ചോദ്യപ്പെട്ടി
◼ പ്രസംഗങ്ങൾ റെക്കോർഡുചെയ്തോ അവയുടെ നോട്ടുകൾ തയ്യാറാക്കിയോ വിതരണംചെയ്യുന്നത് ഉചിതമാണോ?
ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ. 15:32) അതുകൊണ്ട് പ്രോത്സാഹജനകമായ അത്തരം വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ സ്വാഭാവികമായും നാം ആഗ്രഹിക്കും. ആധുനിക റെക്കോർഡിങ് സംവിധാനങ്ങളുടെ സഹായത്തോടെ ഇതു ചെയ്യാൻ വളരെ എളുപ്പവുമാണ്. വർഷങ്ങൾക്കുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെപോലും ശേഖരം ചിലരുടെ കൈവശമുണ്ട്. സദുദ്ദേശ്യത്തോടെതന്നെ അവർ അത് മറ്റുള്ളവർക്കു കേൾക്കാൻ കൊടുക്കുകയോ കോപ്പികൾ തയ്യാറാക്കി നൽകുകയോ ചെയ്യുന്നു. മറ്റുചിലർ പ്രത്യേകം വെബ്സൈറ്റുകൾ തയ്യാറാക്കി ആർക്കും ഡൗൺലോഡുചെയ്യാനാകുംവിധം ഇത്തരം പ്രസംഗങ്ങൾ അതിൽ പോസ്റ്റുചെയ്യുന്നു.
വ്യക്തിപരമായ ഉപയോഗത്തിനോ കുടുംബാംഗങ്ങൾക്കുവേണ്ടിയോ പ്രസംഗങ്ങൾ റെക്കോർഡുചെയ്യുന്നതിൽ തെറ്റില്ല. ഇനി, അനാരോഗ്യംമൂലം യോഗങ്ങൾക്കു ഹാജരാകാൻ കഴിയാത്തവർക്കുവേണ്ടി പ്രസംഗങ്ങൾ റെക്കോർഡ്ചെയ്യാൻ മൂപ്പന്മാർ ക്രമീകരണം ചെയ്തേക്കാം. എന്നാൽ നാം പ്രസംഗങ്ങൾ റെക്കോർഡുചെയ്തോ അവയുടെ നോട്ടുകൾ തയ്യാറാക്കിയോ വിതരണംചെയ്യുന്നത് ഉചിതമായിരിക്കില്ല. അതിനു തക്ക കാരണങ്ങളുണ്ട്.
പ്രാദേശിക ആവശ്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കും സാധാരണഗതിയിൽ പ്രസംഗങ്ങൾ നടത്തുന്നത്. അതിന്റെ റെക്കോർഡിങ് കേൾക്കുന്ന ഒരാൾക്ക് ഒരുപക്ഷേ, ആ സാഹചര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരിക്കും; അതുകൊണ്ടുതന്നെ അതിലെ ആശയങ്ങൾ തെറ്റായവിധത്തിൽ മനസ്സിലാക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ, ആര്, എപ്പോൾ ഒരു പ്രസംഗം നടത്തിയെന്നു കണ്ടുപിടിക്കാനും അത്ര എളുപ്പമായിരിക്കില്ല. ആ സ്ഥിതിക്ക് പ്രസംഗത്തിലെ വിവരങ്ങൾ കാലാനുസൃതവും കൃത്യതയുള്ളതും ആണോയെന്ന് തിട്ടപ്പെടുത്താൻ നമുക്കു സാധിച്ചെന്നും വരില്ല. (ലൂക്കോ. 1:1-4) കൂടാതെ, പ്രസംഗങ്ങൾ ഇത്തരത്തിൽ വിതരണംചെയ്യുന്നത് വ്യക്തികൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നതിന് ഇടയാക്കിയേക്കാം.—1 കൊരി. 3:5-7.
“യഥാസമയം” ശരിയായ അളവിൽ ആത്മീയ ആഹാരം ലഭ്യമാക്കാൻ വിശ്വസ്തനും വിവേകിയുമായ അടിമ യത്നിക്കുന്നു. (ലൂക്കോ. 12:42) അതിന്റെ ഭാഗമായി നമ്മുടെ പ്രാദേശിക സഭകളിൽ പ്രസംഗങ്ങൾ നടത്താനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അതുപോലെ jw.org എന്ന നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് റെക്കോർഡുചെയ്ത പ്രസംഗങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കേണ്ടതിന് നമുക്ക് ആവശ്യമായതെല്ലാം വിശ്വസ്തനും വിവേകിയുമായ അടിമയും അതിന്റെ ഭരണസംഘവും പ്രദാനംചെയ്യുമെന്ന ഉത്തമവിശ്വാസം നമുക്കുണ്ടായിരിക്കാം.—പ്രവൃ. 16:4, 5.