നിങ്ങളുടെ രാജ്യപ്രത്യാശ പങ്കുവെക്കുന്നതിന് ലഘുപത്രികകൾ വിശേഷവൽക്കരിക്കുക
1 നാം ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി കാണുമ്പോൾ, നമ്മുടെ രാജ്യപ്രത്യാശയിൽ സന്തോഷിക്കുന്നു. ശ്രദ്ധിക്കുന്ന ആരോടും അതേക്കുറിച്ച് സംസാരിക്കാൻ നാം പ്രേരിതരാവുകയും ചെയ്യുന്നു. (ലൂക്കോ. 6:45; റോമ. 12:12) ഓഗസ്ററിൽ വയൽശുശ്രൂഷയിൽ ലഘുപത്രികകൾ വിശേഷവൽക്കരിക്കുന്നത് യേശു കൽപിച്ചപ്രകാരം നമുക്ക് മററുളളവരുമായി രാജ്യപ്രത്യാശ പങ്കുവെക്കാൻ കഴിയുന്ന ഒരു വിധമാണ്.—മത്താ. 24:14.
2 നമുക്ക് തെരഞ്ഞെടുക്കാൻ വിജ്ഞാനപ്രദവും വർണ്ണശബളവുമായ നിരവധി ലഘുപത്രികകൾ ഉളളതുകൊണ്ട് നമ്മുടെ പ്രദേശത്തുളളവരുടെ ആവശ്യങ്ങൾ ഏററവും നന്നായി നിറവേററുന്നതും അവരുടെ താൽപര്യം ഉണർത്തുന്നതും ഏതായിരിക്കും? ലഘുപത്രികകൾ സാദ്ധ്യമാകുവോളം ഏററവും നന്നായി ഉപയോഗിക്കുന്നതിന് നാം അവയുടെ ഉളളടക്കം അറിഞ്ഞിരിക്കണം. പിൻവരുന്ന ചുരുങ്ങിയ പുനരവലോകനം ഇതിനു നമ്മെ സഹായിക്കും.
3 നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?: ഓഗസ്ററിൽ സാദ്ധ്യമാകുമ്പോഴെല്ലാം നാം ഈ ലഘുപത്രികയുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. അത് വിശേഷിച്ചും ഒരു ഹൈന്ദവ പശ്ചാത്തലമുളള ആളുകൾക്കുവേണ്ടി തയ്യാർ ചെയ്തിട്ടുളളതാണ്, നമ്മുടെ പ്രദേശത്തിനു പററിയതുമാണ്. ബൈബിളിന്റെ സന്ദേശം അറിയാത്ത വ്യക്തികൾക്ക് അത് ദൈവവചനത്തിലെ ചില അടിസ്ഥാന ഉപദേശങ്ങൾ ലളിതമായ ഒരു വിധത്തിൽ പരിചയപ്പെടുത്തുകയും അത്ഭുതകരമായ രാജ്യപ്രത്യാശ സമ്പാദിക്കാൻ കൂടുതലായി പഠിക്കുന്നതിന് അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.
4 പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്: യേശു ഭൂമിയിലായിരുന്നപ്പോൾ അവന്റെ പ്രസംഗത്തിന്റെ വിഷയം ദൈവരാജ്യമായിരുന്നു. രാജ്യം ഒരു യഥാർത്ഥ ഗവൺമെൻറാണെന്നും ഇന്നു ജീവിതം വളരെ വിഷമം പിടിച്ചതാക്കുന്ന പ്രശ്നങ്ങളെ അതെങ്ങനെ പരിഹരിക്കുമെന്നും ഈ ലഘുപത്രിക പ്രകടമാക്കുന്നു.
5 ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!: ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണെന്നും നമുക്ക് ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കാൻ എങ്ങനെ കഴിയുമെന്നും അതു വിശദീകരിക്കുന്നു. ഈ ലഘുപത്രികയിലെ ചിത്രങ്ങളും സംക്ഷിപ്ത വാക്യങ്ങളും ചെറുപ്പക്കാരെയും വായനാപ്രാപ്തി കുറഞ്ഞവരെയും ആകർഷിക്കുന്നു. അടിസ്ഥാന ബൈബിളുപദേശങ്ങൾ ശ്രവണവൈകല്യമുളളവർക്ക് പകർന്നുകൊടുക്കാനും അത് ഉപയോഗിക്കാവുന്നതാണ്.
6 എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം: ഈ ലഘുപത്രിക തിരുവെഴുത്തുപരവും ചരിത്രപരവുമായ ഒരു വീക്ഷണത്തിൽ ദൈവത്തിന്റെ നാമം ചർച്ചചെയ്യുന്നു, ക്രിസ്ത്യാനികൾ ആ നാമം അറിയുന്നതും തങ്ങളുടെ ആരാധനയിൽ അതുപയോഗിക്കുന്നതും മർമ്മപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പ്രകടമാക്കിക്കൊണ്ടുതന്നെ.
7 “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”: ഈ ലഘുപത്രിക പറുദീസയെ വരച്ചുകാട്ടുകയും ബൈബിളിനോടും നമ്മുടെ സ്രഷ്ടാവിനോടുമുളള വിലമതിപ്പ് കെട്ടുപണിചെയ്യുകയും ചെയ്യുന്നു. ദൈവം തിൻമ അനുവദിക്കുന്നതെന്തുകൊണ്ടെന്ന് ചർച്ചചെയ്ത ശേഷം അത് മൂന്ന് അടിസ്ഥാന ഉപദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: മറുവില, പുനരുത്ഥാനം, രാജ്യം എന്നിവതന്നെ. അതിൽനിന്ന് ഒരു ബൈബിളദ്ധ്യയനം നടത്തുന്നത് നമുക്ക് എളുപ്പമാക്കിത്തീർത്തുകൊണ്ട് പേജുകളുടെ അടിയിൽ അതിന് ചോദ്യങ്ങളുമുണ്ട്.
8 നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?: തങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നു എന്ന് ആളുകൾ പറഞ്ഞേക്കാം, എന്നാൽ അതിനെക്കുറിച്ചുളള ഗ്രാഹ്യത്തിൽ അവർ വ്യത്യാസമുളളവരായിരിക്കുന്നു. എന്താണ് ത്രിത്വം? ബൈബിൾ അതു പഠിപ്പിക്കുന്നുവോ? യേശുക്രിസ്തു സർവ്വശക്തനായ ദൈവവും ത്രിത്വത്തിന്റെ ഭാഗവും ആണോ? പരിശുദ്ധാത്മാവ് എന്താണ്? എന്നിങ്ങനെയുളള ചോദ്യങ്ങൾക്ക് ഈ ലഘുപത്രിക ഉത്തരം നൽകുന്നു.
9 നാം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ലഘുപത്രിക തെരഞ്ഞെടുത്തശേഷം നമ്മുടെ രാജ്യശുശ്രൂഷയുടെ ഈ ലക്കത്തിന്റെ ഒടുവിലത്തെ പേജിലുളള ലേഖനങ്ങൾ പുനരവലോകനം നടത്തണം. അവിടെ നാം നമ്മുടെ സാഹിത്യം സമർപ്പിക്കുന്നതിനും താൽപര്യം വികസിപ്പിച്ച് ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള ലാക്കോടെ മടക്കസന്ദർശനങ്ങൾ നടത്തുന്നതിനുമുളള നിർദ്ദേശങ്ങൾ കണ്ടെത്തും.
10 പല സന്ദർഭങ്ങളിലും ഒരു നല്ല സാക്ഷ്യം നൽകുന്നതിന് ഒരു പ്രത്യേക ലഘുപത്രിക മതിയാകുന്നതാണ്. എന്നിരുന്നാലും, നാം സജ്ജരായിരിക്കണം, ലഘുപത്രികകളുടെ വേണ്ടത്ര കരുതൽ ഉണ്ടായിരിക്കണം, അവയിൽ എന്താണെന്ന് അറിഞ്ഞിരിക്കുകയും വിവേചന കാണിക്കുകയും വേണം. നമ്മുടെ തീക്ഷ്ണമായ ശുശ്രൂഷയുടെമേലുളള യഹോവയുടെ അനുഗ്രഹം അനേകർകൂടെ രാജ്യപ്രത്യാശയിൽ നമ്മോടൊത്ത് സന്തോഷിക്കുന്നതിൽ കലാശിക്കട്ടെ!—പ്രവൃത്തികൾ 13:47, 48.