നിങ്ങളുടെ കുട്ടികൾ സജ്ജരാണോ?
1. പുതിയ അധ്യയന വർഷത്തിനായി കുട്ടികൾ ഒരുങ്ങേണ്ടത് എന്തുകൊണ്ട്?
1 പുതിയ ഒരു അധ്യയന വർഷം ആരംഭിക്കുകയായി. പുതിയ വെല്ലുവിളികളും സമ്മർദങ്ങളും നിങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്നുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം ‘സത്യത്തിനു സാക്ഷിനിൽക്കാനുള്ള’ അവസരങ്ങളും അവരുടെ മുമ്പിലുണ്ട്. (യോഹ. 18:37) ആ അവസരങ്ങൾ ഉപയോഗപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും അവർ സജ്ജരാണോ?
2. നിങ്ങളുടെ കുട്ടികൾക്ക് എന്തു സംബന്ധിച്ച് അറിവുണ്ടായിരിക്കണം?
2 ദേശഭക്തിപരമായ ചടങ്ങുകളിലും മതപരമായ ആഘോഷങ്ങളിലും പങ്കുപറ്റരുത് എന്നു പറയുമ്പോൾ അതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടികൾക്ക് അറിയാമോ? അത് തെറ്റായിരിക്കുന്നതിന്റെ കാരണം അവർക്ക് വ്യക്തമാണോ? ഉന്നതവിദ്യാഭ്യാസത്തിനു പോകാനോ പ്രണയിക്കാനോ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനോ ഉള്ള സമ്മർദത്തെ ചെറുക്കാൻ അവർ സജ്ജരാണോ? ‘അത് ഞങ്ങളുടെ മതത്തിന് എതിരാണ്’ എന്നു പറയുന്നതിനു പകരം തങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിച്ചുകൊടുക്കാൻ കുട്ടികൾക്ക് അറിയാമോ?—1 പത്രോ. 3:15.
3. സായാഹ്ന കുടുംബാരാധനയിൽ കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
3 കുടുംബാരാധനയിലൂടെ അവരെ സജ്ജരാക്കുക: വർഷത്തിൽ ഉടനീളം നിങ്ങൾക്ക് അവരുമായി അത്തരം കാര്യങ്ങൾ ചർച്ചചെയ്യേണ്ടിവരും എന്നതു ശരിതന്നെ. എന്നാൽ സ്കൂൾ തുറക്കുന്നതിനുമുമ്പ് അവ ചർച്ചചെയ്യുന്നത് കുട്ടികൾക്ക് ആത്മവിശ്വാസം പകരും. ഒന്നോ രണ്ടോ കുടുംബാരാധനാവേളകൾ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. സ്കൂളിൽ പോകുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ അവരെ ഏറ്റവും ഉത്കണ്ഠപ്പെടുത്തുന്നത് എന്താണെന്ന് കുട്ടികളോട് ചോദിച്ചറിയുക. ഇപ്പോൾ കുട്ടികൾ വളരുകയും അവരുടെ അറിവ് വർധിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് മുൻവർഷങ്ങളിൽ നിങ്ങൾ അവരുമായി സംസാരിച്ചിട്ടുള്ള കാര്യങ്ങൾ വീണ്ടും അവരുമൊത്ത് ചർച്ചചെയ്യുന്നത് കൂടുതൽ പ്രയോജനകരമായിരിക്കും. (സങ്കീ. 78:5) കുടുംബാരാധനയിൽ പരിശീലന സെഷനുകൾ ഉൾപ്പെടുത്താം; നിങ്ങൾക്കു വേണമെങ്കിൽ ടീച്ചറിന്റെയോ സഹപാഠിയുടെയോ മറ്റോ റോൾ അഭിനയിക്കാനാകും. ബൈബിൾ ഉപയോഗിച്ച് എങ്ങനെ ഉത്തരം നൽകാമെന്നും ന്യായവാദം, യുവജനങ്ങൾ ചോദിക്കുന്നു തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും കുട്ടികളെ പഠിപ്പിക്കുക. ഓരോ അധ്യയന വർഷത്തിന്റെയും ആരംഭത്തിൽ പുതിയ അധ്യാപകരെ സമീപിച്ച് തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന കാര്യം അവരെ അറിയിക്കാൻ ഒരു അമ്മ തന്റെ മക്കളെ പരിശീലിപ്പിക്കുമായിരുന്നു.—2010 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 3-5 പേജുകൾ കാണുക.
4. ജ്ഞാനികളായ മാതാപിതാക്കൾ എന്തു ചെയ്യും?
4 അന്ത്യകാലത്ത് ക്രിസ്തീയ യുവജനങ്ങൾക്ക് “ദുഷ്കരമായ” അനേകം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. (2 തിമൊ. 3:1) ജ്ഞാനികളായ മാതാപിതാക്കൾ അവ മുൻകൂട്ടിക്കണ്ട് മക്കളെ അതിനായി ഒരുക്കും. (സദൃ. 22:3) അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ മക്കളെ സജ്ജരാക്കാൻ നിങ്ങളാലാവുന്നതെല്ലാം ചെയ്യുക.