യുവജനങ്ങളേ, മൂല്യവത്തായ ലക്ഷ്യങ്ങൾ വെച്ചു പ്രവർത്തിക്കുക
1 ജീവിതത്തിൽ നിങ്ങൾക്ക് എന്തു ലക്ഷ്യങ്ങളാണുള്ളത്? പല യുവജനങ്ങളും ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷേ ആത്മീയലാക്കുകൾ വെച്ച് അത് കൈവരിക്കുമ്പോഴത്തെ സന്തോഷം അനുഭവിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?
2 ഉന്നതവിദ്യാഭ്യാസംപോലുള്ള ലൗകികലക്ഷ്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കുന്നതിന്റെ വ്യർഥത നമ്മുടെ പല യുവപ്രായക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. പതിയിരിക്കുന്ന അപകടങ്ങൾ അവഗണിച്ചുകൊണ്ട് അത്തരം ലാക്കുകൾക്കായി ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. നേരെമറിച്ച്, ദൈവികവിദ്യാഭ്യാസത്താൽ പ്രബുദ്ധരായി ദിവ്യാധിപത്യലാക്കുകൾ കൈവരിക്കാൻ യത്നിക്കുന്നത് ഇപ്പോൾത്തന്നെ സന്തോഷവും ചാരിതാർഥ്യവും നൽകുമെന്നു മാത്രമല്ല, ആത്യന്തികമായി നമ്മുടെ നിത്യരക്ഷയിൽ കലാശിക്കുകയും ചെയ്യും.—സഭാ. 12:1, 13.
3 ദിവ്യാധിപത്യലാക്കുകൾ: യുവപ്രായക്കാരായ നിങ്ങൾ യഥാർഥ ജ്ഞാനം സമ്പാദിക്കാൻ ശ്രമിക്കുന്നുണ്ടോ? ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ സദൃശവാക്യങ്ങൾ 2:1-5 നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ദൈവവചനം പഠിക്കാതെ ഈ ദൈവപരിജ്ഞാനം നേടാൻ നിങ്ങൾക്കാവില്ല. അതുകൊണ്ട് വ്യക്തിപരമായ പഠനത്തിനുവേണ്ടി ക്രമമായി സമയം നീക്കിവെക്കുക. അപ്പോൾ യഹോവയിലേക്ക് അടുക്കാൻ നിങ്ങളെ സഹായിക്കുന്ന ആത്മീയവിവരങ്ങൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയും. പ്രയോജനപ്രദമായ ധാരാളം കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കും; പഠിക്കുന്ന വിവരങ്ങൾ ഓർത്തുവെക്കാൻ നിങ്ങൾക്കു സാധിക്കും. അപ്പോൾ, പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ സജ്ജരായിരിക്കും.
4 ഇപ്പറഞ്ഞതൊന്നും ഒറ്റദിവസംകൊണ്ട് നേടിയെടുക്കാവുന്ന കാര്യങ്ങളല്ല. ആത്മീയപക്വതയിലെത്താൻ നല്ല സമയവും ക്ഷമയും വേണം. എന്നാൽ വ്യക്തിഗതലക്ഷ്യങ്ങൾ വെക്കുകയും അവയിൽ എത്തിച്ചേരാൻ നിരന്തരം യത്നിക്കുകയും ചെയ്യുന്നെങ്കിൽ ആത്മീയ പക്വത കൈവരിക്കാൻ നിങ്ങൾക്കു സാധിക്കുമെന്നു തീർച്ച!
5 സേവനപദവികൾ എത്തിപ്പിടിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? എല്ലാ ആഴ്ചയും, വീടുതോറുമുള്ള ശുശ്രൂഷയ്ക്കായി ഒരു നിശ്ചിതസമയം മാറ്റിവെക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുമ്പോൾ ഫലകരമായി ആളുകളെ പഠിപ്പിക്കണമെന്ന ലക്ഷ്യം നിങ്ങൾക്കുണ്ടോ? എല്ലാ വർഷവും അവധിക്കാലത്ത് ഒന്നോ രണ്ടോ മാസം സഹായ പയനിയറിങ് ചെയ്യാൻ സ്കൂളിൽ പഠിക്കുന്ന ചില യുവപ്രായക്കാർ ലക്ഷ്യം വെച്ചിരിക്കുന്നു. ആകട്ടെ, അടുത്ത വർഷത്തേക്ക് അല്ലെങ്കിൽ വർഷങ്ങളിലേക്ക് നിങ്ങൾക്ക് എന്തു ലക്ഷ്യങ്ങളാണുള്ളത്? ഒരു സാധാരണ പയനിയറായിത്തീരുക എന്നതാണോ? അതോ ബെഥേലിൽ സേവിക്കുക എന്നതാണോ? നിങ്ങൾ ഒരു സഹോദരനാണെങ്കിൽ ശുശ്രൂഷാദാസനായി സേവിക്കാനോ ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്കൂളിൽ സംബന്ധിക്കാനോ ഭാവിയിൽ ഒരു മൂപ്പനായിത്തീരാനോ ലക്ഷ്യം വെച്ചിട്ടുണ്ടോ? വ്യക്തമായ ലക്ഷ്യങ്ങൾ വെച്ച് അത് നേടിയെടുക്കാനായി യത്നിക്കുമ്പോൾ നിങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണമാകും.
6 കൈവരിക്കാനാകുന്ന പ്രായോഗിക ലക്ഷ്യങ്ങൾ വെക്കുക. ആത്മീയലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും എന്നതിൽ തെല്ലും സംശയം വേണ്ടാ. ലക്ഷ്യങ്ങൾ കൈവരിക്കാനായി സാധിക്കുന്നതെന്തും ചെയ്യാനുള്ള നിശ്ചയദാർഢ്യം വേണം. നിങ്ങളുടെ ശ്രമങ്ങൾ ഒരിക്കലും വെറുതെയാവില്ല. ഇപ്പോഴും ഭാവിയിലും അത് നിങ്ങൾക്ക് ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തും!—ഫിലി. 4:13.