ദൈവം പറയുന്നതു കേൾക്കാൻ ആളുകളെ സഹായിക്കുക
1. “അങ്ങയുടെ രാജ്യം വരേണമേ!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഏതെല്ലാം ലഘുപത്രികകളാണ് പ്രകാശനം ചെയ്തത്, അവ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
1 “അങ്ങയുടെ രാജ്യം വരേണമേ!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയും അതിന്റെ ലളിതരൂപമായ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന പത്രികയും പ്രകാശനം ചെയ്തു. പാഠഭാഗം കുറവായതിനാൽ അവ വളരെ എളുപ്പത്തിൽ പരിഭാഷപ്പെടുത്താൻ കഴിയും. ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക പ്രകാശനം ചെയ്യുന്ന സമയത്ത് 431 ഭാഷകളിൽ അത് പരിഭാഷപ്പെടുത്താൻ അനുമതിയുണ്ടായിരുന്നു!
2. ഈ ലഘുപത്രികകൾ ആരെ ഉദ്ദേശിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്?
2 ഈ ലഘുപത്രികകൾ പ്രധാനമായും ആരെ ഉദ്ദേശിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്? രാജ്യഘോഷകരെന്ന നിലയിൽ നമുക്കെല്ലാം പരിചിതമായ ചില സാഹചര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:
• വീട്ടുകാരൻ നിരക്ഷരനാണെന്ന് അല്ലെങ്കിൽ അദ്ദേഹത്തിനു വായന അത്ര അറിയില്ലെന്ന് ആദ്യസന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ വെച്ച് പ്രസാധകൻ മനസ്സിലാക്കുന്നു.
• നമ്മുടെ പ്രസിദ്ധീകരണങ്ങൾ ലഭ്യമല്ലാത്ത അല്ലെങ്കിൽ വളരെ കുറച്ചുമാത്രം ലഭ്യമായ ഏതെങ്കിലും ഭാഷയിൽ ഒരു പ്രസാധകന് സുവാർത്ത പ്രസംഗിക്കേണ്ടിവരുന്നു. ഇനി, ആ പ്രസാധകൻ സുവാർത്ത പ്രസംഗിക്കുന്നിടത്തെ ആളുകൾക്ക് ഒഴുക്കോടെ ഒരു ഭാഷ സംസാരിക്കാൻ അറിയാം; പക്ഷേ ആ ഭാഷ വായിക്കാൻ അവരിൽ മിക്കവർക്കും അറിയില്ല.
• ആംഗ്യഭാഷയിൽ ഒരു പ്രസാധകൻ തന്റെ പ്രദേശത്തുള്ള ബധിരരോട് പ്രസംഗിക്കുന്നു.
• വായിക്കാൻ പഠിച്ചിട്ടില്ലാത്ത കുട്ടിയെ സത്യം പഠിപ്പിക്കാൻ മാതാവോ പിതാവോ ആഗ്രഹിക്കുന്നു.
3. ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക രൂപകൽപ്പന ചെയ്തിരിക്കുന്നത് എങ്ങനെയാണ്?
3 രൂപകൽപ്പന ചെയ്തിരിക്കുന്ന വിധം: ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയിൽ വളരെ കുറച്ചു പാഠഭാഗമേ ഉള്ളൂ; ഓരോ പേജിന്റെയും താഴെയായി, പ്രധാന ആശയങ്ങൾ എടുത്തുകാണിക്കുന്ന ലളിതമായ ഒരു വാചകവും ഒരു തിരുവെഴുത്തു പരാമർശവും മാത്രം. എന്തുകൊണ്ടാണ് ഈ ലഘുപത്രിക ഇപ്രകാരം രൂപകൽപ്പന ചെയ്തിരിക്കുന്നത്? നിങ്ങൾക്കു വായിക്കാൻ അറിയാത്ത ഒരു ഭാഷയിൽ, പരിചയമില്ലാത്ത ലിപികളിൽ എഴുതിയിരിക്കുന്ന ഒരു പത്രിക ആരെങ്കിലും നിങ്ങൾക്കു തരുന്നുവെന്നിരിക്കട്ടെ. അതിൽ വളരെ മനോഹരമായ ചിത്രങ്ങളുണ്ടെങ്കിൽപ്പോലും ആ പത്രിക പ്രയോജനകരമായ ഒന്നായി നിങ്ങൾക്കു തോന്നുമോ? സാധ്യതയില്ല. സമാനമായി, വായിക്കാൻ അറിയാത്തവർക്ക് ധാരാളം പാഠഭാഗമുള്ള പ്രസിദ്ധീകരണങ്ങൾ നൽകിയാൽ അത് അവരെ നിരുത്സാഹപ്പെടുത്തിയേക്കാം. അതുകൊണ്ടാണ് അധികം പാഠഭാഗം നൽകാതെ, ലഘുപത്രികയുടെ ഓരോ പേജിലും ചിന്തോദ്ദീപകമായ ധാരാളം ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നവിധത്തിൽ, ഒരു ചിത്രത്തിൽനിന്നു മറ്റേ ചിത്രത്തിലേക്കു നയിക്കുന്ന അസ്ത്രചിഹ്നങ്ങളും കൊടുത്തിട്ടുണ്ട്.
4. ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക രൂപകൽപ്പന ചെയ്തിരിക്കുന്നത് എങ്ങനെയാണ്?
4 ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക രൂപകൽപ്പന ചെയ്തിരിക്കുന്നത് എങ്ങനെയാണ്? ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന പത്രികയിലെ ചിത്രങ്ങൾതന്നെയാണ് ഇതിലും ഉള്ളത്. നന്നായി വായിക്കാൻ അറിയില്ലാത്ത അല്ലെങ്കിൽ വായിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ബൈബിൾ പഠിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന പത്രിക ഉപയോഗിച്ച് ബൈബിളധ്യയനം നടത്തുമ്പോൾ, തങ്ങളുടെ വ്യക്തിപരമായ കോപ്പിയായി പ്രസാധകർക്ക് ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന പത്രിക ഉപയോഗിക്കാവുന്നതാണ്. ഓരോ പാഠത്തിന്റെയും മുകളിൽ ഇടതുവശത്തായി ഒരു ചോദ്യം കാണാം; ചോദ്യത്തിനുള്ള ഉത്തരം പാഠഭാഗത്തുണ്ട്. ചിത്രങ്ങളോടൊപ്പം കുറിപ്പുകളും തിരുവെഴുത്തുദ്ധരണികളും കൊടുത്തിരിക്കുന്നു. പല പേജുകളുടെയും താഴെ കോണിലായി ഒരു ചതുരമുണ്ട്; കൂടുതലായ ചില ആശയങ്ങളും തിരുവെഴുത്ത് പരാമർശങ്ങളും ആണ് അതിലുള്ളത്. വിദ്യാർഥിയുടെ പ്രാപ്തിയനുസരിച്ച് നിങ്ങൾക്ക് അവ ചർച്ച ചെയ്യാവുന്നതാണ്.
5. ഈ ലഘുപത്രികകൾ എപ്പോൾ, എങ്ങനെ സമർപ്പിക്കാം?
5 ഉപയോഗിക്കേണ്ട വിധം: സാഹിത്യസമർപ്പണം ലഘുപത്രികകൾ അല്ലെങ്കിൽപ്പോലും ഉചിതമായിരിക്കുമ്പോഴെല്ലാം വീടുതോറുമുള്ള ശുശ്രൂഷയിൽ മേൽപ്പറഞ്ഞ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. (“സമർപ്പിക്കേണ്ടത് എങ്ങനെ?” എന്ന ചതുരം കാണുക.) മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും അവ നൽകാം. താത്പര്യക്കാരനോട്, അദ്ദേഹത്തിനുവേണ്ടി ഒരു പ്രസിദ്ധീകരണം കൊണ്ടുവന്നിട്ടുണ്ട് എന്നു പറഞ്ഞിട്ട് ലഘുപത്രിക കൈമാറാവുന്നതാണ്.
6. ഈ ലഘുപത്രികകൾ ഉപയോഗിച്ച് എങ്ങനെ ബൈബിളധ്യയനം നടത്താം?
6 ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയിൽ അച്ചടിച്ച ചോദ്യങ്ങൾ ഇല്ല. അതിനാൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് അധ്യയനമെടുക്കുന്നതുപോലെ ചോദ്യാത്തരച്ചർച്ചയായിട്ടല്ല അധ്യയനം നടത്തേണ്ടത്. കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ട് പത്രികയിലെ ചിത്രങ്ങൾ ഉപയോഗിച്ച് ബൈബിളിലുള്ള കഥകൾ വിവരിച്ചുകൊടുക്കുക. ഉത്സാഹത്തോടെ വേണം അവ വിശദീകരിക്കാൻ. ചിത്രത്തെക്കുറിച്ചുള്ള വിദ്യാർഥിയുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുക. പേജിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. വിദ്യാർഥിയെ ചർച്ചയിൽ ഉൾപ്പെടുത്തുന്നതിനും പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആയി ചോദ്യങ്ങൾ ചോദിക്കുക. ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയാണ് വിദ്യാർഥി ഉപയോഗിക്കുന്നതെങ്കിൽ, ചിത്രങ്ങൾ പരിചിന്തിക്കുന്നതോടൊപ്പം നൽകിയിരിക്കുന്ന പാഠഭാഗവും തിരുവെഴുത്തുകളും കൂടെ വായിക്കുക.
7. പുരോഗമിക്കാൻ ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിക്കാം?
7 പുരോഗമിക്കാൻ വിദ്യാർഥിയെ സഹായിക്കുക: ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയാണ് വിദ്യാർഥിയുമായി ചർച്ച ചെയ്യുന്നതെന്നിരിക്കട്ടെ. നിങ്ങളുമായുള്ള ചർച്ചകളിലൂടെ, യഹോവയെ സംബന്ധിച്ച പരിജ്ഞാനം സ്വയം സമ്പാദിക്കാനുള്ള ആഗ്രഹം വിദ്യാർഥിയിൽ അങ്കുരിച്ചേക്കാം; അതിനായി, താൻ വായിക്കാൻ പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കും. (മത്താ. 5:3; യോഹ. 17:3) വിദ്യാർഥി നന്നായി പുരോഗമിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ വായിക്കാൻ പഠിപ്പിക്കാമെന്നു പറയുക. ക്രമേണ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക പഠിച്ചുതുടങ്ങാം. എന്നാൽ ഓർക്കുക: സ്നാനത്തിന്റെ പടിയിലേക്കു പുരോഗമിക്കണമെങ്കിൽ വിദ്യാർഥി ബൈബിളിനെക്കുറിച്ച് കൂടുതൽ അറിവു സമ്പാദിക്കണം. അതുകൊണ്ട് ലഘുപത്രികകൾ പഠിച്ചുതീർന്നതിനു ശേഷം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്നോ ഉചിതമായ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിൽനിന്നോ അധ്യയനം ആരംഭിക്കണം. ഇത് ബൈബിളിനെ സംബന്ധിച്ച് നല്ലൊരു ഗ്രാഹ്യം സമ്പാദിക്കാൻ വിദ്യാർഥിയെ സഹായിക്കും.
8. ശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്ന പുതിയ പ്രസിദ്ധീകരണങ്ങൾക്കായി നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
8 എന്നേക്കും ജീവിക്കണമെങ്കിൽ ആളുകൾ പ്രപഞ്ചത്തിന്റെ പരമാധീശനായ യഹോവ പറയുന്നതു കേൾക്കണം. (യെശ. 55:3) അക്ഷരവിദ്യാഭ്യാസമില്ലാത്തവർ ഉൾപ്പെടെ “സകലതരം മനുഷ്യരും” താൻ പറയുന്നതു കേൾക്കണമെന്നാണ് യഹോവയുടെ ആഗ്രഹം. (1 തിമൊ. 2:3, 4) ദൈവം പറയുന്നതു കേൾക്കേണ്ടത് എങ്ങനെയെന്ന് ആളുകളെ പഠിപ്പിക്കാൻ നമ്മളെ സഹായിക്കുന്ന ഈ പുതിയ പ്രസിദ്ധീകരണങ്ങൾക്കായി നാം വളരെ നന്ദിയുള്ളവരല്ലേ?
[3-ാം പേജിലെ ചതുരം]
സമർപ്പിക്കേണ്ടത് എങ്ങനെ?
2-ഉം 3-ഉം പേജുകൾ കാണിച്ചിട്ട് വീട്ടുകാരനോട് ഇങ്ങനെ പറയുക: “ഇതുപോലൊരു ലോകത്തിൽ ജീവിക്കാൻ താങ്കൾക്ക് ഇഷ്ടമാണോ? (പ്രതികരിക്കാൻ അനുവദിക്കുക.) ദൈവം പെട്ടെന്നുതന്നെ ഈ ഭൂമിയെ, സമാധാനം കളിയാടുന്ന മനോഹരമായ ഒരു ഇടമാക്കി മാറ്റുമെന്നും അവിടെ ദാരിദ്ര്യമോ രോഗമോ ഉണ്ടായിരിക്കില്ലെന്നും തിരുവെഴുത്തുകൾ (അല്ലെങ്കിൽ, ഈ വിശുദ്ധഗ്രന്ഥം) ഉറപ്പുതരുന്നു. നമ്മൾ അവിടെ ഉണ്ടായിരിക്കണമെങ്കിൽ എന്തു ചെയ്യണമെന്നു ശ്രദ്ധിക്കുക. (3-ാം പേജിന്റെ മുകളിൽ പരാമർശിച്ചിട്ടുള്ള യെശയ്യാവു 55:3 വായിക്കുക.) ദൈവത്തിന്റെ ‘അടുക്കൽ വരാനും’ അവൻ പറയുന്നതു കേൾക്കാനും ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു. പക്ഷേ ദൈവം പറയുന്നതു കേൾക്കാൻ നമുക്ക് എങ്ങനെ കഴിയും?” 4, 5 പേജുകൾ തുറന്ന് ഉത്തരം ചർച്ച ചെയ്യുക. അദ്ദേഹത്തിനു തിരക്കാണെങ്കിൽ ലഘുപത്രിക നൽകിയിട്ട്, ഉത്തരം ചർച്ച ചെയ്യാനായി മടങ്ങിച്ചെല്ലാൻ ക്രമീകരണം ചെയ്യുക.