ഭാഗം 1
മനുഷ്യനു വസിക്കാൻ ഒരു പറുദീസ
ദൈവം പ്രപഞ്ചത്തെയും ഭൂമിയിലെ ജീവജാലങ്ങളെയും സൃഷ്ടിക്കുന്നു. അവൻ പൂർണതയുള്ള ഒരു പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച് മനോഹരമായ ഒരു ഉദ്യാനത്തിൽ അവരെ താമസിപ്പിക്കുന്നു; അവർക്ക് ചില കൽപ്പനകളും നൽകുന്നു
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1) വിഖ്യാതമായ ഈ വാക്കുകളോടെയാണ് ബൈബിൾ തുടങ്ങുന്നത്. ലളിതവും അതേസമയം അർഥഗർഭവുമായ ഈ വാക്യം, വിശുദ്ധ ലിഖിതങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു—യഹോവ എന്നു പേരുള്ള സർവശക്തനായ ദൈവത്തെ. ഈ മഹാപ്രപഞ്ചത്തെയും നമ്മുടെ ഭൂഗ്രഹത്തെയും സൃഷ്ടിച്ചത് ദൈവമാണെന്ന് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യം വെളിപ്പെടുത്തുന്നു. പ്രകൃതിയിൽ കാണുന്ന ചരാചരങ്ങളെയും മറ്റ് അത്ഭുതങ്ങളെയും ചമയ്ച്ചുകൊണ്ട് മനുഷ്യവാസത്തിനായി ദൈവം ഭൂമിയെ ഒരുക്കുന്നതിനെക്കുറിച്ചുള്ളതാണ് തുടർന്നുള്ള വിവരണം. ഈ സൃഷ്ടികർമം നിർവഹിക്കപ്പെട്ടത് ഒരു കാലപരമ്പരയിലൂടെയാണ്. സൃഷ്ടിപ്രക്രിയ നടന്ന, ദൈർഘ്യമേറിയ ഈ ഓരോ കാലഘട്ടത്തെയും ആലങ്കാരികാർഥത്തിൽ ‘ദിവസം’ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്.
ദൈവത്തിന്റെ ഭൗമസൃഷ്ടികളുടെ മകുടമാണ് മനുഷ്യൻ. ദൈവത്തിന്റെ സാദൃശ്യത്തിലാണ് അവൻ സൃഷ്ടിക്കപ്പെട്ടത്: സ്നേഹം, ജ്ഞാനം തുടങ്ങിയ യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ മനുഷ്യനു കഴിയും. നിലത്തെ പൊടിയിൽനിന്നാണ് ദൈവം ആദ്യമനുഷ്യനെ സൃഷ്ടിച്ചത്. അവന് ദൈവം ആദാം എന്നു പേരിട്ടു. ദൈവം അവന് പറുദീസയിൽ, അതായത് മനോഹരമായ ഒരു ഉദ്യാനത്തിൽ താമസവുമൊരുക്കി. ഏദെൻ എന്നു പേരുള്ള ആ തോട്ടം നട്ടുപിടിപ്പിച്ചത് ദൈവംതന്നെയായിരുന്നു. കാണാൻ ഭംഗിയുള്ള നാനാതരം ഫലവൃക്ഷങ്ങൾ അവിടെയുണ്ടായിരുന്നു.
മനുഷ്യന് ഒരു ഇണയെ ആവശ്യമാണെന്ന് ദൈവം കണ്ടു. ആദാമിന്റെ വാരിയെല്ലുകളിലൊന്നെടുത്ത് ദൈവം ഒരു സ്ത്രീയെ ഉണ്ടാക്കി. ദൈവം അവളെ ആദാമിന് ഭാര്യയായി കൊടുത്തു. അവൾക്കു പിന്നീട് ഹവ്വാ എന്നു പേരായി. അവളെ കണ്ട് സന്തോഷത്താൽ മതിമറന്ന ആദാം ഒരു പാട്ടുപാടി: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” ദൈവം അപ്പോൾ ഇങ്ങനെ അരുളിച്ചെയ്തു: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്പത്തി 2:22-24; 3:20.
ദൈവം ആദാമിനും ഹവ്വായ്ക്കും രണ്ടു കൽപ്പനകൾ കൊടുത്തു. ഭൂമിയിൽ കൃഷിചെയ്യാനും അതിനെ പരിപാലിക്കാനും കാലാന്തരത്തിൽ സന്താനങ്ങളെക്കൊണ്ട് ഭൂമിയെ നിറയ്ക്കാനും ആയിരുന്നു ആദ്യ കൽപ്പന. വിശാലമായ ആ തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ, അതായത് “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിന്റെ, ഫലംമാത്രം ഭക്ഷിക്കരുത് എന്നായിരുന്നു രണ്ടാമത്തെ കൽപ്പന. (ഉല്പത്തി 2:17) അനുസരണക്കേടു കാണിക്കുന്നപക്ഷം അവർ മരിക്കുമായിരുന്നു. ഈ കൽപ്പനകൾ അനുസരിക്കുകവഴി, ദൈവത്തെ ഭരണാധികാരിയായി തങ്ങൾ അംഗീകരിക്കുന്നു എന്ന് അവർക്ക് തെളിയിക്കാമായിരുന്നു. ദൈവത്തോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനും അത് അവർക്ക് അവസരം നൽകുമായിരുന്നു. ദൈവത്തിന്റെ സ്നേഹനിർഭരമായ ഭരണത്തിനു കീഴ്പെടാതിരിക്കാൻ അവർക്ക് ഒരു ന്യായവും ഉണ്ടായിരുന്നില്ല. ആ മനുഷ്യജോഡി യാതൊരു ന്യൂനതകളുമില്ലാതെ പൂർണതയുള്ളവരായിരുന്നു. ബൈബിൾ നമ്മോടു പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പത്തി 1:31.
—ഉല്പത്തി 1, 2 അധ്യായങ്ങളെ ആധാരമാക്കിയുള്ളത്.