പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങുക
1. പുതിയ അധ്യയന വർഷത്തിൽ എന്തിനുള്ള അവസരമാണ് നിങ്ങൾക്കുള്ളത്?
1 പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതോടെ പുതിയ വെല്ലുവിളികളും പ്രശ്നങ്ങളും ഒക്കെ നിങ്ങൾക്കു നേരിട്ടേക്കാം. എന്നാൽ അതോടൊപ്പം, ‘സത്യത്തിനു സാക്ഷിനിൽക്കാനുള്ള’ പുതിയ അവസരങ്ങളും തുറന്നുകിട്ടും. (യോഹ. 18:37) ഒരു സാക്ഷ്യം നൽകാൻ നിങ്ങൾ നന്നായി തയ്യാറെടുത്തിട്ടുണ്ടോ?
2. സ്കൂളിലെ വെല്ലുവിളികളെ നേരിടാൻ എങ്ങനെയെല്ലാം തയ്യാറെടുക്കാം?
2 ജീവിതത്തിന്റെ എല്ലാ വശങ്ങളിലും വിജയിക്കാൻ ആവശ്യമായ നല്ല പരിശീലനം യഹോവയിൽനിന്നും മാതാപിതാക്കളിൽനിന്നും വിശ്വസ്തനും വിവേകിയുമായ അടിമയിൽനിന്നും നിങ്ങൾക്കു ലഭിച്ചിട്ടുണ്ട്. (സദൃ. 1:8; 6:20; 23:23-25; എഫെ. 6:1-4; 2 തിമൊ. 3:16, 17) സ്കൂളിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നതു സംബന്ധിച്ച് നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കാം. നിങ്ങൾക്കു നേരിട്ടേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ദൈവം നൽകുന്ന പരിശീലനവും പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സാക്ഷ്യം നൽകാൻ തയ്യാറെടുക്കുക. (സദൃ. 22:3) യുവജനങ്ങൾ ചോദിക്കുന്നു (വാല്യം 1, 2), ഉണരുക!യിലെ യുവജനങ്ങൾക്കുവേണ്ടിയുള്ള ലേഖനങ്ങൾ എന്നിവയിൽ വന്നിട്ടുള്ള വിവരങ്ങളും തിരുവെഴുത്തധിഷ്ഠിത മാർഗനിർദേശങ്ങളും ശ്രദ്ധയോടെ പഠിക്കുക.
3. സാക്ഷ്യം നൽകാനുള്ള ഏതെല്ലാം അവസരങ്ങൾ നിങ്ങൾക്കുണ്ട്?
3 സാക്ഷ്യം നൽകാനുള്ള നിരവധി അവസരങ്ങളാണ് സ്കൂളിൽ നിങ്ങൾക്കുള്ളത്. നിങ്ങളുടെ പെരുമാറ്റം, സംസാരം, വസ്ത്രധാരണം, സഹപാഠികളോടും അധ്യാപകരോടും നിങ്ങൾക്കുള്ള ആദരവ്, പഠനത്തിലുള്ള മികവ് എന്നിവയൊക്കെ കാണുകയും മൂല്യാധിഷ്ഠിതമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ, “നിങ്ങൾ എന്തുകൊണ്ടാണ് വ്യത്യസ്തനായിരിക്കുന്നത്?” എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. (മലാ. 3:18; യോഹ. 15:19;1 തിമൊ. 2:9, 10) ഒരു സാക്ഷ്യം നൽകാനും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു വിശദീകരിക്കാനും ഉള്ള അവസരം അതു തുറന്നുതന്നേക്കാം. ദേശഭക്തിപരമായ ചടങ്ങുകൾ, മതപരമായ ആഘോഷങ്ങൾ എന്നിവയോടു ബന്ധപ്പെട്ട് പല വെല്ലുവിളികളും നിങ്ങൾക്കു നേരിടേണ്ടി വന്നേക്കാം. എന്തുകൊണ്ടാണ് നിങ്ങൾ അവയിൽ പങ്കെടുക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാൽ, “ഞാൻ യഹോവയുടെ ഒരു സാക്ഷിയാണ്, എന്റെ മതം അതു വിലക്കുന്നു” എന്നുമാത്രം പറഞ്ഞ് നിങ്ങൾ സംഭാഷണം അവസാനിപ്പിക്കുമോ? അതോ, സ്നേഹനിധിയായ പിതാവും ദൈവവുമായ യഹോവയെക്കുറിച്ച് സാക്ഷ്യം നൽകാൻ നിങ്ങൾ ആ അവസരം പ്രയോജനപ്പെടുത്തുമോ? യഹോവയുടെ നിർദേശങ്ങൾക്കു ചേർച്ചയിൽ നല്ല തയ്യാറെടുപ്പു നടത്തുന്നെങ്കിൽ അധ്യാപകർക്കും സഹപാഠികൾക്കും മറ്റുള്ളവർക്കും നല്ല സാക്ഷ്യം നൽകാൻ നിങ്ങൾക്കു കഴിയും.—1 പത്രോ. 3:15.
4. അധ്യയന വർഷം വിജയകരമാക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
4 സ്കൂളിൽ ഉയർന്നുവന്നേക്കാവുന്ന സാഹചര്യങ്ങളെപ്രതി നിങ്ങൾക്ക് അൽപ്പസ്വൽപ്പം ഭയം തോന്നുക സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ അധ്യയന വർഷം വിജയകരമായ ഒന്നായിരിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുടെ പിന്തുണ നിങ്ങൾക്കുണ്ടെന്ന് ഓർക്കുക. സ്വന്തം ‘വയലായ’ സ്കൂളിൽ, സാക്ഷീകരണത്തിനുള്ള അവസരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ അതിൽ ഞങ്ങളും സന്തോഷിക്കും. അതുകൊണ്ട് ധൈര്യത്തോടെ അതിനായി തയ്യാറെടുക്കുക!