വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 50 പേ. 258-പേ. 262 ഖ. 5
  • ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • വിദ്യാർഥികളുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാം
    2015 നമ്മുടെ രാജ്യശുശ്രൂഷ
  • പഠിപ്പിക്കൽ പ്രാപ്‌തി വികസിപ്പിക്കുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 50 പേ. 258-പേ. 262 ഖ. 5

പാഠം 50

ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ചർച്ച ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്‌ ആളുകൾക്ക്‌ എന്തു തോന്നുന്നു എന്നതു കണക്കിലെടുക്കുക. ദൈവത്തോട്‌ അടുത്ത്‌ അവന്റെ സ്‌നേഹിതരായിത്തീരാൻ ഇടയാക്കുന്ന വികാരങ്ങളും പ്രചോദന ഘടകങ്ങളും വളർത്തിയെടുക്കാൻ അവരെ സഹായിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

യഹോവയെ പ്രസാദിപ്പിക്കുന്നതിന്‌, ആളുകളുടെ ഹൃദയത്തിൽ ദൈവത്തിന്റെ വചനം ആഴത്തിൽ വേരുറയ്‌ക്കേണ്ടതുണ്ട്‌.

ആളുകൾക്കു സാക്ഷ്യം നൽകുന്നതിനു പുറമേ, അവരുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിക്കണം. ബൈബിൾ ഹൃദയത്തെ പലപ്പോഴും ഒരു വ്യക്തി പുറമേ കാണപ്പെടുന്നതിനു വിപരീതമായ ഒന്നായി ചിത്രീകരിക്കുന്നു. ആലങ്കാരിക ഹൃദയം ഒരു വ്യക്തി അകമേ എങ്ങനെയുള്ളവനാണ്‌ എന്നതിനെ​—അതായത്‌ അദ്ദേഹത്തിന്റെ വികാരങ്ങളെയും ചിന്തകളെയും അയാൾ അങ്ങനെ ചിന്തിക്കുന്നതിന്റെ കാരണത്തെയും ആ ചിന്തകൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന വിധത്തെയുമെല്ലാം​—പ്രതിനിധീകരിക്കുന്നു. ഈ ആലങ്കാരിക ഹൃദയത്തിലാണ്‌ സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെടുന്നത്‌. (മത്താ. 13:19) ദൈവത്തോടുള്ള അനുസരണം വളർന്നുവരേണ്ടതും ഈ ഹൃദയത്തിൽനിന്നു തന്നെയാണ്‌.​—സദൃ. 3:1; റോമ. 6:⁠17.

നിങ്ങളുടെ പഠിപ്പിക്കൽ അത്ര ആഴത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതിന്‌ ഈ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: (1) ശ്രോതാവിന്റെ ഹൃദയത്തെ ഇപ്പോൾത്തന്നെ എന്തെല്ലാമാണ്‌ സ്വാധീനിച്ചിരിക്കുന്നത്‌ എന്നു വിവേചിച്ചറിയുക. (2) സ്‌നേഹം, ദൈവഭയം തുടങ്ങിയ ശ്രേഷ്‌ഠ ഗുണങ്ങൾ ഊട്ടിയുറപ്പിക്കുക. (3) യഹോവയെ പൂർണമായി പ്രസാദിപ്പിക്കാൻ കഴിയുമാറ്‌ തന്റെ ആന്തരങ്ങളെ അപഗ്രഥിക്കാൻ നിങ്ങളുടെ ശ്രോതാവിനെ പ്രോത്സാഹിപ്പിക്കുക.

വിവേകം ഉപയോഗിക്കൽ. ആളുകൾ ഇതുവരെ സത്യം സ്വീകരിച്ചിട്ടില്ലാത്തതിന്റെ കാരണങ്ങൾ വ്യത്യസ്‌തമാണ്‌. ഒരു ഭവന ബൈബിളധ്യയനം നടത്തുമ്പോൾ നിങ്ങൾ മുൻവിധിയെ തകർത്ത്‌ വിദ്യാർഥി ധരിച്ചുവെച്ചിരിക്കുന്ന തെറ്റായ ആശയങ്ങളെ ഖണ്ഡിക്കാൻ വസ്‌തുതകൾ നൽകേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ തെളിവുകൾ നൽകിയാൽ മാത്രം മതിയായിരിക്കാം. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഒരു മനുഷ്യൻ എന്ന നിലയിൽ തനിക്ക്‌ ആത്മീയ ആവശ്യങ്ങൾ ഉണ്ടെന്ന്‌ ഈ വ്യക്തി ബോധവാനാണോ? അദ്ദേഹം ഇപ്പോൾത്തന്നെ എന്തൊക്കെ വിശ്വസിക്കുന്നുണ്ട്‌? അദ്ദേഹം വിശ്വസിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്‌? എന്തുകൊണ്ടാണ്‌ അദ്ദേഹം ആ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്‌? സത്യം അറിയുന്നതുമൂലം ഉണ്ടാകുന്ന ഉത്തരവാദിത്വങ്ങൾ കൈയേൽക്കുന്നതിൽനിന്ന്‌ അദ്ദേഹത്തെ തടഞ്ഞേക്കാവുന്ന ആഗ്രഹങ്ങളെ കീഴ്‌പെടുത്താൻ അദ്ദേഹത്തിനു സഹായം ആവശ്യമാണോ?’

ആളുകൾ ചില വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്തുക എല്ലായ്‌പോഴും എളുപ്പമല്ല. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” എന്ന്‌ സദൃശവാക്യങ്ങൾ 20:5 പറയുന്നു. ഒറ്റനോട്ടത്തിൽ പ്രകടമല്ലാത്തത്‌ ഗ്രഹിക്കാനുള്ള കഴിവാണ്‌ വിവേകം. ഇതിന്‌ സൂക്ഷ്‌മ നിരീക്ഷണവും കരുതൽ മനോഭാവവും ആവശ്യമാണ്‌.

എല്ലാ ആശയവിനിമയവും വാക്കുകൾ ഉപയോഗിച്ചുള്ളതല്ല. ഒരു പ്രത്യേക വിഷയം ഒരു വിദ്യാർഥിയുടെ മുഖഭാവത്തിലോ സ്വരത്തിലോ വ്യത്യാസം വരുത്തിയേക്കാം. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം അവൻ ജീവിതത്തിലെ പുതിയൊരു സ്വാധീനത്തോടു പ്രതികരിക്കുന്നതിന്റെ സൂചനയായിരിക്കാൻ ഇടയുണ്ടെന്ന്‌ നിങ്ങൾ മനസ്സിലാക്കും എന്നതിനു സംശയമില്ല. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്‌. ആന്തരിക വ്യക്തിയെ സംബന്ധിച്ചുള്ള സൂചനകളാണ്‌ അവ.

ശ്രദ്ധയോടെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഒരാളുടെ ഹൃദയത്തിലുള്ള കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: “. . . -നെ കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?” “. . .  സംബന്ധിച്ചു നിങ്ങൾക്ക്‌ ഇത്ര ബോധ്യം വരാൻ കാരണമെന്താണ്‌?” “. . .  സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?” എന്നാൽ, ഒരുപാടു ചോദ്യങ്ങൾ ചോദിച്ച്‌ ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. “ഞാൻ ഒരു കാര്യം ചോദിച്ചാൽ വിരോധമുണ്ടോ?” എന്നു നയപൂർവം ചോദിച്ചുകൊണ്ട്‌ നിങ്ങൾക്കു ചോദ്യങ്ങളിലേക്കു കടക്കാൻ കഴിഞ്ഞേക്കും. ഹൃദയത്തിൽ എന്താണ്‌ ഉള്ളതെന്നു കണ്ടുപിടിക്കുന്നത്‌ ശ്രമകരമായ ഒരു ജോലിയാണ്‌, അതു ധൃതിവെച്ചു ചെയ്യാനാകുന്ന ഒന്നല്ല. മിക്കപ്പോഴും, ഒരു വ്യക്തി തന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകണമെങ്കിൽ അയാൾക്കു നിങ്ങളിൽ വിശ്വാസം വളർന്നുവരേണ്ടതുണ്ട്‌. അതിനു കുറെനാൾ പിടിക്കും. ഇനി വ്യക്തിക്കു നിങ്ങളിൽ വിശ്വാസം വളർന്നുവന്നാൽത്തന്നെ നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പാലിക്കണം.​—1 പത്രൊ. 4:⁠15.

കേൾക്കുന്ന കാര്യങ്ങളോടു നിങ്ങൾ പ്രതികരിക്കുമ്പോഴും വിവേകം കാണിക്കേണ്ടത്‌ ആവശ്യമാണ്‌. ആളുകൾക്കു പ്രചോദനമേകാൻ സാധ്യതയുള്ളത്‌ ഏത്‌ ബൈബിളധിഷ്‌ഠിത വിവരങ്ങൾ ആയിരിക്കുമെന്നു നിർണയിക്കാൻ കഴിയത്തക്കവണ്ണം ആളുകളെ മനസ്സിലാക്കുക എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം എന്നത്‌ മനസ്സിൽപ്പിടിക്കുക. അവരുടെ കാഴ്‌ചപ്പാടുകളിലെ പിശകു തുറന്നു കാട്ടാനുള്ള ഏതൊരു പ്രവണതയെയും സത്വരം അടിച്ചമർത്തുക. പകരം, അവരുടെ വാക്കുകൾക്കു പിന്നിലെ വികാരങ്ങൾ വിവേചിച്ചറിയാൻ ജാഗ്രത കാട്ടുക. അങ്ങനെയാകുമ്പോൾ എങ്ങനെ പ്രതിവചിക്കണമെന്നു നിങ്ങൾ മനസ്സിലാക്കും; നിങ്ങളുടെ വിദ്യാർഥിയാണെങ്കിൽ, നിങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്ന്‌ അറിഞ്ഞ്‌, നിങ്ങൾ പറയുന്ന കാര്യങ്ങളെ കുറിച്ചു ഗൗരവമായി ചിന്തിക്കാൻ കൂടുതൽ ചായ്‌വു കാണിച്ചേക്കാം.​—സദൃ. 16:⁠23.

വലിയൊരു കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ പോലും നിങ്ങൾക്ക്‌ വ്യക്തികളെ ഒരു പരിധി വരെ പ്രചോദിപ്പിക്കാനാകും. നല്ല സദസ്യ സമ്പർക്കം നിലനിറുത്തുകയും സദസ്യരുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയും ഉത്തരം പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ പറയുന്നതിനെ കുറിച്ച്‌ ശ്രോതാക്കൾക്ക്‌ എന്തു തോന്നുന്നു എന്നതിന്റെ ഒരു ഏകദേശരൂപം നിങ്ങൾക്കു കിട്ടാനിടയുണ്ട്‌. നിങ്ങൾക്കു സദസ്സിനെ നന്നായി അറിയാമെങ്കിൽ, അവരുടെ സാഹചര്യങ്ങളോടു പരിഗണന പ്രകടമാക്കുക. ദൈവവചനം ഉപയോഗിച്ച്‌ സഭയിലുള്ളവരുമായി ന്യായവാദം ചെയ്യവേ സഭയുടെ മൊത്തത്തിലുള്ള മനോഭാവം കണക്കിലെടുക്കുക.​—ഗലാ. 6:⁠18.

പ്രയോജനകരമായ വികാരങ്ങൾ ഉണർത്തൽ. ഒരു വ്യക്തി എന്തൊക്കെ വിശ്വസിക്കുന്നുവെന്നും വിശ്വസിക്കുന്നില്ലെന്നും അത്‌ എന്തുകൊണ്ടാണെന്നും കുറെയൊക്കെ ഗ്രാഹ്യം ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക്‌ അതിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള ചർച്ച നടത്താൻ കഴിയും. തന്റെ പുനരുത്ഥാന ശേഷം യേശു, ആയിടെ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ “തിരുവെഴുത്തുകളെ തെളിയി”ച്ചു കൊടുത്തുകൊണ്ട്‌ തന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ എത്തിച്ചേർന്നു. (ലൂക്കൊ. 24:32) നിങ്ങളും, ഒരു വ്യക്തിയുടെ ജീവിതാനുഭവം, അദ്ദേഹത്തിന്റെ ആശകൾ, അദ്ദേഹം ദൈവവചനത്തിൽ കാണുന്ന കാര്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം കാണിച്ചുകൊടുക്കാൻ യത്‌നിക്കേണ്ടതുണ്ട്‌. “ഇതാണ്‌ സത്യം!” എന്ന്‌ ഒരു വിദ്യാർഥി വ്യക്തമായി തിരിച്ചറിയുമ്പോൾ, ആ തിരിച്ചറിവ്‌ അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രയോജനകരമായ ഒരു വിധത്തിൽ സ്‌പർശിക്കും.

യഹോവയുടെ നന്മ, സ്‌നേഹം, അനർഹദയ, അവന്റെ വഴികളുടെ ഔചിത്യം എന്നിവയൊക്കെ എടുത്തുകാട്ടുന്നതിലൂടെ ദൈവത്തോട്‌ സ്‌നേഹം വളർത്തിയെടുക്കാൻ നിങ്ങൾ വിദ്യാർഥികളെ സഹായിക്കുകയാണു ചെയ്യുന്നത്‌. വ്യക്തികളെന്ന നിലയിൽ നിങ്ങളുടെ ശ്രോതാക്കൾ ഓരോരുത്തരിലും ദൈവം കാണുന്ന ഉത്തമ ഗുണങ്ങളെ കുറിച്ച്‌ അവർക്കു പറഞ്ഞുകൊടുക്കാൻ സമയമെടുക്കുമ്പോൾ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കുക സാധ്യമാണെന്നു വിശ്വസിക്കാനുള്ള കാരണം നിങ്ങൾ അവർക്കു നൽകുന്നു. സങ്കീർത്തനം 139:1-3, ലൂക്കൊസ്‌ 21:1-4, യോഹന്നാൻ 6:44 എന്നിവ പോലുള്ള വാക്യങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുന്നതിലൂടെയും തന്റെ വിശ്വസ്‌ത ദാസന്മാരോടുള്ള യഹോവയുടെ സ്‌നേഹബന്ധത്തിന്റെ ആഴം വിലമതിക്കാൻ ശ്രോതാക്കളെ സഹായിക്കുന്നതിലൂടെയും ഇതു ചെയ്യാൻ കഴിയും. (റോമ. 8:38, 39) യഹോവ നമ്മുടെ തെറ്റുകൾക്ക്‌ ഉപരിയായി, നമ്മുടെ മുഴു ജീവിതഗതിയും സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്‌ണതയും അവന്റെ നാമത്തോടുള്ള സ്‌നേഹവും കാണുന്നുവെന്നു വിശദീകരിക്കുക. (2 ദിന. 19:2, 3; എബ്രാ. 6:10) നമ്മുടെ ഘടനയിലെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും ഓർത്തിരിക്കുന്ന അവൻ ‘കല്ലറകളിൽ ഉള്ള എല്ലാവരെയും’ അത്ഭുതകരമായ ഒരു വിധത്തിൽ ജീവനിലേക്കു തിരികെ കൊണ്ടുവരും. (യോഹ. 5:28, 29; ലൂക്കൊ. 12:6, 7) മനുഷ്യർ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാകയാൽ അവന്റെ ഗുണങ്ങളെ കുറിച്ചുള്ള ഒരു ചർച്ച മിക്കപ്പോഴും വ്യക്തിയിൽ ഹൃദയംഗമമായ ഒരു പ്രതികരണം ഉളവാക്കും.​—ഉല്‌പ. 1:⁠27, NW.

ഒരു വ്യക്തി, യഹോവ വീക്ഷിക്കുന്ന അതേ വിധത്തിൽ മറ്റുള്ളവരെ വീക്ഷിക്കാൻ പഠിക്കുമ്പോഴും അയാളുടെ ഹൃദയം സ്‌പർശിക്കപ്പെട്ടേക്കാം. ദൈവം വ്യക്തികളെന്ന നിലയിൽ നമ്മോട്‌ ആർദ്രമായ പരിഗണന കാണിക്കുന്നെങ്കിൽ പശ്ചാത്തലമോ ദേശമോ വർഗമോ നോക്കാതെ മറ്റുള്ളവരോടും അവൻ അതേ പരിഗണന കാണിക്കുന്നു എന്നു ചിന്തിക്കുന്നത്‌ യുക്തിസഹമാണ്‌. (പ്രവൃ. 10:34, 35) ആ ഗ്രാഹ്യത്തിലെത്തിച്ചേർന്നാൽ പിന്നെ ഹൃദയത്തിൽനിന്നു വിദ്വേഷവും മുൻവിധിയും പിഴുതെറിയാൻ ഒരു വ്യക്തിക്ക്‌ ഉറച്ച തിരുവെഴുത്ത്‌ അടിസ്ഥാനം ഉണ്ടായിരിക്കും. ദൈവഹിതം ചെയ്യാൻ പഠിക്കവേ മറ്റുള്ളവരുമായി സമാധാനത്തിൽ വർത്തിക്കാൻ ഇത്‌ അദ്ദേഹത്തെ പ്രാപ്‌തനാക്കും.

നട്ടുവളർത്തേണ്ട മറ്റൊരു വികാരമാണ്‌ ദൈവിക ഭയം, അതിനും നിങ്ങൾ മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ട്‌. (സങ്കീ. 111:​10, NW; വെളി. 14:6, 7) അത്തരം ആഴമായ ഭക്ത്യാദരവിന്‌ അല്ലെങ്കിൽ ദൈവഭയത്തിന്‌ സ്വന്തം ശക്തിയാൽ സാധ്യമല്ലാത്തത്‌ സാധിക്കാൻ ഒരു വ്യക്തിയെ പ്രചോദിപ്പിക്കാനാകും. യഹോവയുടെ ഭയാദരണീയമായ പ്രവൃത്തികളെ കുറിച്ചും അവന്റെ അസാധാരണമായ സ്‌നേഹദയയെ കുറിച്ചും ചർച്ച ചെയ്യുന്നതിലൂടെ, അവന്‌ അപ്രിയം ജനിപ്പിക്കാതിരിക്കുന്നതിനുള്ള ആരോഗ്യാവഹമായ ഭയം വളർത്തിയെടുക്കാൻ നിങ്ങൾക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയും.​—സങ്കീ. 66:5; യിരെ. 32:​40, NW.

തങ്ങളുടെ നടത്ത യഹോവയ്‌ക്കു പ്രധാനമാണെന്ന്‌ ശ്രോതാക്കൾ മനസ്സിലാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക. അവനു വികാരങ്ങളുണ്ട്‌. അവന്റെ മാർഗനിർദേശത്തോടുള്ള നമ്മുടെ പ്രതികരണത്തിലൂടെ നമുക്ക്‌ അവനെ ദുഃഖിപ്പിക്കാനോ സന്തോഷിപ്പിക്കാനോ കഴിയും. (സങ്കീ. 78:40-43) ദൈവത്തോടുള്ള സാത്താന്റെ വെല്ലുവിളിക്ക്‌ ഉത്തരം കൊടുക്കുന്നതിൽ അവരുടെ വ്യക്തിപരമായ നടത്ത പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ ആളുകൾക്കു കാണിച്ചുകൊടുക്കുക.​—സദൃ. 27:⁠11.

ദൈവത്തിന്റെ നിബന്ധനകൾ പാലിക്കുന്നത്‌ തങ്ങൾക്കു പ്രയോജനം ചെയ്യുന്നുവെന്നു കാണാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കുക. (യെശ. 48:17) ഇതിനുള്ള ഒരു മാർഗം, ദൈവത്തിന്റെ ജ്ഞാനം ക്ഷണനേരത്തേക്കുപോലും നിരസിക്കുന്നതിന്റെ ശാരീരികവും വൈകാരികവുമായ ഭവിഷ്യത്തുകൾ ചൂണ്ടിക്കാണിക്കുക എന്നതാണ്‌. പാപം ദൈവത്തിൽനിന്നു നമ്മെ അകറ്റുന്നത്‌ എങ്ങനെ, നമ്മിൽനിന്നു സത്യം പഠിക്കാനുള്ള അവസരം മറ്റുള്ളവർക്കു നിഷേധിക്കുന്നത്‌ എങ്ങനെ, അതുമല്ലെങ്കിൽ അവരുടെ അവകാശങ്ങളിൽ കൈകടത്തുന്നത്‌ എങ്ങനെ എന്നെല്ലാം വിശദീകരിക്കുക. (1 തെസ്സ. 4:​6, NW) ദൈവനിയമങ്ങൾ പാലിച്ചതിന്റെ ഫലമായി സദസ്യർ ഇപ്പോൾത്തന്നെ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ അമൂല്യമായി വീക്ഷിക്കാൻ അവരെ സഹായിക്കുക. യഹോവയുടെ നീതിമാർഗങ്ങളിൽ നടക്കുന്നത്‌ വളരെയേറെ അനർഥങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു എന്ന വസ്‌തുതയോടുള്ള അവരുടെ വിലമതിപ്പു വർധിപ്പിക്കുക. ഒരു വ്യക്തിക്കു ദൈവിക വഴികളുടെ ജ്ഞാനത്തിൽ വിശ്വാസം ഉണ്ടായിക്കഴിഞ്ഞാൽ അവയ്‌ക്ക്‌ വിപരീതമായ എല്ലാ മാർഗത്തോടും അദ്ദേഹത്തിനു വെറുപ്പു തോന്നും. (സങ്കീ. 119:104) അപ്പോൾ ഒരു വ്യക്തിയെന്ന നിലയിൽ യഹോവയോടു സ്‌നേഹഭക്തി കാണിക്കാനുള്ള ഒരു മാർഗമായിട്ടായിരിക്കും അനുസരണത്തെ അദ്ദേഹം കാണുക, അല്ലാതെ ഒരു ഭാരമായിട്ടായിരിക്കില്ല.

ഒരു പരിശോധന നടത്താൻ മറ്റുള്ളവരെ സഹായിക്കൽ. ആത്മീയ വളർച്ച തുടരുന്നതിന്‌ ആളുകൾ സ്വന്ത ഹൃദയത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കി അവയോടു പ്രതികരിക്കേണ്ടതുണ്ട്‌. ഇതു ചെയ്യാൻ ബൈബിളിന്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു വിശദീകരിക്കുക.

ബൈബിളിൽ കൽപ്പനകളും ബുദ്ധിയുപദേശങ്ങളും ചരിത്ര സംഭവങ്ങളും പ്രവചനങ്ങളും മാത്രമല്ല അടങ്ങിയിരിക്കുന്നത്‌ എന്നു മനസ്സിലാക്കാൻ ശ്രോതാക്കളെ സഹായിക്കുക. അതു ദൈവത്തിന്റെ ചിന്താഗതിയും വെളിപ്പെടുത്തുന്നു. യാക്കോബ്‌ 1:22-25-ൽ ദൈവവചനത്തെ ഒരു കണ്ണാടിയോട്‌ ഉപമിച്ചിരിക്കുന്നു. ബൈബിൾ പറയുന്ന കാര്യങ്ങളോടും യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന വിധത്തോടും ഉള്ള നമ്മുടെ പ്രതികരണം നമ്മുടെ മനോഭാവത്തെ തുറന്നുകാട്ടുന്നു. ഈ വിധത്തിൽ ബൈബിൾ സന്ദേശം, നമ്മുടെ ഹൃദയത്തിൽ എന്താണ്‌ ഉള്ളതെന്നു വെളിപ്പെടുത്തുന്നു. അങ്ങനെ അത്‌, ‘ഹൃദയങ്ങളെ ശോധന ചെയ്യുന്നവനായ’ ദൈവം നമ്മെ കാണുന്നത്‌ എങ്ങനെയെന്നു വ്യക്തമാക്കുന്നു. (സദൃ. 17:3) ഇതു മനസ്സിൽ പിടിക്കാൻ നിങ്ങളുടെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുക. ബൈബിളിൽ ദൈവം നമുക്കായി പരിരക്ഷിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ചും അവനെ അധികം പ്രസാദിപ്പിക്കാനായി തങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പര്യാലോചിക്കാൻ അവരെ പ്രേരിപ്പിക്കുക. “ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും” യഹോവ എങ്ങനെ വിലയിരുത്തുന്നു എന്ന്‌ അറിയാനുള്ള ഒരു മാർഗമായി ബൈബിൾ വായനയെ കാണാൻ അവരെ സഹായിക്കുക. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ യഹോവയുമായി സഹകരിച്ചു പ്രവർത്തിക്കാൻ അത്‌ അവരെ സഹായിക്കും.​—എബ്രാ. 4:12; റോമ. 15:⁠4.

ചില ബൈബിൾ വിദ്യാർഥികൾ പഠിക്കുന്ന കാര്യങ്ങളനുസരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം; എന്നാൽ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്ത അവരെ അലട്ടുന്നു. തീവ്രമായ ചില ജഡിക മോഹങ്ങളുമായി അവർ മല്ലിടുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ ദൈവത്തെ സേവിക്കുമ്പോൾത്തന്നെ ലോകാചാരങ്ങളോടുള്ള മമതയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവരാകാം അവർ. ഇങ്ങനെ രണ്ടു തോണിയിൽ കാൽ വെക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുക. (1 രാജാ. 18:21) ഹൃദയത്തെ പരിശോധിക്കാനും ശുദ്ധീകരിക്കാനുമായി ദൈവത്തോടു പ്രാർഥിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.​—സങ്കീ. 26:​2, NW; 139:23, 24.

യഹോവ അവരുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കുന്നുണ്ടെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണെന്ന്‌ ബൈബിൾ വിശദീകരിക്കുന്നുണ്ടെന്നും അവർക്കു കാണിച്ചുകൊടുക്കുക. (റോമ. 7:22, 23) അപൂർണ ഹൃദയത്തിന്റെ ചായ്‌വുകൾ തങ്ങളെ ഭരിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ അവരെ സഹായിക്കുക.​—സദൃ. 3:5, 6; 28:26; യിരെ. 17:9, 10.

സ്വന്തം പ്രവൃത്തികൾക്കു പിന്നിലെ ആന്തരങ്ങൾ അപഗ്രഥിച്ചുനോക്കാൻ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുക. സ്വയം ഇങ്ങനെ ചോദിക്കാൻ ഒരുവനെ പഠിപ്പിക്കുക: ‘ഞാൻ ഇതു ചെയ്യാൻ ഇഷ്ടപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവ എനിക്കായി ചെയ്‌തിട്ടുള്ള എല്ലാറ്റിനെയും ഞാൻ യഥാർഥത്തിൽ വിലമതിക്കുന്നുവെന്ന്‌ അത്‌ യഹോവയ്‌ക്കു കാണിച്ചു കൊടുക്കുമോ?’ ഒരുവന്‌ ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്‌ യഹോവയുമായുള്ള ഒരു അംഗീകൃത ബന്ധമാണെന്ന ബോധ്യത്തെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുക.

യഹോവയെ “പൂർണ്ണഹൃദയ”ത്തോടെ സേവിക്കുന്നതിന്റെ അർഥം ഗ്രഹിക്കാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കുക. (ലൂക്കൊ. 10:27) അവരുടെ സകല വികാരങ്ങളും ആഗ്രഹങ്ങളും ആന്തരങ്ങളും യഹോവയുടെ വഴികൾക്കു ചേർച്ചയിൽ കൊണ്ടുവരണം എന്നാണ്‌ ഇതിന്റെ അർഥം. അതുകൊണ്ട്‌ തങ്ങളുടെ പ്രവൃത്തികൾ മാത്രമല്ല, ദൈവത്തിന്റെ നിബന്ധനകളെ കുറിച്ചുള്ള തങ്ങളുടെ വികാരങ്ങളും അവനെ സേവിക്കുന്നതിലുള്ള തങ്ങളുടെ ആന്തരങ്ങളും കൂടെ അപഗ്രഥിച്ചുനോക്കാൻ നിങ്ങളുടെ ശ്രോതാക്കളെ പഠിപ്പിക്കുക. (സങ്കീ. 37:4) നിങ്ങളുടെ വിദ്യാർഥികൾ തങ്ങൾക്കു പുരോഗതി ആവശ്യമായ മേഖലകൾ തിരിച്ചറിയുമ്പോൾ “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്നു യഹോവയോടു പ്രാർഥിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.​—സങ്കീ. 86:⁠11.

ഒരു വിദ്യാർഥി യഹോവയുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുമ്പോൾ വിശ്വാസത്തിന്റെ ഫലമായിട്ടായിരിക്കും അദ്ദേഹം ദൈവത്തെ അനുസരിക്കുക. അല്ലാതെ കേവലം നിങ്ങൾ പറയുന്നതുകൊണ്ട്‌ ആയിരിക്കില്ല. അപ്പോൾ അദ്ദേഹം തന്നെത്താൻ ‘കർത്താവിനു പ്രസാദമായതു എന്തെന്നു പരിശോധിക്കുന്നതിൽ’ തുടർന്നുകൊള്ളും. (എഫെ. 5:9; ഫിലി. 2:​12, NW) അത്തരം ഹൃദയംഗമമായ അനുസരണം യഹോവയെ സന്തോഷിപ്പിക്കുന്നു.​—സദൃ. 23:⁠15.

യഹോവയാണ്‌ ഹൃദയങ്ങളെ തൂക്കിനോക്കുകയും താനുമായുള്ള ഒരു ബന്ധത്തിലേക്ക്‌ ആളുകളെ ആകർഷിക്കുകയും ചെയ്യുന്നതെന്ന കാര്യം മനസ്സിൽപ്പിടിക്കുക. (സദൃ. 21:2; യോഹ. 6:44) സഹകരിക്കുക എന്നതാണു നമ്മുടെ ധർമം. (1 കൊരി. 3:9) നമ്മൾ “വഴി ദൈവം . . . അഭ്യർഥിക്കുന്ന”തുപോലെയാണ്‌ അത്‌. (2 കൊരിന്ത്യർ 5:​20, പി.ഒ.സി. ബൈ.; പ്രവൃ. 16:14) സത്യം സ്വീകരിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല, എന്നാൽ നാം തിരുവെഴുത്തുകൾ ഉപയോഗിക്കുമ്പോൾ കേൾക്കുന്ന കാര്യങ്ങൾ തങ്ങളുടെ ചോദ്യങ്ങൾക്ക്‌ അല്ലെങ്കിൽ പ്രാർഥനകൾക്ക്‌ ഉള്ള ഉത്തരമാണെന്ന്‌ നമ്മുടെ ശ്രോതാക്കൾ തിരിച്ചറിയാൻ അവൻ ഇടയാക്കിയേക്കാം. ഇക്കാര്യം മനസ്സിൽ വെച്ചുകൊണ്ടു വേണം പഠിപ്പിക്കാനുള്ള ഏത്‌ അവസരത്തെയും സമീപിക്കാൻ. കൂടാതെ, യഹോവയുടെ മാർഗനിർദേശത്തിനും സഹായത്തിനുമായി അവനോടു മുട്ടിപ്പായി അപേക്ഷിക്കുകയും ചെയ്യുക.​—1 ദിന. 29:18, 19; എഫെ. 1:16-18.

മെച്ചപ്പെടാവുന്ന വിധം

  • ആത്മാർഥ സ്‌നേഹം പ്രകടിപ്പിക്കുക.

  • നിങ്ങളുടെ ശ്രോതാവിന്റെ ഹൃദയത്തെ സ്വാധീനിച്ചിരിക്കുന്നത്‌ എന്തെന്നു വിവേചിച്ചറിയുക.

  • യഹോവയുടെ അത്ഭുതകരമായ ഗുണങ്ങൾ എടുത്തുകാട്ടുക.

  • തങ്ങളുടെ ആന്തരങ്ങളെ എങ്ങനെ അപഗ്രഥിച്ച്‌ ശുദ്ധീകരിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ ശ്രോതാക്കളെ സഹായിക്കുക.

അഭ്യാസങ്ങൾ: (1) മത്തായി 6:21 വായിച്ച്‌ ആ വാക്യം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ബാധകമാകുന്നുവെന്നു വിശകലനം ചെയ്യുക. 19-ഉം 20-ഉം വാക്യങ്ങൾ കൂടി വായിക്കുക. എന്നിട്ട്‌ നിങ്ങളുടെ ഹൃദയം എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നുവെന്നു പരിചിന്തിക്കുക. (2) യഹോവയെ സേവിച്ചു തുടങ്ങാൻ നിങ്ങളെ പ്രചോദിപ്പിച്ചത്‌ എന്തെന്ന്‌ അപഗ്രഥിക്കുക. നിങ്ങളെ ഇപ്പോൾ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌? യഹോവയെ പ്രസാദിപ്പിക്കുന്ന ഏതെല്ലാം പ്രചോദക ഘടകങ്ങളെ ശക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക