അനൗപചാരിക സാക്ഷീകരണം നടത്താം
1. (എ) അനൗപചാരിക സാക്ഷീകരണം എന്താണ്? (ബി) ഈ യോഗത്തിനു ഹാജരായിരിക്കുന്ന എത്ര പേരാണ് അനൗപചാരിക സാക്ഷീകരണത്തിലൂടെ സത്യം അറിയാനിടയായത്?
1 അനൗപചാരിക സാക്ഷീകരണത്തിലൂടെ സത്യം അറിയാൻ ഇടയായ എത്ര പേർ നിങ്ങളുടെ സഭയിലുണ്ട്? അവരുടെ എണ്ണം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. നിത്യജീവിതത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിൽ—യാത്ര ചെയ്യുമ്പോൾ, ബന്ധുക്കളെ അല്ലെങ്കിൽ അയൽക്കാരെ സന്ദർശിക്കുമ്പോൾ, മാർക്കറ്റിലായിരിക്കുമ്പോൾ, സ്കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ—ആളുകളുമായി സുവിശേഷം പങ്കുവെക്കുന്നതിനെയാണ് അനൗപചാരിക സാക്ഷീകരണം എന്നു പറയുന്നത്. 200-ലധികം പേരടങ്ങുന്ന സ്നാനമേറ്റ സാക്ഷികളുടെ ഒരു കൂട്ടത്തിൽ 40 ശതമാനം സത്യം അറിയാൻ ഇടയായത് അനൗപചാരിക സാക്ഷീകരണത്തിലൂടെ ആയിരുന്നു! അനൗപചാരിക സാക്ഷീകരണം വളരെ ഫലപ്രദമായ ഒരു മാർഗമാണെന്നല്ലേ ഇതു കാണിക്കുന്നത്?
2. അനൗപചാരിക സാക്ഷീകരണം നടത്തിയിട്ടുള്ള ആരുടെയെല്ലാം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്?
2 ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകർ പലപ്പോഴും അനൗപചാരിക സാക്ഷീകരണം നടത്തിയിരുന്നു. ഉദാഹരണത്തിന് ശമര്യയിലൂടെ സഞ്ചരിക്കവെ, യാക്കോബിന്റെ ഉറവിനടുത്തുവെച്ച് വെള്ളം കോരാനെത്തിയ ഒരു സ്ത്രീയോട് യേശു സാക്ഷീകരിച്ചു. (യോഹ. 4:6-26) “വായിക്കുന്നതു നീ ഗ്രഹിക്കുന്നുവോ?” എന്ന ഒരു ചോദ്യത്തിലൂടെ ഫിലിപ്പോസ്, യെശയ്യാപുസ്തകത്തിലെ ഒരു പ്രവചനഭാഗം വായിക്കുകയായിരുന്ന എത്യോപൻ ഷണ്ഡനുമായി ഒരു സംഭാഷണത്തിനു തുടക്കമിട്ടു. (പ്രവൃ. 8:26-38) ഫിലിപ്പിയിൽ തടവിലായിരിക്കെ പൗലോസ് അപ്പൊസ്തലൻ അവിടത്തെ കാരാഗൃഹപ്രമാണിയോടു സാക്ഷീകരിച്ചു. (പ്രവൃ. 16:23-34) മറ്റൊരവസരത്തിൽ വീട്ടുതടങ്കലിലായിരിക്കെ പൗലോസ് “തന്റെ അടുക്കൽ വന്ന എല്ലാവരെയും ദയാപൂർവം സ്വീകരിച്ച് . . . ദൈവരാജ്യത്തെക്കുറിച്ച് അവരോടു പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തുപോന്നു.” (പ്രവൃ. 28:30, 31) നിങ്ങൾ ലജ്ജാശീലനായ ഒരാളാണെങ്കിൽപ്പോലും നിങ്ങൾക്കും അനൗപചാരികമായി സാക്ഷീകരിക്കാനാകും. എങ്ങനെ?
3. ലജ്ജാശീലം മറികടക്കാൻ നമ്മെ എന്തു സഹായിക്കും?
3 ധൈര്യം സംഭരിക്കാൻ: അപരിചിതരുമായി സംഭാഷണങ്ങൾ ആരംഭിക്കാൻ നമ്മിൽ പലർക്കും ബുദ്ധിമുട്ടുണ്ട്. പരിചയക്കാരോടാണെങ്കിൽപ്പോലും നമ്മുടെ വിശ്വാസത്തെക്കുറിച്ചു പറയാൻ ശ്രമിക്കുന്നത് അൽപ്പം പരിഭ്രമം ഉളവാക്കുന്ന കാര്യമാണ്. എന്നാൽ യഹോവയുടെ നന്മയെയും അവൻ തന്റെ ദാസർക്ക് നൽകിയിരിക്കുന്ന ആത്മീയ സമ്പത്തിനെയും ലോകത്തിലെ ആളുകളുടെ പരിതാപകരമായ അവസ്ഥയെയും കുറിച്ചു ചിന്തിക്കുന്നത്, സംസാരിക്കാൻവേണ്ട പ്രചോദനം നമുക്ക് നൽകും. (യോനാ 4:11; സങ്കീ. 40:5; മത്താ. 13:52) സംസാരിക്കാനുള്ള ധൈര്യം തരാൻ യഹോവയോടു പ്രാർഥിക്കാനും നമുക്കു കഴിയും. (1 തെസ്സ. 2:2) ഒരു ഗിലെയാദ് വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “ആളുകളോടു സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നിയിട്ടുള്ള സാഹചര്യങ്ങളിൽ, പ്രാർഥന ഒരു വലിയ സഹായമായിരുന്നിട്ടുണ്ട്.” അതെ, സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ മനസ്സിൽ ഹ്രസ്വമായി പ്രാർഥിക്കുക.—നെഹെ. 2:4.
4. തുടക്കത്തിൽ നമുക്ക് എന്തു ലക്ഷ്യം വെക്കാം, എന്തുകൊണ്ട്?
4 അനൗപചാരിക സാക്ഷീകരണം എന്ന പേരുതന്നെ സൂചിപ്പിക്കുന്നത്, സംഭാഷണം തുടങ്ങാനായി നാം ഔപചാരികമായ ഒരു മുഖവുരയോ ഒരു ബൈബിൾ വാക്യമോ ഒന്നും ഉപയോഗിക്കേണ്ടതില്ല എന്നാണ്. നേരിട്ട് ഒരു സാക്ഷ്യം നൽകുകയാണെന്ന തോന്നൽ ഇല്ലാതെ, വെറുതെ ഒരു സംഭാഷണത്തിനു തുടക്കമിടുക എന്ന ലക്ഷ്യത്തിൽ സംസാരിച്ചുതുടങ്ങുന്നത് സഹായം ചെയ്യും. ഇത്, സാവധാനം സുവിശേഷം അവതരിപ്പിക്കാനുള്ള ധൈര്യം നൽകിയതായി നിരവധി പ്രസാധകർ പറഞ്ഞിട്ടുണ്ട്. വ്യക്തിക്ക് സംഭാഷണത്തിനു താത്പര്യമില്ലെന്നു കണ്ടാൽ പിന്നെ സംസാരം തുടരേണ്ട ആവശ്യം വരുന്നില്ല. വിനയപൂർവം സംഭാഷണം അവസാനിപ്പിക്കുക.
5. ലജ്ജാശീലയായ ഒരു സഹോദരി അനൗപചാരിക സാക്ഷീകരണം നടത്തുന്നത് എങ്ങനെ?
5 ലജ്ജാശീലയായ ഒരു സഹോദരി, കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ സാക്ഷീകരിക്കാൻ പിൻവരുന്ന മാർഗം അവലംബിക്കുന്നു. ആദ്യം അവർ വ്യക്തിയുടെ മുഖത്തു നോക്കി സൗഹാർദപൂർവം പുഞ്ചിരിക്കും. ആ വ്യക്തി തിരിച്ചു പുഞ്ചിരിച്ചാൽ സഹോദരി ഹ്രസ്വമായി എന്തെങ്കിലുമൊന്ന് പറയും. പ്രതികരണം അനുകൂലമാണെങ്കിൽ, ഒരു സംഭാഷണം ആരംഭിക്കാൻ സഹോദരി ശ്രമിക്കും. ആ വ്യക്തി പറയുന്നത് അവർ ശ്രദ്ധവെച്ചു കേൾക്കുകയും സുവിശേഷത്തിന്റെ ഏതു വശമായിരിക്കും കേൾക്കുന്ന ആൾക്ക് ആകർഷകമായി തോന്നുക എന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. ഈ രീതിയിലൂടെ അനേകം പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്, ഒരു ബൈബിളധ്യയനം തുടങ്ങാനും.
6. അനൗപചാരികമായി സാക്ഷീകരിക്കാൻ എങ്ങനെ ഒരു സംഭാഷണത്തിനു തുടക്കമിടാം?
6 സംഭാഷണത്തിനു തുടക്കമിടാൻ: സംഭാഷണത്തിനു തുടക്കമിടാൻ നമുക്ക് എന്തു പറയാനാകും? കിണറ്റിൻകരയിൽവെച്ചു കണ്ട സ്ത്രീയോട് യേശു സംഭാഷണത്തിനു തുടക്കമിട്ടത് കുടിക്കാൻ അൽപ്പം വെള്ളം ചോദിച്ചുകൊണ്ടാണ്. (യോഹ. 4:7) നമുക്കും അതുപോലെ, ഒരു കുശലാന്വേഷണത്തിലൂടെയോ സൗഹാർദപൂർവം ഒരു ചോദ്യം ചോദിച്ചുകൊണ്ടോ ഒക്കെ സംഭാഷണത്തിനു തുടക്കമിടാനാകും. സംഭാഷണം ദൈവരാജ്യം എന്ന വിഷയത്തിലേക്കു തിരിച്ചുവിടാനോ ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കാനോ നാം തിടുക്കം കാണിക്കേണ്ടതില്ല, വിശേഷിച്ചും നാം സംസാരിക്കുന്ന ആളിന് എന്തെങ്കിലും തരത്തിലുള്ള മുൻവിധികളുണ്ടെങ്കിൽ. സംഭാഷണം പുരോഗമിക്കവെ ബൈബിളധിഷ്ഠിതമായ ഒരു ആശയം അവതരിപ്പിക്കാനോ സത്യത്തിന്റെ വിത്ത് നടാനോ നമുക്ക് അവസരം ലഭിച്ചേക്കാം. (സഭാ. 11:6) ജിജ്ഞാസ ഉണർത്തുന്ന എന്തെങ്കിലും ഒരു കാര്യം പറയുന്നത് ഫലപ്രദമായി ചിലർ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഡോക്ടറെ കാണാൻ സന്ദർശനമുറിയിൽ കാത്തിരിക്കുകയാണെന്നു വിചാരിക്കുക. “ഈ രോഗങ്ങളൊക്കെ മാറുന്ന സമയം വരുമ്പോൾ എന്തു സന്തോഷമായിരിക്കും!” എന്നു പറഞ്ഞുകൊണ്ട് ഒരു സംഭാഷണം ആരംഭിക്കാവുന്നതാണ്.
7. കാര്യങ്ങൾ നിരീക്ഷിക്കുന്നത് അനൗപചാരിക സാക്ഷീകരണത്തിനു വഴി തുറന്നുതന്നേക്കാവുന്നത് എങ്ങനെ?
7 കാര്യങ്ങൾ നന്നായി നിരീക്ഷിക്കുന്നതും ഒരു സംഭാഷണം തുടങ്ങാൻ നമ്മെ സഹായിക്കും. ഒരു അമ്മയെ അല്ലെങ്കിൽ അച്ഛനെ അവരുടെ കുട്ടികളോടൊപ്പം കാണുകയാണെന്നിരിക്കട്ടെ. കുട്ടികൾ നല്ല അച്ചടക്കശീലമുള്ളവരാണെന്നു നിരീക്ഷിക്കാൻ കഴിഞ്ഞാൽ ആ അച്ഛനെ അല്ലെങ്കിൽ അമ്മയെ അഭിനന്ദിച്ചുകൊണ്ട് ചോദിക്കാം: “മക്കളെ ഇത്ര അച്ചടക്കത്തോടെ വളർത്താൻ സാധിക്കുന്നത് എങ്ങനെയാണ്?” ഒരു സഹോദരി ജോലിസ്ഥലത്ത് സഹപ്രവർത്തകർ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ശ്രദ്ധിക്കും; എന്നിട്ട് അവർക്ക് താത്പര്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാര്യങ്ങൾ അവരുമായി പങ്കുവെക്കും. ഉദാഹരണത്തിന്, ഒരു സഹപ്രവർത്തക വിവാഹിതയാകാൻ പോകുകയാണെന്നു മനസ്സിലായപ്പോൾ സഹോദരി അവർക്ക് വിവാഹത്തിനുവേണ്ട ക്രമീകരണങ്ങൾ എങ്ങനെ നടത്താം എന്ന വിഷയം പ്രതിപാദിച്ചിരുന്ന ഒരു ഉണരുക! നൽകി. ഇത് കൂടുതൽ ബൈബിൾ ചർച്ചകൾക്കു വഴി തുറന്നു.
8. സംഭാഷണത്തിനു തുടക്കമിടാൻ സാഹിത്യങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും?
8 മറ്റുള്ളവർക്കു കാണാവുന്ന വിധത്തിൽ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് സംഭാഷണത്തിനു വഴി തുറന്നുതന്നേക്കാം. ഒരു സഹോദരൻ ചെയ്യാറുള്ളത് ഇതാണ്: അദ്ദേഹം വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ കൗതുകമുണർത്തുന്ന ഒരു ലേഖനം തുറന്ന് വായിക്കാൻതുടങ്ങും. അടുത്തിരിക്കുന്ന ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാൽ എന്തെങ്കിലും ഒരു ചോദ്യം ഉന്നയിക്കുകയോ ലേഖനത്തെക്കുറിച്ച് ഹ്രസ്വമായി എന്തെങ്കിലും പറയുകയോ ചെയ്യും. പലപ്പോഴും ഇത് സംഭാഷണം ആരംഭിക്കാനും സാക്ഷ്യം നൽകാനും സഹോദരനെ സഹായിച്ചിട്ടുണ്ട്. നമ്മുടെ ഏതെങ്കിലുമൊരു പ്രസിദ്ധീകരണം സഹപ്രവർത്തകർക്കോ സഹപാഠികൾക്കോ കാണാവുന്നവിധത്തിൽ വെക്കുന്നത് അവരിൽ ജിജ്ഞാസ ഉണർത്തും; അവർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും ഇടയാകും.
9, 10. (എ) അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ നമുക്ക് എങ്ങനെ സൃഷ്ടിക്കാനാകും? (ബി) നിങ്ങൾ അതിനു ശ്രമിച്ചിട്ടുണ്ടോ?
9 അവസരങ്ങൾ സൃഷ്ടിക്കുക: പ്രസംഗവേലയുടെ അടിയന്തിരത കണക്കിലെടുക്കുമ്പോൾ, അവസരം ഒത്തുകിട്ടിയാൽ സ്വീകരിക്കാവുന്ന ഒരു രീതിയായി അനൗപചാരിക സാക്ഷീകരണത്തെ നമുക്കു വീക്ഷിക്കാനാവില്ല. പകരം സാക്ഷീകരിക്കാനായി അവസരങ്ങൾ സൃഷ്ടിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. കണ്ടുമുട്ടാൻ സാധ്യതയുള്ള ആളുകളെക്കുറിച്ചും അവരുമായി എങ്ങനെ ഒരു സൗഹൃദസംഭാഷണം ആരംഭിക്കാം എന്നതിനെക്കുറിച്ചും നാം മുന്നമേ ചിന്തിക്കണം. ഒരു ബൈബിളും താത്പര്യം കാണിക്കുന്നവർക്ക് നൽകാൻവേണ്ട പ്രസിദ്ധീകരണങ്ങളും എപ്പോഴും കൂടെക്കരുതുക. (1 പത്രോ. 3:15) കുറേ ലഘുലേഖകൾ കൂടെക്കരുതുന്നത് പ്രായോഗികമാണെന്ന് ചില പ്രസാധകർ കരുതുന്നു.—km-MY 6/07 പേ. 3.
10 സാഹചര്യത്തിനൊത്ത് പ്രവർത്തിക്കാനുള്ള കഴിവ് നേടുകവഴി, അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ പല പ്രസാധകർക്കും സാധിച്ചിട്ടുണ്ട്. ഒരു വലിയ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഒരു സഹോദരി, അവിടത്തെ താമസക്കാർ വിനോദങ്ങൾക്കായി വരാറുള്ള ‘റെക്രിയേഷൻ ഏരിയ’യിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ദൃശ്യവത്കരിക്കുന്ന ജിഗ്സോ പസിലുകൾ കൊണ്ടുവരും. സഹോദരി ചിത്രത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തുവെക്കുമ്പോൾ, അതുവഴി പോകുന്നവർ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാനായി അവിടെയൊന്നു നിൽക്കും. സഹോദരി ഉടനെ ഒരു സംഭാഷണത്തിനു തുടക്കമിടും; തുടർന്ന് ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം അവരുമായി പങ്കുവെക്കും. (വെളി. 21:1-4) അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും വഴികൾ കണ്ടെത്താൻ നിങ്ങൾക്കു കഴിയുമോ?
11. അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ നമ്മുടെ സന്ദേശത്തോടു താത്പര്യം പ്രകടിപ്പിക്കുന്നവരുടെ കാര്യത്തിൽ എന്തു ചെയ്യണം?
11 താത്പര്യത്തെ ഊട്ടിവളർത്തുക: ആരെങ്കിലും താത്പര്യത്തോടെ നിങ്ങൾ പറയുന്നതു കേട്ടാൽ ആ താത്പര്യത്തെ ഊട്ടിവളർത്താൻ ശ്രദ്ധിക്കണം. ഉചിതമെങ്കിൽ ആ വ്യക്തിയോട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “താങ്കളുമായുള്ള സംഭാഷണം എനിക്ക് വളരെ ഇഷ്ടമായി. വീണ്ടും എനിക്ക് താങ്കളുമായി സംസാരിക്കാനാകുമോ?” താത്പര്യം പ്രകടിപ്പിച്ച വ്യക്തിയുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കാരണം ചില പ്രദേശങ്ങളിൽ, എതിരാളികൾ നമ്മുടെ സന്ദേശത്തോടു താത്പര്യമുള്ളതായി നടിച്ച് പ്രസാധകരെ കുടുക്കിയിട്ടുണ്ട്. താത്പര്യം കാണിച്ച വ്യക്തി മറ്റൊരു പ്രദേശത്തു താമസിക്കുന്ന ആളാണെങ്കിൽ അവിടെയുള്ള സഭയിലെ ആരെയെങ്കിലും ക്രമീകരിക്കാവുന്നതാണ്. അതിനായി Please Follow Up (S-43) ഫാറം പൂരിപ്പിച്ച് നിങ്ങളുടെ സഭാസെക്രട്ടറിക്കു നൽകുക.
12. (ഏ) അനൗപചാരിക സാക്ഷീകരണത്തിനു ചെലവിടുന്ന സമയം നാം രേഖപ്പെടുത്തിവെക്കുകയും റിപ്പോർട്ടുചെയ്യുകയും ചെയ്യേണ്ടത് എന്തുകൊണ്ട്? (ബി) അനൗപചാരിക സാക്ഷീകരണത്തിലൂടെ എന്തെല്ലാം നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്? (“അനൗപചാരിക സാക്ഷീകരണത്തിന്റെ നല്ല ഫലങ്ങൾ!” എന്ന ചതുരം കാണുക)
12 അനൗപചാരിക സാക്ഷീകരണത്തിനായി ചെലവിടുന്ന സമയം നാം റിപ്പോർട്ടുചെയ്യേണ്ടതാണ്. ദിവസത്തിൽ ഏതാനും മിനിറ്റുകൾ മാത്രമേ അതു ചെയ്യുന്നുള്ളൂവെങ്കിൽപ്പോലും നാം ആ സമയത്തിന്റെ രേഖ സൂക്ഷിക്കണം. പ്രസാധകർ ഓരോരുത്തരും ദിവസത്തിൽ വെറും അഞ്ചുമിനിട്ട് അനൗപചാരികമായി സാക്ഷീകരിച്ചാൽപ്പോലും പ്രതിമാസം മൊത്തം എത്ര മണിക്കൂർ വരുമെന്ന് അറിയാമോ? 1 കോടി 70 ലക്ഷത്തിലധികം മണിക്കൂർ!
13. അനൗപചാരികമായി സാക്ഷീകരിക്കാൻ നമ്മെ എന്തു പ്രചോദിപ്പിക്കും?
13 അനൗപചാരിക സാക്ഷീകരണം നടത്താൻ മഹത്തായ രണ്ടുകാരണങ്ങളാണ് നമുക്കുള്ളത്: ദൈവത്തോടുള്ള സ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും. (മത്താ. 22:37-39) യഹോവയുടെ ഗുണങ്ങളോടും ഉദ്ദേശ്യങ്ങളോടുമുള്ള വിലമതിപ്പ് ഹൃദയത്തിൽ നിറഞ്ഞുകവിയുമ്പോൾ ‘അവന്റെ രാജത്വത്തിന്റെ തേജസ്സുള്ള മഹത്വം’ ഘോഷിക്കാൻ നാം പ്രേരിതരാകും. (സങ്കീ. 145:7, 10-12) അയൽക്കാരുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്പര്യം, അവശേഷിക്കുന്ന സമയത്ത് അവരുമായി സുവാർത്ത പങ്കുവെക്കാനുള്ള ഓരോ അവസരവും തക്കത്തിൽ വിനിയോഗിക്കാൻ നമുക്കു പ്രചോദനം നൽകും. (റോമ. 10:13, 14) മുൻകൂട്ടി ചിന്തിക്കുകയും തയ്യാറാവുകയും അൽപ്പം മുൻകരുതലോടെ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കെല്ലാവർക്കും അനൗപചാരികമായി സാക്ഷീകരിക്കാൻ സാധിക്കും; ഒരുപക്ഷേ പരമാർഥ ഹൃദയമുള്ള ആരെയെങ്കിലും സത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരാൻപോലും!
[4-ാം പേജിലെ ആകർഷക വാക്യം]
വെറുതെ ആളുകളോട് കുശലം ചോദിച്ചുകൊണ്ട് സംഭാഷണത്തിനു തുടക്കമിടുക
[5-ാം പേജിലെ ആകർഷക വാക്യം]
സാഹചര്യത്തിനൊത്ത് പ്രവർത്തിക്കാനുള്ള കഴിവ് നേടുകവഴി, അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ പല പ്രസാധകർക്കും സാധിച്ചിട്ടുണ്ട്
[5-ാം പേജിലെ ചതുരം]
സംഭാഷണത്തിനു തുടക്കമിടാൻ
◼ സഹായത്തിനായി പ്രാർഥിക്കുക
◼ സൗഹൃദപ്രകൃതക്കാരും തിരക്കില്ലാത്തവരുമായി കാണപ്പെടുന്നവരോടു സംസാരിക്കാൻ ശ്രമിക്കുക
◼ ദൃഷ്ടിസമ്പർക്കം പുലർത്താനും പുഞ്ചിരിക്കാനും ശ്രദ്ധിക്കുക; ഇരുവർക്കും താത്പര്യമുള്ള ഒരു കാര്യത്തെക്കുറിച്ചു സംസാരിക്കുക
◼ നല്ല ശ്രോതാവായിരിക്കുക
[6-ാം പേജിലെ ചതുരം]
അനൗപചാരിക സാക്ഷീകരണത്തിന്റെ നല്ല ഫലങ്ങൾ!
• വർക്ക്ഷോപ്പിൽ കാർ നന്നാക്കിക്കിട്ടുന്നതും കാത്തുനിൽക്കുന്നതിനിടയിൽ ഒരു സഹോദരൻ തന്റെ അടുത്തുനിന്നവരോട് സംസാരിക്കുകയും പരസ്യപ്രസംഗത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഒരു ക്ഷണക്കത്ത് നൽകുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് ഒരു കൺവെൻഷനിൽവെച്ച് ഒരു സഹോദരൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് വളരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. തലേവർഷം വർക്ക്ഷോപ്പിൽവെച്ച് മേൽപ്പറഞ്ഞ സഹോദരൻ ഹാൻഡ് ബിൽ നൽകിയവരിൽ ഒരാളായിരുന്നു അദ്ദേഹം! പരസ്യപ്രസംഗം കേൾക്കാൻ അദ്ദേഹം രാജ്യഹാളിൽ പോയി; ബൈബിൾ അധ്യയനത്തിനായി അദ്ദേഹം പേർ നൽകുകയും ചെയ്തു. ഇന്ന് അദ്ദേഹവും ഭാര്യയും സ്നാനമേറ്റ സാക്ഷികളാണ്.
• അനൗപചാരിക സാക്ഷീകരണത്തിലൂടെ സത്യം പഠിക്കാനിടയായ ഒരു സഹോദരി സാക്ഷീകരിക്കാൻ വളരെ രസകരമായ ഒരു മാർഗം കണ്ടുപിടിച്ചിരിക്കുന്നു. അവരുടെ മൂന്നുമക്കൾ പഠിക്കുന്ന സ്കൂൾ അവർ ഒരു വയൽസേവനപ്രദേശമാക്കിയിരിക്കുകയാണ്. സ്കൂളിൽ കണ്ടുമുട്ടുന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളോട് അവർ അനൗപചാരികമായി സാക്ഷീകരിക്കുന്നു. സ്വയം പരിചയപ്പെടുത്തിയശേഷം ഈ സഹോദരി തികച്ചും ലളിതവും അതേസമയം വളരെ ആത്മാർഥവുമായ ഒരു പരാമർശം നടത്തും, മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ ബൈബിൾ നൽകുന്ന വിലയേറിയ സഹായത്തെക്കുറിച്ച്. തുടർന്ന് അവർ മറ്റേതെങ്കിലും വിഷയത്തിലേക്കു കടക്കും. ബൈബിൾ ഉപയോഗിച്ച് സംഭാഷണം മുന്നോട്ടു കൊണ്ടുപോകാൻ പിന്നെ അവർക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല. ഇതിനുപുറമേ, തന്റെ വീടിന് അടുത്തുള്ളവരോടും അവർ ഈ രീതിയിൽ സാക്ഷീകരിക്കാറുണ്ട്. അനൗപചാരിക സാക്ഷീകരണത്തിലൂടെ 12 പേരെ സ്നാനത്തിന്റെ പടിയിലെത്തിക്കാൻ സഹോദരിക്കു കഴിഞ്ഞിട്ടുണ്ട്.
• ഒരു ഇൻഷ്വറൻസ് ഏജന്റ് ഒരു സഹോദരിയുടെ വീട്ടിൽ ചെന്നപ്പോൾ അവർ അത് സാക്ഷ്യം നൽകാനുള്ള അവസരമായി വിനിയോഗിച്ചു. നല്ല ആരോഗ്യവും സന്തോഷവും നിത്യജീവനും നേടാൻ ആഗ്രഹമുണ്ടോയെന്ന് സഹോദരി അദ്ദേഹത്തോടു ചോദിച്ചു. “തീർച്ചയായും,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഏത് ഇൻഷ്വറൻസ് പോളിസിയുടെ കാര്യമാണ് അവർ പറയുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. സഹോദരി അദ്ദേഹത്തിന് ബൈബിളിലെ വാഗ്ദാനങ്ങൾ കാണിച്ചുകൊടുത്തു; നമ്മുടെ ഒരു പ്രസിദ്ധീകരണവും നൽകി. പ്രസിദ്ധീകരണം അന്ന് രാത്രിതന്നെ അദ്ദേഹം വായിച്ചുതീർത്തു. തുടർന്ന് അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിച്ചു, യോഗങ്ങൾക്ക് ഹാജരാകാൻ തുടങ്ങി, പിന്നീട് സ്നാനമേൽക്കുകയും ചെയ്തു.
• ഒരിക്കൽ ഒരു സഹോദരി യാത്രയ്ക്കിടയിൽ അടുത്തിരുന്ന ഒരു സ്ത്രീയോട് സംസാരിക്കാൻതുടങ്ങി. അവർക്ക് ഒരു നല്ല സാക്ഷ്യം നൽകാനും സഹോദരിക്കു കഴിഞ്ഞു. യാത്ര പറഞ്ഞ് പിരിയുന്നതിനിടയിൽ സഹോദരി അവർക്ക് തന്റെ മേൽവിലാസവും ഫോൺനമ്പറും കൈമാറി. അടുത്ത തവണ യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിക്കുകയാണെങ്കിൽ ബൈബിളധ്യയനം ആവശ്യപ്പെടണമെന്നും സഹോദരി അവരോടു പറഞ്ഞു. പിറ്റേന്നുതന്നെ, യഹോവയുടെ സാക്ഷികളായ രണ്ടുപേർ ആ സ്ത്രീയുടെ വീട്ടിൽ ചെല്ലാനിടയായി. ആ സ്ത്രീ ബൈബിൾ പഠിക്കാൻ ആരംഭിച്ചു; അവർ പെട്ടെന്നുതന്നെ ആത്മീയപുരോഗതി വരുത്തുകയും സ്നാനമേൽക്കുകയും ചെയ്തു. താമസിയാതെ സ്വന്തമായി മൂന്ന് ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും അവർക്കു കഴിഞ്ഞു.
• ഒരു നഴ്സിങ് ഹോമിൽ കഴിയുന്ന 100 വയസ്സുള്ള അന്ധനായ ഒരു സഹോദരൻ എപ്പോഴും, “ദൈവരാജ്യം വേഗം വരണം” എന്നു പറയുമായിരുന്നു. ഇതു കേൾക്കുന്ന നഴ്സുമാരും മറ്റു രോഗികളും അദ്ദേഹത്തോട് ദൈവരാജ്യത്തെക്കുറിച്ച് ആരായും; സാക്ഷ്യം നൽകാൻ അത് അദ്ദേഹത്തിന് അവസരം നൽകും. ഒരിക്കൽ, അവിടത്തെ ഒരു ജോലിക്കാരി, പറുദീസയിൽ എന്തായിരിക്കും ചെയ്യുക എന്ന് സഹോദരനോടു ചോദിച്ചു. സഹോദരൻ പറഞ്ഞു: “എനിക്ക് കാഴ്ച ലഭിക്കും, വീണ്ടും പരസഹായമില്ലാതെ നടക്കാൻ എനിക്കു സാധിക്കും; അതുകൊണ്ട് ഞാൻ എന്റെ വീൽച്ചെയർ കത്തിച്ചുകളയും.” കാഴ്ചയില്ലാത്തതുകൊണ്ട് മാസികകൾ വായിച്ചുകേൾപ്പിക്കാൻ സഹോദരൻ ആ സ്ത്രീയോടു പറയുമായിരുന്നു. സഹോദരന്റെ മകൾ അദ്ദേഹത്തെ കാണാൻ അവിടെ ചെന്നപ്പോൾ, മാസികകൾ വീട്ടിൽ കൊണ്ടുപോകാൻ ആ സ്ത്രീ അവരോട് അനുവാദം ചോദിച്ചു. സഹോദരന്റെ മകളോട് ഒരു നഴ്സ് ഇങ്ങനെ പറഞ്ഞു: “‘ദൈവരാജ്യം വേഗം വരണം’ എന്നതാണ് നഴ്സിങ് ഹോമിൽ ഇപ്പോൾ എഴുതിവെച്ചിരിക്കുന്ന പുതിയ ചിന്താവിഷയം.”
• ഒരിക്കൽ ഒരു സഹോദരി ഒരു റസ്റ്ററന്റിൽ ക്യൂവിൽ നിൽക്കുകയായിരുന്നു. പ്രായമായ ഒരുകൂട്ടം ആളുകൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുന്നത് സഹോദരി ശ്രദ്ധിക്കാനിടയായി. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റിനെക്കൊണ്ടാവില്ല എന്ന് അവരിലൊരാൾ പറഞ്ഞു. ‘ഇത് പറ്റിയ അവസരമാണ്’ എന്ന് സഹോദരിക്കു തോന്നി. മനസ്സിൽ ചെറിയൊരു പ്രാർഥന നടത്തിയശേഷം സഹോദരി അവരെ സമീപിച്ചു. സ്വയം പരിചയപ്പെടുത്തിയശേഷം സഹോദരി മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻപോകുന്ന ഒരു ഗവൺമെന്റിനെക്കുറിച്ച്, ദൈവരാജ്യത്തെക്കുറിച്ച്, പറഞ്ഞു. കൈവശമുണ്ടായിരുന്ന ഒരു ലഘുപത്രികയും സഹോദരി അവർക്കു നൽകി. പെട്ടെന്ന് മാനേജർ അടുത്തേക്കു വരുന്നത് സഹോദരി കണ്ടു. തന്നോട് അവിടെനിന്നു പോകാൻ ആവശ്യപ്പെടാനാണ് അദ്ദേഹം വരുന്നത് എന്ന് സഹോദരി വിചാരിച്ചു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. സഹോദരി പറഞ്ഞ കാര്യങ്ങൾ താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും തനിക്കും ഒരു പത്രിക വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ടുകൊണ്ടുനിന്നിരുന്ന അവിടത്തെ ഒരു ജോലിക്കാരിയും പെട്ടെന്ന് അവരുടെ അടുത്തേക്കുവന്നു; ആ സ്ത്രീയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. മുമ്പ് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അവർ അത് നിറുത്തിക്കളഞ്ഞിരുന്നു; എന്നാൽ ഇപ്പോൾ ബൈബിളധ്യയനം പുനരാരംഭിക്കാൻ അവർ തീരുമാനിച്ചു.