നമ്മുടെ സാഹിത്യങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?
1 യഹോവയെപ്പറ്റിയും യേശുക്രിസ്തുവിനെപ്പറ്റിയും ഉള്ള അറിവ് വിലയേറിയതാണ്. ഈ ലോകത്ത് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മാത്രമാണ് ആത്മീയ സമ്പത്താകുന്ന ദൈവിക ജ്ഞാനം ആഴത്തിൽ വിശദീകരിച്ചിട്ടുള്ളത്. (റോമ. 11:33; ഫിലി. 3:8) നമ്മുടെ സാഹിത്യങ്ങളോട് യഥാർഥ വിലമതിപ്പ് എങ്ങനെ കാണിക്കാനാകും?
2 “ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ” എന്ന് എഴുതിയിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കാനായി അനേകം വ്യക്തികളും കുടുംബങ്ങളും ക്രമമായി സംഭാവന നീക്കിവെച്ചിട്ട് രാജ്യഹാളിൽ പോകുമ്പോൾ അത് നിക്ഷേപിക്കുന്നു. വയൽശുശ്രൂഷയിൽ ആളുകൾക്ക് അനുയോജ്യമായ സാഹിത്യം കൊടുക്കുന്നതും വിലമതിപ്പ് കാണിക്കാനുള്ള മറ്റൊരു വഴിയാണ്. വീട്ടുകാരൻ സംഭാഷണത്തിന് തയ്യാറാണോ? നമ്മൾ സംസാരിക്കുമ്പോഴും ചോദ്യങ്ങൾ ചോദിക്കുമ്പോഴും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ? ബൈബിൾ വായിക്കുമ്പോൾ അദ്ദേഹം അത് എടുത്തു നോക്കുന്നുണ്ടോ? അത്തരം താത്പര്യം ഉണ്ടെങ്കിൽ അനുയോജ്യമായ ഒരു പ്രസിദ്ധീകരണം കൊടുക്കാൻ നമുക്ക് സന്തോഷമേ ഉള്ളൂ. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് യഥാർഥ പ്രയോജനം ലഭിക്കണമെങ്കിൽ അത് നന്നായി ഉപയോഗിക്കണം.
3 പ്രസിദ്ധീകരണങ്ങൾ രാജ്യഹാളിലോ നമ്മുടെ ഭവനത്തിലോ ഉള്ള അലമാരയിൽ കൂട്ടിവയ്ക്കുന്നതുകൊണ്ടു പ്രയോജനമില്ല. മാസികകൾ, ലഘുപത്രികകൾ, ബയന്റിട്ട പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയുടെ പഴയലക്കങ്ങൾ നന്നായി ഉപയോഗിക്കുക. നമുക്ക് ഇപ്പോൾ ഉള്ള സാഹിത്യങ്ങൾ നല്ല അവസ്ഥയിലാണോ—അതായത്, നിറം മങ്ങിയതോ, കീറിയതോ, മുഷിഞ്ഞതോ ഒക്കെയാണോ? അങ്ങനെയാണെങ്കിലും വയൽശുശ്രൂഷയിൽ അവ വിതരണം ചെയ്യാൻ സകല ശ്രമവും നടത്തണം. എന്നാൽ വിതരണം ചെയ്യാനാകാത്ത വിധം കീറിപ്പോയതോ മറ്റോ ആണെങ്കിൽ സ്വന്ത ഉപയോഗത്തിന് എടുക്കുകയോ ഒഴിവാക്കുകയോ ആകാം. സമർപ്പണസാഹിത്യം കൊടുക്കാനാണ് നാം ശ്രമിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള പഴയ മറ്റു പ്രസിദ്ധീകരണങ്ങളും കൊടുക്കാം.
4 വിതരണത്തിനായി എത്രമാത്രം പ്രസിദ്ധീകരണമാണ് ആവശ്യമായിരിക്കുന്നതെന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം.വലിയ അളവിൽ സാഹിത്യം കൈവശം വെക്കുന്നത് ഒഴിവാക്കുക. കാരണം, യോഗങ്ങൾക്കുമുമ്പും അതിനുശേഷവും രാജ്യഹാളിൽ പ്രസിദ്ധീകരണം ലഭ്യമാണല്ലോ. ആഴ്ചയുടെ തുടക്കത്തിൽ ആവശ്യമായ പ്രസിദ്ധീകരണങ്ങൾ എടുക്കുക. അവ തീരുന്ന മുറയ്ക്ക് പുതിയവ എടുക്കാവുന്നതാണ്.
5 ലഘുലേഖകൾ പ്രദേശത്തുള്ള അനേകരെ ആകർഷിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. ആളുകളെ സന്ദർശിക്കുമ്പോഴും പരസ്യ സാക്ഷീകരണം നടത്തുമ്പോഴും ലഘുലേഖകളും മാസികകളും ലഘുപത്രികകളും സമർപ്പിക്കാൻ ശ്രദ്ധിക്കുക. ലഘുലേഖകളും ലഘുപത്രികകളും പ്രചരിപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക പോസ്റ്ററുകൾ ഉപയോഗപ്പെടുത്തുക. സുവാർത്താ ലഘുപത്രികയോ കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ബൈബിൾ പഠനം ആരംഭിക്കാൻ ശ്രമിക്കുക. താത്പര്യമുണ്ടെന്നും പുസ്തകം നന്നായി ഉപയോഗിക്കുമെന്നും ഉറപ്പായശേഷം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ മറ്റ് ഏതെങ്കിലും അനുയോജ്യമായ പുസ്തകമോ കൊടുക്കാവുന്നതാണ്. നല്ല താത്പര്യം കാണിക്കുന്ന വ്യക്തിയെ ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്താം. അച്ചടിച്ച പ്രസിദ്ധീകരണങ്ങൾക്കു പകരം സാധ്യമാകുന്നിടത്തൊക്കെ jw.org-യിലുള്ള ഇലക്ട്രോണിക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗിക്കാൻ പഠിക്കുക.
6 ലഭിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളെ ജ്ഞാനത്തോടും വിവേകത്തോടുംകൂടി ഉപയോഗിച്ചുകൊണ്ട് അവയെ വിലയേറിയതായി കാണുന്നുവെന്ന് നമുക്ക് പ്രകടിപ്പിക്കാം.