കുട്ടികളേ—നിങ്ങളുടെ സ്കൂൾ ജീവിതത്തിൽ നിന്നു പ്രയോജനം നേടുക
1 വേനലവധി കഴിഞ്ഞു സ്കൂളിലേക്കു മടങ്ങിച്ചെന്നപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? മറ്റൊരു അധ്യയന വർഷത്തിൽ നിന്നു നിങ്ങൾ പ്രയോജനം നേടുന്നുണ്ടോ? നിങ്ങളുടെ സഹപാഠികളുമായും അധ്യാപകരുമായും സത്യം പങ്കുവെക്കുന്നതിനു സ്കൂൾ പ്രദാനം ചെയ്യുന്ന അവസരങ്ങളെ നിങ്ങൾ പ്രയോജനപ്പെടുത്തുമോ? സ്കൂളിൽ, കഴിവിന്റെ പരമാവധി ചെയ്യാനാണു നിങ്ങളുടെ ആഗ്രഹം എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.
2 ഒരു നല്ല വിദ്യാർഥി ആയിരിക്കുക: നന്നായി തയ്യാറായി ക്ലാസ്സിൽ പോകുകയും നന്നായി ശ്രദ്ധിക്കുകയും ചെയ്താൽ നിങ്ങൾ നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരിക്കും. ഗൃഹപാഠങ്ങൾ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക. എന്നാൽ, നിങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങൾ ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.—ഫിലി. 1:10, NW.
3 പുതിയ സ്കൂൾ വർഷം യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയുടെ വായനയോടെ ആരംഭിക്കുക. അതിനു ശേഷം നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ അതിന്റെ ഓരോ പ്രതി വീതം നിങ്ങളുടെ എല്ലാ അധ്യാപകർക്കും നൽകുക. അവരുടെ ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാമെന്ന് പറയുക. ഇത് നിങ്ങളുടെ തത്ത്വങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചു മെച്ചമായി മനസ്സിലാക്കാനും പഠിച്ച കാര്യങ്ങൾ നിങ്ങൾ ബാധകമാക്കുമ്പോൾ അതിനോടു സഹകരിക്കാനും അവരെ സഹായിക്കും. കൂടാതെ, മൂല്യവത്തായ വിദ്യാഭ്യാസം നേടാൻ അധ്യാപകർ നിങ്ങളെ സഹായിക്കവേ, നിങ്ങളും മാതാപിതാക്കളും അവരുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതു നിങ്ങളുടെ അധ്യാപകർക്ക് ഉറപ്പേകും.
4 ഒരു നല്ല സാക്ഷി ആയിരിക്കുക: എന്തുകൊണ്ടു സ്കൂളിനെ അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനുള്ള നിങ്ങളുടെ വ്യക്തിഗത പ്രദേശമായി വീക്ഷിച്ചുകൂടാ? വരുന്ന അധ്യയന വർഷത്തിൽ നിങ്ങൾക്കു സാക്ഷീകരിക്കുന്നതിനുള്ള അതുല്യ അവസരങ്ങൾ ലഭിക്കും. പങ്കുവെക്കുമ്പോൾ ‘നിങ്ങളെയും നിങ്ങളുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കുന്ന’ വിസ്മയാവഹമായ ആത്മീയ ജ്ഞാനം നിങ്ങൾക്കുണ്ട്. (1 തിമൊ. 4:16) മാതൃകാപരമായ ക്രിസ്തീയ നടത്ത നിലനിർത്തുന്നതിനാലും ഉചിതമായ ഏതൊരു അവസരത്തിലും സാക്ഷീകരിക്കുന്നതിനാലും നിങ്ങൾക്കു തന്നെയും മറ്റുള്ളവർക്കും പ്രയോജനം കൈവരുത്താവുന്നതാണ്.
5 ഒരു യുവ സഹോദരൻ തന്റെ സ്കൂളിലെ സഹപാഠികൾക്ക് അനൗപചാരിക സാക്ഷ്യം നൽകി. അനുകൂലമായി പ്രതികരിച്ചവരിൽ ഒരു കത്തോലിക്കനും ദൈവവിശ്വാസം ഉള്ളവരെ പരിഹസിച്ചിരുന്ന ഒരു നിരീശ്വരവാദിയും കടുത്ത പുകവലിക്കാരനും മദ്യപനുമായിരുന്ന ഒരു ചെറുപ്പക്കാരനും ഉൾപ്പെടുന്നു. തന്റെ സമപ്രായക്കാരായിരുന്ന മൊത്തം 15 പേരെ ഈ യുവ സഹോദരൻ സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടിയിലേക്കു നയിച്ചു!
6 അതുകൊണ്ട് കുട്ടികളേ, പഠിക്കാനും നിങ്ങളുടേതു മാത്രമായ സാക്ഷീകരണ പ്രദേശത്തു പ്രവർത്തിക്കാനും ഉത്സാഹം കാണിക്കുക. അപ്പോൾ സ്കൂളിൽ പോകുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം നിങ്ങൾ ആസ്വദിക്കും.