ശുശ്രൂഷകനെന്ന നിലയിൽ പുരോഗമിക്കുന്നതിൽ തുടരുക
1. നാം ശുശ്രൂഷയിൽ പുരോഗമിക്കണമെന്നു സൂചിപ്പിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ ഏത് ഉദാഹരണങ്ങളാണുള്ളത്?
1 ക്രിസ്ത്യാനികൾ ശുശ്രൂഷകർ എന്നനിലയിൽ പുരോഗമിക്കണം. അതുകൊണ്ടാണ് യേശു തന്റെ അനുഗാമികളുടെ വൈദഗ്ധ്യങ്ങൾ വർധിക്കുന്ന വിധത്തിൽ നിരന്തരം പരിശീലനം നൽകിയത്. (ലൂക്കോ. 9:1-5; 10:1-11) അതുകൊണ്ടു തന്നെയാണ് അക്വിലായും പ്രിസ്കില്ലയും അപ്പൊല്ലോസിനെ തങ്ങളോടൊപ്പം ചേർത്ത് അവന് ‘ദൈവത്തിന്റെ മാർഗത്തെക്കുറിച്ച് കൂടുതൽ കൃത്യതയോടെ വിവരിച്ചുകൊടുത്തത്.’ (പ്രവൃ. 18:24-26) അതേ കാരണത്താലാണ് അനുഭവസമ്പന്നനായിരുന്നിട്ടും തിമൊഥെയൊസിനോട് പഠിപ്പിക്കലിൽ വ്യാപൃതനായിരിക്കാനും തന്റെ അഭിവൃദ്ധി “സകലരും കാണാൻ ഇടയാകട്ടെ” എന്നും പറഞ്ഞ് പൗലോസ് പ്രോത്സാഹിപ്പിച്ചത്. (1 തിമൊ. 4:13-15) പ്രസാധകരെന്നനിലയിൽ കർത്താവിനുവേണ്ടി അടിമവേല ചെയ്യുന്നതിൽ എത്ര കാലമായാലും ശരി, നമ്മുടെ പ്രസംഗവൈദഗ്ധ്യങ്ങൾക്കു മൂർച്ച കൂട്ടുന്നതിൽ നാം തുടരണം.
2. മറ്റുള്ളവരിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാൻ കഴിയും?
2 മറ്റുള്ളവരിൽനിന്ന് പഠിക്കുക: വൈദഗ്ധ്യം വർധിപ്പിക്കാനാകുന്ന ഒരു വിധം, മറ്റുള്ളവരിൽനിന്ന് പഠിക്കുന്നതാണ്. (സദൃ. 27:17) അതുകൊണ്ട്, മറ്റു പ്രസാധകർ അവതരണങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. പ്രസംഗവേലയിൽ ഫലപ്രദരായവരോട് അഭിപ്രായം ചോദിക്കുക. അവരുടെ ശുശ്രൂഷയിലെ പ്രവർത്തനം നിരീക്ഷിക്കുക. (സദൃ. 1:5) മടക്കസന്ദർശനം, ബൈബിളധ്യയനം, ശുശ്രൂഷയിലെ മറ്റേതെങ്കിലും മണ്ഡലം എന്നിവയിൽ നിങ്ങൾക്ക് അനുഭവപരിചയം കുറവാണെങ്കിലോ? ഗ്രൂപ്പ് മേൽവിചാരകനെയോ അനുഭവപരിചയമുള്ള ഏതെങ്കിലും പ്രസാധകരെയോ ശ്രദ്ധിക്കാനും അവരിൽനിന്ന് പഠിക്കാനും ശ്രമിക്കുക. യഹോവയുടെ ആത്മാവിന് നിങ്ങളുടെ കഴിവ് വർധിപ്പിക്കാൻ കഴിയുമെന്നും ഓർക്കുക. അതിനുവേണ്ടി നിരന്തരം പ്രാർഥിക്കുക.—ലൂക്കോ. 11:13.
3. പുരോഗമിക്കേണ്ട ഒരു വശം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
3 പുരോഗമിക്കേണ്ട ഒരു വശം നാം ആവശ്യപ്പെടാതെതന്നെ ആരെങ്കിലും ചൂണ്ടിക്കാട്ടുന്നെങ്കിൽ നീരസപ്പെടരുത്. (സഭാ. 7:9) അപ്പൊല്ലോസിനെപ്പോലെ താഴ്മയോടെയും നന്ദിയോടെയും സഹായം സ്വീകരിക്കുക. അതാണ് ബുദ്ധി.—സദൃ. 12:15.
4. സുവിശേഷകനെന്ന നിലയിൽ പുരോഗമിക്കേണ്ടതിന്റെ ഏതു ശക്തമായ കാരണമാണ് യേശു പറഞ്ഞത്?
4 നമ്മുടെ പുരോഗതി ദൈവത്തെ മഹത്വപ്പെടുത്തും: തന്റെ അനുഗാമികൾ ശുശ്രൂഷകരെന്ന നിലയിൽ പുരോഗമിക്കണമെന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ചു. തന്നെ ഒരു മുന്തിരിച്ചെടിയോടും അഭിഷിക്താനുഗാമികളെ ശാഖകളോടും യേശു താരതമ്യം ചെയ്തു. ഫലം ഉള്ളവയെ ഒക്കെയും “കൂടുതൽ ഫലം കായ്ക്കേണ്ടതിന്” പിതാവ് വെട്ടിവെടിപ്പാക്കുന്നുവെന്ന് യേശു പറഞ്ഞു. (യോഹ. 15:2) മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ചില്ലകളിൽനിന്ന് കൂടുതൽ ഫലം ആഗ്രഹിക്കുന്നു. അതുപോലെ നാം ഓരോരുത്തരും “അധരഫലം എന്ന സ്തോത്രയാഗം” അർപ്പിക്കുന്നതിനുള്ള നമ്മുടെ കഴിവിൽ വളർന്നുകൊണ്ടേയിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (എബ്രാ. 13:15) സുവിശേഷകനെന്ന നിലയിൽ നാം പുരോഗമിക്കുമ്പോൾ ഫലം എന്താണ്? യേശു പറയുന്നു: “നിങ്ങൾ വളരെ ഫലം കായ്ക്കുന്നതുകൊണ്ട് എന്റെ പിതാവ് മഹത്ത്വപ്പെടുന്നു.”—യോഹ. 15:8.