ബൈബിൾ പഠിക്കുന്നതിൽ കുടുംബാംഗങ്ങൾക്ക് സഹകരിക്കാൻ കഴിയുന്ന വിധം
1 ബൈബിൾസത്യം കുടുംബജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവും കൈവരുത്തുന്നു. എന്നാൽ, യഹോവയെ സേവിക്കുന്നതിൽ വിജയിക്കുന്ന, ആത്മീയമായി കെട്ടുറപ്പുള്ള ഒരു കുടുംബം വാർത്തെടുക്കണമെങ്കിൽ സമയവും ശ്രമവും വേണം. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതും പ്രധാനമാണ്. നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ സഹകരിക്കാൻ കുടുംബാംഗങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
2 ദിവസേന ബൈബിൾ വായിച്ചുകൊണ്ട്: “പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 24:5 പറയുന്നു. ദൈവവചനം ക്രമമായി വായിക്കുന്നതിലൂടെ ലഭിക്കുന്ന പരിജ്ഞാനം, നമ്മുടെ ആത്മീയത നശിപ്പിക്കാൻ സാത്താൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള ഉൾക്കരുത്ത് നൽകും. (സങ്കീ. 1:1, 2) ഒത്തൊരുമിച്ച് ബൈബിൾ വായിക്കുന്ന ഒരു ശീലം നിങ്ങളുടെ കുടുംബത്തിനുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽ മുഴുവർഷത്തേക്കും വേണ്ട പ്രതിവാര ബൈബിൾ വായന പട്ടിക നൽകിയിരിക്കുന്നു. ഓരോ ദിവസവും പത്തുമിനിട്ടിൽ കുറഞ്ഞസമയം ചെലവഴിക്കുന്നെങ്കിൽ ആ പട്ടിക പിൻപറ്റാൻ നിങ്ങൾക്കാകും. ബൈബിൾ വായിക്കാനും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ പുസ്തകത്തിൽനിന്ന് ദിനവാക്യം പരിചിന്തിക്കാനും ആയി അനുയോജ്യമായ ഒരു സമയം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, പ്രഭാതഭക്ഷണവേളയിലോ അത്താഴശേഷമോ ഉറങ്ങുന്നതിനു തൊട്ടുമുമ്പോ നിങ്ങൾക്ക് അപ്രകാരം ചെയ്യാവുന്നതാണ്. ഇതു നിങ്ങളുടെ കുടുംബത്തിന്റെ ദിനചര്യയുടെ ഭാഗമാക്കുക.
3 ആഴ്ചതോറും ഒരുമിച്ചു പഠിച്ചുകൊണ്ട്: കുടുംബാംഗങ്ങൾ താത്പര്യപൂർവം കാത്തിരിക്കുന്ന ഒന്നായിരിക്കണം വാരന്തോറുമുള്ള കുടുംബാരാധന. ഉത്സാഹത്തോടെ പഠനത്തിൽ പങ്കെടുത്തുകൊണ്ട് കുടുംബാംഗങ്ങൾ ഓരോരുത്തരും ആ ക്രമീകരണത്തെ പിന്തുണയ്ക്കണം. എന്തു പഠിക്കണമെന്നും അത് ഏതു ദിവസം, എപ്പോൾ, എത്ര സമയം വേണമെന്നും തീരുമാനിക്കുന്നതിനുമുമ്പ് കുടുംബനാഥൻ കുടുംബത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വാരന്തോറുമുള്ള കുടുംബ ബൈബിളധ്യയനത്തിനു തടസ്സമാകാൻ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളെ അനുവദിക്കരുത്.—ഫിലി. 1:10, 11.
4 ഇടയ്ക്കിടെ ബിസിനെസ്സ് സംബന്ധമായ ഫോൺ കോളുകൾ വരാറുണ്ടായിരുന്ന ഒരു പിതാവ് കുടുംബാധ്യയനവേളയിൽ ഫോൺബന്ധം വിച്ഛേദിച്ചിടുമായിരുന്നു. ബിസിനെസ്സ് ഇടപാടുകാർ വീട്ടിൽ വരുകയാണെങ്കിൽ, അധ്യയനത്തിൽ പങ്കുചേരാൻ അവരെ ക്ഷണിക്കുകയോ അതു തീരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയോ ചെയ്യും. യാതൊന്നും കുടുംബാധ്യയനത്തിനു തടസ്സമാകാതിരിക്കാൻ ആ പിതാവു പ്രത്യേകം ശ്രദ്ധിച്ചു. ഇത് കുട്ടികളെ നന്നായി സ്വാധീനിച്ചു; ബിസിനെസ്സ് അഭിവൃദ്ധിപ്പെടുകയും ചെയ്തു.
5 ആത്മീയകാര്യങ്ങളിൽ കുടുംബാംഗങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നത് സന്തോഷം കൈവരുത്തും! കുടുംബവുമൊത്തുള്ള ബൈബിൾപ്പഠനത്തിൽ പൂർണപങ്കുണ്ടായിരിക്കാൻ വിശ്വസ്തമായി ശ്രമിക്കുമ്പോൾ യഹോവ നമ്മെ അനുഗ്രഹിക്കുമെന്നത് തീർച്ചയാണ്.—സങ്കീ. 1:3.