ബൈബിളധ്യയനങ്ങളിൽ തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിക്കുക
1. ബൈബിളധ്യയനം നടത്തുമ്പോൾ നാം തിരുവെഴുത്തുകൾക്ക് ഊന്നൽ നൽകേണ്ടത് എന്തുകൊണ്ട്?
1 നാം ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശ്യം, ദൈവവചനത്തിലെ പഠിപ്പിക്കലുകൾ മനസ്സിലാക്കാനും അംഗീകരിക്കാനും അവ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ആളുകളെ സഹായിച്ചുകൊണ്ട് അവരെ ‘ശിഷ്യരാക്കുക’ എന്നതാണ്. (മത്താ. 28:19, 20; 1 തെസ്സ. 2:13) നമ്മുടെ അധ്യയനം അതുകൊണ്ടുതന്നെ തിരുവെഴുത്തുകളെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം. ആദ്യംതന്നെ സ്വന്തം ബൈബിളിൽനിന്ന് തിരുവെഴുത്തുകൾ കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് വിദ്യാർഥികൾക്കു കാണിച്ചുകൊടുക്കുന്നത് നന്നായിരിക്കും.
2. ഏതൊക്കെ തിരുവെഴുത്തുകൾ വായിച്ച് ചർച്ചചെയ്യണമെന്ന് നാം എങ്ങനെ തീരുമാനിക്കും?
2 വായിക്കേണ്ട തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക: അധ്യയനത്തിനായി തയ്യാറാകുന്ന സമയത്ത്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഖണ്ഡികയിലെ ആശയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കുക. എന്നിട്ട് ഏതൊക്കെ തിരുവെഴുത്തുകൾ അധ്യയനസമയത്ത് വായിച്ച് ചർച്ചചെയ്യണമെന്ന് തീരുമാനിക്കുക. നമ്മുടെ വിശ്വാസങ്ങൾക്ക് ആധാരമായിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പശ്ചാത്തലവിവരങ്ങൾ നൽകുന്ന തിരുവെഴുത്തുകൾ വായിക്കണമെന്ന് നിർബന്ധമില്ല. ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടു വേണം ഇതെല്ലാം ചെയ്യാൻ.
3. ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്, നമുക്ക് എങ്ങനെ അതു ചെയ്യാം?
3 ചോദ്യങ്ങൾ ചോദിക്കുക: നിങ്ങൾ വിദ്യാർഥിക്ക് തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുന്നതിനുപകരം, അദ്ദേഹം അത് നിങ്ങൾക്കു വിശദീകരിച്ചുതരട്ടെ. ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്നതിലൂടെ അങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാനാകും. ഒരു തിരുവെഴുത്തിന്, ചർച്ചചെയ്യുന്ന വിഷയവുമായുള്ള ബന്ധം വളരെ വ്യക്തമാണെങ്കിൽ ഖണ്ഡികയിലെ ആശയത്തെ പ്രസ്തുത തിരുവെഴുത്ത് എങ്ങനെ പിന്താങ്ങുന്നു എന്നുമാത്രം ചോദിച്ചാൽ മതിയാകും. ഇനിയത് വ്യക്തമല്ലെങ്കിൽ, ശരിയായ നിഗമനത്തിലെത്താൻ വിദ്യാർഥിയെ സഹായിക്കുന്നതിന് ഒന്നോ അതിലധികമോ ചോദ്യങ്ങൾ ചോദിക്കേണ്ടിവന്നേക്കാം.
4. വായിക്കുന്ന തിരുവെഴുത്തുകൾക്ക് എത്രമാത്രം വിശദീകരണം നൽകണം?
4 ലളിതമാക്കുക: പരിചയസമ്പന്നനായ ഒരു വില്ലാളിക്ക് താൻ ഉദ്ദേശിക്കുന്ന എന്തെങ്കിലും എയ്തുവീഴ്ത്തുന്നതിന് ഒരൊറ്റ അമ്പു മതിയാകും. സമാനമായി, വിദഗ്ധനായ ഒരു അധ്യാപകന് അധികം വിശദീകരിക്കാതെതന്നെ ഒരു ആശയം വിദ്യാർഥിക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ചർച്ചചെയ്യുന്ന തിരുവെഴുത്തുകളുടെ എല്ലാ വശങ്ങളും വിശദീകരിച്ചുകൊടുക്കാനുള്ള പ്രവണത ഒഴിവാക്കുക; പഠിക്കുന്ന ആശയവുമായി ബന്ധപ്പെട്ട വശംമാത്രം വിശദീകരിച്ചാൽ മതിയാകും. ചിലപ്പോൾ, ഒരു വാക്യത്തിന്റെ അർഥം മനസ്സിലാക്കാനും അത് ശരിയായി വിശദീകരിച്ചുകൊടുക്കാനും കഴിയേണ്ടതിന് നിങ്ങൾക്ക് ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യേണ്ടി വന്നേക്കാം.—2 തിമൊ. 2:15.
5, 6. തിരുവെഴുത്തുകൾ പ്രായോഗികമാക്കാൻ വിദ്യാർഥികളെ എങ്ങനെ സഹായിക്കാം, എന്നാൽ നാം എന്ത് ഒഴിവാക്കണം?
5 പ്രായോഗികവശം വ്യക്തമാക്കുക: ഉചിതമായിരിക്കുമ്പോൾ, പഠിക്കുന്ന തിരുവെഴുത്തുകൾ സ്വന്തം ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു തിരിച്ചറിയാൻ വിദ്യാർഥിയെ സഹായിക്കുക. ഉദാഹരണത്തിന് എബ്രായർ 10:24, 25 വായിച്ച് ചർച്ചചെയ്യുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ, ഒരു യോഗത്തെക്കുറിച്ചു പറയാനും അതിന് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞേക്കും. എന്നാൽ അദ്ദേഹത്തെ നിർബന്ധിക്കരുത്. യഹോവയെ പ്രസാദിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ദൈവത്തിന്റെ വചനം അദ്ദേഹത്തിന് പ്രചോദനമേകട്ടെ.—എബ്രാ. 4:12.
6 ശിഷ്യരെ ഉളവാക്കാനുള്ള നിയോഗം നിറവേറ്റവെ, തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിച്ചുകൊണ്ട് ‘വിശ്വാസത്താൽ അനുസരിക്കാൻ’ നമുക്ക് ആളുകളെ പ്രോത്സാഹിപ്പിക്കാം.—റോമ. 16:25.