പാഠം 46
പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ
തീർച്ചയായും നിങ്ങൾ ഉപയോഗിക്കുന്ന ഏതു ദൃഷ്ടാന്തവും ചർച്ച ചെയ്യുന്ന വിവരങ്ങളുമായി യോജിപ്പിലായിരിക്കേണ്ടത് പ്രധാനമാണ്. പക്ഷേ, അവ ഏറ്റവും ഫലകരമായിരിക്കുന്നതിന് അവ നിങ്ങളുടെ സദസ്സിനു ചേരുന്നത് ആയിരിക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്.
ഒരു കൂട്ടത്തിനു മുമ്പാകെ സംസാരിക്കുമ്പോൾ നിങ്ങൾ ഏതുതരം ദൃഷ്ടാന്തം ഉപയോഗിക്കണം എന്നതിനെ നിങ്ങളുടെ സദസ്സ് സ്വാധീനിച്ചേക്കാവുന്നത് എങ്ങനെ? യേശുക്രിസ്‌തു എന്താണു ചെയ്‌തത്? പുരുഷാരത്തോടു സംസാരിച്ചപ്പോഴും ശിഷ്യന്മാരോടു സംസാരിച്ചപ്പോഴും യേശു ഇസ്രായേലിനു വെളിയിലുള്ള നാടുകളിൽ മാത്രം കാണപ്പെടുന്ന ജീവിതരീതികളിൽനിന്നു ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുത്തില്ല. അത്തരം ദൃഷ്ടാന്തങ്ങൾ അവന്റെ സദസ്സിന് അപരിചിതമായിരിക്കുമായിരുന്നു. ഉദാഹരണത്തിന്, ഈജിപ്‌തിലെ രാജകുടുംബത്തിന്റെ ജീവിതരീതിയെ കുറിച്ചോ ഇന്ത്യയിലെ മതാചാരങ്ങളെ കുറിച്ചോ യേശു യാതൊന്നും പരാമർശിച്ചില്ല. എന്നിരുന്നാലും, എല്ലാ ദേശക്കാരും പൊതുവായി ഏർപ്പെട്ടിരുന്ന പ്രവർത്തനങ്ങളിൽ നിന്ന് അവൻ ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുക തന്നെ ചെയ്‌തു. വസ്‌ത്രം തുന്നുന്നതിനെയും വ്യാപാരം ചെയ്യുന്നതിനെയും വിലപ്പെട്ട ഒന്ന് കാണാതെ പോകുന്നതിനെയും കല്യാണത്തിൽ സംബന്ധിക്കുന്നതിനെയും കുറിച്ച് അവൻ പറഞ്ഞു. വ്യത്യസ്‌ത സാഹചര്യങ്ങളിൽ ആളുകൾ പ്രതികരിക്കുന്നത് എങ്ങനെയെന്ന് അവൻ മനസ്സിലാക്കി. ആ അറിവ് അവൻ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. (മർക്കൊ. 2:21; ലൂക്കൊ. 14:7-11; 15:8, 9; 19:15-23) യേശുവിന്റെ പരസ്യ പ്രസംഗവേല മുഖ്യമായും ഇസ്രായേൽ ജനത്തെ ലക്ഷ്യമാക്കിയുള്ളത് ആയിരുന്നതിനാൽ അവൻ തന്റെ ദൃഷ്ടാന്തങ്ങളിൽ അവരുടെ അനുദിന ജീവിതത്തിന്റെ ഭാഗമായിരുന്ന വസ്‌തുക്കളെയും പ്രവർത്തനങ്ങളെയും കുറിച്ചാണ് ഏറ്റവും കൂടുതലായി പരാമർശിച്ചത്. അങ്ങനെ അവൻ കൃഷിപ്പണിയെയും ആടുകൾ അവയുടെ ഇടയന്റെ ശബ്ദത്തോടു പ്രതികരിക്കുന്ന വിധത്തെയും വീഞ്ഞ് തുരുത്തിയിൽ (തോൽസഞ്ചിയിൽ) പകർന്നുവെക്കുന്നതിനെയും കുറിച്ചൊക്കെ പരാമർശിച്ചു. (മർക്കൊ. 2:22; 4:2-9; യോഹ. 10:1-5) പരിചിതമായ ചരിത്ര ദൃഷ്ടാന്തങ്ങളിലേക്കും അവൻ വിരൽചൂണ്ടി: ആദ്യ മനുഷ്യ ജോടിയുടെ സൃഷ്ടി, നോഹയുടെ കാലത്തെ ജലപ്രളയം, സൊദോമിന്റെയും ഗൊമോരയുടെയും നാശം, ലോത്തിന്റെ ഭാര്യയുടെ മരണം എന്നിവ അവയിൽ ചിലതു മാത്രമാണ്. (മത്താ. 10:15; 19:4-6; 24:37-39; ലൂക്കൊ. 17:32) ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളും അതുപോലെ നിങ്ങളുടെ സദസ്സിനു പരിചിതമായ പ്രവർത്തനങ്ങൾ ഏവയെന്നും അവരുടെ സാംസ്‌കാരിക പശ്ചാത്തലം എന്തെന്നും ശ്രദ്ധാപൂർവം പരിചിന്തിക്കാറുണ്ടോ?
നിങ്ങൾ സംസാരിക്കുന്നത് വലിയൊരു കൂട്ടത്തോടല്ല, പകരം ഒരു വ്യക്തിയോടോ ഒരുപക്ഷേ ഏതാനും ചില വ്യക്തികളോടോ മാത്രമാണെങ്കിലോ? ആ ചെറിയ സദസ്സിന് വിശേഷാൽ അനുയോജ്യമായ ഒരു ദൃഷ്ടാന്തം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. സുഖാറിനു സമീപമുള്ള ഒരു കിണറ്റിനരികെ വെച്ച് ഒരു ശമര്യസ്‌ത്രീയോട് സാക്ഷീകരിച്ചപ്പോൾ യേശു ‘ജീവനുള്ള വെള്ളത്തെ’ കുറിച്ചും ‘ഒരുനാളും ദാഹിക്കയില്ലാത്തതിനെ’ കുറിച്ചും ‘നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവിനെ’ കുറിച്ചും പറയുകയുണ്ടായി. അവയെല്ലാം ആ സ്‌ത്രീയുടെ ജോലിയുമായി നേരിട്ടു ബന്ധമുള്ള അർഥാലങ്കാരങ്ങൾ ആയിരുന്നു. (യോഹ. 4:7-15) വല കഴുകിക്കൊണ്ടിരുന്ന മുക്കുവന്മാരോടു സംസാരിച്ചപ്പോൾ അവൻ തിരഞ്ഞെടുത്ത അർഥാലങ്കാരം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. (ലൂക്കൊ. 5:2-11) അവർ ഒരു കാർഷിക മേഖലയിൽ പാർത്തിരുന്നതുകൊണ്ട് ആ രണ്ടു സന്ദർഭങ്ങളിലും അവന് കൃഷിയെ കുറിച്ചു പരാമർശിക്കാമായിരുന്നു. എന്നാൽ അവരുടെ വ്യക്തിപരമായ പ്രവർത്തനത്തെ കുറിച്ചു പരാമർശിച്ചത് അതിലും എത്രയോ ഫലപ്രദമായിരുന്നു! കാരണം അതിലൂടെ അവന് അവരുടെ മനസ്സിൽ ഒരു ചിത്രം ഉളവാക്കാൻ കഴിഞ്ഞു. അപ്രകാരം ചെയ്യാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
യേശു ‘യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളിലേക്ക്’ ശ്രദ്ധ തിരിച്ചപ്പോൾ അപ്പൊസ്‌തലനായ പൗലൊസ് അയയ്‌ക്കപ്പെട്ടത് ഇസ്രായേല്യരുടെ അടുത്തേക്കു മാത്രമല്ല, വിജാതീയരുടെ അടുത്തേക്കു കൂടിയാണ്. (മത്താ. 15:24; പ്രവൃ. 9:15) ഇത് പൗലൊസിന്റെ സംസാരരീതിയെ സ്വാധീനിച്ചോ? ഉവ്വ്. കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് എഴുതവേ, ആ വിജാതീയർക്കു പരിചിതമായ കാര്യങ്ങളായ ഓട്ടപ്പന്തയങ്ങളെയും വിഗ്രഹക്ഷേത്രങ്ങളിൽവെച്ച് ഭക്ഷണം കഴിക്കുന്ന രീതിയെയും ജയോത്സവ ഘോഷയാത്രകളെയും കുറിച്ച് അവൻ പരാമർശിച്ചു.—1 കൊരി. 8:1-10; 9:24, 25; 2 കൊരി. 2:14-16, NW.
മറ്റുള്ളവരെ പഠിപ്പിക്കുന്നതിനായി ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങൾ യേശുവിന്റെയും പൗലൊസിന്റെയും അത്ര ശ്രദ്ധയുള്ളവരാണോ? ശ്രോതാക്കളുടെ പശ്ചാത്തലവും അവർ അനുദിനം ഏർപ്പെടുന്ന പ്രവർത്തനങ്ങളും നിങ്ങൾ കണക്കിലെടുക്കുന്നുവോ? ഇന്നത്തെ ലോകം ഒന്നാം നൂറ്റാണ്ടിലേതിൽനിന്നു വളരെ മാറിയിരിക്കുന്നു എന്നതു ശരിതന്നെ. ടെലിവിഷനിലൂടെ ലോക വാർത്തകൾ അറിയാൻ ഇന്നു പലർക്കും സാധിക്കുന്നു. അന്യനാടുകളിലെ സ്ഥിതിവിശേഷങ്ങൾ പലപ്പോഴും അവർക്കു പരിചിതമാണ്. നിങ്ങളുടെ പ്രദേശത്തെ സാഹചര്യം അതാണെങ്കിൽ, ദൃഷ്ടാന്തങ്ങൾക്കായി അത്തരം വാർത്തകൾ ഉപയോഗിക്കുന്നതിൽ തീർച്ചയായും യാതൊരു കുഴപ്പവുമില്ല. എന്നിരുന്നാലും, സാധാരണഗതിയിൽ ആളുകളെ ഏറ്റവും ആഴത്തിൽ സ്‌പർശിക്കുക അവരുടെ വീട്, കുടുംബം, ജോലി, ഭക്ഷണം, സ്ഥലത്തെ കാലാവസ്ഥ തുടങ്ങി അവരുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
നിങ്ങൾ ഉപയോഗിക്കുന്ന ദൃഷ്ടാന്തത്തിന് വളരെയേറെ വിശദീകരണം ആവശ്യമായിരിക്കുന്നെങ്കിൽ, സദസ്സിന് പരിചിതമല്ലാത്ത ഒരു കാര്യത്തെ കുറിച്ചായിരിക്കാം നിങ്ങൾ സംസാരിക്കുന്നത്. അത്തരമൊരു ദൃഷ്ടാന്തം പഠിപ്പിക്കുന്ന പ്രധാന ആശയത്തെ മൂടിക്കളഞ്ഞേക്കാം. ഫലമോ? സദസ്സ് നിങ്ങളുടെ ദൃഷ്ടാന്തം ഓർത്തിരുന്നേക്കാമെങ്കിലും നിങ്ങൾ അറിയിക്കാൻ ശ്രമിക്കുന്ന തിരുവെഴുത്തു സത്യം മറന്നുപോയേക്കാം.
സങ്കീർണമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിനു പകരം, യേശു ലളിതവും സർവസാധാരണവുമായ കാര്യങ്ങളെ കുറിച്ചാണു പറഞ്ഞത്. വലിയ കാര്യങ്ങൾ വിശദീകരിക്കാൻ ചെറിയ കാര്യങ്ങളും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ ലളിതമായ കാര്യങ്ങളും അവൻ ഉപയോഗിച്ചു. നിത്യ സംഭവങ്ങളെ തിരുവെഴുത്തു സത്യങ്ങളുമായി ബന്ധിപ്പിക്കുക വഴി യേശു താൻ പഠിപ്പിക്കുന്ന തിരുവെഴുത്തു സത്യങ്ങളെ ആളുകൾക്ക് ഗ്രഹിക്കാനും ഓർത്തിരിക്കാനും എളുപ്പമുള്ളവ ആക്കിത്തീർത്തു. അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക!