താത്പര്യക്കാരെ കണ്ടെത്താൻ ലഘുപത്രികകൾ വിശേഷവൽക്കരിക്കൽ
1 ലഘുപത്രികകൾ ശക്തമായ ഉപകരണങ്ങളാണ്. കേവലം 32 പേജുകളിൽ തിരുവെഴുത്തു സത്യങ്ങൾ ഉറപ്പായി സ്ഥാപിക്കാനും ദൈവത്തെക്കുറിച്ചുളള പരിജ്ഞാനത്തിനു വിരുദ്ധമായ ഉപദേശങ്ങളെയും ന്യായവാദങ്ങളെയും മറിച്ചിടാനും ഒരു ലഘുപത്രികക്കു കഴിയും.—2 കൊരി. 10:5.
2 യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക വായിച്ചശേഷം ഇപ്രകാരം എഴുതാൻ ഒരു മനുഷ്യൻ പ്രേരിതനായി: “അത്തരത്തിലുളള സംഘാടനം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. . . . മതപരമായ ധാരാളം കാപട്യമുളള ഈ കാലത്തു ദൈവേഷ്ടം കാര്യമാത്രപ്രസക്തമായി എടുക്കുന്ന ആളുകളെ കണ്ടെത്തുന്നതു വിസ്മയകരമാണ്.” ആഫ്രിക്കയിലെ ഒരു മന്ത്രവാദി ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക പഠിക്കുകയുണ്ടായി. അത് അയാളിൽ എന്തു ഫലം ഉളവാക്കി? അയാൾ തന്റെ മന്ത്രവാദം ഉപേക്ഷിക്കുകയും ആദ്യഭാര്യയെക്കൂടാതെ തന്നോടൊപ്പം താമസിച്ചിരുന്ന സ്ത്രീകളെ പറഞ്ഞയക്കുകയും ചെയ്തു, പിന്നീട് അയാൾ ആദ്യഭാര്യയെ നിയമാനുസൃതമായി വിവാഹം ചെയ്തു.
3 നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക സത്യത്തിന്റെ വസ്തുനിഷ്ഠമായ തെളിവുകൾ നിരത്തുന്ന ന്യായയുക്തവും ഫലപ്രദവുമായ ഒരു ഉപകരണമാണ്. ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ജമെയ്ക്ക വെസ്ററ് ഇൻഡീസിലെ ദ സൺഡേ ഗ്ലീനറനുവേണ്ടിയുളള ഒരു മതലേഖകൻ ഇപ്രകാരം പറഞ്ഞു: “ഈ പ്രസിദ്ധീകരണം . . . സാക്ഷികളുടെ അതിവിദഗ്ദ്ധമായ ഒരു നീക്കമാണ്, ഇപ്പോൾ ഒരു ത്രിത്വവാദിയും—അല്ലെങ്കിൽ ദ്വിത്വവാദിയും—സുരക്ഷിതനല്ല. ത്രിത്വോപദേശം ബൈബിളിൽനിന്ന് ഉത്ഭൂതമായതല്ല എന്നു കാണിക്കാൻ ഈ ലഘുപത്രികയിൽ നിറയെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഉറവുകളിൽനിന്നുളള ഉദ്ധരണികളാണ്. . . . യേശു ദൈവമാണെന്ന വീക്ഷണത്തിനെതിരെ സാക്ഷികൾ അണിനിരത്തുന്ന അപ്രതിരോധ്യവും ശക്തവുമായ വാദങ്ങൾക്ക് ഇടത്തരക്കാർക്ക്—അല്ലെങ്കിൽ പളളിയിൽ പോകുന്ന ഇടത്തരക്കാരനെക്കാൾ മുതിർന്നവർക്ക്—എപ്രകാരം ഉത്തരം നൽകാൻ കഴിയുമെന്നു കാണാൻ ഈ മതലേഖകന് ഏററവും വിഷമമാണ്.”
4 അവ നന്നായി ഉപയോഗിക്കുക: ഫലപ്രദമായിരിക്കുന്നതിന്, ആകർഷകവും ആധികാരികവുമായ ഈ ഉപകരണങ്ങൾ അവ വായിക്കുന്ന ആളുകൾക്കു സമർപ്പിക്കണം. വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധ ലഘുപത്രികകൾ നമുക്കുളളതുകൊണ്ട്, നാം സാക്ഷ്യം നൽകുന്ന വ്യക്തിക്ക് ഏററവും അനുയോജ്യമെന്നു നമുക്കു തോന്നുന്ന ഒരെണ്ണം സമർപ്പിക്കാൻ ശ്രമിക്കണം. നമ്മുടെ ലഘുപത്രികകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും അവയിൽ പലതരത്തിലുളളവ നമ്മുടെ കൈവശം ഉണ്ടായിരിക്കുന്നതും വയൽസേവനത്തിലായാലും വീട്ടിലായാലും മറെറവിടെയായാലും അവ നന്നായി ഉപയോഗിക്കാൻ നമുക്ക് എളുപ്പമാക്കിത്തീർക്കും.
5 ദൃഷ്ടാന്തത്തിന്, താൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു വിഷാദമഗ്നനായ ഒരാളോടോ ഭാവിയെ സംബന്ധിച്ചു തീരെ പ്രതീക്ഷയില്ലാത്ത ഒരാളോടോ സംസാരിക്കുകയാണെങ്കിൽ നിങ്ങൾ ഏതു ലഘുപത്രിക ഉപയോഗിക്കും? സ്നേഹവാനായ ഒരു ദൈവം ഇത്രയധികം യാതനകൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ, ഏതു ലഘുപത്രിക ആ ആവശ്യം നിറവേററും? ആളുകൾക്കു പ്രയോജനം ചെയ്യുന്ന ഒരു ഗവൺമെൻറിനെ സംബന്ധിച്ച് ഒരു വ്യക്തി താത്പര്യം കാണിക്കുന്നെങ്കിൽ, അദ്ദേഹത്തിനു പററിയ ലഘുപത്രിക ഏതായിരിക്കും?
6 ഏതു ലഘുപത്രിക ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കുന്നതു കൂടാതെ, അതിന്റെ ഉളളടക്കം എന്താണെന്നറിയാനുളള ആ വ്യക്തിയുടെ വിശപ്പു വർധിപ്പിക്കാൻ ശ്രമിക്കുക. സാഹചര്യങ്ങൾ അനുവദിക്കുന്നപക്ഷം, ആ പ്രസിദ്ധീകരണം വായിക്കാനുളള അദ്ദേഹത്തിന്റെ താത്പര്യത്തെ ഉത്തേജിപ്പിച്ചേക്കാവുന്ന ഒരു വിവരണമോ ചിത്രമോ ചൂണ്ടിക്കാട്ടുക. അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ഒന്നോ രണ്ടോ ഖണ്ഡികകൾ വായിക്കാനും കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാനും ആ ഭാഗം ചർച്ചചെയ്യാനും കഴിയും. അനേകം നല്ല ബൈബിളധ്യയനങ്ങൾ ഈ വിധത്തിൽ തുടങ്ങിയിട്ടുണ്ട്.
7 നമ്മുടെ ലഘുപത്രികകൾ ലോകത്തിൽ നടക്കുന്ന മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവർക്കു തിരുവെഴുത്തുപരമായ ഉത്തരങ്ങൾ നൽകുകയും അവരിൽ പ്രത്യാശ ഉൾനടുകയും ചെയ്യുന്നു. (യെഹെസ്കേൽ 9:4 താരതമ്യപ്പെടുത്തുക.) ചെമ്മരിയാടുതുല്യരായ ആളുകൾ അത്തരം സാഹിത്യത്തിൽ അടങ്ങിയിരിക്കുന്ന സന്ദേശത്തോടു പ്രതികരിക്കും. താത്പര്യക്കാരെ കണ്ടെത്താൻ ശ്രമിക്കവേ നമ്മുടെ ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും ലഘുപത്രികകൾ നന്നായി ഉപയോഗപ്പെടുത്താനുളള പദവി നമുക്കുണ്ട്.