അധ്യായം രണ്ട്
അവൻ “ദൈവത്തോടുകൂടെ നടന്നു”
1, 2. നോഹയും കുടുംബവും ഏത് നിർമാണവേലയിലാണ് ഏർപ്പെട്ടിരുന്നത്, അവർ നേരിട്ട ചില പ്രതിബന്ധങ്ങൾ ഏവ?
നോഹ തന്റെ നടുവ് ഒന്നു നിവർത്തി, വലിഞ്ഞുമുറുകിയ പേശികൾക്ക് അല്പം അയവ് നൽകി. ഏറെ നേരമായി തുടങ്ങിയ ജോലിയിൽനിന്ന് ഒരല്പം വിശ്രമിക്കാനായി വീതിയേറിയ ഒരു മരത്തടിയിൽ ഇരിക്കുകയാണ് നോഹ. കീൽ (പ്രകൃതിജന്യമായ ടാർ) ഉരുകുന്നതിന്റെ രൂക്ഷഗന്ധം വായുവിൽ തങ്ങിനിൽപ്പുണ്ട്. മരപ്പണി നടക്കുന്നതിന്റെ ശബ്ദം അവിടെയെല്ലാം മാറ്റൊലി കൊള്ളുന്നു. അവൻ പെട്ടകത്തിന്റെ കൂറ്റൻ ചട്ടക്കൂടിലേക്ക് ഒന്നു കണ്ണോടിച്ചു. അവിടെ ഇരുന്ന് നോക്കുമ്പോൾ നോഹയ്ക്ക് തന്റെ മൂന്ന് ആൺമക്കളും ജോലിയിൽ വ്യാപൃതരായിരിക്കുന്നത് കാണാം. പലകകളും തുലാങ്ങളും തൂണുകളും ഒക്കെ ആ ബൃഹത്തായ ചട്ടക്കൂടിൽ ചേർത്തിണക്കുകയാണ് അവർ. ദശകങ്ങൾ പിന്നിട്ട ഈ നിർമാണപദ്ധതിയിൽ അവനു പിന്തുണയുമായി കഠിനാധ്വാനം ചെയ്തുകൊണ്ട് അവന്റെ പ്രിയപത്നിയും പുത്രന്മാരും അവരുടെ ഭാര്യമാരും കൂടെയുണ്ട്. ജോലി ഏറെ ചെയ്തുകഴിഞ്ഞു. പക്ഷേ, ചെയ്തതിലുമേറെ ഇനിയും കിടക്കുന്നു!
2 നാട്ടുകാരുടെ കണ്ണിൽ ഈ കുടുംബം വെറും വിഡ്ഢികളായിരുന്നു! പെട്ടകം ആകൃതിപ്രാപിച്ച് വരുന്തോറും ആളുകളുടെ പരിഹാസവും വർധിച്ചുവന്നു. ഭൂമി മുഴുവൻ മൂടുന്ന ഒരു പ്രളയത്തെക്കുറിച്ചുള്ള ചിന്തതന്നെ അവരിൽ ചിരിയുണർത്തി. വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് നോഹ നൽകിക്കൊണ്ടിരുന്ന മുന്നറിയിപ്പുകൾ അവർക്ക് ശുദ്ധ അസംബന്ധമായി തോന്നി. ‘അതുണ്ടോ സംഭവിക്കാൻ പോകുന്നു’ എന്നാണ് അവർ കരുതിയത്. ‘ഈ മനുഷ്യൻ തികച്ചും ബുദ്ധിശൂന്യമായ ഒരു കാര്യത്തിനുവേണ്ടി തന്റെയും കുടുംബത്തിന്റെയും ജീവിതം പാഴാക്കുന്നു,’ അങ്ങനെയാണ് അവർ അതേപ്പറ്റി ചിന്തിച്ചത്. എന്നാൽ നോഹയുടെ ദൈവമായ യഹോവ അവനെ കണ്ടത് തികച്ചും വ്യത്യസ്തമായൊരു വിധത്തിലായിരുന്നു.
3. ഏത് അർഥത്തിലാണ് നോഹ ദൈവത്തോടുകൂടെ നടന്നത്?
3 ദൈവത്തിന്റെ വചനം പറയുന്നത് ഇങ്ങനെയാണ്: “നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:9 വായിക്കുക.) എന്താണ് ആ പ്രസ്താവനയുടെ അർഥം? ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്ന് നോഹയോടൊപ്പം നടന്നെന്നോ നോഹ സ്വർഗത്തിലേക്കു പോയി ദൈവത്തോടൊപ്പം നടന്നെന്നോ അല്ല ഇതിന് അർഥം. പിന്നെയോ, നോഹ തന്റെ ദൈവത്തെ അക്ഷരംപ്രതി അനുസരിക്കുകയും അവനെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്തു എന്നാണ്. അത് രണ്ടു സ്നേഹിതർ ഒരുമിച്ച് നടക്കുന്നതുപോലെയായിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ബൈബിൾ നോഹയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “വിശ്വാസത്താൽ അവൻ ലോകത്തെ കുറ്റംവിധി”ച്ചു. (എബ്രാ. 11:7) അത് എങ്ങനെയാണ്? അവന്റെ വിശ്വാസത്തിൽനിന്ന് ഇന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
വക്രതയുള്ള ഒരു ലോകത്തിൽ നിർദോഷിയായ ഒരു മനുഷ്യൻ
4, 5. നോഹയുടെ നാളിൽ അവസ്ഥകൾ ഒന്നിനൊന്ന് വഷളായത് എങ്ങനെയാണ്?
4 കൊള്ളരുതായ്മകളുടെ കൂത്തരങ്ങായി അനുദിനം മാറിക്കൊണ്ടിരുന്ന ഒരു ലോകത്തിലാണ് നോഹ വളർന്നുവന്നത്. അവന്റെ മുത്തശ്ശന്റെ അച്ഛനായ ഹാനോക്കിന്റെ കാലത്തുതന്നെ ഭൂമിയിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ദൈവത്തോടുകൂടെ നടന്ന മറ്റൊരു നീതിമാനായിരുന്നു ഹാനോക്ക്. ഭക്തികെട്ട ആളുകളുടെമേൽ ദൈവത്തിന്റെ ഒരു ന്യായവിധി വരുമെന്ന് അവൻ പ്രവചിച്ചിരുന്നു. നോഹയുടെ കാലത്ത് വഷളത്തം അതിന്റെ പാരമ്യത്തിലെത്തി. യഹോവയുടെ ദൃഷ്ടിയിൽ ഭൂമി അങ്ങേയറ്റം അധഃപതിച്ചിരുന്നു, എങ്ങും അക്രമം നിറഞ്ഞിരുന്നു. (ഉല്പ. 5:22; 6:11; യൂദാ 14, 15) കാര്യങ്ങൾ ഇത്രയേറെ വഷളാകാൻ വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?
5 എന്താണെന്നുവെച്ചാൽ, ദൈവത്തിന്റെ ആത്മപുത്രന്മാരായ ദൂതന്മാർക്കിടയിൽ ഭീകരമായൊരു സ്ഥിതിവിശേഷം ഉടലെടുക്കുന്നുണ്ടായിരുന്നു. വാസ്തവത്തിൽ അതൊരു ദുരന്തമായിരുന്നു. അവരിൽ ഒരാൾ നേരത്തെതന്നെ യഹോവയ്ക്ക് എതിരെ മത്സരിച്ചു. മത്സരിയായ ആ ദൂതൻ ദൈവത്തെ ദുഷിച്ച് പറയുകയും ആദാമിനെയും ഹവ്വായെയും പാപത്തിലേക്കു വശീകരിക്കുകയും ചെയ്തു. അങ്ങനെ ഇതിനോടകം അവൻ പിശാചായ സാത്താൻ ആയിത്തീർന്നിരുന്നു. നോഹയുടെ കാലമായപ്പോഴേക്കും മറ്റു ചില ദൂതന്മാരും യഹോവയുടെ നീതിനിഷ്ഠമായ ഭരണത്തോട് മത്സരിക്കാൻ തുടങ്ങി. സ്വർഗത്തിൽ അവർക്ക് ദൈവം നിയമിച്ചുകൊടുത്ത പദവിയും സ്ഥാനവും പുച്ഛിച്ചുതള്ളി അവർ അവിടം വിട്ട് പോന്നു. ഭൂമിയിൽ വന്ന്, മനുഷ്യരൂപം സ്വീകരിച്ച്, സുന്ദരികളായ സ്ത്രീകളെ അവർ ഭാര്യമാരായി എടുത്തു. അഹങ്കാരികളും മത്സരികളും സ്വന്തം കാര്യങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും ആയ ഈ ദൂതന്മാർ ഒരർഥത്തിൽ മാനവകുടുംബത്തിൽ വിഷം പരത്തുകയായിരുന്നു.—ഉല്പ. 6:1, 2; യൂദാ 6, 7.
6. അന്നത്തെ ലോകാവസ്ഥകളെ നെഫിലിമുകൾ എങ്ങനെ സ്വാധീനിച്ചു, യഹോവ എന്തു ചെയ്യാൻ തീരുമാനിച്ചു?
6 മനുഷ്യശരീരമെടുത്ത ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള പ്രകൃതിവിരുദ്ധബന്ധത്തിലൂടെ പിറന്നത് സങ്കരസന്തതികളായിരുന്നു. അസാമാന്യവലുപ്പവും ശക്തിയും ഉള്ള അതികായന്മാരായ പുത്രന്മാർ. ബൈബിൾ അവരെ “നെഫിലിമുകൾ,” (ഓശാന ബൈബിൾ) അഥവാ മല്ലന്മാർ എന്നു വിളിക്കുന്നു. “നെഫിലിമുകൾ” എന്നതിന്റെ അക്ഷരാർഥം ‘വീഴിക്കുന്നവർ’ എന്നാണ്. അപ്പോൾത്തന്നെ ഭൂമിയിൽ നിലനിന്നിരുന്ന മൃഗീയവും അഭക്തവും ആയ സ്വഭാവരീതികളെ ക്രൂരന്മാരായ ഈ ഭയങ്കരന്മാർ ഒന്നുകൂടി വഷളാക്കി. “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ട”തിൽ അതിശയമുണ്ടോ? ആ ദുഷിച്ച സമൂഹത്തെ 120 വർഷത്തിനുള്ളിൽ ഭൂമുഖത്തുനിന്നു തുടച്ച് നീക്കാൻ യഹോവ തീരുമാനിച്ചു.—ഉല്പത്തി 6:3-5 വായിക്കുക.
7. ഹീനമായ ചുറ്റുപാടുകളിൽനിന്ന് മക്കളെ സംരക്ഷിക്കാൻ നോഹയ്ക്കും ഭാര്യക്കും ബുദ്ധിമുട്ടായിരുന്നത് എന്തുകൊണ്ട്?
7 അങ്ങനെയുള്ള ഒരു ലോകത്തിൽ കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഒന്നു സങ്കല്പിച്ചുനോക്കൂ. എന്നാൽ നോഹ അങ്ങനെ ചെയ്തു. അവൻ നല്ല ഒരു സ്ത്രീയെ കണ്ടെത്തി വിവാഹം കഴിച്ചു. നോഹയ്ക്ക് 500 വയസ്സായശേഷം അവന് മൂന്നു പുത്രന്മാർ ജനിച്ചു; അവരായിരുന്നു ശേം, ഹാം, യാഫെത്ത് എന്നിവർ.a ചുറ്റും പടർന്നിരുന്ന ഹീനമായ സ്വാധീനങ്ങളിൽനിന്ന് നോഹയ്ക്കും ഭാര്യക്കും തങ്ങളുടെ ആൺമക്കളെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ചെറുപ്രായത്തിലുള്ള ആൺകുട്ടികൾ പൊതുവേ, ശക്തന്മാരും ‘വീരന്മാരും’ പ്രസിദ്ധിയാർജ്ജിച്ചവരും ആയ പുരുഷന്മാരെ കൗതുകത്തോടെയും ആരാധനയോടെയും നോക്കിനിൽക്കാറുണ്ട്. അക്കാലത്തെ കുട്ടികളും നെഫിലിമുകളെ അങ്ങനെ നോക്കിനിന്നിട്ടുണ്ടാകാം. ഈ രാക്ഷസന്മാരുടെ ദുഷ്ചെയ്തികളെക്കുറിച്ചുള്ള വാർത്തകൾ കുട്ടികളുടെ കാതിലും എത്താതിരുന്നില്ല. അത് പൂർണമായി തടയാൻ നോഹയ്ക്കും ഭാര്യക്കും കഴിയുമായിരുന്നില്ല. പക്ഷേ, അവർക്ക് ചെയ്യാൻ കഴിയുമായിരുന്ന കാര്യം അവർ ചെയ്തു: യഹോവയുടെ ഗുണങ്ങളും നന്മകളും ഒക്കെ മക്കൾക്ക് പഠിപ്പിച്ചുകൊടുത്തു. അതെ, യഹോവ എല്ലാത്തരം ദുഷ്ടതയും വെറുക്കുന്നു, അക്രമവും മത്സരവും അവന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, എന്നൊക്കെ ആ കുരുന്നുമനസ്സുകളെ അവർ ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടായിരുന്നു.—ഉല്പ. 6:6.
ദുഷിച്ച ചുറ്റുപാടുകളിൽനിന്ന് നോഹയ്ക്കും ഭാര്യക്കും മക്കളെ സംരക്ഷിക്കേണ്ടിയിരുന്നു
8. ജാഗ്രതയുള്ള മാതാപിതാക്കൾക്ക് ഇന്ന് നോഹയെയും ഭാര്യയെയും അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
8 ഇന്നത്തെ മാതാപിതാക്കൾക്ക് നോഹയുടെയും ഭാര്യയുടെയും അവസ്ഥ നന്നായി മനസ്സിലാകും. അക്രമവും എന്തിനെയും എതിർക്കുന്ന മനോഭാവവും നമ്മുടെ ഈ ലോകത്തെയും വിഷലിപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. തലതിരിഞ്ഞ ചെറുപ്പക്കാർ സംഘങ്ങളായി ചേർന്ന് നഗരങ്ങളെ വിറപ്പിക്കുന്ന കാഴ്ചകൾ ഇന്നു സാധാരണമാണ്. കൊച്ചുകുട്ടികളെ ഉദ്ദേശിച്ചുള്ള വിനോദപരിപാടികളുടെ കഥയിലും കഥാപാത്രങ്ങളിലും പോലും അക്രമം കുത്തിനിറച്ചിരിക്കുകയാണ്. ജാഗ്രതയുള്ള മാതാപിതാക്കൾ ഇവിടെ ഉണർന്നു പ്രവർത്തിക്കുന്നു. സമാധാനത്തിന്റെ ദൈവമായ യഹോവയെക്കുറിച്ചും അവൻ ഒരുദിവസം സകല അക്രമങ്ങൾക്കും അറുതി വരുത്തുമെന്നും മക്കളെ പഠിപ്പിച്ചുകൊണ്ട് തങ്ങളാലാവുംവിധം അവർ മക്കൾക്ക് പ്രതിരോധം തീർക്കുന്നു. (സങ്കീ. 11:5; 37:10, 11) മാതാപിതാക്കളേ, നിങ്ങൾക്കു വിജയിക്കാൻ കഴിയും! നോഹയ്ക്കും ഭാര്യക്കും അതിനു കഴിഞ്ഞു. അവരുടെ ആൺമക്കൾ വളർന്ന് മിടുക്കരായി. കാലാന്തരത്തിൽ, അവർ മൂന്നു പേരും വിവാഹംകഴിച്ചു. സത്യദൈവമായ യഹോവയെ സ്നേഹിക്കാനും അവന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാനും മനസ്സൊരുക്കമുള്ളവരായിരുന്നു ആ പെൺകുട്ടികൾ.
“നീ . . . ഒരു പെട്ടകം ഉണ്ടാക്കുക”
9, 10. (എ) യഹോവയിൽനിന്നുള്ള ഏതു കല്പനയാണ് നോഹയുടെ ജീവിതം മാറ്റിമറിച്ചത്? (ബി) പെട്ടകത്തിന്റെ രൂപഘടനയും ഉദ്ദേശ്യവും സംബന്ധിച്ച് നോഹയ്ക്ക് യഹോവ എന്തെല്ലാം വിവരങ്ങൾ വെളിപ്പെടുത്തി?
9 അങ്ങനെയൊരു ദിവസം, നോഹയുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായി. യഹോവ തന്റെ പ്രിയപ്പെട്ട ഈ ദാസനെ ഒരു വാർത്ത അറിയിച്ചു. അന്നത്തെ ദുഷ്ടലോകത്തിന് അവസാനം വരുത്താൻ താൻ നിശ്ചയിച്ചെന്ന വാർത്ത! എന്നിട്ട് ദൈവം അവനോട് ഇങ്ങനെ കല്പിച്ചു: “നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക.”—ഉല്പ. 6:14.
10 ചിലർ കരുതുന്നതുപോലെ ഈ പെട്ടകം ഒരു കപ്പൽ ആയിരുന്നില്ല. കപ്പലിനോ വള്ളത്തിനോ ഉള്ളതുപോലെ അതിന് അണിയമോ അമരമോ പങ്കായമോ ഇല്ലായിരുന്നു, അത് ഒരൊറ്റ അടിപ്പലകയിൽനിന്ന് പണിതുയർത്തുകയായിരുന്നില്ല. കപ്പലുകൾക്കും വള്ളങ്ങൾക്കും ഉള്ളതുപോലുള്ള വളവുകളും അതിന് ഇല്ലായിരുന്നു. പിന്നെ എന്തായിരുന്നു അത്? ബൃഹത്തായ ഒരു പേടകം അഥവാ പെട്ടി ആയിരുന്നു അത്. യഹോവ നോഹയ്ക്ക് പെട്ടകത്തിന്റെ കൃത്യമായ അളവുകൾ നൽകി. അതിന്റെ രൂപഘടനയെക്കുറിച്ച് ചില വിശദാംശങ്ങളും, അകവും പുറവും കീൽ തേച്ചുപിടിപ്പിക്കേണ്ടതിനെക്കുറിച്ച് നിർദേശങ്ങളും നൽകി. അത് ഉണ്ടാക്കുന്നതിന്റെ ഉദ്ദേശ്യവും അവൻ നോഹയോടു പറഞ്ഞു: “ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.” എന്നാൽ അവൻ നോഹയുമായി ഇങ്ങനെയൊരു ഉടമ്പടി അഥവാ കരാർ ചെയ്തു: “നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.” സകലതരം മൃഗങ്ങളിൽനിന്നും നിശ്ചിതയെണ്ണത്തെ വീതം നോഹ പെട്ടകത്തിൽ കയറ്റുകയും വേണമായിരുന്നു. പെട്ടകത്തിനുള്ളിൽ കടക്കുന്നവർക്കു മാത്രമേ വരാനിരിക്കുന്ന മഹാപ്രളയത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയുമായിരുന്നുള്ളൂ!—ഉല്പ. 6:17-20.
ദൈവകല്പന അനുസരിക്കുന്ന കാര്യത്തിൽ നോഹയും കുടുംബവും ഒറ്റക്കെട്ടായിരുന്നു
11, 12. നോഹയ്ക്ക് കൊടുത്ത ബൃഹത്തായ ജോലി എന്തായിരുന്നു, നോഹയുടെ പ്രതികരണം എങ്ങനെയായിരുന്നു?
11 അതിബൃഹത്തായൊരു നിർമാണപദ്ധതിയാണ് നോഹയുടെ മുമ്പിലുണ്ടായിരുന്നത്. ഭീമാകാരമായ ഒരു പെട്ടകം! നീളം ഏകദേശം 133 മീറ്റർ (437 അടി), വീതി 22 മീറ്റർ (73 അടി), ഉയരം 13 മീറ്റർ (44 അടി). ഇന്ന് കടൽയാത്രയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും വലിയ തടിക്കപ്പലുകളെക്കാളും വളരെ വലുപ്പമുള്ളതായിരുന്നു ഈ പെട്ടകം. ആകട്ടെ, വലിയ ഈ നിർമാണപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വെല്ലുവിളികളെയും തടസ്സങ്ങളെയും പറ്റി പരാതി പറഞ്ഞുകൊണ്ട് നോഹ പിന്മാറിക്കളഞ്ഞോ? അല്ലെങ്കിൽ, പണി എളുപ്പമാക്കാൻ കണക്കുകളിലും കാര്യങ്ങളിലും തന്റേതായ ചില ഭേദഗതികൾ അവൻ മുന്നോട്ടു വെച്ചോ? ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.”—ഉല്പ. 6:22.
12 പെട്ടകംപണി പൂർത്തിയാക്കാൻ പല പതിറ്റാണ്ടുകളെടുത്തു. ഒരുപക്ഷേ 40-ഓ 50-ഓ വർഷങ്ങൾ! മരങ്ങൾ വെട്ടിവീഴ്ത്തണം, തടി വലിച്ച് പണിസ്ഥലത്തു കൊണ്ടുവരണം, അവ ഉത്തരങ്ങളും തുലാങ്ങളും മറ്റുമായി അളവനുസരിച്ചു മുറിക്കണം, ചെത്തിമിനുക്കി ആകൃതി വരുത്തണം, തമ്മിൽ കൂട്ടിയിണക്കണം അങ്ങനെ ഒട്ടേറെ ജോലികൾ. പെട്ടകത്തിന് മൂന്നു നിലകൾ അഥവാ തട്ടുകൾ വേണമായിരുന്നു. അത് അനേകം മുറികളായി തിരിക്കണം, വശത്തായി ഒരു വാതിലും വേണം. മുകൾഭാഗത്ത് പല കിളിവാതിലുകൾ ഉണ്ടായിരുന്നിരിക്കാം. മേൽക്കൂരയിലെ വെള്ളം ഒഴുകിപ്പോകാൻവേണ്ടി മധ്യഭാഗം ലേശം ഉയർത്തിയും വശങ്ങൾ ചെരിച്ചും ആയിരിക്കാം നിർമിച്ചത്.—ഉല്പ. 6:14-16.
13. പെട്ടകനിർമാണത്തെക്കാൾ ഒരുപക്ഷേ ബുദ്ധിമുട്ടായ ഏതു കാര്യമാണ് നോഹയ്ക്ക് ചെയ്യാനുണ്ടായിരുന്നത്, ആളുകൾ എങ്ങനെയാണ് പ്രതികരിച്ചത്?
13 വർഷങ്ങൾ കടന്നുപോയി. പെട്ടകം ആകൃതി കൈവരിച്ചുതുടങ്ങി. ഇക്കാലമത്രയും കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതിൽ നോഹ എത്ര സന്തോഷിച്ചിട്ടുണ്ടാകും! നോഹയ്ക്ക് മറ്റൊരു കാര്യവും ഒപ്പം ചെയ്യേണ്ടതുണ്ടായിരുന്നു. അത് ഒരുപക്ഷേ പെട്ടകംപണിയെക്കാൾ വെല്ലുവിളിയായി അവന് തോന്നിയിരിക്കാം. നോഹ “നീതിപ്രസംഗി”യായിരുന്നു എന്നാണ് ബൈബിൾ നമ്മോടു പറയുന്നത്. (2 പത്രോസ് 2:5 വായിക്കുക.) ദുഷ്ടന്മാരും ഭക്തികെട്ടവരും ആയ ആ ജനങ്ങളോട് അവരെ കാത്തിരിക്കുന്ന മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ നോഹ ധൈര്യത്തോടെ മുന്നിട്ടിറങ്ങി എന്നാണ് അതു തെളിയിക്കുന്നത്. ജനങ്ങൾ എങ്ങനെ പ്രതികരിച്ചു? ആ കാലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ യേശു അവരെപ്പറ്റി ഇങ്ങനെ പറഞ്ഞു: “അവർ ഗൗനിച്ചതേയില്ല.” അതിന്റെ കാരണവും യേശു വിവരിക്കുന്നുണ്ട്. അനുദിനജീവിതകാര്യാദികളിൽ അവർ വല്ലാതെ മുഴുകിപ്പോയി. തിന്നുക, കുടിക്കുക, വിവാഹം കഴിക്കുക തുടങ്ങിയ സാധാരണകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചിരുന്ന അവർ നോഹയുടെ മുന്നറിയിപ്പ് ഗൗനിച്ചതേ ഇല്ലെന്നാണ് യേശു പറഞ്ഞത്. (മത്താ. 24:37-39) ഇവരിൽ മിക്കവരും നോഹയെയും കുടുംബാംഗങ്ങളെയും വല്ലാതെ പരിഹസിച്ചിട്ടുണ്ട്. ചിലർ അവനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടാകും. ചിലർ ഒരു പടികൂടി കടന്ന് പെട്ടകനിർമാണം അട്ടിമറിക്കാൻ ശ്രമിച്ചിട്ടുമുണ്ടാകാം.
നോഹയെ ദൈവം അനുഗ്രഹിക്കുന്നതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ആളുകൾ അവനെ പരിഹസിച്ചു, അവന്റെ സന്ദേശം അവഗണിച്ചു
14. ക്രിസ്തീയകുടുംബങ്ങൾക്ക് ഇക്കാലത്ത് നോഹയിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും എന്തു പഠിക്കാനുണ്ട്?
14 ഇതുകൊണ്ടൊന്നും നോഹയും കുടുംബവും പിന്മാറിയില്ല. അവർ ജോലിയുമായി മുന്നോട്ടുപോയി. അവരുടെ മുഖ്യ ജീവിതലക്ഷ്യമായിരുന്നു പെട്ടകനിർമാണം. എന്നാൽ ചുറ്റുമുള്ളവർ അതിനെ നോഹയ്ക്ക് പറ്റിയ ഒരു അബദ്ധമായി ചിത്രീകരിക്കുകയും തുച്ഛീകരിക്കുകയും മഹാവിഡ്ഢിത്തം എന്ന് മുദ്രകുത്തുകയും ചെയ്തു. എന്നിട്ടും അവർ കുലുങ്ങിയില്ല. ഇന്നത്തെ ക്രിസ്തീയകുടുംബങ്ങൾക്ക് നോഹയുടെയും കുടുംബത്തിന്റെയും വിശ്വാസത്തിൽനിന്ന് കുറെയേറെ പഠിക്കാനുണ്ട്. നമ്മൾ ജീവിക്കുന്നതുതന്നെ ‘അന്ത്യകാലത്താണ്,’ ഈ ദുഷ്ടലോകത്തിന്റെ അവസാനനാളുകളിൽ. (2 തിമൊ. 3:1) നമ്മുടെ ഈ കാലം, നോഹ പെട്ടകം പണിത ആ കാലംപോലെതന്നെ ആയിരിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തെ ചുറ്റുമുള്ള ലോകം പരിഹസിക്കുകയോ അതു ഘോഷിക്കുന്ന നമ്മെ നിസംഗതയോടെ കാണുകയോ ഉപദ്രവിക്കുകയോ ചെയ്യുമ്പോൾ ക്രിസ്ത്യാനികളായ നമ്മൾ നോഹയെ ഓർക്കുന്നതു നല്ലതാണ്. നമുക്കു മുമ്പേ ഇതെല്ലാം സഹിക്കേണ്ടിവന്നവനാണ് അവൻ!
‘പെട്ടകത്തിൽ കടക്കുക’
15. നോഹ 600-ാം വയസ്സിനോട് അടുക്കവെ അവന് എന്തെല്ലാം നഷ്ടങ്ങൾ ഉണ്ടായി?
15 ദശകങ്ങൾ കഴിഞ്ഞു. പെട്ടകത്തിന് ക്രമേണ അതിന്റെ പൂർണരൂപം കൈവന്നു. നോഹ അപ്പോൾ 600 വയസ്സിനോട് അടുക്കുകയായിരുന്നു. ഇതിനിടെ ചില വേർപാടുകളും വിയോഗങ്ങളും ഉണ്ടായി. നോഹയുടെ അപ്പനായ ലാമെക്ക് മരിച്ചു.b അഞ്ചു വർഷത്തിനു ശേഷം ലാമെക്കിന്റെ അപ്പൻ, അതായത് നോഹയുടെ മുത്തശ്ശൻ മെഥൂശലഹ് മരിച്ചു. അപ്പോൾ മെഥൂശലഹിന് 969 വയസ്സായിരുന്നു. ബൈബിൾചരിത്രമനുസരിച്ച് ഏറ്റവും കാലം ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യനാണ് മെഥൂശലഹ്. (ഉല്പ. 5:27) ആദ്യത്തെ മനുഷ്യനായ ആദാം ജീവിച്ചിരിക്കെത്തന്നെ ജനിച്ച് വളർന്നവരാണ് മെഥൂശലഹും ലാമെക്കും.
16, 17. (എ) 600-ാം വയസ്സിൽ നോഹയ്ക്ക് ഏത് പുതിയ സന്ദേശമാണ് ലഭിച്ചത്? (ബി) നോഹയും കുടുംബവും കണ്ട അവിസ്മരണീയകാഴ്ച വിവരിക്കുക.
16 അറുനൂറാം വയസ്സിൽ, ഗോത്രപിതാവായ നോഹയെ യഹോവ ഒരു പുതിയ സന്ദേശം അറിയിച്ചു: “നീ . . . സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക.” ഒപ്പം എല്ലാത്തരം മൃഗങ്ങളെയും പെട്ടകത്തിൽ കയറ്റാൻ ദൈവം നോഹയോട് ആവശ്യപ്പെട്ടു. യാഗം അർപ്പിക്കാൻ പറ്റുന്ന, ശുദ്ധിയുള്ളവയിൽനിന്ന് ഏഴേഴു വീതവും അല്ലാത്തവയിൽനിന്ന് ഈരണ്ടു വീതവും പെട്ടകത്തിൽ കയറ്റണമായിരുന്നു.—ഉല്പ. 7:1-3.
17 പിന്നെ കാണുന്നത് അത്യപൂർവവും അവിസ്മരണീയവും ആയ ഒരു കാഴ്ചയാണ്! ചക്രവാളസീമയിൽനിന്ന് കൂട്ടങ്ങളായി അവ പെട്ടകം ലക്ഷ്യമാക്കിവരുകയാണ്. അവ ആയിരങ്ങളുണ്ട്, ചിലർ നടന്ന്, ചിലർ പറന്ന്, ചിലർ ഇഴഞ്ഞ്, ചിലർ കൊച്ചുകൊച്ചു ചുവടുകൾവെച്ച് കുണുങ്ങിക്കുണുങ്ങി, ചിലർ അല്പം വലിഞ്ഞിഴഞ്ഞ് ആയാസപ്പെട്ട്. അമ്പരപ്പിക്കുംവിധം വൈവിധ്യമാർന്ന മൃഗജാലങ്ങൾ! പല വലുപ്പത്തിൽ, പല ആകൃതിയിൽ, പലപല ‘ഭാവങ്ങളിൽ!’ ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അടുത്ത ചിത്രം എന്താണ്? ഇവയെ എല്ലാം പെട്ടകത്തിനുള്ളിൽ കെട്ടിത്തിരിച്ച അതാതു സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള നോഹയുടെ ബദ്ധപ്പാട്, അതിനിടയിലെ കോലാഹലങ്ങൾ, ചിലരെ ശകാരിച്ച് ഉന്തിത്തള്ളി അകത്തേക്ക് കയറ്റിവിടാനുള്ള പാവം നോഹയുടെ കഷ്ടപ്പാട് ഇതൊക്കെയാണോ? പക്ഷേ സംഭവിച്ചത് അങ്ങനെയൊന്നുമല്ല. വിവരണം പറയുന്നു: “(അവ) നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.”—ഉല്പ. 7: 9.
18, 19. (എ) നോഹയുടെ വിവരണത്തിലെ സംഭവങ്ങൾ സംബന്ധിച്ച് സന്ദേഹവാദികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് നമുക്ക് എങ്ങനെ യുക്തിസഹമായി മറുപടി പറയാനാകും? (ബി) താൻ സൃഷ്ടിച്ച ജന്തുജാലങ്ങളെ രക്ഷിക്കാൻ യഹോവ തിരഞ്ഞെടുത്ത മാർഗം അവന്റെ ജ്ഞാനം വിളിച്ചോതുന്നത് എങ്ങനെ?
18 ചില സന്ദേഹവാദികൾ ഒരുപക്ഷേ ചോദിച്ചേക്കാം, ‘ഇങ്ങനെയൊക്കെ സംഭവിക്കുമോ? പരിമിതമായ ഒരു സ്ഥലത്ത് ഈ നാനാജാതി മൃഗങ്ങൾ എങ്ങനെ സമാധാനത്തിൽ കഴിഞ്ഞുകൂടും?’ എന്നാൽ ഇങ്ങനെയൊന്നു ചിന്തിക്കുക: ഈ മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവിന് താൻ സൃഷ്ടിച്ച മൃഗജാലങ്ങളെ ആവശ്യാനുസരണം മെരുക്കാനും ശാന്തരാക്കാനും ഉള്ള ശക്തിയില്ലാതിരിക്കുമോ? ഓർക്കുക, യഹോവയാണ് അവയുടെ സ്രഷ്ടാവ്. മാത്രമല്ല, കാലമേറെ കഴിഞ്ഞ് ഒരിക്കൽ അവൻ ചെങ്കടൽ വിഭജിച്ചു. മറ്റൊരിക്കൽ സൂര്യനെ നിശ്ചലമാക്കി. അങ്ങനെയുള്ള സർവശക്തനായ ദൈവത്തിന് നോഹയുടെ വിവരണത്തിലെ കാര്യങ്ങൾ ഓരോന്നും അനായാസം ചെയ്യാനാവില്ലേ? ഉറപ്പായും ചെയ്യാനാകും, അതാണ് അവൻ ചെയ്തതും.
19 ദൈവത്തിന് വേണമെങ്കിൽ താൻ സൃഷ്ടിച്ച മൃഗങ്ങളെ രക്ഷപ്പെടുത്താൻ മറ്റ് ഏതെങ്കിലും വഴി തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ആദിയിൽ ദൈവം ഭൂമിയിലെ സകലജീവജാലങ്ങളുടെയും പരിപാലനം മനുഷ്യനെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നു. ഈ ആദിമോദ്ദേശ്യപ്രകാരമുള്ള ഒരു മാർഗമാണ് പ്രളയസമയത്ത് ജീവജാലങ്ങളെ സംരക്ഷിക്കാൻ അവൻ തിരഞ്ഞെടുത്തത്. ഇത്, അവൻ മനുഷ്യനെ ഏൽപ്പിച്ച ഉത്തരവാദിത്വം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. (ഉല്പ. 1:28) ഇന്നുള്ള പല മാതാപിതാക്കളും നോഹയുടെ കഥയിലൂടെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഗുണപാഠമുണ്ട്: താൻ സൃഷ്ടിച്ച മൃഗങ്ങളെയും താൻ സൃഷ്ടിച്ച മനുഷ്യരെയും യഹോവ വിലയുള്ളവരായി കാണുന്നു എന്ന പാഠം.
20. പ്രളയത്തിനു തൊട്ടുമുമ്പുള്ള ആഴ്ച, നോഹയും കുടുംബവും ഏതെല്ലാം വിധത്തിൽ തിരക്കിലായിരുന്നിരിക്കാം?
20 പ്രളയം ഒരാഴ്ചയ്ക്കുള്ളിൽ വരുമെന്ന് യഹോവ നോഹയോടു പറഞ്ഞു. ആ കുടുംബത്തിന് അത് വളരെ തിരക്കേറിയ ഒരു സമയമായിരുന്നിരിക്കണം. മൃഗങ്ങളെ അതാതിന്റെ സ്ഥാനങ്ങളിൽ ആക്കണം, അവയ്ക്കു വേണ്ടുന്ന തീറ്റിയും മറ്റും ശേഖരിച്ചുവെക്കണം, കുടുംബത്തിനുവേണ്ട ആഹാരസാധനങ്ങൾ ക്രമീകരിച്ചുവെക്കണം, വീട്ടുസാധനങ്ങളെല്ലാം പെട്ടകത്തിനകത്ത് കയറ്റണം, അങ്ങനെ തിരക്കോടു തിരക്ക്. ഇതിനിടെ, പെട്ടകത്തിനകം വാസയോഗ്യവും സുഖകരവും ആയ ഒരു വസതിയാക്കി മാറ്റേണ്ടതുമുണ്ടായിരുന്നു. നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ചേർന്ന് ആ ജോലികളും തകൃതിയായി ചെയ്തിട്ടുണ്ടാകാം.
21, 22. (എ) നോഹയുടെ കാലത്തെ സമൂഹത്തിന്റെ നിസംഗതയിൽ നമുക്ക് അതിശയമില്ലാത്തത് എന്തുകൊണ്ട്? (ബി) നാട്ടുകാരുടെയും അയൽക്കാരുടെയും പരിഹാസം എപ്പോഴാണ് അവസാനിച്ചത്?
21 ചുറ്റുമുള്ള ജനങ്ങളോ? അവർ അപ്പോഴും ‘ഗൗനിച്ചതേ ഇല്ല.’ യഹോവ നോഹയെയും അവന്റെ ഓരോ ശ്രമങ്ങളെയും അനുഗ്രഹിക്കുന്നതിന്റെ അനവധിയായ തെളിവുകൾ കണ്ണാലെ കണ്ടിട്ടും അവർ കൂട്ടാക്കിയില്ല. ജന്തുജാലങ്ങൾ ഒരു ‘പ്രവാഹമായി’ വരുന്നതും പെട്ടകത്തിൽ കടക്കുന്നതും ഒന്നും അവർക്ക് കാണാതിരിക്കാൻ പറ്റുമായിരുന്നില്ല! അവരുടെ ഈ നിസംഗതയിൽ നമ്മൾക്ക് ഒട്ടും അതിശയം തോന്നേണ്ടതില്ല. കാരണം, നമ്മുടേതും അതുപോലൊരു കാലമാണ്. ഇത് ഈ ദുഷ്ടലോകത്തിന്റെ അവസാനനാളുകളാണ് എന്നതിന് തെളിവുകൾ അനവധിയാണ്. പക്ഷേ ആളുകൾ അത് ഗൗനിക്കുന്നുണ്ടോ? പത്രോസ് അപ്പൊസ്തലൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, “പരിഹാസികൾ പരിഹാസത്തോടെ” വന്നിരിക്കുകയാണ്. ദൈവത്തിന്റെ മുന്നറിയിപ്പുകൾ അനുസരിക്കുന്നവരെ ബുദ്ധിയില്ലാത്തവരും വിഡ്ഢികളും എന്ന് പരിഹസിക്കുകയാണ് അവർ. (2 പത്രോസ് 3:3-6 വായിക്കുക.) നോഹയെയും കുടുംബത്തെയും അവർ അങ്ങനെതന്നെ പരിഹസിച്ചു.
22 ആകട്ടെ, ആളുകൾ പരിഹാസം നിറുത്തിയത് എപ്പോഴായിരിക്കും? നോഹ തന്റെ കുടുംബത്തെയും മൃഗങ്ങളെയും പെട്ടകത്തിന് അകത്തു കയറ്റി സുരക്ഷിതരാക്കിയശേഷം, “യഹോവ വാതിൽ അടെച്ചു” എന്നു വിവരണം പറയുന്നു. ഏതെങ്കിലും പരിഹാസികൾ അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നെങ്കിൽ ആ ദിവ്യനടപടി അവരുടെ വായടച്ചിട്ടുണ്ടാകും! ഇനി അതുകൊണ്ടും തിരിച്ചറിയാത്തവരെ മഴ നിശ്ശബ്ദരാക്കി! ആകാശത്തുനിന്ന് ഭൂമിയിലേക്കു കോരിച്ചൊരിഞ്ഞ പേമാരി കണ്ട് അവർ സ്തബ്ധരായി നിന്നിട്ടുണ്ടാകും! ഭൂമിയെ പ്രകമ്പനം കൊള്ളിച്ച്, സർവചരാചരങ്ങളെയും വിറങ്ങലിപ്പിച്ച്, രാവും പകലും എന്നില്ലാതെ, ഇടമുറിയാതെ പെയ്യുന്ന പെരുമഴ! ഒടുവിൽ, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ സംഭവിച്ചു. പ്രളയജലം ഭൂമിയെ മൂടി!—ഉല്പ. 7:16-21.
23. (എ) നോഹയുടെ കാലത്തെ ദുഷ്ടന്മാരുടെ മരണത്തിൽ യഹോവയ്ക്ക് യാതൊരു സന്തോഷവും ഇല്ലായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ഇന്ന് നോഹയുടെ വിശ്വാസം അനുകരിക്കുന്നത് വിവേകമായിരിക്കുന്നത് എന്തുകൊണ്ട്?
23 ആ ദുഷ്ടമനുഷ്യർ മരിക്കുന്നത് യഹോവയ്ക്ക് ഇഷ്ടമായിരുന്നോ? ആയിരുന്നില്ല. (യെഹെ. 33:11) അവർക്ക് മാറ്റം വരുത്താനും ശരി ചെയ്യാനും അവൻ മതിയാവോളം അവസരം നൽകിയതിന്റെ അർഥം അതല്ലേ? ആകട്ടെ, മാറ്റം വരുത്താൻ അവർക്ക് കഴിയുമായിരുന്നോ? നോഹയുടെ ജീവിതം ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. യഹോവയോടൊപ്പം നടക്കുകയും എല്ലാ കാര്യങ്ങളിലും അവനെ അനുസരിക്കുകയും ചെയ്തുകൊണ്ട് നോഹ അത് തെളിയിച്ചു. അങ്ങനെ അവൻ തന്റെ വിശ്വാസത്താൽ ആ ലോകത്തെ കുറ്റംവിധിച്ചു; അവന്റെ വിശ്വാസം ആ തലമുറയുടെ ദുഷ്ടത പകൽപോലെ വ്യക്തമാക്കി. അവന്റെ വിശ്വാസം അവനെയും കുടുംബത്തെയും സംരക്ഷിച്ചു. നിങ്ങൾ നോഹയുടെ വിശ്വാസം അനുകരിക്കുക, അതുപോലുള്ള വിശ്വാസം വളർത്തിയെടുക്കുക, അത് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കും. നോഹയെപ്പോലെ നിങ്ങൾക്കും ഒരു സുഹൃത്തിനോടൊപ്പമെന്നപോലെ യഹോവയോടുകൂടെ നടക്കാനാകും. അത് ഒരിക്കലും അവസാനിക്കാത്ത ഒരു സ്നേഹബന്ധമായി പരിണമിക്കട്ടെ!
a അക്കാലത്ത് ആളുകൾക്ക് ഇന്നുള്ളവരെക്കാൾ ആയുർദൈർഘ്യം വളരെ കൂടുതലായിരുന്നു. അവർ പൂർണതയോട് കൂടുതൽ അടുത്തവരായിരുന്നു എന്നതായിരിക്കാം കാരണം. ആദാമും ഹവ്വായും ഒരിക്കൽ ആസ്വദിച്ചിരുന്ന പൂർണതയും അതിന്റെ അപാരമായ ഓജസ്സും കൈമോശം വന്നിട്ട് അപ്പോൾ ഏറെ നാളുകളായിരുന്നില്ല.
b ലാമെക്ക് തന്റെ പുത്രന് നോഹ എന്നു പേരിട്ടു. “വിശ്രമം” അല്ലെങ്കിൽ “ആശ്വാസം” എന്നായിരിക്കാം അതിന്റെ അർഥം. നോഹ അവന്റെ പേര് അർഥപൂർണമാക്കുമെന്ന് ലാമെക്ക് പ്രവചിച്ചിരുന്നു. അതായത്, ദൈവം ശപിച്ച ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തിൽനിന്ന് ഇവൻ മനുഷ്യവർഗത്തെ വിശ്രാമത്തിലേക്കു നയിക്കും എന്ന്. (ഉല്പ. 5:28, 29) ഈ പ്രവചനത്തിന്റെ നിവൃത്തി കാണാൻ ലാമെക്ക് ജീവിച്ചിരുന്നില്ല. നോഹയുടെ അമ്മയും സഹോദരന്മാരും സഹോദരിമാരും പ്രളയത്തിൽ നശിച്ചുപോയിരിക്കാം.