യഹോവയുടെ വചനം ദൈനംദിനം പരിചിന്തിക്കുക!
1 വിശ്വാസത്തിന് എതിരെയുള്ള പുതിയ വെല്ലുവിളികളുമായാണ് ഓരോ പ്രഭാതവും പൊട്ടിവിടരുന്നത്. ഡേറ്റിങ്ങിൽ ഏർപ്പെടാൻ അവിശ്വാസിയായ ഒരു സുഹൃത്ത് നിങ്ങളെ നിർബന്ധിക്കുന്നുണ്ടാകാം. ഭൗതിക നേട്ടങ്ങൾ കൊയ്തെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസം/കോഴ്സുകൾ തിരഞ്ഞെടുക്കാൻ അധ്യാപകൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാകാം. അല്ലെങ്കിൽ, കൂടുതൽ മണിക്കൂർ ജോലിചെയ്യാൻ തൊഴിലുടമ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടാകാം. അതുമല്ലെങ്കിൽ, നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാകാം. ഇത്തരം പരിശോധനകൾ ഏതു സമയത്തും നിങ്ങൾക്കു നേരിടേണ്ടിവന്നേക്കാം. എങ്കിലും, നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഓർമിക്കുക. അവയെ തരണം ചെയ്യാനുള്ള ജ്ഞാനം നൽകാൻ യഹോവ സന്നദ്ധനാണ്. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിലെ വാക്യത്തിന്റെയും അഭിപ്രായങ്ങളുടെയും പരിചിന്തനമാണ് യഹോവയുടെ വചനം ക്രമമായ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന ഒരു വിധം. ഈ കരുതലിൽ നിന്ന് നിങ്ങൾ പ്രയോജനം നേടുന്നുണ്ടോ?
2 സഹായം ലഭ്യമാണ്: ദൈവജനത്തിനു സഹായത്തിനായി ആശ്രയിക്കാൻ കഴിയുന്ന “മഹാ പ്രബോധകൻ” എന്ന് യെശയ്യാവു 30:20 [NW] യഹോവയെ വർണിക്കുന്നു. വിശ്വാസത്തിന് എതിരെയുള്ള വെല്ലുവിളികളെ തരണം ചെയ്യാൻ ആവശ്യമായ സംഗതികൾ അവൻ നിങ്ങൾക്കു പ്രദാനം ചെയ്യുന്നു. എങ്ങനെ? അടുത്ത വാക്യം വിവരിക്കുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” ഇന്ന് യഹോവ തന്റെ “വാക്ക്” വെളിപ്പെടുത്തുന്നത് തിരുവെഴുത്തുകളിലൂടെയും ‘വിശ്വസ്ത അടിമ’ പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയും ആണ്. (മത്താ. 24:45, NW) അക്ഷരാർഥത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഓരോ തലത്തെയും സ്പർശിക്കുന്ന ജ്ഞാനത്തിന്റെ സമൃദ്ധമായ ശേഖരം കഴിഞ്ഞകാലത്തെ വീക്ഷാഗോപുര ലേഖനങ്ങൾ മാത്രം പരിശോധിച്ചാൽ ലഭ്യമാണ്. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ ഉദ്ധരിച്ചിരിക്കുന്ന ആ ലേഖനങ്ങൾ പുനരവലോകനം ചെയ്യുന്നത്, എല്ലാത്തരം പരിശോധനകളെയും നേരിടാനുതകുന്ന അമൂല്യമായ പരിജ്ഞാനത്തിന്റെ കളപ്പുര പണിയാൻ നിങ്ങളെ സഹായിക്കുന്നു.—യെശ. 48:17.
3 അതിനായി സമയം കണ്ടെത്തുക: ദിവസവും രാവിലെ വളരെ തിരക്കുണ്ടായിരുന്നിട്ടും പ്രഭാത ഭക്ഷണവേളയിൽ തന്റെ മകനോടൊപ്പം ദിനവാക്യം വായിച്ച് അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു മാതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ ചർച്ചയും തുടർന്നുള്ള പ്രാർഥനയുമാണ് ദിവസവും സ്കൂളിലേക്കു പോകുന്നതിനു മുമ്പായി അവൻ കേട്ടിരുന്ന അവസാന വാക്കുകൾ. ലൈംഗിക പ്രലോഭനങ്ങളെ ചെറുക്കാനും ദേശീയവാദത്തിന്മധ്യേ ഉറച്ച നിലപാടു സ്വീകരിക്കാനും അധ്യാപകർക്കും വിദ്യാർഥികൾക്കും സധൈര്യം സാക്ഷ്യം നൽകാനും അവ അവനെ ശക്തീകരിച്ചു. സ്കൂളിൽ സാക്ഷിയായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവന് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിരുന്നില്ല.
4 മാർഗനിർദേശത്തിനും സഹായത്തിനുമായി യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ, അവൻ നിങ്ങൾക്ക് ഒരു യഥാർഥ വ്യക്തിയായിരിക്കും, ആശ്രയയോഗ്യനായ ഒരു ഉറ്റ സുഹൃത്തെന്നപോലെ. ദൈനംദിനം അവനിലേക്കു തിരിയുക! അങ്ങനെ, ദൈവവചനം ദൈനംദിനം പരിശോധിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം നിങ്ങളും “മഹാ പ്രബോധകനെ കാണുന്ന കണ്ണുകൾ” ഉള്ളവർ ആണെന്നു തെളിയട്ടെ.