പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—വിദ്യാർഥികളെ സംഘടനയിലേക്കു വഴിനടത്തുക
1. ഓരോ തവണ അധ്യയനം നടത്തുമ്പോഴും യഹോവയുടെ സംഘടനയെപ്പറ്റിയുള്ള എന്തെങ്കിലും ഒരു ആശയം വിദ്യാർഥിയുമായി പങ്കുവെക്കേണ്ടത് എന്തുകൊണ്ട്?
1 നാം ബൈബിളധ്യയനങ്ങൾ നടത്തുന്നത് ആളുകളെ തിരുവെഴുത്തുപരമായ ഉപദേശങ്ങൾ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രമല്ല. നമ്മുടെ വിദ്യാർഥികളെ ക്രിസ്തീയ സഭയുടെ ഭാഗമാക്കുക എന്നൊരു ലക്ഷ്യംകൂടെ നമുക്കുണ്ട്. (സെഖ. 8:23) യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക അതിനു നമ്മെ സഹായിക്കും. ഈ ലഘുപത്രിക പുതിയ ബൈബിൾ വിദ്യാർഥികൾക്കു നൽകുകയും അതു വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതിനുപുറമേ, ഓരോ ആഴ്ചയും ഏതാനും മിനിറ്റെടുത്ത്, യഹോവയുടെ സംഘടനയെപ്പറ്റിയുള്ള എന്തെങ്കിലും ഒരു ആശയം അവരുമായി പങ്കുവെക്കാനും ശ്രദ്ധിക്കുക.
2. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ ബൈബിൾ വിദ്യാർഥികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
2 സഭായോഗങ്ങൾ: ബൈബിൾ വിദ്യാർഥികൾക്ക് ദൈവത്തിന്റെ സംഘടനയോട് മതിപ്പുതോന്നിത്തുടങ്ങുന്നത് പ്രധാനമായും അവർ സഭായോഗത്തിന് നമ്മോടൊപ്പം കൂടിവരാൻ തുടങ്ങുമ്പോഴാണ്. (1 കൊരി. 14:24, 25) അതുകൊണ്ട്, നമ്മുടെ അഞ്ച് പ്രതിവാര യോഗങ്ങളെപ്പറ്റിയും അവർക്ക് വിവരിച്ചുകൊടുക്കുക. ഒരുസമയത്ത് ഒരു യോഗത്തെക്കുറിച്ച് പറഞ്ഞാൽ മതിയാകും. അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയവും അവരോട് പറയാവുന്നതാണ്. വീക്ഷാഗോപുര അധ്യയനത്തിനും സഭാ ബൈബിളധ്യയനത്തിനും ചർച്ച ചെയ്യുന്ന വിവരങ്ങളും അവർക്കു കാണിച്ചുകൊടുക്കാം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെപ്പറ്റിയും സേവനയോഗത്തെപ്പറ്റിയും അവർക്ക് പറഞ്ഞുകൊടുക്കുക. സ്കൂളിൽ നിങ്ങൾക്ക് എന്തെങ്കിലും നിയമനം ലഭിക്കുമ്പോൾ ഒരുപക്ഷേ അവരുമൊത്ത് അത് റിഹേഴ്സ് ചെയ്തുനോക്കാൻ കഴിഞ്ഞേക്കും. യോഗങ്ങളിൽനിന്നു മനസ്സിലാക്കിയ ശ്രദ്ധേയമായ ആശയങ്ങൾ അവരുമായി പങ്കുവെക്കാം. നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് യോഗങ്ങളിൽ നടക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. ആദ്യത്തെ അധ്യയനത്തിൽവെച്ചുതന്നെ അവരെ രാജ്യഹാളിലേക്കു ക്ഷണിക്കാവുന്നതാണ്.
3. നമ്മുടെ സംഘടനയുടെ ഏതെല്ലാം സവിശേഷതകൾ വിദ്യാർഥിയുമൊത്ത് ചർച്ച ചെയ്യാം?
3 സ്മാരകം, സമ്മേളനങ്ങൾ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം എന്നിവ അടുക്കുമ്പോൾ ഈ ക്രമീകരണങ്ങളെപ്പറ്റി അവർക്കു വിശദീകരിച്ചുകൊടുക്കാവുന്നതാണ്. അത് ഈ ക്രമീകരണങ്ങൾ എന്താണെന്ന് നേരിട്ടറിയാനുള്ള ഒരു താത്പര്യം അവരിൽ വളർത്തിയേക്കാം. പടിപടിയായി പിൻവരുന്ന ചോദ്യങ്ങളും വിദ്യാർഥികളുമൊത്ത് ചർച്ച ചെയ്യാം: നാം യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ടാണ്? നമ്മുടെ യോഗസ്ഥലങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്? നമ്മുടെ പ്രസംഗവേല സംഘടിപ്പിക്കുന്നത് എങ്ങനെയാണ്? നാം പ്രസംഗവേല ഏതു പ്രദേശത്ത്, എങ്ങനെ നിർവഹിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് എങ്ങനെയാണ്? നമ്മുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കപ്പെടുന്നത് എങ്ങനെയാണ്? നമ്മുടെ സംഘടനയുടെ പ്രവർത്തനത്തിനുവേണ്ട സാമ്പത്തിക പിന്തുണ ലഭിക്കുന്നത് എങ്ങനെയാണ്? ബ്രാഞ്ച് ഓഫീസും ഭരണസംഘവും നമ്മുടെ വേലയ്ക്കു മേൽനോട്ടം വഹിക്കുന്നത് ഏതുവിധത്തിലാണ്?
4, 5. വിദ്യാർഥികളിൽ സംഘടനയോടുള്ള വിലമതിപ്പ് വളർത്താൻ വീഡിയോകൾ സഹായിക്കുന്നത് എങ്ങനെ?
4 നമ്മുടെ വീഡിയോകൾ: ബൈബിൾ വിദ്യാർഥികൾക്ക് യഹോവയുടെ മഹനീയ സംഘടനയുമായി പരിചിതരാകാനുള്ള മറ്റൊരു സഹായം നമ്മുടെ വീഡിയോകളാണ്. ഭൂമിയുടെ അറുതികളിലേക്ക്, ദിവ്യബോധനത്താൽ ഏകീകൃതർ, നമ്മുടെ മുഴുസഹോദരവർഗവും തുടങ്ങിയ വീഡിയോകൾ (മലയാളത്തിൽ ലഭ്യമല്ല) വിദ്യാർഥികൾക്ക് കാണിച്ചുകൊടുക്കാം. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന (മലയാളത്തിൽ ലഭ്യമല്ല) എന്ന വീഡിയോ അഞ്ചു വർഷങ്ങളായി നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരിയായിരുന്ന ഒരു സ്ത്രീയുടെ കണ്ണുകൾ നനയിച്ചു. തന്നെ സന്ദർശിച്ചിരുന്ന യഹോവയുടെ സാക്ഷികൾ വിശ്വാസയോഗ്യരാണെന്ന് അവർക്ക് അറിയാമായിരുന്നു. വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അവരുടെ സംഘടനയെയും തനിക്കു വിശ്വസിക്കാമെന്ന് അവർ മനസ്സിലാക്കി. അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. പിറ്റേ ആഴ്ചതന്നെ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തു.
5 ഓരോ ആഴ്ചയും ബൈബിൾ വിദ്യാർഥികളുമൊത്ത് നമ്മുടെ സംഘടനയെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കുകയും അതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഉപാധികൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ യഹോവ ഇന്ന് ഉപയോഗിക്കുന്ന ഏക സംഘടനയിലേക്ക് അവരെ ആനയിക്കാൻ കഴിയും.