നിങ്ങൾ നല്ല മാതൃകവെക്കുന്നുണ്ടോ?
1. യേശുവിനെ നിരീക്ഷിച്ച ശിഷ്യന്മാർ അവനിൽനിന്ന് എന്തെല്ലാം പഠിച്ചു?
1 “എന്റെ നുകം ഏറ്റുകൊണ്ട് എന്നിൽനിന്നു പഠിക്കുവിൻ” എന്ന് യേശു പറഞ്ഞു. (മത്താ. 11:29) വാക്കുകളിലൂടെ മാത്രമല്ല സ്വന്തം മാതൃകയിലൂടെയും യേശു മറ്റുള്ളവരെ പഠിപ്പിച്ചു. യേശുവിനെ നിരീക്ഷിച്ചതിൽനിന്നും അവന്റെ ശിഷ്യന്മാർക്കു പലതും പഠിക്കാൻ കഴിഞ്ഞു. അവൻ ആർദ്രതയും മനസ്സലിവും സ്നേഹവും ഉള്ളവനായിരുന്നു. (മത്താ. 8:1-3; മർക്കോ. 6:30-34) അവന്റെ താഴ്മ കാപട്യമില്ലാത്തതായിരുന്നു. (യോഹ. 13:2-5) ശുശ്രൂഷയിൽ യേശുവിനെ അനുഗമിച്ച ശിഷ്യന്മാർക്കു കാണാൻ കഴിഞ്ഞത്, വിശ്രമമില്ലാതെ ആളുകളെ സത്യം പഠിപ്പിക്കുന്ന യേശുവിനെയാണ്. അവന്റെ പഠിപ്പിക്കലാകട്ടെ, അത്യന്തം ഫലകരവുമായിരുന്നു. (ലൂക്കോ. 8:1; 21:37, 38) ശുശ്രൂഷയിൽ ആയിരിക്കെ നമ്മെ നിരീക്ഷിക്കുന്നവർക്ക് എന്താണ് നമ്മിൽനിന്നു പഠിക്കാനാകുന്നത്?
2. ശുശ്രൂഷയിൽ ആയിരിക്കുമ്പോഴുള്ള നമ്മുടെ വസ്ത്രധാരണവും പെരുമാറ്റവും മറ്റും വീട്ടുകാരിൽ മതിപ്പുളവാക്കിയേക്കാവുന്നത് എങ്ങനെ?
2 വീട്ടുകാർക്ക്: നമ്മുടെ മാന്യമായ വസ്ത്രധാരണവും നല്ല പെരുമാറ്റവും ആളുകളിൽ നാം എടുക്കുന്ന ആത്മാർഥമായ താത്പര്യവും നാം കണ്ടുമുട്ടുന്നവരെ ശക്തമായി സ്വാധീനിക്കും. (2 കൊരി. 6:3; ഫിലി. 1:27) നാം കൂടെക്കൂടെ ബൈബിൾ ഉപയോഗിക്കുന്നത് അവർ ശ്രദ്ധിക്കും. അവർ സംസാരിക്കുമ്പോൾ നാം കേട്ടിരിക്കുന്നത് അവരിൽ മതിപ്പുളവാക്കും. ഇത്തരം കാര്യങ്ങളിൽ നല്ല മാതൃകവെക്കുന്നത് രാജ്യസന്ദേശത്തിലേക്ക് ആളുകളെ ആകർഷിക്കും എന്നത് ഉറപ്പാണ്.
3. സഹോദരങ്ങളിൽ നമുക്ക് എന്തു പ്രഭാവം ചെലുത്താനാകും?
3 സഹോദരങ്ങൾക്ക്: നമ്മുടെ സഹോദരങ്ങളിൽ ഉളവാക്കാനാകുന്ന ക്രിയാത്മക സ്വാധീനത്തെക്കുറിച്ചും ചിന്തിക്കുക. ശുശ്രൂഷയിൽ നാം കാണിക്കുന്ന ശുഷ്കാന്തി മറ്റുള്ളവരിലേക്കും പകരും. ഇരുമ്പ് ഇരുമ്പിന് മൂർച്ച കൂട്ടുന്നതുപോലെ, നന്നായി തയ്യാറായി നാം നടത്തുന്ന അവതരണങ്ങൾ ശുശ്രൂഷയിലെ വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്താൻ അവരെ പ്രചോദിപ്പിക്കും. (സദൃ. 27:17) താത്പര്യക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ നാം കൃത്യമായി രേഖപ്പെടുത്തി വെക്കുകയും പറഞ്ഞസമയത്തുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യുന്നതു കാണുമ്പോൾ മറ്റുള്ളവരും അങ്ങനെ ചെയ്യാൻ പ്രേരിതരാകും. നാം കാണിക്കുന്ന നയവും വിവേചനയും മറ്റുള്ളവർ കണ്ടുപഠിക്കും. ശുശ്രൂഷ പൂർണമായി നിറവേറ്റുന്നതിലൂടെ നമുക്ക് സഹവിശ്വാസികളുടെമേൽ നല്ല പ്രഭാവം ചെലുത്താനാകും.—2 തിമൊ. 4:5.
4. നമ്മുടെ മാതൃക നാം ഇടയ്ക്കിടെ വിലയിരുത്തേണ്ടത് എന്തുകൊണ്ട്?
4 നിങ്ങൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളും നിങ്ങളുടെ മാതൃക മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഇടയ്ക്കിടെ വിലയിരുത്തുന്നത് നന്നായിരിക്കും. നാം നല്ല മാതൃകവെക്കുമ്പോൾ അത് യഹോവയെ പ്രസാദിപ്പിക്കും. മാത്രമല്ല, “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുവിൻ” എന്നു പറഞ്ഞ പൗലോസ് അപ്പൊസ്തലനെപ്പോലെ നമുക്കും പറയാനാകും.—1 കൊരി. 11:1.