിങ്ങളുമായും നിങ്ങളുടെ കുട്ടിയുമായും (അല്ലെങ്കിൽ വിദ്യാർഥിയുമായും) ഇക്കാര്യം ചർച്ച ചെയ്യുന്നതിന് അധ്യക്ഷമേൽവിചാരകൻ രണ്ടു മൂപ്പന്മാരെ നിയോഗിക്കും.
10. നിഷ്ക്രിയരായവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം?
10 നിഷ്ക്രിയരായവർക്കു വീണ്ടും സഭയോടൊത്തു പ്രവർത്തിച്ചുതുടങ്ങാനും ഈ മാസങ്ങൾ തികച്ചും അനുയോജ്യമാണ്. പുസ്തകാധ്യയന മേൽവിചാരകന്മാരും മൂപ്പന്മാരും ഇത്തരം ആളുകളെ സന്ദർശിക്കാൻ ആത്മാർഥമായി ശ്രമിക്കണം, ശുശ്രൂഷയിൽ തങ്ങളോടൊപ്പം ചേരാൻ അവരെ ഹാർദമായി ക്ഷണിക്കുകയും വേണം. അവർ നിഷ്ക്രിയരായിട്ട് ദീർഘനാളായെങ്കിൽ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനുള്ള യോഗ്യതയുണ്ടോയെന്ന് നിശ്ചയിക്കുന്നതിനു രണ്ടു മൂപ്പന്മാർ ആദ്യം അവരോടു സംസാരിക്കേണ്ടതുണ്ട്.—km 11/00, പേജ് 3.
11. “ദൈവകൃപ”യുടെ ഏറ്റവും വലിയ തെളിവ് എന്താണ്?
11 സ്മാരകത്തിനായി തയ്യാറാകുക: “ദൈവകൃപ”യുടെ ഏറ്റവും വലിയ തെളിവാണ് മറുവില. (പ്രവൃ. 20:24) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ മാർച്ച് 22-ാം തീയതി ശനിയാഴ്ച സൂര്യാസ്തമയശേഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കും. മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ കൃപയെ ഓർമ്മിപ്പിക്കുന്ന ഈ സുപ്രധാന ആചരണത്തിൽ സംബന്ധിക്കാൻ ആത്മാർഥ ഹൃദയരായ ആളുകളെ നാം ക്ഷണിക്കുക മാത്രമല്ല വന്നെത്താൻ അവരെ സഹായിക്കുകയും വേണം.
12. സ്മാരകത്തിന് ആരെയൊക്കെ ക്ഷണിക്കാം?
12 നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ബൈബിൾ വിദ്യാർഥികൾ, ബന്ധുക്കൾ, അയൽക്കാർ, സഹപാഠികൾ, സഹപ്രവർത്തകർ, മുൻ ബൈബിൾ വിദ്യാർഥികൾ, നിങ്ങൾ കൂടെക്കൂടെ സന്ദർശിക്കുന്നവർ എന്നിവരെയെല്ലാം ലിസ്റ്റിൽ ഉൾപ്പെടുത്താനാകും. സ്മാരകത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ 206-8 പേജുകളിലെ ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ എന്ന ഭാഗം അവരുമായി ചർച്ചചെയ്യാവുന്നതാണ്. ഈ പുസ്തകത്തിന്റെ ഉപയോഗം ഒരു ബൈബിളധ്യയനത്തിലേക്കുപോലും നയിച്ചേക്കാം.
13. സ്മാരകത്തിന് ആളുകളെ ക്ഷണിക്കാൻ ലക്ഷ്യംവെച്ച രണ്ടു പ്രസാധകരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചത് എങ്ങനെ?
13 ഒരു സഹോദരി 48 കുടുംബങ്ങളുടെ ഒരു ലിസ്റ്റാണ് തയ്യാറാക്കിയത്. ക്ഷണിച്ചവരുടെ പേര് ലിസ്റ്റിൽനിന്നു വെട്ടിക്കളഞ്ഞിട്ട് വിളിച്ച തീയതി കുറിച്ചുവെച്ചു. ക്ഷണിക്കപ്പെട്ടവരിൽ 26 പേർ സ്മാരകത്തിനു ഹാജരായപ്പോൾ ആ സഹോദരിക്ക് എത്ര സന്തോഷം തോന്നിയിരിക്കണം! ഒരു സഹോദരൻ, തന്റെ കടയിൽ ജോലിനോക്കിയിരുന്ന ഒരാളെ സ്മാരകത്തിന് ക്ഷണിച്ചു. മുമ്പ് ആ വ്യക്തി ഒരു വൈദികനായിരുന്നു. സ്മാരകത്തിൽ സംബന്ധിച്ചശേഷം അദ്ദേഹം പറഞ്ഞു, “ഒരു കത്തോലിക്കനെന്ന നിലയിൽ ബൈബിളിനെക്കുറിച്ചു 30 വർഷംകൊണ്ടു മനസ്സിലാക്കിയതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഒരു മണിക്കൂർകൊണ്ട് എനിക്കു മനസ്സിലാക്കാനായി.” താമസിയാതെതന്നെ, അദ്ദേഹം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചുള്ള ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു.
14. മാർച്ച് 1-ന് ഏത് ലോകവ്യാപക പ്രചാരണം ആരംഭിക്കും?
14 പ്രചാരണം: സ്മാരകാചരണത്തിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ക്ഷണക്കുറിപ്പ് മാർച്ച് 1 മുതൽ 22 വരെ ലോകവ്യാപകമായി വിതരണം ചെയ്യുന്നതായിരിക്കും. അതിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാ പ്രസാധകർക്കും ശ്രമിക്കാവുന്നതാണ്. ക്ഷണക്കുറിപ്പ് വാതിൽക്കൽ ഇട്ടിട്ടു പോരാതെ വീട്ടുകാരനെ നേരിട്ട് ഏൽപ്പിക്കുന്നതാണ് ഉചിതം. എന്നിരുന്നാലും പ്രദേശം വലുതാണെങ്കിൽ, ആളില്ലാ ഭവനങ്ങളിൽ മറ്റാരുടെയും ശ്രദ്ധയാകർഷിക്കാത്ത വിധത്തിൽ നോട്ടീസ് വാതിൽക്കൽ വെച്ചിട്ടുപോരാമോ എന്ന കാര്യം മൂപ്പന്മാർ തീരുമാനിക്കുന്നതായിരിക്കും. വാരാന്തങ്ങളിൽ നാം മാസികകളും സമർപ്പിക്കും.
15. സ്മാരക ക്ഷണക്കുറിപ്പു കൊടുക്കുമ്പോൾ നമുക്ക് എന്തു പറയാനാകും?
15 ക്ഷണക്കുറിപ്പ് വിതരണം ചെയ്യുന്നതിനുള്ള സമയം പരിമിതമായതിനാൽ, ഹ്രസ്വമായ അവതരണമാണ് നല്ലത്. സൗഹൃദഭാവവും ഉത്സാഹവുമുള്ളവരായിരിക്കുക. വീട്ടുകാരനു നമ്മുടെ സന്ദേശത്തിൽ താത്പര്യമുണ്ടെന്നു കാണുകയാണെങ്കിൽ ക്ഷണക്കുറിപ്പു കൊടുത്തുകൊണ്ട് ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “മാർച്ച് 22-ന് നടക്കുന്ന ഒരു സുപ്രധാന ആചരണത്തിൽ സംബന്ധിക്കുന്നതിനു നിങ്ങളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതിനാണു ഞങ്ങൾ വന്നിരിക്കുന്നത്. വിശദാംശങ്ങൾ ഈ ക്ഷണക്കുറിപ്പിലുണ്ട്.” വീട്ടുകാരൻ ചില ചോദ്യങ്ങൾ ചോദിച്ചെന്നുവരാം. അല്ലെങ്കിൽ ആ ക്ഷണക്കുറിപ്പു സ്വീകരിച്ചുകൊണ്ട് വരാമെന്നുപോലും പറഞ്ഞേക്കാം. താത്പര്യം കാണിക്കുന്ന വ്യക്തികളുടെ പേരും മേൽവിലാസവും കുറിച്ചെടുത്തു മടങ്ങിചെല്ലാൻ ശ്രമിക്കുക.
16. സ്മാരകത്തിന് ആളുകളെ ക്ഷണിക്കുമ്പോൾ ക്ഷണക്കുറിപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക?
16 കഴിഞ്ഞ വർഷം, ഒരു സൈനികൻ തന്റെ വീട്ടുവാതിൽക്കൽ ഒരു ക്ഷണക്കുറിപ്പ് കണ്ടെത്തി. സ്മാരകത്തിൽ സംബന്ധിക്കാൻ നിശ്ചയിച്ച അദ്ദേഹത്തിനു പക്ഷേ മേലധികാരിയുടെ അനുവാദം ആവശ്യമായിരുന്നു. ക്ഷണക്കുറിപ്പ് മേലധികാരിയെ കാണിച്ചപ്പോൾ ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി. പിന്നീട്, തന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണെന്നും അവരോടൊപ്പം താനും യോഗങ്ങൾക്കു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്മാരകാചരണത്തിനു പോകാൻ സൈനികന് അനുവാദം നൽകിയെന്നു മാത്രമല്ല അദ്ദേഹവും കൂടെപ്പോയി!
17. നമുക്കു ലഭിച്ച ദൈവകൃപ വ്യർഥമായിത്തീരുന്നില്ലെന്ന് എങ്ങനെ തെളിയിക്കാം?
17 കൃതജ്ഞതയുള്ളവരായിരിക്കുക: 2008-ലെ സ്മാരകം അടുത്തുവരവേ, യഹോവ നമ്മോടു കാണിച്ച കൃപയെക്കുറിച്ച് നമുക്കു ചിന്തിക്കാം. അപ്പൊസ്തലനായ പൗലൊസ് എഴുതി: “നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ . . . നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (2 കൊരി. 6:1) നമുക്കു ലഭിച്ച ദൈവകൃപ വ്യർഥമായിത്തീരുന്നില്ലെന്നു നമുക്കെങ്ങനെ തെളിയിക്കാം? “സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു” എന്ന് പൗലൊസ് തുടർന്ന് എഴുതി. (2 കൊരി. 6:4) അതുകൊണ്ട്, നല്ല നടപ്പിനാലും തീക്ഷ്ണതയോടെയുള്ള സുവാർത്താ പ്രസംഗത്താലും യഹോവയുടെ ദാനത്തോടു നമുക്കു വിലമതിപ്പു പ്രകടമാക്കാം. ഈ സ്മാരക കാലത്ത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനും അങ്ങനെ സുവാർത്തയ്ക്കു സമഗ്രസാക്ഷ്യം നൽകാനും നമുക്കു ശ്രമിക്കാം.
[7-ാം പേജിലെ ചതുരം]
ആർക്കൊക്കെ സഹായ പയനിയറിങ് ചെയ്യാനാകും?
◼ കുടുംബങ്ങൾക്ക്
◼ ജോലിക്കാർക്ക്
◼ പ്രായംചെന്നവർക്കും രോഗികൾക്കും
◼ വിദ്യാർഥികൾക്ക്
[8-ാം പേജിലെ ചതുരം]
സ്മാരക ക്ഷണക്കുറിപ്പ് വിതരണം ചെയ്യുമ്പോൾ:
◼ അവതരണം ഹ്രസ്വമായിരിക്കണം; ഉത്സാഹത്തോടെ സംസാരിക്കുക
◼ താത്പര്യക്കാരുടെ പേരും മേൽവിലാസവും കുറിച്ചെടുക്കുക, മടങ്ങിച്ചെല്ലുക
◼ വാരാന്തങ്ങളിൽ മാസികകൾ സമർപ്പിക്കുക