ഇന്ന് ദൈവത്തിന്റെ കരുണയെ അനുകരിക്കുക
“ദയവായി, ഞങ്ങൾ യഹോവയുടെ കൈകളിൽ വീണുകൊള്ളട്ടെ, എന്തുകൊണ്ടെന്നാൽ അവന്റെ ദയാപ്രവൃത്തികൾ അസംഖ്യമാകുന്നു.”—2 ശമുവേൽ 24:14.
1. ദൈവത്തിന്റെ കരുണയെപ്പററി ദാവീദ് എങ്ങനെ വിചാരിച്ചു, എന്തുകൊണ്ട്?
യഹോവ മനുഷ്യരെക്കാൾ ദയയുള്ളവനാണെന്ന് ദാവീദ് രാജാവ് അനുഭവത്തിൽ നിന്ന് അറിഞ്ഞിരുന്നു. ദൈവത്തിന്റെ മാർഗ്ഗം അല്ലെങ്കിൽ വഴിയാണ് ഏററവും നല്ലത് എന്ന് ബോദ്ധ്യമായിരുന്നതിനാൽ അവന്റെ വഴികൾ പഠിക്കാനും അവന്റെ സത്യത്തിൽ നടക്കാനും ദാവീദ് ആഗ്രഹിച്ചു. (1 ദിനവൃത്താന്തം 21:13; സങ്കീർത്തനം 25:4, 5) നിങ്ങൾക്ക് ദാവീദിന്റെതുപോലുള്ള വികാരമാണോ ഉള്ളത്?
2. ഗുരുതരമായ പാപം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് മത്തായി 18:15-17-ൽ യേശു എന്തു ബുദ്ധ്യുപദേശം നൽകി?
2 ആരെങ്കിലും നമുക്കെതിരായി പാപം ചെയ്താൽ നാം എന്തു ചെയ്യണം എന്നതുപോലുള്ള കാര്യങ്ങളെ സംബന്ധിച്ച് ദൈവത്തിന്റെ ചിന്ത എന്താണെന്നതിലേക്ക് ബൈബിൾ ഉൾക്കാഴ്ച നൽകുന്നു. പിന്നീട് ക്രിസ്തീയ മേൽവിചാരകൻമാരായിരിക്കാനിരുന്ന തന്റെ അപ്പോസ്തലൻമാരോട് യേശു ഇപ്രകാരം പറഞ്ഞു: “നിന്റെ സഹോദരൻ നിനക്കെതിരെ പാപം ചെയ്താൽ പോയി, നീയും അവനും മാത്രമായിരിക്കെ അവന്റെ തെററ് തുറന്നു കാട്ടുക. അവൻ നിന്നെ ശ്രദ്ധിച്ചാൽ നീ നിന്റെ സഹോദരനെ നേടി.” ഇവിടെ ഉൾപ്പെട്ടിരിക്കുന്ന തെററ് വെറുതെ വ്യക്തിപരമായ ഒരു അവഹേളനമല്ല, അത് വഞ്ചനയോ ദൂഷണമോ പോലെ ഗുരുതരമായ ഒരു പാപമായിരിക്കാവുന്നതാണ്. ഈ നടപടി പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ, സാക്ഷികൾ ലഭ്യമാണെങ്കിൽ, ദ്രോഹിക്കപ്പെട്ടയാൾ ഒരു തെററ് ചെയ്യപ്പെട്ടതായി തെളിയിക്കാൻ അവരെ കൂട്ടിക്കൊണ്ടു പോകണമെന്ന് യേശു പറഞ്ഞു. ഇതാണോ അന്തിമമായ നടപടി? അല്ല. “[പാപം ചെയ്തയാൾ] അവരെ ശ്രദ്ധിക്കുന്നില്ലെങ്കിൽ സഭയെ അറിയിക്കുക. അയാൾ സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അയാൾ നിനക്ക് ജനതകളിൽ നിന്നുള്ള ഒരു മനുഷ്യനെപ്പോലെയോ ഒരു കരം പിരിവുകാരനെപ്പോലെയോ ആയിരിക്കട്ടെ.”—മത്തായി 18:15-17.
3. അനുതാപമില്ലാത്ത ഒരു ദുഷ്പ്രവൃത്തിക്കാരൻ “ജനതകളിലെ ഒരു മനുഷ്യനെപ്പോലെയോ ഒരു നികുതിപിരിവുകാരനെപ്പോലെയോ ആയിരിക്കട്ടെ” എന്ന് പറഞ്ഞപ്പോൾ യേശു എന്താണ് അർത്ഥമാക്കിയത്?
3 യഹൂദൻമാരായിരുന്നതുകൊണ്ട് “ജനതകളിലെ ഒരു മനുഷ്യനെപ്പോലെയോ ഒരു കരംപിരിവുകാരനെപ്പോലെയോ” എന്നു പറഞ്ഞപ്പോൾ യേശു എന്താണർത്ഥമാക്കിയത് എന്ന് അപ്പോസ്തലൻമാർക്ക് മനസ്സിലാകുമായിരുന്നു. യഹൂദൻമാർ ജനതകളിൽ നിന്നുള്ള ആളുകളുമായി സഹവാസം ഒഴിവാക്കുകയും റോമൻ നികുതി പിരിവുകാരായി പ്രവർത്തിച്ച യഹൂദൻമാരെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്തിരുന്നു.* (യോഹന്നാൻ 4:9; പ്രവൃത്തികൾ 10:28) അതുകൊണ്ട് സഭ ഒരു പാപിയെ പുറന്തള്ളിയാൽ അവർ അയാളുമായുള്ള സഹവാസം ഒഴിവാക്കണമെന്ന് യേശു ഉപദേശിക്കുകയായിരുന്നു. എന്നാൽ യേശു ചില സന്ദർഭങ്ങളിൽ നികുതിപിരിവുകാരോടൊപ്പമായിരുന്നത് ഇതുമായി എങ്ങനെയാണ് പൊരുത്തപ്പെടുക?
4. മത്തായി 18:17-ലെ തന്റെ വാക്കുകളുടെ വീക്ഷണത്തിൽ യേശുവിന് എങ്ങനെയാണ് ചില നികുതിപിരിവുകാരോടും പാപികളോടും ഇടപെടാൻ കഴിഞ്ഞത്?
4 “എല്ലാ നികുതി പിരിവുകാരും പാപികളും അവന്റെ അടുക്കൽ വന്ന് അവനെ കേട്ടുകൊണ്ടിരുന്നു” എന്ന് ലൂക്കോസ് 15:1 പറയുന്നു. എല്ലാ നികുതി പിരിവുകാരും പാപികളും അവിടെ ഉണ്ടായിരുന്നില്ല, എന്നാൽ “എല്ലാ” എന്ന് പറഞ്ഞിരിക്കുന്നത് അനേകർ എന്ന അർത്ഥത്തിലാണ്. (ലൂക്കോസ് 4:40 താരതമ്യം ചെയ്യുക.) അവർ എങ്ങനെയുള്ളവരായിരുന്നു? തങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടാൻ ആഗ്രഹമുണ്ടായിരുന്നവർ. അങ്ങനെയുള്ള ചിലർ നേരത്തെ സ്നാപകയോഹന്നാന്റെ അനുതാപത്തിൻ ദൂതിനാൽ ആകൃഷ്ടരായിരുന്നു. (ലൂക്കോസ് 3:12; 7:29) അതുകൊണ്ട് മററുള്ളവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ അവരോട് പ്രസംഗിച്ചത് മത്തായി 18:17-ന് വിപരീതമായിട്ടായിരുന്നില്ല. “അനേകം നികുതി പിരിവുകാരും പാപികളും [യേശുവിനെ കേൾക്കുകയും] അവർ അവനെ അനുഗമിക്കാൻ തുടങ്ങുകയും ചെയ്തു” എന്ന് കുറിക്കൊള്ളുക. (മർക്കോസ് 2:15) ഇവർ ഏതു സഹായവും തിരസ്ക്കരിച്ചുകൊണ്ട് തങ്ങളുടെ മോശമായ ഗതിയിൽ തുടരാൻ ആഗ്രഹിച്ചവരായിരുന്നില്ല. മറിച്ച് അവർ യേശുവിന്റെ ദൂത് കേൾക്കുകയും അവരുടെ ഹൃദയങ്ങൾ സ്പർശിക്കപ്പെടുകയും ചെയ്തു. സാദ്ധ്യതയനുസരിച്ച് അവർ മാററങ്ങൾ വരുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപ്പോഴും അവർ പാപം ചെയ്തുകൊണ്ടിരുന്നെങ്കിലും അവരോട് പ്രസംഗിക്കുക വഴി “നല്ല ഇടയൻ” കാരുണ്യവാനായ തന്റെ പിതാവിനെ അനുകരിക്കുകയായിരുന്നു.—യോഹന്നാൻ 10:14.
ക്ഷമ, ഒരു ക്രിസ്തീയ കടപ്പാട്
5. ക്ഷമിക്കുന്നതു സംബന്ധിച്ച് ദൈവത്തിന്റെ അടിസ്ഥാന നിലപാട് എന്ത്?
5 ക്ഷമിക്കാനുള്ള നമ്മുടെ പിതാവിന്റെ മനസ്സൊരുക്കത്തേക്കുറിച്ച് നമുക്ക് ഈ ഊഷ്മളമായ ഉറപ്പു ലഭിച്ചിട്ടുണ്ട്: “നാം നമ്മുടെ പാപങ്ങളെ ഏററു പറയുന്നുവെങ്കിൽ നമ്മുടെ പാപങ്ങളെ നമ്മോട് ക്ഷമിച്ച് എല്ലാ അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം അവൻ വിശ്വസ്തനും നീതിമാനുമാകുന്നു.” “നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇവ നിങ്ങൾക്കെഴുതുന്നു. എന്നാൽ ആരെങ്കിലും പാപം ചെയ്യുന്നെങ്കിൽ യേശു ക്രിസ്തു എന്ന നീതിമാനായ ഒരു സഹായി നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.” (1 യോഹന്നാൻ 1:9; 2:1) പുറത്താക്കപ്പെട്ട ഒരാൾക്ക് ക്ഷമ ലഭിക്കുക സാദ്ധ്യമാണോ?
6. പുറത്താക്കപ്പെട്ട ഒരു വ്യക്തിക്ക് ക്ഷമ ലഭിക്കുന്നതും അയാൾ പുനഃസ്ഥിതീകരിക്കപ്പെടുന്നതും എങ്ങനെ?
6 അതെ. അനുതപിച്ചിട്ടില്ലാത്ത പാപത്തിന്റെ പേരിൽ ആരെയെങ്കിലും പുറത്താക്കുമ്പോൾ അയാൾക്ക് അനുതാപിക്കുന്നതിനും ദൈവത്തിന്റെ ക്ഷമ ലഭിക്കുന്നതിനും സാധിക്കും എന്ന് സഭയെ പ്രതിനിധീകരിക്കുന്ന മൂപ്പൻമാർ അയാൾക്ക് വിശദീകരിച്ചു കൊടുക്കുന്നു. അയാളെ അനുതാപത്തിന് സഹായിക്കുന്ന ബൈബിൾ പ്രബോധനം കേൾക്കാൻ കഴിയുന്നിടമായ രാജ്യഹാളിൽ അയാൾക്ക് മീററിംഗുകൾക്ക് ഹാജരാകാവുന്നതാണ്. (1 കൊരിന്ത്യർ 14:23-25 താരതമ്യം ചെയ്യുക.) കാലക്രമത്തിൽ ശുദ്ധിയുള്ള സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നതിന് അയാൾക്ക് ശ്രമിക്കാം. ആ ലക്ഷ്യത്തിൽ മൂപ്പൻമാർ അയാളുമായി കൂടി വരുമ്പോൾ അയാൾ അനുതപിച്ച് തന്റെ പാപഗതി വിട്ടുമാറിയിട്ടുണ്ടോ എന്ന് നിശ്ചയപ്പെടുത്താൻ അവർ ശ്രമിക്കും. (മത്തായി 18:18) അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ 2 കൊരിന്ത്യർ 2:5-8-ൽ കാണപ്പെടുന്ന മാതൃകക്ക് ചേർച്ചയിൽ അയാൾ പുനഃസ്ഥിതീകരിക്കപ്പെട്ടേക്കാം. അയാൾ അനേക വർഷങ്ങളായി പുറത്താക്കപ്പെട്ട നിലയിലായിരുന്നെങ്കിൽ അയാൾ പുരോഗമിക്കാൻ കഠിനശ്രമം ചെയ്യേണ്ടി വരും. തുടർന്ന് അയാൾ ആത്മീയമായി ബലിഷ്ഠനായ ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ബൈബിൾ പരിജ്ഞാനവും വിലമതിപ്പും പടുത്തുയർത്തുന്നതിന് അയാൾക്ക് ഗണ്യമായ സഹായം ആവശ്യമായിരുന്നേക്കാം.
യഹോവയിങ്കലേക്കുള്ള മടങ്ങിവരവ്
7, 8. പ്രവാസികളായിത്തീർന്ന തന്റെ ജനത്തോടുള്ള ബന്ധത്തിൽ ദൈവം എന്തു മാതൃക സ്ഥാപിച്ചു?
7 എന്നാൽ മൂപ്പൻമാർക്കു തന്നെ പുറത്താക്കപ്പെട്ട ഒരു വ്യക്തിയെ സമീപിക്കുന്നതിന് മുൻകൈ എടുക്കാൻ കഴിയുമോ? ഉവ്വ്. കരുണ പ്രകടമാക്കുന്നത് വെറുതെ ശിക്ഷിക്കാതെ മാറി നിന്നുകൊണ്ട് മാത്രമല്ല മറിച്ച് ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചുകൊണ്ടും കൂടെയാണെന്ന് ബൈബിൾ കാണിച്ചു തരുന്നു. നമുക്ക് യഹോവയുടെ ദൃഷ്ടാന്തമുണ്ട്. അവിശ്വസ്തരായ തന്റെ ജനത്തെ പ്രവാസത്തിലേക്ക് പറഞ്ഞയക്കുന്നതിന് മുമ്പ് അവർ മടങ്ങി വരുന്നതിനുള്ള ഭാവി പ്രതീക്ഷയെ അവൻ പ്രവാചകമായി അവരുടെ മുമ്പിൽ അവതരിപ്പിച്ചു: “യാക്കോബേ, ഈ കാര്യങ്ങൾ ഓർത്തുകൊൾക, ഇസ്രായേലേ നീ എന്റെ ദാസനല്ലോ . . . ഒരു മേഘത്താലെന്നപോലെ ഞാൻ നിന്റെ അകൃത്യങ്ങളെയും ഒരു മേഘക്കൂട്ടത്താലെന്നവണ്ണം ഞാൻ നിന്റെ പാപങ്ങളെയും മായിച്ചു കളയും. എങ്കലേക്ക് മടങ്ങി വരിക, ഞാൻ നിന്നെ വീണ്ടെടുക്കും.”—യെശയ്യാവ് 44:21, 22.
8 പിന്നീട് പ്രവാസകാലത്ത് ക്രിയാത്മകമായ ഒരു വിധത്തിൽ പ്രവർത്തിച്ചുകൊണ്ട് യഹോവ കൂടുതലായ നടപടികൾ സ്വീകരിച്ചു. ‘തന്നെ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും’ ഇസ്രായേലിനെ ക്ഷണിച്ചുകൊണ്ട് അവൻ തന്റെ പ്രതിനിധികളായ പ്രവാചകൻമാരെ അയച്ചു. (യിരെമ്യാവ് 29:1, 10-14) യെഹെസ്ക്കേൽ 34:16-ൽ അവൻ തന്നെത്തന്നെ ഒരു ഇടയനോടും ഇസ്രായേൽ ജനതയെ കാണാതെപോയ ആടുകളോടും ഉപമിച്ചു: “കാണാതെപോയതിനെ ഞാൻ അന്വേഷിക്കും, വഴിതെററിപ്പോയതിനെ ഞാൻ മടക്കിക്കൊണ്ടുവരും.” യിരെമ്യാവ് 31:10-ലും യഹോവ താൻ ആലങ്കാരികമായി ഇസ്രായേലിന്റെ ആട്ടിടയനായിരിക്കുന്നതായി സംസാരിക്കുന്നു. കാണാതായ ആട് തിരിച്ചുവരാൻ വേണ്ടി തൊഴുത്തിന്റെ വാതിൽക്കൽ കാത്തിരിക്കുന്ന ഒരു ഇടയനായിട്ടല്ല മറിച്ച് കാണാതായവയെ തേടി പുറപ്പെടുന്ന ഇടയനായിട്ടാണ് അവൻ തന്നെത്തന്നെ തിരിച്ചറിയിച്ചത്. ആളുകൾ പൊതുവെ അനുതാപമില്ലാത്തവരും പുറന്തള്ളപ്പെട്ടവരുമായിരുന്നപ്പോൾ തന്നെ അവരെ മടക്കിക്കൊണ്ടുവരുവാനുള്ള ശ്രമത്തിന് ദൈവം മുൻകൈ എടുത്തു എന്നത് കുറിക്കൊള്ളുക. മലാഖി 3:6-നോടുള്ള ചേർച്ചയിൽ ക്രിസ്തീയ ക്രമീകരണങ്ങളോടുള്ള ബന്ധത്തിൽ ദൈവം മാററം വരുത്തുകയില്ല.
9. ദൈവത്തിന്റെ മാതൃക ക്രിസ്തീയ സഭയിൽ എങ്ങനെയാണ് പിൻതുടരപ്പെട്ടത്?
9 ഇപ്പോൾ പുറത്താക്കപ്പെട്ടിരിക്കുന്നവരും അനുതാപമുണ്ടായിരുന്നേക്കാവുന്നവരുമായ ചിലരെ മടക്കിക്കൊണ്ടുവരുന്നതിന് മുൻകൈ എടുക്കാൻ ഒരു കാരണം ഉണ്ടായിരുന്നേക്കാം എന്ന് ഇത് സൂചിപ്പിക്കുന്നില്ലേ? കൊരിന്ത്യ സഭയിൽ നിന്ന് ദുഷ്പ്രവൃത്തിക്കാരനെ പുറത്താക്കാൻ പൗലോസ് നിർദ്ദേശം നൽകിയെന്നത് ഓർമ്മിക്കുക. എന്നാൽ പിന്നീട് സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നതിലേക്ക് നയിച്ച അയാളുടെ അനുതാപം നിമിത്തം അയാളോടുള്ള സ്നേഹം സംബന്ധിച്ച് അയാൾക്ക് ഉറപ്പു കൊടുക്കാൻ പൗലോസ് സഭയെ ഉൽബോധിപ്പിച്ചു.—1 കൊരിന്ത്യർ 5:9-13; 2 കൊരിന്ത്യർ 2:5-11.
10. (എ) പുറത്താക്കപ്പെട്ട ചില വ്യക്തികളുമായി ബന്ധപ്പെടാനുള്ള ഏതു ശ്രമത്തിന്റെയും പിന്നിലെ പ്രേരകശക്തി എന്തായിരിക്കണം? (ബി) ബന്ധപ്പെടാൻ മുൻകൈ എടുക്കുന്നത് ക്രിസ്തീയ ബന്ധുക്കളായിരിക്കരുതാത്തത് എന്തുകൊണ്ട്?
10 മുന്നമേ ഉദ്ധരിക്കപ്പെട്ട വിജ്ഞാനകോശം ഇപ്രകാരം പറഞ്ഞു: ‘പുറത്താക്കലിനുള്ള അടിസ്ഥാന കാരണം കൂട്ടത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കുക എന്നതാണ്: “അൽപ്പം പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു” (1 കൊരിന്ത്യർ 5:6). ഈ ലക്ഷ്യം മിക്കവാറും എല്ലാ ബൈബിൾപരവും അല്ലാത്തതുമായ എഴുത്തുകളിൽ വ്യക്തമാണ്. എന്നാൽ 2 കൊരി. 2:7-10-ലെ പൗലോസിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനം പുറത്താക്കപ്പെട്ടശേഷം പോലും ആ വ്യക്തിയുടെ ക്ഷേമത്തെപ്പററിയുള്ള താൽപ്പര്യമായിരുന്നു.’ (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) അതുകൊണ്ട് ന്യായയുക്തമായും ഇന്നത്തെ ഇടയൻമാരും ഈ തരത്തിലുള്ള താൽപ്പര്യം കാണിക്കണം. (പ്രവൃത്തികൾ 20:28; 1 പത്രോസ് 5:2) പുറത്താക്കപ്പെട്ടയാൾ മടങ്ങി വരുമെന്ന് അയാളുടെ മുൻസുഹൃത്തുക്കളും ബന്ധുക്കളും പ്രത്യാശിച്ചേക്കാം. എന്നാൽ 1 കൊരിന്ത്യർ 5:11-ലെ കൽപ്പനയോടുള്ള ആദരവ് നിമിത്തം അവർ പുറത്താക്കപ്പെട്ട ഒരു വ്യക്തിയുമായി സഹവസിക്കുകയില്ല.a അത്തരമൊരാൾക്ക് മടങ്ങിവരാൻ താൽപ്പര്യമുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് മുൻകൈ എടുക്കുന്നത് അവർ നിയമിത ഇടയൻമാർക്കു വിട്ടുകൊടുക്കുന്നു.
11, 12. ഏതുതരം പുറത്താക്കപ്പെട്ടവരോട് മൂപ്പൻമാർപോലും ബന്ധപ്പെടാൻ ആഗ്രഹിക്കുകയില്ല, എന്നാൽ എങ്ങനെയുള്ളവരെ അവർ സന്ദർശിച്ചേക്കാം?
11 ‘ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാനായി വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കുന്ന’ വിശ്വാസത്യാഗികളെപ്പോലുള്ള ചില പുറത്താക്കപ്പെട്ടവരുടെ കാര്യത്തിൽ മൂപ്പൻമാർ പോലും മുൻകൈ എടുക്കുന്നത് ഉചിതമായിരിക്കുകയില്ല. ഇവർ ‘നാശകരങ്ങളായ മതഭേദങ്ങളെ കടത്തിക്കൊണ്ടുവരികയും കൗശലവാക്കുകളാൽ സഭയെക്കൊണ്ട് മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യാജ ഉപദേഷ്ടാക്കൻമാരാണ്.’ (പ്രവൃത്തികൾ 20:30; 2 പത്രോസ് 2:1, 3) മൽസരികളോ അല്ലെങ്കിൽ ഇപ്പോഴും ദുഷ്പ്രവൃത്തിക്ക് പ്രോൽസാഹനം കൊടുത്തുകൊണ്ടിരിക്കുന്നവരോ ആയ പുറത്താക്കപ്പെട്ടവരെ തേടിപ്പോകാൻ ബൈബിൾ യാതൊരു അടിസ്ഥാനവും നൽകുന്നില്ല.—2 തെസ്സലൊനീക്യർ 2:3; 1 തിമൊഥെയോസ് 4:1; 2 യോഹന്നാൻ 9-11; യൂദാ 4, 11
12 എന്നിരുന്നാലും പുറത്താക്കപ്പെട്ട പലരും അത്തരക്കാരല്ല. ഒരുവൻ ഏതു ഗുരുതരമായ ദുഷ്പ്രവൃത്തിക്ക് പുറത്താക്കപ്പെട്ടുവോ ആ പ്രവൃത്തി അയാൾ ഇതിനോടകം നിറുത്തിയിട്ടുണ്ടായിരിക്കാം. മറെറാരാൾ പുകയില ഉപയോഗിക്കുന്നുണ്ടായിരുന്നിരിക്കാം അല്ലെങ്കിൽ കഴിഞ്ഞ കാലങ്ങളിൽ അയാൾ അമിതമായി മദ്യപിച്ചിരുന്നിരിക്കാം, എന്നാൽ അയാൾ ഇപ്പോൾ മററുള്ളവരെ ദുഷ്പ്രവൃത്തിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നില്ല. പ്രവാസികളായ ഇസ്രായേല്യർ ദൈവത്തിങ്കലേക്ക് തിരിയുന്നതിന് മുമ്പുതന്നെ തിരിഞ്ഞുവരാൻ അവരെ ഉൽസാഹിപ്പിച്ചുകൊണ്ട് ദൈവം പ്രതിനിധികളെ അയച്ചു എന്ന് ഓർമ്മിക്കുക. പൗലോസോ കൊരിന്ത്യസഭയിലെ മൂപ്പൻമാരോ പുറത്താക്കപ്പെട്ടയാളിന്റെ അവസ്ഥ മനസ്സിലാക്കാൻ മുൻകൈ എടുത്തോ എന്ന് ബൈബിൾ പറയുന്നില്ല. ആ മനുഷ്യൻ അനുതപിക്കുകയും അയാളുടെ ദുർമ്മാർഗ്ഗം അവസാനിപ്പിക്കുകയും ചെയ്തപ്പോൾ അയാളെ പുനഃസ്ഥിതീകരിക്കാൻ പൗലോസ് സഭയോട് നിർദ്ദേശിച്ചു.
13, 14. (എ) പുറത്താക്കപ്പെട്ട ചിലർ ദയാപൂർവ്വകമായ മുൻകൈ എടുക്കലിനോട് അനുകൂലമായി പ്രതികരിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നത് എന്ത്? (ബി) ബന്ധപ്പെടാൻ വേണ്ടി മൂപ്പൻമാരുടെ സംഘത്തിന് എങ്ങനെ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും?
13 ഈ അടുത്ത കാലങ്ങളിൽ ഒരു മൂപ്പൻ ഒരു പുറത്താക്കപ്പെട്ട വ്യക്തിയെ കണ്ടുമുട്ടാനിടയായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.b ഉചിതമായിരുന്നിടത്ത് പുനഃസ്ഥിതീകരണത്തിന് ആവശ്യമായ നടപടി എന്തെന്ന് ഇടയൻ ചുരുക്കമായി പറഞ്ഞുകൊടുത്തു. ഇങ്ങനെയുള്ള ചിലർ അനുതപിക്കുകയും പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തു. അത്തരം സന്തുഷ്ടഫലങ്ങൾ സൂചിപ്പിക്കുന്നത് ഇടയൻമാർ നടത്തുന്ന കരുണാപൂർവ്വകമായ സമീപനത്തോട് അനുകൂലമായി പ്രതികരിക്കുന്ന പുറത്താക്കപ്പെട്ടവരോ നിസ്സഹവസിച്ചവരോ ഉണ്ടായിരുന്നേക്കാം എന്നാണ്. എന്നാൽ മൂപ്പൻമാർ എങ്ങനെയാണ് ഈ സംഗതി കൈകാര്യം ചെയ്യേണ്ടത്? അത്തരമാളുകൾ തങ്ങളുടെ പ്രദേശത്ത് പാർക്കുന്നുണ്ടോ എന്ന് മൂപ്പൻമാരുടെ സംഘം ആണ്ടിൽ ഒരിക്കലെങ്കിലും പരിചിന്തിക്കണം.c പുറത്താക്കപ്പെട്ടിട്ട് ഒരു വർഷത്തിലധികമായവരുടെ കാര്യത്തിൽ മൂപ്പൻമാർ ശ്രദ്ധ കേന്ദ്രീകരിക്കണം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉചിതമെങ്കിൽ അയാളെ സന്ദർശിക്കാൻ അവർ (അയാളുടെ സാഹചര്യം അറിയാവുന്ന) രണ്ടു മൂപ്പൻമാരെ നിയോഗിക്കുന്നു. വിമർശനാത്മകവും അപകടകരവുമായ മനോഭാവം പ്രകടമാക്കിയിട്ടുള്ളവരെയോ അല്ലെങ്കിൽ തങ്ങൾക്ക് സഹായം ആവശ്യമില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളവരെയോ അവർ സന്ദർശിക്കുകയില്ല.—റോമർ 16:17, 18; 1 തിമൊഥെയോസ് 1:20; 2 തിമൊഥെയോസ് 2:16-18.
14 ആ രണ്ട് ഇടയൻമാർക്ക് ഹ്രസ്വമായ ഒരു സന്ദർശനം നടത്തുന്നതിനെപ്പററി ഫോണിലൂടെ ഒരു അന്വേഷണം നടത്തുകയോ അല്ലെങ്കിൽ ഉചിതമായ ഒരു സമയത്ത് അയാളെ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. സന്ദർശനവേളയിൽ അവർ കർക്കശരോ അല്ലെങ്കിൽ തീർത്തു തണുപ്പൻ രീതിക്കാരോ ആയിരിക്കേണ്ടതില്ല, മറിച്ച് അവർക്ക് അവരുടെ ദയാപൂർവകമായ താൽപ്പര്യം പ്രകടമാക്കാൻ കഴിയും. കഴിഞ്ഞകാല സംഗതികൾ പനർവിചിന്തനം ചെയ്യാതെ യെശയ്യാവ് 1:18; 55:6, 7; യാക്കോബ് 5:20 എന്നിവപോലുള്ള തിരുവെഴുത്തുകൾ ചർച്ചചെയ്യാവുന്നതാണ്. ആ വ്യക്തിക്ക് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലേക്ക് മടങ്ങിവരുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ ബൈബിളിന്റെയും വാച്ച്ടവർ സൊസൈററിയുടെയും പ്രസിദ്ധീകരണങ്ങളുടെ വായന, രാജ്യഹോളിലെ മീററിംഗുകൾക്ക് ഹാജരാകൽ എന്നിവപോലെ പുനഃസ്ഥിതീകരണത്തിന് അയാൾക്ക് എന്തു പടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അവർക്ക് ദയാപൂർവ്വം വിശദീകരിച്ചു കൊടുക്കാൻ കഴിയും.
15. പുറത്താക്കപ്പെട്ട ഒരാളുമായി ബന്ധപ്പെടുന്ന മൂപ്പൻമാർ എന്തു മനസ്സിൽ പിടിക്കണം?
15 അനുതാപത്തിന്റെ ലക്ഷണമുണ്ടോയെന്നും വീണ്ടുമൊരു സന്ദർശനം നടത്തേണ്ടതുണ്ടോയെന്നും തീരുമാനിക്കുന്നതിന് ഈ മൂപ്പൻമാർക്ക് ജ്ഞാനവും ഗ്രാഹ്യവും അത്യാവശ്യമാണ്. പുറത്താക്കപ്പെട്ട ചില വ്യക്തികളെ ‘അനുതാപത്തിലേക്ക് കൊണ്ടുവരുവാൻ’ സാദ്ധ്യമല്ല എന്നത് അവർ മനസ്സിൽ പിടിക്കണം. (എബ്രായർ 6:4-6; 2 പത്രോസ് 2:20-22) സന്ദർശനം കഴിഞ്ഞ് രണ്ടുപേരുംകൂടെ സഭാസേവനകമ്മിററിക്ക് ഹ്രസ്വമായ, വാമൊഴിയാലുള്ള ഒരു റിപ്പോർട്ട് കൊടുക്കാൻ ആഗ്രഹിക്കും. അവർ അത് ക്രമത്തിൽ അടുത്ത മീററിംഗിൽ മൂപ്പൻമാരുടെ സംഘത്തെ അറിയിക്കും. മൂപ്പൻമാരുടെ ദയാപൂർവ്വകമായ ഈ നടപടി ദൈവത്തിന്റെ വീക്ഷണം പ്രതിഫലിപ്പിക്കുന്നു: “‘എങ്കലേക്ക് മടങ്ങിവരുവിൻ എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തിരിക്കുന്നു.”—മലാഖി 3:7.
മററ് കരുണാപൂർവ്വകമായ സഹായങ്ങൾ
16, 17. പുറത്താക്കപ്പെട്ട ഒരാളുടെ കുടുംബാംഗങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?
16 പുറത്താക്കപ്പെട്ടവരോടുള്ള ബന്ധത്തിൽ അങ്ങനെ മുൻകൈ എടുക്കാത്ത, മൂപ്പൻമാരല്ലാത്ത നമ്മെ സംബന്ധിച്ചെന്ത്? ഈ ക്രമീകരണത്തോടുള്ള യോജിപ്പിലും യഹോവയെ അനുകരിച്ചുകൊണ്ടും നമുക്ക് എന്തു ചെയ്യാൻ കഴിയും?
17 ആരെങ്കിലും പുറത്താക്കപ്പെട്ട അവസ്ഥയിലൊ നിസ്സഹവസിച്ച അവസ്ഥയിലോ ആയിരിക്കുന്നിടത്തോളം കാലം താഴെക്കാണുന്ന നിർദ്ദേശം നാം അനുസരിക്കേണ്ടതുണ്ട്: “എന്നാൽ സഹോദരൻ എന്ന് വിളിക്കപ്പെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ അസംഭ്യം സംസാരിക്കുന്നവനോ മദ്യപാനിയോ ആണെങ്കിൽ അയാളോടുള്ള സഹവാസം നിർത്തിക്കളയുക, അയാളോടൊപ്പം ഭക്ഷണം കഴിക്കുകപോലുമരുത്.” (1 കൊരിന്ത്യർ 5:11) എന്നാൽ ബൈബിളിലെ ഈ നിർദ്ദേശം പുറത്താക്കപ്പെട്ടയാളോടൊപ്പം പാർക്കുന്ന ക്രിസ്തീയ കുടുംബത്തിലെ അംഗങ്ങളോടുള്ള നമ്മുടെ വീക്ഷണത്തെ ബാധിക്കരുത്. പുരാതന യഹൂദൻമാർ നികുതിപിരിവുകാരോട് വളരെ ശക്തമായി പ്രതികരിച്ചിരുന്നതിനാൽ അവരുടെ വെറുപ്പ് നികുതി പിരിവുകാരന്റെ കുടുംബാംഗങ്ങളിലേക്കും കൂടെ വ്യാപിപ്പിക്കപ്പെട്ടിരുന്നു. യേശു അത് അംഗീകരിച്ചില്ല. സഹായം സ്വീകരിക്കാൻ വിസമ്മതിച്ച ഒരു പാപിയോട് “ജനതകളിലെ ഒരാളോട് എന്നതുപോലെയും നികുതി പിരിവുകാരനോട് എന്നപോലെയും” പെരുമാറാൻ യേശു പറഞ്ഞു; ആ ക്രിസ്തീയ കുടുംബത്തിലെ അംഗങ്ങളോട് അങ്ങനെ പെരുമാറണമെന്ന് യേശു പറഞ്ഞില്ല.—മത്തായി 18:17.
18, 19. പുറത്താക്കപ്പെട്ട ഒരാളുടെ വിശ്വസ്തരായ കുടുംബാംഗങ്ങളോട് നമ്മുടെ ക്രിസ്തീയത നമുക്ക് പ്രകടമാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
18 വിശ്വസ്ത ക്രിസ്ത്യാനികളായിരിക്കുന്ന അത്തരം കുടുംബാംഗങ്ങൾക്ക് നാം വിശേഷാൽ പിന്തുണകൊടുക്കേണ്ടതുണ്ട്. തങ്ങളുടെ ആത്മീയ അനുധാവനങ്ങളെ വാസ്തവത്തിൽ നിരുൽസാഹപ്പെടുത്തിയേക്കാവുന്ന പുറത്താക്കപ്പെട്ട ഒരാളോടൊപ്പം ഒരേ ഭവനത്തിൽ പാർക്കേണ്ടി വരുന്നതിനാൽ അവർ ഇപ്പോൾ തന്നെ മാനസ്സികവ്യഥയും പ്രതിബന്ധങ്ങളും അഭിമുഖീകരിക്കുന്നുണ്ടായിരിക്കാം. ക്രിസ്ത്യാനികൾ അവരുടെ ഭവനം സന്ദർശിക്കുന്നത് അയാൾ ഇഷ്ടപ്പെടുന്നില്ലായിരിക്കാം; അല്ലെങ്കിൽ വിശ്വസ്തരായ കുടുംബാംഗങ്ങളെ കാണാൻ അവർ വന്നാൽ അത്തരം സന്ദർശകരിൽ നിന്ന് അകന്നു നിൽക്കാനുള്ള മര്യാദ അയാൾ കാണിക്കുന്നില്ലായിരിക്കാം. എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും പോകാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ അയാൾ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. (മത്തായി 23:13 താരതമ്യം ചെയ്യുക.) അത്തരം ബുദ്ധിമുട്ടുകളിലായിരിക്കുന്ന ക്രിസ്ത്യാനികൾ വാസ്തവത്തിൽ നമ്മുടെ കരുണ അർഹിക്കുന്നു.—2 കൊരിന്ത്യർ 1:3, 4.
19 അവരോട് ആർദ്രദയ കാണിക്കാനുള്ള ഒരു മാർഗ്ഗം ഭവനത്തിലെ വിശ്വസ്തരായവരോട് ആശ്വാസകരമായി സംസാരിക്കുകയും ‘പ്രോൽസാജനകമായ സംഭാഷണത്തിൽ’ ഏർപ്പെടുകയും ചെയ്യുക എന്നതാണ്. (1 തെസ്സലൊനീക്യർ 5:14) മീററിംഗുകൾക്ക് മുമ്പും പിമ്പും വയൽസേവനത്തിൽ ഏർപ്പെടുമ്പോഴും അല്ലെങ്കിൽ മററു സമയങ്ങളിൽ ഒരുമിച്ചായിരിക്കുമ്പോഴും പിന്തുണ കൊടുക്കാൻ നല്ല അവസരങ്ങളുണ്ട്. പുറത്താക്കപ്പെടലിനെ പരാമർശിക്കാതെതന്നെ നമുക്ക് കെട്ടുപണി ചെയ്യുന്ന ധാരാളം കാര്യങ്ങൾ ചർച്ചചെയ്യാൻ കഴിയും. (സദൃശവാക്യങ്ങൾ 25:11; കൊലൊസ്സ്യർ 1:2-4) ആ കുടുംബത്തിലെ ക്രിസ്ത്യാനികളെ മേയിക്കുന്ന വേല മൂപ്പൻമാർ തുടർന്നു ചെയ്തുകൊള്ളുമെങ്കിലും പുറത്താക്കപ്പെട്ട വ്യക്തിയുമായി ബന്ധപ്പെടാതെ നമുക്കും മററുള്ളവരെ സന്ദർശിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തിയേക്കാം. നാം വീടു സന്ദർശിക്കുമ്പോൾ പുറത്താക്കപ്പെട്ടയാൾ വാതിൽ തുറക്കുകയോ ടെലിഫോണിൽ സംസാരിക്കുമ്പോൾ അയാൾ ഫോണെടുക്കുകയോ ചെയ്യുന്നെങ്കിൽ നാം ആരുമായി സംസാരിക്കാൻ ആഗ്രഹിച്ചുവോ അയാളെപ്പററി അന്വേഷണം നടത്തുക മാത്രം ചെയ്യാവുന്നതാണ്. ചിലപ്പോൾ സഹവാസത്തിനായി ആ ക്രിസ്തീയ കുടുംബങ്ങൾക്ക് നമ്മുടെ ഭവനത്തിലേക്കുള്ള ഒരു ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞേക്കും. ആശയം ഇതാണ്: അവർ—ചെറുപ്പക്കാരും പ്രായമായവരും—നമ്മുടെ സഹദാസൻമാരാണ്, അവർ ദൈവത്തിന്റെ സഭയിലെ പ്രിയപ്പെട്ട അംഗങ്ങളാണ്, അവരെ ഒററപ്പെടുത്തേണ്ടതില്ല.—സങ്കീർത്തനം 10:14.
20, 21. ഒരു വ്യക്തി പുനഃസ്ഥിതീകരിക്കപ്പെടുന്നുവെങ്കിൽ നാം എങ്ങനെ വിചാരിക്കുകയും പെരുമാറുകയും ചെയ്യണം?
20 പുറത്താക്കപ്പെട്ട ഒരാൾ പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ കരുണ കാണിക്കാനുള്ള മറെറാരു മണ്ഡലം നമുക്ക് തുറന്നു കിട്ടുന്നു. ‘ഒരു പാപി അനുതപിക്കുമ്പോൾ’ സ്വർഗ്ഗത്തിലുണ്ടാകുന്ന സന്തോഷം യേശുവിന്റെ ഉപമകൾ വിശേഷവൽക്കരിക്കുന്നു. (ലൂക്കോസ് 15:7, 10) പുറത്താക്കപ്പെട്ട മനുഷ്യനെക്കുറിച്ച് പൗലോസ് കൊരിന്ത്യർക്ക് ഇപ്രകാരം എഴുതി: “അങ്ങനെയൊരു മനുഷ്യൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കാൻ നിങ്ങൾ ദയാപൂർവ്വം അയാളോട് ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും ചെയ്യണം. അതുകൊണ്ട് നിങ്ങളുടെ സ്നേഹം സംബന്ധിച്ച് അയാൾക്ക് ഉറപ്പുകൊടുക്കാൻ ഞാൻ നിങ്ങളെ ഉൽബോധിപ്പിക്കുന്നു.” (2 കൊരിന്ത്യർ 2:7, 8) ഒരു വ്യക്തി പുനഃസ്ഥിതീകരിക്കപ്പെട്ട ശേഷമുള്ള ദിവസങ്ങളിലും ആഴ്ചകളിലും നമുക്ക് ഗൗരവമായും സ്നേഹപൂർവ്വകവും ആ ഉപദേശം ബാധകമാക്കാം.
21 ധൂർത്തപുത്രനെ സംബന്ധിച്ചുള്ള യേശുവിന്റെ ഉപമ നാം ഒഴിവാക്കേണ്ട ഒരു അപകടം ചൂണ്ടിക്കാണിക്കുന്നു. ധൂർത്തപുത്രന്റെ മടങ്ങിവരവിങ്കൽ സന്തോഷിക്കാതെ മൂത്ത സഹോദരൻ നീരസപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞകാലത്തെ ഒരു തെററിനെപ്പററി നീരസം വച്ചുപുലർത്തിക്കൊണ്ടോ കാട്ടിക്കൊണ്ടോ നമുക്ക് അങ്ങനെ ആകാതിരിക്കാം. മറിച്ച് യഹോവയുടെ പ്രതികരണം ചിത്രീകരിച്ച പിതാവിനെപ്പോലെ ആയിരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നഷ്ടപ്പെട്ട തന്റെ പുത്രൻ തിരികെ വന്നതിൽ, മരിച്ചവനെപ്പോലെയായിരുന്ന അവനെ ജീവനോടെ തിരികെ കിട്ടിയതിൽ, ആ പിതാവ് സന്തോഷിച്ചു. (ലൂക്കോസ് 15:25-32) അതിൻപ്രകാരം പുനഃസ്ഥിതീകരിക്കപ്പെട്ട സഹോദരനോട് നാം സ്വതന്ത്രമായി സംസാരിക്കുകയും മററു വിധങ്ങളിൽ അയാളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യും. അതെ, ക്ഷമിക്കുന്നവനും കരുണയുള്ളവനുമായ നമ്മുടെ സ്വർഗ്ഗീയ പിതാവ് ചെയ്യുന്നതുപോലെ നാമും കരുണ കാണിക്കുകയാണെന്ന് നാം പ്രകടമാക്കും.—മത്തായി 5:7.
22. നാം യഹോവയാം ദൈവത്തെ അനുകരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
22 ദൈവത്തെ അനുകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ കൽപ്പനകളോടും അവന്റെ നീതിയോടുമുള്ള യോജിപ്പിൽ നാം കരുണ കാണിക്കണം എന്നതിന് യാതൊരു സംശയവുമില്ല. സങ്കീർത്തനക്കാരൻ അവനെ ഇങ്ങനെ വർണ്ണിക്കുന്നു: “യഹോവ കൃപയും കരുണയും കോപത്തിന് താമസവുമുള്ളവൻ, ആർദ്രദയയിൽ വലിയവൻ. യഹോവ എല്ലാവർക്കും നല്ലവൻ, അവന്റെ എല്ലാ പ്രവൃത്തികളിലും കരുണയുള്ളവൻ.” (സങ്കീർത്തനം 145:8, 9) ക്രിസ്ത്യാനികൾക്ക് പകർത്താൻ എത്രയോ സ്നേഹപൂർവ്വകമായ ഒരു മാതൃക! (w91 4/15)
[അടിക്കുറിപ്പുകൾ]
a നികുതി പിരിവുകാർ പല കാരണങ്ങളാൽ പാലസ്തീനിലെ യഹൂദ ജനതയാൽ വിശേഷിച്ച് അവജ്ഞയോടെ വീക്ഷിക്കപ്പെട്ടിരുന്നു. (1) അവർ ഇസ്രായേൽ കൈവശപ്പെടുത്തിയിരുന്ന വിദേശ ശക്തികൾക്കുവേണ്ടി നികുതി പിരിക്കുകയും അതുവഴി പരോക്ഷമായി ഈ ദ്രോഹപ്രവൃത്തിക്ക് കൂട്ടുനിൽക്കുകയും ചെയ്തിരുന്നു; (2) അവർ ഒട്ടും മനസ്സാക്ഷിയില്ലാത്തവരായി പെരുമാറുകയും സ്വന്തം ജനതയിൽപ്പെട്ട മററുള്ളവരെക്കൊണ്ട് മുതലെടുത്ത് ധനികരായിത്തീരുകയും ചെയ്തിരുന്നു; (3) അവരുടെ ജോലി അവർ നിരന്തരം ജനതകളിലെ ആളുകളുമായി ബന്ധപ്പെടുന്നതിന് ഇടയാക്കുകയും അതുവഴി അവരെ ആചാരപരമായി അശുദ്ധരാക്കുകയും ചെയ്തിരുന്നു. നികുതി പിരിവുകാരോടുള്ള അവജ്ഞാമനോഭാവം പു[തിയ] നി[യമത്തി]ലും റബ്ബിമാരുടെ എഴുത്തുകളിലും കണ്ടെത്താൻ കഴിയും . . . രണ്ടാമത് പറഞ്ഞ രേഖയനുസരിച്ച് നികുതി പിരിവുകാരുടെ കുടുംബാംഗങ്ങളെയും കൂടെ ദ്വേഷിക്കേണ്ടതായിരുന്നു.”—ദി ഇൻറർനാഷണൽ സ്ററാൻഡാർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയ.
b ഒരു ക്രിസ്തീയ ഭവനത്തിൽ പുറത്താക്കപ്പെട്ട ഒരു കുടുംബാംഗമുണ്ടെങ്കിൽ ആ വ്യക്തി ആ ഭവനത്തിലെ സാധാരണ അനുദിന ഇടപെടലുകളിലും പ്രവർത്തനങ്ങളിലും അപ്പോഴും പങ്കുചേരും. അതിൽ ഒരു കുടുംബമെന്നനിലയിൽ ആത്മീയ വിവരങ്ങൾ ചർച്ചചെയ്യുമ്പോൾ സന്നിഹിതരാകുന്നതും ഉൾപ്പെടുന്നു.—1988 നവംബർ 15 വാച്ച്ടവർ പേജുകൾ 19-20 കാണുക.
c യഹോവയുടെ സാക്ഷികളുടെ 1991-ലെ വാർഷികപുസ്തകം പേജ് 53-4 കാണുക.
വീടുതോറുമുള്ള വേലയിലോ മറേറതെങ്കിലും വിധത്തിലോ പുറത്താക്കപ്പെട്ട ഒരു വ്യക്തി പ്രദേശത്ത് പാർക്കുന്നതായി ഒരു സാക്ഷിക്ക് അറിവു ലഭിക്കുന്നുവെങ്കിൽ അയാൾ ആ വിവരം മൂപ്പൻമാരെ അറിയിക്കണം.
നിങ്ങൾ ഈ ആശയങ്ങൾ കുറിക്കൊണ്ടോ?
◻യഹൂദൻമാർ നികുതി പിരിവുകാരോടും പാപികളോടും എങ്ങനെയാണ് പെരുമാറിയത്, എന്നാൽ യേശു എന്തുകൊണ്ടാണ് അത്തരം ചിലയാളുകളോട് ഇടപെട്ടത്?
◻നഷ്ടമായിപ്പോയ അനേകരെ തിരികെ കൊണ്ടുവരുന്നതിന് ദയാപൂർവ്വം മുൻകൈ എടുക്കുന്നതിന് എന്തു തിരുവെഴുത്തടിസ്ഥാനമുണ്ട്?
◻മൂപ്പൻമാരുടെ സംഘങ്ങൾക്ക് അത്തരം മുൻകൈ എങ്ങനെ എടുക്കാൻ കഴിയും, ആരുടെ കാര്യത്തിൽ?
◻പുനഃസ്ഥിതീകരിക്കപ്പെട്ടവരോടും പുറത്താക്കപ്പെട്ടവരുടെ കുടുംബങ്ങളോടും നാം എങ്ങനെ കരുണ കാണിക്കണം?
[21-ാം പേജിലെ ചതുരം]
ഒരിക്കൽ ദൈവത്തിന്റെ ശുദ്ധവും സന്തുഷ്ടവുമായ സ്ഥാപനത്തിന്റെ ഭാഗമായിരുന്ന എന്നാൽ ഇപ്പോൾ പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ യാതൊരാളും ആ അവസ്ഥയിൽ തുടരേണ്ടതില്ല. മറിച്ച് അയാൾക്ക് അനുതപിക്കുന്നതിനും സഭയിലെ മൂപ്പൻമാരുമായി ബന്ധപ്പെടാൻ മുൻകൈ എടുക്കുന്നതിനും കഴിയും. തിരികെ വരാനുള്ള വഴി തുറന്നുകിടക്കുന്നു.
[22-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian