വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 41 പേ. 226-പേ. 229 ഖ. 1
  • സുഗ്രാഹ്യമായ സംസാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സുഗ്രാഹ്യമായ സംസാരം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • എളുപ്പം മനസ്സിലാകുന്ന വിധത്തിൽ
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത്‌
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 41 പേ. 226-പേ. 229 ഖ. 1

പാഠം 41

സുഗ്രാഹ്യമായ സംസാരം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങൾ പറയുന്ന കാര്യങ്ങളുടെ അർഥം മറ്റുള്ളവർക്ക്‌ എളുപ്പം ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ സംസാരിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

നിങ്ങൾ അവതരിപ്പിക്കുന്ന വിവര ങ്ങൾ ഗ്രഹിക്കാൻ എത്രയധികം എളുപ്പമാണോ, അത്രയധികം സദസ്സ്‌ അതിൽനിന്നു പ്രയോജനം അനുഭവിക്കും.

സംസാരിക്കുമ്പോൾ വിവരങ്ങൾ കേവലം അവതരിപ്പിക്കുന്നതിലുപരി, നിങ്ങൾ പറയുന്നതു കേൾവിക്കാർക്കു സുഗ്രാഹ്യമാക്കാൻ ശ്രമിക്കുക. സംസാരിക്കുന്നത്‌ സഭയോടായാലും സാക്ഷികൾ അല്ലാത്തവരോടായാലും, ഫലകരമായി ആശയവിനിമയം നടത്താൻ ഇതു നിങ്ങളെ സഹായിക്കും.

സുഗ്രാഹ്യമായ സംസാരത്തിനു നിരവധി വശങ്ങളുണ്ട്‌. അവയിൽ ചിലത്‌ “വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ” എന്ന 26-ാം പാഠത്തിലും മറ്റു ചിലത്‌ “മറ്റേ വ്യക്തിയിൽ താത്‌പര്യം പ്രകടമാക്കൽ” എന്ന 30-ാം പാഠത്തിലും ചർച്ച ചെയ്‌തിട്ടുണ്ട്‌. ഈ പാഠത്തിൽ കൂടുതലായ ഏതാനും ആശയങ്ങൾ നാം ചർച്ച ചെയ്യാൻ പോകുകയാണ്‌.

ലളിത പദങ്ങൾ, ലളിത ശൈലി. ലളിതമായ പദങ്ങളും ഹ്രസ്വമായ വാചകങ്ങളും ശക്തമായ ആശയവിനിമയ ഉപാധികൾ ആണ്‌. ആളുകൾ ഏതു തരക്കാരായിരുന്നാലും ഏതു ദേശത്തുള്ളവരായിരുന്നാലും അവർക്കു മനസ്സിലാക്കാൻ കഴിയുന്ന പ്രസംഗത്തിന്റെ ഒരു അത്യുത്‌കൃഷ്ട ഉദാഹരണമാണ്‌ യേശുവിന്റെ ഗിരിപ്രഭാഷണം. ആശയങ്ങൾ അവർക്കു പുതിയതായിരിക്കാം. എന്നാൽ, യേശു പറഞ്ഞത്‌ അവർക്കു മനസ്സിലാക്കാൻ കഴിയും. കാരണം അവൻ പ്രതിപാദിച്ചത്‌ എങ്ങനെ സന്തുഷ്ടരായിരിക്കാം, മറ്റുള്ളവരുമായുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം, ഉത്‌കണ്‌ഠയെ എങ്ങനെ തരണം ചെയ്യാം, ജീവിതത്തെ എങ്ങനെ അർഥപൂർണമാക്കാം തുടങ്ങി നമ്മെ എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളാണ്‌. കൂടാതെ അവൻ തന്റെ ആശയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു. (മത്താ. 5-7 അധ്യായങ്ങൾ) തീർച്ചയായും, വ്യത്യസ്‌ത ദൈർഘ്യവും ഘടനയും ഉള്ള നിരവധി വാചകങ്ങൾ ബൈബിളിലുണ്ട്‌. നിങ്ങളുടെ മുഖ്യ ലക്ഷ്യം ആശയങ്ങൾ വ്യക്തമായി, മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുക എന്നതായിരിക്കണം.

ഗഹനമായ വിവരങ്ങൾ ചർച്ച ചെയ്യുമ്പോൾ പോലും, ലളിതമായ ശൈലി ഉപയോഗിക്കുന്നത്‌ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകുന്നതിനു സഹായിക്കും. ലാളിത്യം എങ്ങനെ കൈവരിക്കാനാകും? അനാവശ്യമായ വിശദാംശങ്ങൾകൊണ്ടു സദസ്സിനെ വീർപ്പുമുട്ടിക്കാതിരിക്കുക. മുഖ്യ പോയിന്റുകളെ പിന്താങ്ങി അവയ്‌ക്കു പൂർണത കൈവരുത്തുന്ന വിധത്തിൽ വിവരങ്ങൾ ചിട്ടപ്പെടുത്താൻ ശ്രമിക്കുക. മുഖ്യ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ഒരു വാക്യത്തിൽനിന്നു മറ്റൊന്നിലേക്കു ധൃതിവെച്ചു കടക്കുന്നതിനു പകരം അവ വായിച്ചു ചർച്ച ചെയ്യുക. വാക്കുകളുടെ പെരുപ്പത്താൽ നല്ല ആശയങ്ങൾ മൂടിക്കളയരുത്‌.

ഒരു ഭവന ബൈബിളധ്യയനം നടത്തുമ്പോഴും ആ തത്ത്വങ്ങൾ തന്നെ ബാധകമാക്കുക. എല്ലാ വിശദാംശങ്ങളും വിവരിക്കാൻ ശ്രമിക്കരുത്‌. മുഖ്യ ആശയങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ വിദ്യാർഥിയെ സഹായിക്കുക. വിശദാംശങ്ങൾ, വ്യക്തിപരമായ പഠനത്തിലൂടെയും സഭായോഗങ്ങളിലൂടെയും അദ്ദേഹം പിന്നീടു മനസ്സിലാക്കിക്കൊള്ളും.

വിവരങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിന്‌ നല്ല തയ്യാറാകൽ ആവശ്യമാണ്‌. വിഷയം മറ്റുള്ളവർക്കു മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങൾതന്നെ അതു വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. നിങ്ങൾ ഒരു സംഗതി ശരിക്കും മനസ്സിലാക്കുമ്പോൾ അത്‌ അപ്രകാരം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്നതിന്റെ കാരണങ്ങൾ നൽകാൻ കഴിയും. അതു സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനും കഴിയും.

പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കുക. വിവരങ്ങൾ സുഗ്രാഹ്യമാക്കിത്തീർക്കുന്നതിന്‌ ചിലപ്പോൾ, സദസ്സിനു പരിചിതമല്ലാത്ത പദങ്ങളുടെ അർഥം വിശദീകരിക്കേണ്ടത്‌ ആവശ്യമായി വരുന്നു. നിങ്ങളുടെ സദസ്സിന്‌ യഥാർഥത്തിൽ ഉള്ളതിലും ഏറെ പരിജ്ഞാനം ഉള്ളതായി കരുതരുത്‌. അതേസമയം, അവരുടെ ബുദ്ധിശക്തിയെ താഴ്‌ത്തി മതിക്കുകയും അരുത്‌. ബൈബിൾ പഠനത്തിലൂടെ നിങ്ങൾക്കു സുപരിചിതമായിത്തീർന്നിരിക്കുന്ന ചില പദങ്ങൾ മറ്റുള്ളവർക്ക്‌ അപരിചിതമായിരുന്നേക്കാം. ഇവ ഉപയോഗിക്കുമ്പോൾ കുറച്ചൊരു വിശദീകരണം നൽകേണ്ടതുണ്ട്‌. അല്ലാത്തപക്ഷം യഹോവയുടെ സാക്ഷികളുമായി സഹവസിക്കാത്തവർക്ക്‌ ‘ശേഷിപ്പ്‌,’ “വിശ്വസ്‌തനും വിവേകിയുമായ അടിമ,” “വേറെ ആടുകൾ, “മഹാപുരുഷാരം” എന്നീ പ്രയോഗങ്ങൾ ആളുകളുടെ പ്രത്യേക കൂട്ടങ്ങളെ തിരിച്ചറിയിക്കുന്നു എന്നു മനസ്സിലാകില്ല. (റോമ. 11:5; മത്താ. 24:​45, NW; യോഹ. 10:16; വെളി. 7:9) സമാനമായി, യഹോവയുടെ സാക്ഷികളുടെ സംഘടനയുമായി പരിചിതനല്ലാത്തപക്ഷം ഒരു വ്യക്തിക്ക്‌ “പ്രസാധകൻ,” “പയനിയർ,” “സർക്കിട്ട്‌ മേൽവിചാരകൻ,” “സ്‌മാരകം” തുടങ്ങിയ പദങ്ങളുടെ അർഥം പിടികിട്ടിയെന്നു വരില്ല.

സാക്ഷികളല്ലാത്തവർ യഥേഷ്ടം ഉപയോഗിക്കുന്ന ചില ബൈബിൾ പദപ്രയോഗങ്ങൾക്കു പോലും കുറച്ചൊക്കെ വിശദീകരണം ആവശ്യമായി വന്നേക്കാം. “അർമഗെദോൻ” പലർക്കും ഒരു ന്യൂക്ലിയർ കൂട്ടക്കൊലയാണ്‌. അവർ “ദൈവരാജ്യ”ത്തെ ഗവൺമെന്റുമായി ബന്ധപ്പെടുത്തുന്നതിനു പകരം ഒരു വ്യക്തിയുടെ ഉള്ളിലെ അവസ്ഥയുമായോ സ്വർഗവുമായോ ബന്ധപ്പെടുത്തിയേക്കാം. “ആത്മാവ്‌” എന്നു കേൾക്കുമ്പോൾ, അത്‌ മനുഷ്യ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന എന്തോ ഒന്ന്‌ ആണെന്ന പൊതുവേയുള്ള ഒരു ധാരണ ആളുകളുടെ മനസ്സിലേക്കു വന്നേക്കാം. ദശലക്ഷക്കണക്കിന്‌ ആളുകളെ പഠിപ്പിച്ചിരിക്കുന്നത്‌ “പരിശുദ്ധാത്മാവ്‌” ഒരു വ്യക്തി, ത്രിത്വത്തിന്റെ ഭാഗം ആണെന്നാണ്‌. ഒട്ടേറെ ആളുകൾ ബൈബിളിന്റെ ധാർമിക സംഹിത ഉപേക്ഷിച്ചിരിക്കുന്നതിനാൽ, “ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടുവിൻ” എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌ എന്നുപോലും മനസ്സിലാക്കാൻ അവർക്കു സഹായം ആവശ്യമായിരുന്നേക്കാം.​—1 കൊരി. 6:⁠18.

ബൈബിൾ പതിവായി വായിക്കുന്ന ശീലം ഇല്ലാത്തവരോട്‌ “പൗലൊസ്‌ എഴുതി . . . ” അല്ലെങ്കിൽ “മത്തായി പറഞ്ഞു . . . ” എന്നു മാത്രം പറഞ്ഞാൽ, നിങ്ങൾ പറയുന്നത്‌ അവർ തെറ്റിദ്ധരിക്കാനിടയുണ്ട്‌. അവർക്ക്‌ ആ പേരുകളുള്ള സുഹൃത്തുക്കളോ അയൽക്കാരോ ഉണ്ടായിരുന്നേക്കാം. പൗലൊസിനെ ഒരു ക്രിസ്‌തീയ അപ്പൊസ്‌തലൻ ആയി അല്ലെങ്കിൽ മത്തായിയെ ഒരു ബൈബിൾ എഴുത്തുകാരൻ ആയി തിരിച്ചറിയിക്കുന്ന ഒരു പദപ്രയോഗം നിങ്ങൾ കൂട്ടത്തിൽ ചേർക്കേണ്ടതുണ്ടായിരിക്കാം.

പുരാതന കാലത്തെ അളവുകളോ ആചാരരീതികളോ ഉൾപ്പെടുന്ന തിരുവെഴുത്തുകൾ മനസ്സിലാക്കാൻ ആധുനികകാല സദസ്സുകൾക്കു മിക്കപ്പോഴും സഹായം ആവശ്യമാണ്‌. ഉദാഹരണത്തിന്‌, നോഹയുടെ പെട്ടകത്തിന്‌ മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു എന്ന പ്രസ്‌താവന കേട്ടാൽ അവർക്ക്‌ ഒന്നും മനസ്സിലായെന്നു വരില്ല. (ഉല്‌പ. 6:15) എന്നാൽ നിങ്ങളുടെ പ്രദേശത്തെ പരിചിതവും ശ്രദ്ധേയവുമായ ഒരു കെട്ടിടത്തിന്റെ അളവുകൾ ഉപയോഗിച്ച്‌ നിങ്ങൾ പെട്ടകത്തിന്റെ നീളവും വീതിയും ഉയരവും എത്രയെന്നു വിവരിക്കുന്നെങ്കിൽ, സദസ്സ്‌ പെട്ടെന്നുതന്നെ പെട്ടകത്തിന്റെ വലിപ്പം ഭാവനയിൽ കണ്ടുകൊള്ളും.

ആവശ്യമായ വിശദീകരണം നൽകുക. നിങ്ങളുടെ സദസ്സിന്‌ ഒരു സംഗതി വ്യക്തമാക്കി കൊടുക്കുന്നതിന്‌ ഒരു പ്രത്യേക പദത്തിന്റെ കൃത്യമായ നിർവചനം നൽകുന്നതിലധികം ആവശ്യമായിരുന്നേക്കാം. യെരൂശലേമിൽ എസ്രായുടെ കാലത്ത്‌ ന്യായപ്രമാണം വായിക്കുക മാത്രമല്ല, അതു വിശദീകരിക്കുകയും ചെയ്‌തിരുന്നു. അതിന്റെ അർഥം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌, ലേവ്യർ വ്യാഖ്യാനം നൽകിയതോടൊപ്പം അക്കാലത്ത്‌ ആളുകൾ അഭിമുഖീകരിച്ചിരുന്ന സാഹചര്യങ്ങളോടുള്ള ബന്ധത്തിൽ ന്യായപ്രമാണം എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കുകയും ചെയ്‌തു. (നെഹെ. 8:8, 12) സമാനമായ ഒരു വിധത്തിൽ, നിങ്ങൾ വായിക്കുന്ന തിരുവെഴുത്തുകൾ വിശദീകരിക്കാനും അവ എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കാനും സമയം എടുക്കുക.

തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു, സംഭവിച്ചു കഴിഞ്ഞ കാര്യങ്ങൾ തിരുവെഴുത്തുകളുടെ നിവൃത്തി ആയിരുന്നു എന്ന്‌ തന്റെ ശിഷ്യന്മാർക്കു വിശദീകരിച്ചു കൊടുത്തു. ആ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടവർ എന്ന നിലയിൽ അവർക്കുള്ള ഉത്തരവാദിത്വവും അവൻ ഊന്നിപ്പറഞ്ഞു. (ലൂക്കൊ. 24:44-48) പഠിച്ച കാര്യങ്ങൾ ആളുകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണമെന്നു കാണാൻ നിങ്ങൾ അവരെ സഹായിക്കുമ്പോൾ, അവ യഥാർഥത്തിൽ എന്ത്‌ അർഥമാക്കുന്നുവെന്ന്‌ അവർക്കു കൂടുതൽ എളുപ്പത്തിൽ മനസ്സിലാകും.

ഹൃദയം ഉൾപ്പെട്ടിരിക്കുന്ന വിധം. തീർച്ചയായും, നിങ്ങൾ നൽകുന്ന വിശദീകരണങ്ങൾ വ്യക്തമാണെങ്കിൽ പോലും മറ്റേ വ്യക്തിക്കു മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നതിനെ മറ്റു ഘടകങ്ങൾ സ്വാധീനിച്ചേക്കാം. ഒരു വ്യക്തിയുടെ ഹൃദയം സ്വീകാര്യക്ഷമം അല്ലാത്തപ്പോൾ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു തടസ്സമാകുന്നു. (മത്താ. 13:​13-15) ഭൗതിക കാഴ്‌ചപ്പാടിൽനിന്നു മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവർക്ക്‌ ആത്മീയ കാര്യങ്ങൾ ഭോഷത്തമാണ്‌. (1 കൊരി. 2:14) ഒരു വ്യക്തി അത്തരം ഒരു മനോഭാവം പ്രകടിപ്പിക്കുമ്പോൾ ചർച്ച അവസാനിപ്പിക്കുന്നത്‌ ബുദ്ധിയായിരുന്നേക്കാം, കുറഞ്ഞപക്ഷം തത്‌കാലത്തേക്കെങ്കിലും.

എങ്കിലും, ചിലരുടെ കാര്യത്തിൽ ഹൃദയത്തിനു പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നത്‌ ജീവിതത്തിലെ ദുഷ്‌കര സാഹചര്യങ്ങൾ നിമിത്തമാണ്‌. കുറെ നാൾ ബൈബിൾ സത്യം കേൾക്കാൻ അവസരം നൽകുന്ന പക്ഷം അത്തരക്കാരനായ ഒരാളുടെ ഹൃദയം സ്വീകാര്യക്ഷമത കൈവരിച്ചേക്കാം. ശത്രുക്കൾ തന്നെ തല്ലുകയും കൊല്ലുകയും ചെയ്യുമെന്നു യേശു പറഞ്ഞപ്പോൾ അവന്റെ അപ്പൊസ്‌തലന്മാർ അതു ഗ്രഹിച്ചില്ല. എന്തുകൊണ്ട്‌? അതായിരുന്നില്ല അവർ പ്രതീക്ഷിച്ചത്‌, തീർച്ചയായും അതായിരുന്നില്ല അവർ ആഗ്രഹിച്ചതും! (ലൂക്കൊ. 18:31-34) പക്ഷേ, കാലക്രമത്തിൽ ആ അപ്പൊസ്‌തലന്മാരിൽ 11 പേർക്ക്‌ കാര്യം മനസ്സിലായി. യേശു തങ്ങളെ പഠിപ്പിച്ചതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ അവർ അതു പ്രകടമാക്കുകയും ചെയ്‌തു.

നല്ല മാതൃകയുടെ സ്വാധീനം. നമ്മുടെ വാക്കുകൾ മാത്രമല്ല പ്രവൃത്തികളും കാര്യങ്ങൾ ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നു. രാജ്യഹാൾ ആദ്യമായി സന്ദർശിച്ചപ്പോൾ അവിടെ കേട്ട കാര്യങ്ങളല്ല, പിന്നെയോ കാണാൻ കഴിഞ്ഞ സ്‌നേഹം തങ്ങൾ ഓർക്കുന്നതായി പലരും അഭിപ്രായപ്പെടാറുണ്ട്‌. സമാനമായി, നാം പ്രകടമാക്കുന്ന സന്തോഷം ബൈബിൾ സത്യത്തോടു സ്വീകാര്യമനസ്‌കത കാട്ടാൻ പല വീട്ടുകാരെയും സഹായിച്ചിരിക്കുന്നു. യഹോവയുടെ ജനം അന്യോന്യം കാണിക്കുന്ന സ്‌നേഹദയയും പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോൾ മറ്റുള്ളവരോടുള്ള അവരുടെ ദയാപൂർവകമായ കരുതലും കണ്ടിട്ട്‌ ചിലർ സാക്ഷികളുടേതാണ്‌ സത്യമതം എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നു. അതുകൊണ്ട്‌ ബൈബിൾ സത്യം ഗ്രഹിക്കാൻ ആളുകളെ സഹായിക്കാൻ ശ്രമിക്കവേ, നിങ്ങൾ അത്‌ എങ്ങനെ വിശദീകരിക്കുന്നു എന്നതിനും എങ്ങനെയുള്ള മാതൃക വെക്കുന്നു എന്നതിനും ശ്രദ്ധ കൊടുക്കുക.

അത്‌ ചെയ്യാവുന്ന വിധം

  • മനസ്സിലാക്കാൻ എളുപ്പമുള്ള ഭാഷ ഉപയോഗിക്കുക; മുഖ്യ ആശയങ്ങൾ പറയാൻ ഹ്രസ്വമായ വാചകങ്ങൾ തിരഞ്ഞെടുക്കുക.

  • ഏതാനും മുഖ്യ പോയിന്റുകൾക്കു മാത്രം ഊന്നൽ നൽകുക.

  • നിങ്ങളുടെ സദസ്സിനു പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കുക.

  • തിരുവെഴുത്തുകൾ വിശദീകരിക്കാനും എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കാനും സമയമെടുക്കുക

  • നിങ്ങളുടെ മാതൃക നിങ്ങൾ സംസാരിക്കുന്ന വ്യക്തികളെ എങ്ങനെ സ്വാധീനിച്ചേക്കാമെന്നു പരിചിന്തിക്കുക.

അഭ്യാസം: ഈ ആഴ്‌ചത്തെ ഒരു സഭായോഗത്തിൽ കേട്ടാസ്വദിച്ച ഒരു കാര്യത്തെ കുറിച്ച്‌ സാക്ഷിയല്ലാത്ത ഒരു ബന്ധുവിനോടോ അയൽക്കാരനോടോ സഹജോലിക്കാരനോടോ സഹപാഠിയോടോ പറയാൻ ശ്രമിക്കുക. ആ വ്യക്തിക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള പദങ്ങൾ വിശദീകരിക്കുന്നു എന്ന്‌ ഉറപ്പു വരുത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക