ഞായറാഴ്ച സാക്ഷീകരിക്കാൻ നിങ്ങൾ തയ്യാറാണോ?
1. പൗലോസിൽനിന്നും കൂട്ടാളികളിൽനിന്നും നമുക്ക് എന്തു പഠിക്കാം?
1 അന്നൊരു ശബത്തു ദിവസമായിരുന്നു. ഫിലിപ്പിയിലുള്ള യഹൂദന്മാരിൽ അധികവും വിശ്രമത്തിനായി നീക്കിവെച്ചിരുന്ന ദിവസം. പൗലോസും കൂട്ടരും മിഷനറി യാത്രയുടെ ഭാഗമായി അവിടം സന്ദർശിക്കുകയാണ്. അന്ന് അവർക്കു വേണമെങ്കിൽ വിശ്രമിക്കാമായിരുന്നു; അതിന് ആരും അവരെ കുറ്റപ്പെടുത്തുമായിരുന്നില്ല. എന്നാൽ, പട്ടണത്തിനു വെളിയിൽ യഹൂദന്മാർ പ്രാർഥനയ്ക്കായി കൂടിവന്നിരിക്കുന്നു എന്ന് അറിഞ്ഞ അവർ സാക്ഷീകരിക്കാനുള്ള അവസരം പാഴാക്കുന്നില്ല. ഫലമോ? അവർ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ട ലുദിയയും ഒപ്പം അവളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാനമേറ്റു. അപ്പോൾ പൗലോസിനും കൂട്ടാളികൾക്കും എത്രമാത്രം സന്തോഷം തോന്നിയിരിക്കണം! (പ്രവൃ. 16:13-15) ഇന്ന് പല ആളുകളും വിശ്രമത്തിനായി നീക്കിവെച്ചിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. അവരോടു സാക്ഷീകരിക്കാൻ ആ ദിവസം അൽപ്പസമയം വിനിയോഗിക്കുന്നത് നല്ലതല്ലേ?
2. ഞായറാഴ്ച സുഗമമായി സാക്ഷീകരിക്കുന്നതിനുവേണ്ടി ദൈവജനത്തിന് എന്തെല്ലാം പ്രതിസന്ധികൾ തരണംചെയ്യേണ്ടിവന്നു?
2 ഞായറാഴ്ച സാക്ഷീകരണം—പോരാടി നേടിയ വിജയം: എല്ലാ ഞായറാഴ്ചയും അൽപ്പസമയം ശുശ്രൂഷയിൽ ചെലവിടാൻ 1927-ൽ യഹോവയുടെ ജനത്തിന് പ്രോത്സാഹനം ലഭിക്കുകയുണ്ടായി. എതിർപ്പുകളുടെ പെരുമഴയായിരുന്നു പിന്നെ. ഞായറാഴ്ച ശബത്തുനിയമം ലംഘിക്കുന്നു, ജനങ്ങളുടെ സ്വൈര്യം കെടുത്തുന്നു, ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് ഐക്യനാടുകളിൽ നിരവധി പേരെ അറസ്റ്റുചെയ്തു. പക്ഷേ സഹോദരങ്ങൾ പിന്മാറിയില്ല. 1930-കളിൽ അവർ “ഡിവിഷണൽ കാംപെയ്ൻസ്” എന്ന പേരിൽ സാക്ഷീകരണം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പല സഭകളിൽനിന്നുള്ള പ്രസാധകർ ഒരു സ്ഥലത്ത് ഒത്തുകൂടി ആ പ്രദേശം പ്രവർത്തിച്ചു തീർക്കുമായിരുന്നു. അറസ്റ്റുചെയ്യപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വന്നതിനാൽ അധികാരികൾക്ക് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു; അവർക്ക് ദൈവജനത്തെ തടയാനായില്ല. ആ സഹോദരങ്ങളുടെ ത്യാഗത്തെ നിങ്ങൾ വിലമതിക്കുന്നില്ലേ? അവർ കാണിച്ച ആ തീക്ഷ്ണത നിങ്ങൾക്കും പ്രോത്സാഹനമേകുന്നില്ലേ?
3. ഞായറാഴ്ച ദിവസം സാക്ഷീകരണത്തിന് അനുയോജ്യമാണെന്നു പറയുന്നത് എന്തുകൊണ്ട്?
3 സാക്ഷീകരിക്കാൻ അനുയോജ്യമായ ദിവസം: ഞായറാഴ്ച മിക്കവരും ജോലിക്കു പോകാറില്ല. സാധാരണഗതിയിൽ, അവർ തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞിരിക്കുന്ന ദിവസമാണത്. പള്ളിയിൽ പോകുന്ന പലരും അന്നേദിവസം ദൈവികകാര്യങ്ങൾ സംസാരിക്കാൻ താത്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് ആ ദിവസം നമുക്ക് നന്നായി പ്രയോജനപ്പെടുത്താം. വയൽസേവനത്തിനു ചേരുന്ന വസ്ത്രമാണല്ലോ ഞായറാഴ്ച യോഗങ്ങൾക്കുവരുമ്പോൾ നാം ധരിക്കുന്നത്. ആ സ്ഥിതിക്ക് അന്ന് യോഗങ്ങൾക്കു മുമ്പോ ശേഷമോ വയൽസേവനത്തിൽ ഏർപ്പെടാനുംകൂടി ക്രമീകരിക്കാനാകില്ലേ? ആവശ്യമെങ്കിൽ, കഴിക്കാൻ അൽപ്പമെന്തെങ്കിലും കൂടെക്കരുതുകയുമാവാം.
4. ഞായറാഴ്ച ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ പ്രയോജനമെന്ത്?
4 ഞായറാഴ്ച അൽപ്പസമയം ശുശ്രൂഷയിൽ ഏർപ്പെട്ടാലും വിശ്രമിക്കാൻ നമുക്ക് അപ്പോഴും സമയമുണ്ടാകും. വിശുദ്ധസേവനം അനുഷ്ഠിച്ചതിന്റെ സംതൃപ്തിയും നമുക്ക് അനുഭവിക്കാനാകും. (സദൃ. 19:23) ഇനി, ശുശ്രൂഷയ്ക്കിടയിൽ ലുദിയയെപ്പോലുള്ളവരെ കണ്ടെത്താൻ കഴിയുന്നെങ്കിലോ? ആ സന്തോഷം ഒന്നു വേറെതന്നെയാണ്!