വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 39 പേ. 220-പേ. 222 ഖ. 6
  • ഫലപ്രദമായ ഉപസംഹാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫലപ്രദമായ ഉപസംഹാരം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഉചിതമായ ഉപസംഹാരവും നിങ്ങളുടെ സമയമെടുക്കലും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • നല്ല ഉപസംഹാരം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 39 പേ. 220-പേ. 222 ഖ. 6

പാഠം 39

ഫലപ്രദമായ ഉപസംഹാരം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങളുടെ ഉപസംഹാര വാചകങ്ങളിൽ, കേട്ടു കഴിഞ്ഞ കാര്യത്തെ കുറിച്ചു നടപടി എടുക്കാൻ സദസ്സിനെ പ്രേരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഒരു കാര്യം പറയുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ശ്രോതാക്കൾ പലപ്പോഴും ഏറ്റവും കൂടുതൽ കാലം ഓർത്തിരിക്കുക ഉപസംഹാരത്തിൽ പറയുന്ന കാര്യമാണ്‌. അത്‌ നിങ്ങളുടെ മുഴു പ്രസംഗത്തിന്റെയും ഫലപ്രദത്വത്തെ സ്വാധീനിക്കുന്നു.

പ്രസംഗത്തിന്റെ ഉടലിൽ ചേർക്കാനുള്ള വിവരങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം ഗവേഷണം ചെയ്യുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തിരിക്കാം. താത്‌പര്യം ജനിപ്പിക്കുന്ന ഒരു മുഖവുരയും നിങ്ങൾ തയ്യാറായിരിക്കാം. എങ്കിലും ഒന്നു കൂടെ ആവശ്യമുണ്ട്‌, ഫലപ്രദമായ ഉപസംഹാരം. അതിന്റെ പ്രാധാന്യം കുറച്ചു കാണരുത്‌. നിങ്ങൾ അവസാനം പറയുന്ന കാര്യമാണ്‌ ശ്രോതാക്കൾ പലപ്പോഴും ഏറ്റവും കൂടുതൽ കാലം ഓർത്തിരിക്കുന്നത്‌. ഉപസംഹാരം ദുർബലമാണെങ്കിൽ, അതിനു മുമ്പു പറഞ്ഞ കാര്യങ്ങളുടെ ഫലപ്രദത്വം കൂടെ നഷ്ടമായേക്കാം.

ഇതു പരിചിന്തിക്കുക: തന്റെ ജീവിതത്തിന്റെ അവസാനത്തോട്‌ അടുത്ത്‌, യോശുവ ഇസ്രായേൽ ജനത്തിലെ മൂപ്പന്മാരുടെ മുമ്പാകെ സ്‌മരണീയമായ ഒരു പ്രഭാഷണം നടത്തി. ഇസ്രായേലുമായുള്ള, അബ്രാഹാമിന്റെ നാളുകൾ മുതലുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചു വിവരിച്ച ശേഷം, യോശുവ സംഗ്രഹ രൂപത്തിൽ മുഖ്യ ആശയങ്ങൾ കേവലം ആവർത്തിക്കുകയാണോ ചെയ്‌തത്‌? അല്ല. പകരം ആഴമായ വികാരത്തോടെ അവൻ ജനത്തെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്‌തതയോടുംകൂടെ സേവിപ്പിൻ.” യോശുവ 24:​14, 15-ൽ രേഖപ്പെടുത്തിയിരിക്കുന്ന യോശുവയുടെ ഉപസംഹാരം നിങ്ങൾ നേരിട്ടു വായിച്ചറിയുക.

ശ്രദ്ധേയമായ മറ്റൊരു പ്രസംഗം, അപ്പൊസ്‌തലനായ പത്രൊസ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌ത്‌ പെരുന്നാളിന്‌ യെരൂശലേമിൽ കൂടിവന്ന ജനക്കൂട്ടത്തിനു മുമ്പാകെ നടത്തിയതായിരുന്നു. പ്രവൃത്തികൾ 2:​14-36-ലാണ്‌ അതു രേഖപ്പെടുത്തിയിരിക്കുന്നത്‌. ദൈവാത്മാവ്‌ പകരപ്പെടുന്നതു സംബന്ധിച്ച യോവേൽ പ്രവചനത്തിന്റെ നിവൃത്തിക്ക്‌ അവർ സാക്ഷ്യം വഹിക്കുകയാണെന്ന്‌ അവൻ ആദ്യം വിശദീകരിച്ചു. പിന്നെ അവൻ, യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്തെ കുറിച്ചും ദൈവത്തിന്റെ വലത്തു ഭാഗത്തേക്ക്‌ അവൻ ഉയർത്തപ്പെടുന്നതിനെ കുറിച്ചും മുൻകൂട്ടി പറയുന്ന സങ്കീർത്തനങ്ങളിലെ മിശിഹൈക പ്രവചനങ്ങളുമായി അതിനുള്ള ബന്ധം കാണിച്ചുകൊടുത്തു. തുടർന്ന്‌ ഉപസംഹാരത്തിൽ, തന്റെ സദസ്സിലുള്ള എല്ലാവരും അഭിമുഖീകരിക്കേണ്ടിയിരുന്ന മുഖ്യ സംഗതി പത്രൊസ്‌ വ്യക്തമായി പ്രസ്‌താവിച്ചു. അവൻ പറഞ്ഞു: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്‌തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” ഇതു കേട്ടിട്ട്‌ അവിടെ വന്നുകൂടിയിരുന്നവർ, “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു” എന്നു ചോദിച്ചു. അതിന്‌ പത്രൊസ്‌ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ മാനസാന്തരപ്പെട്ടു . . . ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ.” (പ്രവൃത്തികൾ 2:37, 38) ആ ദിവസം അവന്റെ സദസ്സിലുണ്ടായിരുന്ന 3,000-ത്തോളം പേർ, കേട്ട കാര്യങ്ങളാൽ ആഴമായി പ്രചോദിതരായി യേശുക്രിസ്‌തുവിനെ കുറിച്ചുള്ള സത്യം കൈക്കൊണ്ടു.

മനസ്സിൽ പിടിക്കേണ്ട കാര്യങ്ങൾ. ഉപസംഹാരത്തിൽ പറയുന്ന കാര്യങ്ങൾക്ക്‌ നിങ്ങളുടെ പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയവുമായി നേരിട്ടു ബന്ധമുണ്ടായിരിക്കണം. നിങ്ങൾ വികസിപ്പിച്ചു കഴിഞ്ഞ മുഖ്യ പോയിന്റുകളുടെ യുക്തിസഹമായ ഒരു ഉപസംഹാരമായി അവ അവതരിപ്പിക്കപ്പെടണം. പ്രതിപാദ്യവിഷയത്തിലെ മുഖ്യ പദങ്ങളിൽ ചിലത്‌ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെങ്കിലും, പ്രതിപാദ്യവിഷയം നേരിട്ട്‌ എടുത്തുപറയണമോ വേണ്ടയോ എന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടാനുസരണം തീരുമാനിക്കാവുന്നതാണ്‌.

സാധാരണഗതിയിൽ, ഒരു കാര്യം പറയുമ്പോൾ നിങ്ങളുടെ ഉദ്ദേശ്യം അവതരിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌. ഉപസംഹാരത്തിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിൽ ഒന്ന്‌ എന്തു ചെയ്യണമെന്ന്‌ അവർക്കു കാണിച്ചുകൊടുക്കുകയാണ്‌. പ്രതിപാദ്യവിഷയവും മുഖ്യ പോയിന്റുകളും തിരഞ്ഞെടുത്തപ്പോൾ, വിവരങ്ങൾ നിങ്ങളുടെ സദസ്സിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നും അവ അവതരിപ്പിക്കുന്നതിലെ നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കുമെന്നും നിങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിച്ചോ? അങ്ങനെ ചെയ്‌തിരിക്കുന്നെങ്കിൽ, അവർ എന്തു നടപടി എടുക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്‌ നിങ്ങൾക്കറിയാം. ഇപ്പോൾ ആ നടപടി എന്തെന്നും ഒരുപക്ഷേ, അത്‌ എടുക്കേണ്ടത്‌ എങ്ങനെയെന്നും നിങ്ങൾ വിശദീകരിക്കേണ്ടതുണ്ട്‌.

എന്തു ചെയ്യണമെന്ന്‌ സദസ്യർക്കു കാണിച്ചു കൊടുക്കുന്നതിനു പുറമേ, നിങ്ങളുടെ ഉപസംഹാരം പ്രചോദനം പകരുന്നതും ആയിരിക്കണം. നടപടി സ്വീകരിക്കേണ്ടതിന്റെ ന്യായമായ കാരണങ്ങളും സാധ്യമായിരിക്കുന്ന സന്ദർഭങ്ങളിൽ, അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങളും അതിൽ ഉൾപ്പെടുത്തുക. അവസാന വാചകം ശ്രദ്ധാപൂർവം ചിന്തിച്ചെടുത്തതും നല്ല പദഘടനയോടു കൂടിയതും ആണെങ്കിൽ അത്‌ നിങ്ങളുടെ മുഴു പ്രസംഗത്തിന്റെയും ഫലപ്രദത്വം മെച്ചപ്പെടുത്തും.

പ്രസംഗം സമാപിക്കുകയാണെന്ന കാര്യം മനസ്സിൽ പിടിക്കുക. നിങ്ങൾ പറയുന്ന കാര്യങ്ങൾ അതു സൂചിപ്പിക്കണം. സംസാരത്തിന്റെ വേഗവും അനുയോജ്യമായിരിക്കണം. അവസാനം വരെ ധൃതിയിൽ പറഞ്ഞ്‌ പെട്ടെന്നു നിറുത്തിക്കളയരുത്‌. അതുപോലെ, നിങ്ങളുടെ ശബ്ദം തീരെ നേർത്തുപോകാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങൾക്കു വേണ്ടത്ര ശബ്ദം ഉണ്ടായിരിക്കണം, എന്നാൽ അത്‌ അമിതമാകാനും പാടില്ല. നിങ്ങൾ അവസാനം പറയുന്ന ഏതാനും വാചകങ്ങൾ പ്രസംഗം അവസാനിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കണം. അവ അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ സംസാരത്തിൽ ആത്മാർഥതയും ബോധ്യവും പ്രകടമായിരിക്കണം. പ്രസംഗാവതരണം തയ്യാറാകുമ്പോൾ നിങ്ങളുടെ ഉപസംഹാരം പറഞ്ഞു പരിശീലിക്കുന്നതിൽ ഒരിക്കലും വീഴ്‌ച വരുത്തരുത്‌.

ഉപസംഹാരത്തിന്‌ എത്ര ദൈർഘ്യം ഉണ്ടായിരിക്കണം? ഘടികാരസൂചിയാൽ മാത്രം നിർണയിക്കപ്പെടേണ്ട ഒരു സംഗതിയല്ല ഇത്‌. ഉപസംഹാരം ഇഴഞ്ഞുനീങ്ങാൻ പാടില്ല. അതിന്റെ ദൈർഘ്യത്തിന്റെ അനുയോജ്യത സദസ്സിന്റെമേൽ അത്‌ ഉളവാക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കാൻ കഴിയും. ലളിതവും വളച്ചുകെട്ടില്ലാത്തതും ക്രിയാത്മകവുമായ ഒരു ഉപസംഹാരം എല്ലായ്‌പോഴും വിലമതിക്കപ്പെടുന്നു. ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്ന പക്ഷം, ഹ്രസ്വമായ ഒരു ദൃഷ്ടാന്തം ഉൾക്കൊള്ളുന്ന കുറെക്കൂടെ ദൈർഘ്യമുള്ള ഒരു ഉപസംഹാരവും ഫലപ്രദമായിരിക്കാൻ കഴിയും. സഭാപ്രസംഗി 12:​13-ൽ രേഖപ്പെടുത്തിയിരിക്കുന്ന സഭാപ്രസംഗിയെന്ന മുഴു പുസ്‌തകത്തിന്റെയും ഹ്രസ്വമായ ഉപസംഹാരത്തെ മത്തായി 7:​24-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഗിരിപ്രഭാഷണത്തിന്റെ​—ഇത്‌ സഭാപ്രസംഗിയുടെ മുഴു പുസ്‌തകവുമായുള്ള താരതമ്യത്തിൽ വളരെ ഹ്രസ്വമാണെന്ന്‌ ഓർക്കണം​—ഉപസംഹാരവുമായി താരതമ്യം ചെയ്യുക.

വയൽശുശ്രൂഷയിൽ. ഉപസംഹാരത്തിന്റെ ആവശ്യം വയൽശുശ്രൂഷയിലെ പോലെ അത്ര കൂടെക്കൂടെ നേരിടുന്ന വേറെ സന്ദർഭങ്ങളില്ല. തയ്യാറാകലും ആളുകളിൽ സ്‌നേഹപൂർവകമായ താത്‌പര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കു വളരെ നല്ല ഫലം കൈവരിക്കാനാകും. മുൻപേജുകളിൽ കൊടുത്തിരിക്കുന്ന ബുദ്ധിയുപദേശം ഒരു വ്യക്തിയുമായി നേരിട്ടു നടത്തുന്ന സംഭാഷണത്തിലും പ്രയോജനകരമായ വിധത്തിൽ പൊരുത്തപ്പെടുത്തി ഉപയോഗിക്കാൻ കഴിയും.

ഒരു സംഭാഷണം വളരെ ഹ്രസ്വമായിരുന്നേക്കാം. വീട്ടുകാരൻ വളരെ തിരക്കുള്ള ആളായിരിക്കാം. നിങ്ങളുടെ മുഴു സന്ദർശനവും ഒരു മിനിറ്റു മാത്രമായിരിക്കാം നീണ്ടുനിൽക്കുന്നത്‌. ഉചിതമെങ്കിൽ, നിങ്ങൾക്ക്‌ ഇങ്ങനെ എന്തെങ്കിലും പറയാവുന്നതാണ്‌: “നിങ്ങൾ തിരക്കിലാണെന്നു ഞാൻ മനസ്സിലാക്കുന്നു. എന്നാൽ പ്രോത്സാഹനം പകരുന്ന ഒരു ആശയം നിങ്ങളെ അറിയിച്ചിട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്രഷ്ടാവിന്‌ അത്ഭുതകരമായ ഒരു ഉദ്ദേശ്യം ഉള്ളതായി ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. ഈ ഭൂമിയെ, ആളുകൾക്ക്‌ എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാക്കിത്തീർക്കുക എന്നതാണ്‌ ആ ഉദ്ദേശ്യം. നമുക്ക്‌ ആ പറുദീസയിൽ ആയിരിക്കാൻ കഴിയും, എന്നാൽ ദൈവത്തിന്റെ നിബന്ധനകളെ കുറിച്ചു നാം പഠിക്കേണ്ടതുണ്ട്‌.” അല്ലെങ്കിൽ, കുറെക്കൂടെ സൗകര്യപ്രദമായ മറ്റൊരു സമയത്തു മടങ്ങിച്ചെല്ലാമെന്നു മാത്രം പറഞ്ഞിട്ട്‌ നിങ്ങൾക്കു പോരാവുന്നതാണ്‌.

വീട്ടുകാരൻ മര്യാദയില്ലാതെയോ, അങ്ങേയറ്റം പരുക്കനായോ ഇടപെടുന്നതു നിമിത്തം സന്ദർശനം തടസ്സപ്പെടുന്നെങ്കിൽ പോലും വളരെ നല്ല ഫലം കൈവരിക്കാനാകും. മത്തായി 10:​12, 13-ലും റോമർ 12:​17, 18-ലും കാണുന്ന ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുക. നിങ്ങളുടെ സൗമ്യമായ പ്രതികരണം ഒരുപക്ഷേ യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തിനു മാറ്റം വരാൻ ഇടയാക്കിയേക്കാം. അത്‌ ഒരു വലിയ നേട്ടമായിരിക്കും.

നേരെ മറിച്ച്‌, വീട്ടുകാരനുമായി നിങ്ങൾക്കു തൃപ്‌തികരമായ രീതിയിൽ സംഭാഷണം നടത്താൻ കഴിഞ്ഞിരിക്കാം. അദ്ദേഹം ഓർത്തിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന മുഖ്യ പോയിന്റ്‌ വീണ്ടും എടുത്തു പറയരുതോ? അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുള്ള പ്രചോദനവും ഉൾപ്പെടുത്തുക.

മറ്റൊരു സമയത്ത്‌ കൂടുതലായ ചർച്ച നടത്തുന്നതിനുള്ള സാധ്യത നിങ്ങൾ കാണുന്നെങ്കിൽ, ആ അവസരത്തിലേക്കു വ്യക്തിയുടെ ആകാംക്ഷ ഉണർത്തുന്ന ഒരു സംഗതി നിങ്ങൾക്കു ചെയ്യാവുന്നതാണ്‌. ഒരു ചോദ്യം ചോദിക്കുക. അത്‌ ഒരുപക്ഷേ തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിലോ ഭവന ബൈബിളധ്യയനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലോ ചർച്ച ചെയ്‌തിരിക്കുന്ന ഒരു ചോദ്യമായിരിക്കാവുന്നതാണ്‌. യേശുക്രിസ്‌തു വ്യക്തമാക്കിയതും മത്തായി 28:​19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്നതും ആയ നിങ്ങളുടെ ലക്ഷ്യം മനസ്സിൽ പിടിക്കുക.

നിങ്ങൾ ഒരു ഭവന ബൈബിളധ്യയനം ഉപസംഹരിക്കുകയാണോ? പ്രതിപാദ്യവിഷയം വീണ്ടും എടുത്തു പറയുന്നത്‌ ചർച്ച ചെയ്‌ത കാര്യം ഓർമിക്കാൻ വിദ്യാർഥിയെ സഹായിക്കും. പുനരവലോകന ചോദ്യങ്ങൾ ഉപയോഗിക്കുന്നത്‌ മുഖ്യ പോയിന്റുകൾ വിദ്യാർഥിയുടെ മനസ്സിൽ പതിയുന്നതിനു സഹായിക്കും, പ്രത്യേകിച്ചും അത്‌ ധൃതികൂട്ടാതെ ചെയ്യുന്നെങ്കിൽ. പഠിച്ചുകഴിഞ്ഞ വിവരങ്ങൾ വിദ്യാർഥിക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാമെന്നതിനെയോ മറ്റുള്ളവരുമായി അത്‌ എങ്ങനെ പങ്കുവെക്കാൻ കഴിയുമെന്നതിനെയോ കുറിച്ചുള്ള ഒരു ചോദ്യം ചോദിക്കുന്നത്‌ പഠിച്ച കാര്യങ്ങൾ പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചു ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കും.​—സദൃ. 4:⁠7.

ഓർമിക്കുക​—ഉപസംഹാരം നിങ്ങളുടെ മുഴു ചർച്ചയുടെയും ഫലപ്രദത്വത്തെ സ്വാധീനിക്കുന്നു.

അത്‌ ചെയ്യാവുന്ന വിധം

  • നിങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞ ആശയങ്ങളുമായി ഉപസംഹാരം നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുക.

  • കേട്ടു കഴിഞ്ഞ കാര്യത്തെ കുറിച്ച്‌ എന്തു ചെയ്യണമെന്നു സദസ്സിനു കാണിച്ചുകൊടുക്കുക.

  • പറയുന്ന കാര്യങ്ങളാലും അവ പറയുന്ന രീതിയാലും നിങ്ങളുടെ ശ്രോതാക്കളെ പ്രചോദിപ്പിക്കുക.

അഭ്യാസം: വയൽശുശ്രൂഷയ്‌ക്കായി രണ്ട്‌ ഉപസംഹാരങ്ങൾ തയ്യാറാകുക: (1) വീട്ടുകാരൻ മര്യാദയില്ലാതെ ഇടപെടുമ്പോൾ അല്ലെങ്കിൽ വീട്ടുകാരനു സംസാരിക്കാൻ സമയമില്ലാതിരിക്കുമ്പോൾ പറയാനുള്ളത്‌. (2) അടുത്ത സന്ദർശനത്തിലെ ചർച്ചയ്‌ക്കായുള്ള ഒരു നിശ്ചിത ചോദ്യം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക