ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മാർച്ച് 6-12
ദൈവവചനത്തിലെ നിധികൾ|യിരെമ്യ 1–4
“നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്”
(യിരെമ്യ 1:7-10) അപ്പോൾ യഹോവ പറഞ്ഞു: “‘ഞാൻ വെറുമൊരു കുട്ടിയാണ്’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്നവരുടെ അടുത്തെല്ലാം നീ പോകണം; ഞാൻ കല്പിക്കുന്നതെല്ലാം നീ പറയണം. അവരെ കണ്ട് നീ പേടിക്കരുത്. കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’ എന്നു പ്രഖ്യാപിക്കുന്നത് യഹോവയാണ്.” പിന്നെ യഹോവ കൈ നീട്ടി എന്റെ വായിൽ തൊട്ടു. എന്നിട്ട് യഹോവ പറഞ്ഞു: “ഞാൻ എന്റെ വാക്കുകൾ നിന്റെ നാവിൽ വെച്ചിരിക്കുന്നു. ഇതാ, പിഴുതെറിയാനും പൊളിച്ചുകളയാനും, നശിപ്പിക്കാനും ഇടിച്ചുകളയാനും, പണിതുയർത്താനും നടാനും, ഞാൻ ഇന്നു നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിയോഗിച്ചിരിക്കുന്നു.”
(യിരെമ്യ 1:17-19) പക്ഷേ നീ ഒരുങ്ങിനിൽക്കണം. നീ എഴുന്നേറ്റ് ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെ അവരോടു പറയണം. അവരെ പേടിക്കരുത്; പേടിച്ചാൽ, അവരുടെ മുന്നിൽവെച്ച് ഞാൻ നിന്നെ പേടിപ്പിക്കും. യഹൂദയിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ജനങ്ങൾക്കും ദേശത്തിനും എതിരെ ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പുതൂണും ചെമ്പുമതിലുകളും ആക്കിയിരിക്കുകയാണ്. അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല. കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
jr-E 88 ¶14-15
“ഞാൻ ക്ഷീണിച്ച് അവശനായിരിക്കുന്നവനെ ഉന്മേഷവാനാക്കും”
ക്ഷീണിച്ച് അവശരായവരെ നിങ്ങൾ ഉന്മേഷഭരിതരാക്കുമോ?
14 യിരെമ്യക്കു പ്രോത്സാഹനം ലഭിച്ചത് എങ്ങനെയെന്നും ‘ക്ഷീണിച്ച് അവശരായവരെ’ യിരെമ്യ പ്രോത്സാഹിപ്പിച്ചത് എങ്ങനെയെന്നും നമുക്കു നോക്കാം. (യിരെ. 31:25) യിരെമ്യക്കു പ്രോത്സാഹനം ലഭിച്ചത് യഹോവയിൽനിന്നാണ്. യഹോവ നിങ്ങളോട് ഇങ്ങനെ പറയുമ്പോൾ എത്ര വലിയ ശക്തിയാണ് ലഭിക്കുന്നതെന്നു ചിന്തിച്ചുനോക്കുക: ‘ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരമാക്കിയിരിക്കുകയാണ്. അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല. കാരണം, “നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’ (യിരെ. 1:18, 19) നല്ല കാരണത്തോടെയാണ് യിരെമ്യ യഹോവയെ, ‘എന്റെ ശക്തിയും രക്ഷാകേന്ദ്രവും കഷ്ടകാലത്ത് ഓടിച്ചെല്ലാനുള്ള എന്റെ അഭയസ്ഥാനവും’ എന്നു വിളിച്ചത്.—യിരെ. 16:19.
15 “ഞാൻ നിന്റെകൂടെയുണ്ട്” എന്ന യഹോവയുടെ വാക്കുകൾ ശ്രദ്ധേയമാണ്. നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും പ്രോത്സാഹനം നൽകേണ്ടിവരുമ്പോൾ എന്തു ചെയ്യണമെന്നതിന്റെ ഒരു ചിത്രം അതിൽനിന്ന് കിട്ടിയോ? ഒരു ക്രിസ്തീയ സഹോദരനോ സഹോദരിക്കോ ഒരുപക്ഷേ ഒരു ബന്ധുവിനോ സഹായം ആവശ്യമാണോ എന്ന് ആദ്യം നമ്മൾ തിരിച്ചറിയണം. പെട്ടെന്നുതന്നെ അവരെ സഹായിക്കുക എന്നതാണ് അടുത്ത പടി. പ്രശ്നങ്ങളിലായിരിക്കുന്നവരുടെകൂടെ ഉണ്ടായിരിക്കുക എന്നതാണ് മിക്കപ്പോഴും നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച സഹായം. യിരെമ്യയുടെ കാര്യത്തിൽ ദൈവം ചെയ്തതും അതുതന്നെയാണ്. ചില സാഹചര്യങ്ങളിൽ പ്രോത്സാഹനവാക്കുകൾ പറയേണ്ടിവന്നേക്കാം, പക്ഷേ അതു വാക്കുകളുടെ ഒരു പേമാരിയായിരിക്കരുത്. ബലപ്പെടുത്താനും ശക്തിപകരാനും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകളാണെങ്കിൽ അതു കുറച്ച് മതി. അതിനു വാക്ചാതുര്യം വേണമെന്നില്ല. താത്പര്യവും പരിഗണനയും ക്രിസ്തീയ സ്നേഹവും ഒക്കെ പ്രതിഫലിക്കുന്ന ലളിതമായ വാക്കുകൾ ഉപയോഗിക്കുക. അത്തരം വാക്കുകൾ മറ്റുള്ളവരെ ഏറെ ബലപ്പെടുത്തും.—സുഭാഷിതങ്ങൾ 25:11 വായിക്കുക.
മാർച്ച് 13-19
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 5–7
“അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് നിറുത്തി”
(യിരെമ്യ 7:8-15) “പക്ഷേ നിങ്ങൾ കപടവാക്കുകളിൽ ആശ്രയിക്കുന്നു; അതുകൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങൾ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസത്യം ചെയ്യുകയും ബാലിനു ബലികൾ അർപ്പിക്കുകയും നിങ്ങൾക്കു പരിചയമില്ലാത്ത ദൈവങ്ങളുടെ പുറകേ പോകുകയും ചെയ്യുന്നു. ഇത്തരം വൃത്തികേടുകളൊക്കെ ചെയ്തിട്ട്, എന്റെ പേരിലുള്ള ഭവനത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ട്, ‘ഞങ്ങൾക്കു കുഴപ്പമൊന്നും വരില്ല’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും? എന്റെ പേരിലുള്ള ഈ ഭവനത്തെ കവർച്ചക്കാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? ഞാൻ ഇതു സ്വന്തകണ്ണാൽ കണ്ടു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത എന്റെ സ്ഥലമായ ശീലോയിൽ ചെന്ന് ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്തത്. പക്ഷേ നിങ്ങൾ ഈ വക കാര്യങ്ങളൊക്കെ പിന്നെയും ചെയ്തുകൊണ്ടിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ വീണ്ടുംവീണ്ടും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല. ഞാൻ എത്ര വിളിച്ചിട്ടും നിങ്ങൾ വിളി കേട്ടില്ല. അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന എന്റെ പേരിലുള്ള ഭവനത്തോടും നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും. നിങ്ങളുടെ സഹോദരന്മാരായ എഫ്രയീംവംശജരെ മുഴുവൻ ഞാൻ നീക്കിക്കളഞ്ഞതുപോലെതന്നെ നിങ്ങളെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.’”
jr-E 21 ¶12
“അവസാനനാളുകളിൽ” സേവിക്കുന്നു
12 യഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ ദേവാലയത്തിൽ ചെന്ന് യഹൂദന്മാരുടെ ദുഷ്ടതയ്ക്കെതിരെ ശക്തമായ താക്കീതു നൽകാൻ യഹോവ യിരെമ്യയോടു പറഞ്ഞു. തങ്ങളെ രക്ഷിക്കാനുള്ള മാന്ത്രികശക്തി ആലയത്തിനുണ്ടെന്ന് അവർ ചിന്തിച്ചിരുന്നു. എന്നാൽ അവർ “മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസത്യം ചെയ്യുകയും ബാലിനു ബലികൾ അർപ്പിക്കുകയും . . . പരിചയമില്ലാത്ത ദൈവങ്ങളുടെ പുറകേ പോകുകയും” ചെയ്യുന്നത് നിറുത്തിയില്ലെങ്കിൽ യഹോവ ആലയത്തെ നശിപ്പിക്കുമായിരുന്നു. അവിടെ ആരാധിക്കാൻ പോകുന്ന കപടഭക്തർക്കെതിരെയും യഹോവ ഇതുതന്നെ ചെയ്യുമായിരുന്നു. മഹാപുരോഹിതനായ ഏലിയുടെ കാലത്ത് ദൈവം ശീലോയിലുള്ള വിശുദ്ധകൂടാരം തള്ളിക്കളഞ്ഞത് അതിനൊരു ഉദാഹരണമാണ്. യഹൂദ ദേശം ‘നശിച്ചുപോകുമായിരുന്നു.’ (യിരെ. 7:1-15, 34; 26:1-6) ആ സന്ദേശം അറിയിക്കാൻ യിരെമ്യക്ക് എത്ര ധൈര്യം വേണമായിരുന്നു! സമൂഹത്തിൽ ഉന്നതരും ശ്രേഷ്ഠരും ആയ ആളുകൾക്കു മുമ്പാകെ യിരെമ്യ ധൈര്യത്തോടെ അത് അറിയിച്ചു. തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടാനും പണക്കാരോടോ ഉന്നതസ്ഥാനീയരോടോ സംസാരിക്കാനും നല്ല ധൈര്യം ആവശ്യമാണെന്ന് ഇന്നും ചില സഹോദരങ്ങൾ സമ്മതിക്കുന്നു. യിരെമ്യയെപ്പോലെ നമുക്കും ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം: ദൈവത്തിന്റെ പിന്തുണ നമുക്കുണ്ടായിരിക്കും.—എബ്രാ. 10:39; 13:6.
മാർച്ച് 20-26
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 8–11
“യഹോവയുടെ വഴിനടത്തിപ്പുണ്ടെങ്കിലേ മനുഷ്യർക്കു വിജയിക്കാനാകൂ”
(യിരെമ്യ 10:2-5) യഹോവ പറയുന്നു: “ജനതകളുടെ വഴികൾ പഠിക്കരുത്. ആകാശത്തെ അടയാളങ്ങൾ കണ്ട് അവർ പേടിക്കുന്നു: പക്ഷേ അവരെപ്പോലെ നിങ്ങൾ പേടിക്കരുത്. കാരണം, അവരുടെ ആചാരങ്ങൾ മായയാണ്. അവരുടെ വിഗ്രഹം കാട്ടിൽനിന്ന് വെട്ടിയെടുത്ത വെറും മരമാണ്; ഒരു ശില്പി തന്റെ ആയുധംകൊണ്ട് ആ മരത്തിൽ പണിയുന്നു. സ്വർണവും വെള്ളിയും കൊണ്ട് അവർ അത് അലങ്കരിക്കുന്നു; അത് ഇളകി വീഴാതിരിക്കാൻ ഒരു ചുറ്റികകൊണ്ട് ആണിയടിച്ച് ഉറപ്പിക്കുന്നു. വെള്ളരിത്തോട്ടത്തിലെ വെറും നോക്കുകുത്തികളാണ് ആ വിഗ്രഹങ്ങൾ; അവയ്ക്കു സംസാരിക്കാനാകില്ല; നടക്കാനാകാത്ത അവയെ ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം. അവയെ പേടിക്കേണ്ടാ. കാരണം, അവയ്ക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല; എന്തെങ്കിലും ഉപകാരം ചെയ്യാനും അവയ്ക്കു സാധിക്കില്ല.”
(യിരെമ്യ 10:14, 15) എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു. വിഗ്രഹം കാരണം ലോഹപ്പണിക്കാരെല്ലാം നാണംകെടും; കാരണം അവരുടെ വിഗ്രഹങ്ങൾ വെറും തട്ടിപ്പാണ്; അവയ്ക്കൊന്നും ജീവനില്ല. അവ മായയാണ്; വെറും പരിഹാസപാത്രങ്ങൾ. കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.
it-1-E 555
വെള്ളരിക്ക
കൃഷിയിടങ്ങളിൽ മൃഗങ്ങളെ തുരത്തിയോടിക്കാൻവേണ്ടി തൂണുകളോ സ്തൂപങ്ങളോ മറ്റ് ഉപകരണങ്ങളോ നാട്ടാറുണ്ട്. ജീവനില്ലാത്ത, ഒന്നും ഉരിയാടാനാകാത്ത ‘വെള്ളരിത്തോട്ടത്തിലെ ഇത്തരം നോക്കുകുത്തികളോടാണ്’ വിഗ്രഹാരാധികളായ ജനം ഉണ്ടാക്കിയ പ്രതിമകളെ യിരെമ്യ ഉപമിച്ചത്.—യിര 10:5.
മാർച്ച് 27–ഏപ്രിൽ 2
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 12–16
“ഇസ്രായേല്യർ യഹോവയെ മറന്നുകളഞ്ഞു”
(യിരെമ്യ 13:1-5) യഹോവ എന്നോടു പറഞ്ഞു: “നീ പോയി ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടുക. പക്ഷേ, അതു വെള്ളത്തിൽ മുക്കരുത്.” അങ്ങനെ, യഹോവ പറഞ്ഞതുപോലെ ഞാൻ ചെന്ന് അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടി. വീണ്ടും എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: “നീ അരയ്ക്കു കെട്ടിയിരിക്കുന്ന അരപ്പട്ടയുംകൊണ്ട് യൂഫ്രട്ടീസിലേക്കു പോകുക. എന്നിട്ട്, അത് അവിടെയുള്ള ഒരു പാറയിടുക്കിൽ ഒളിച്ചുവെക്കുക.” അങ്ങനെ യഹോവ കല്പിച്ചതുപോലെ, ഞാൻ ചെന്ന് യൂഫ്രട്ടീസിന് അടുത്ത് അത് ഒളിച്ചുവെച്ചു.
jr-E 51 ¶17
വഞ്ചകമായ ഹൃദയത്തിന് എതിരെ ജാഗ്രത പാലിക്കുക
17 ദൈവത്തിന്റെ നിർദേശം അനുസരിക്കുന്നതാണ് യിരെമ്യയുടെ നിയമനത്തിൽ ഉൾപ്പെട്ടിരുന്നത്. യിരെമ്യയുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ അത്തരം നിർദേശങ്ങൾ അനുസരിക്കുമായിരുന്നോ? ഒരവസരത്തിൽ ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി ധരിക്കാൻ യഹോവ യിരെമ്യയോട് ആവശ്യപ്പെട്ടു. അടുത്തതായി, യൂഫ്രട്ടീസ് നദീതീരത്തേക്കു പോകാൻ യഹോവ പ്രവാചകനോട് പറയുന്നു. ഭൂപടം പരിശോധിച്ചാൽ ഈ യാത്രയ്ക്ക് ഏകദേശം 300 മൈൽ (500 കി.മീ.) ദൂരം സഞ്ചരിക്കണമായിരുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം. അവിടെ എത്തിക്കഴിഞ്ഞ് ആ അരപ്പട്ട ഒരു പാറയിടുക്കിൽ യിരെമ്യ ഒളിപ്പിച്ചുവെക്കണമായിരുന്നു. എന്നിട്ട് യരുശലേമിലേക്കു തിരിച്ചുവരാൻ അത്രയും ദൂരംതന്നെ യാത്ര ചെയ്യണമായിരുന്നു. എന്നാൽ അരപ്പട്ട തിരിച്ചെടുക്കാൻ വീണ്ടും അങ്ങോട്ടു പോകാൻ യഹോവ കല്പിച്ചു. (യിരെമ്യ 13:1-9 വായിക്കുക.) എല്ലാംകൂടെ യിരെമ്യ ഏതാണ്ട് 1,200 മൈൽ (1,900 കി.മീ.) യാത്ര ചെയ്യേണ്ടിവന്നു. മാസങ്ങളോളം നടന്ന് യിരെമ്യ ഇത്രത്തോളം യാത്ര ചെയ്തിട്ടുണ്ടെന്നു വിശ്വസിക്കാൻ ബൈബിൾവിമർശകർക്കു കഴിയുന്നില്ല. (എസ്ര 7:9) എന്നാൽ ദൈവം ആവശ്യപ്പെട്ടതും യിരെമ്യ ചെയ്തതും അതുതന്നെയാണ്.
(യിരെമ്യ 13:6, 7) പക്ഷേ, ഏറെ ദിവസങ്ങൾ കഴിഞ്ഞ് യഹോവ എന്നോടു പറഞ്ഞു: “എഴുന്നേറ്റ് യൂഫ്രട്ടീസിലേക്കു പോയി ഞാൻ അവിടെ ഒളിച്ചുവെക്കാൻ കല്പിച്ച അരപ്പട്ട എടുക്കുക.” അങ്ങനെ, ഞാൻ അവിടെ ചെന്ന് ഒളിച്ചുവെച്ചിരുന്ന അരപ്പട്ട കണ്ടെടുത്തു. പക്ഷേ അതു ദ്രവിച്ച് ഒന്നിനും കൊള്ളാത്തതായിപ്പോയിരുന്നു.
jr-E 52 ¶18
വഞ്ചകമായ ഹൃദയത്തിന് എതിരെ ജാഗ്രത പാലിക്കുക
18 യഹൂദ്യയിലെ മലനിരകൾ താണ്ടി ഒരു മരുഭൂമിയിലൂടെ യൂഫ്രട്ടീസ് നദീതീരത്തേക്കു നടന്നുനീങ്ങുന്ന പ്രവാചകനെ മനസ്സിൽ കാണുക. എന്തിനുവേണ്ടിയാണ് ഈ യാത്ര? ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട ഒളിപ്പിക്കാൻവേണ്ടി! പ്രവാചകനെ ഇത്രയും നാൾ കാണാഞ്ഞപ്പോൾ അയൽപക്കക്കാരുടെ മനസ്സിൽ പല ചോദ്യങ്ങൾ പൊങ്ങിവന്നിട്ടുണ്ടാകും. തിരിച്ചുവന്നപ്പോൾ യിരെമ്യയുടെ അരയിൽ ആ ബെൽട്ട് കാണാനില്ലായിരുന്നു. അരപ്പട്ട തിരിച്ചെടുക്കാൻ അത്രയും ദൂരം വീണ്ടും യാത്ര ചെയ്യാൻ ദൈവം യിരെമ്യയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും അത് “ദ്രവിച്ച് ഒന്നിനും കൊള്ളാത്തതായിപ്പോയിരുന്നു.” ‘ഇത്രയും വേണ്ടായിരുന്നു, ഇത് അൽപ്പം കൂടിപ്പോയി’ എന്നൊക്കെ വേണമെങ്കിൽ യിരെമ്യക്കു ചിന്തിക്കാമായിരുന്നു. എന്നാൽ യിരെമ്യ അങ്ങനെയൊന്നും ചിന്തിച്ചില്ല. പകരം, ദൈവം തന്നെ രൂപപ്പെടുത്താൻ അനുവദിച്ചു. പരാതി പറയുന്നതിനു പകരം ദൈവം നിർദേശിച്ചതുപോലെതന്നെ യിരെമ്യ ചെയ്തു!
(യിരെമ്യ 13:8-11) അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: “യഹോവ പറയുന്നത് ഇതാണ്: ‘ഇതേപോലെതന്നെ യഹൂദയുടെ അഹങ്കാരവും യരുശലേമിന്റെ കടുത്ത അഹംഭാവവും ഞാൻ ഇല്ലാതാക്കും. എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതെ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുകയും മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുന്നിൽ കുമ്പിടുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ടപോലെയാകും.’ ‘അരപ്പട്ട ഒരാളുടെ അരയിൽ പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഞാൻ ഇസ്രായേൽഗൃഹത്തെയും യഹൂദാഗൃഹത്തെയും മുഴുവൻ എന്നോടു പറ്റിച്ചേരാൻ ഇടയാക്കി. അവർ എനിക്ക് ഒരു ജനവും ഒരു പേരും ഒരു പുകഴ്ചയും ഒരു മനോഹരവസ്തുവും ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അവർ അനുസരിച്ചില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
jr-E 52 ¶19-20
വഞ്ചകമായ ഹൃദയത്തിന് എതിരെ ജാഗ്രത പാലിക്കുക
19 രണ്ടാമത്തെ യാത്രയ്ക്കു ശേഷമാണ് കാര്യങ്ങൾ ദൈവം യിരെമ്യക്കു വിശദീകരിച്ചുകൊടുത്തത്. യിരെമ്യയുടെ ആ യാത്ര ശക്തമായ സന്ദേശം അറിയിക്കാനുള്ള നല്ലൊരു വേദിയൊരുക്കി. ഇതായിരുന്നു ആ സന്ദേശം: “എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതെ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുകയും മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുന്നിൽ കുമ്പിടുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ടപോലെയാകും.’” (യിരെ. 13:10) തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവ എത്ര മികച്ച മാർഗമാണ് ഉപയോഗിച്ചത്! നിസ്സാരമെന്നു നമുക്കു തോന്നിയേക്കാവുന്ന ഈ നിയമനം യിരെമ്യ മനസ്സോടെ അനുസരിച്ചതിലൂടെ കാര്യങ്ങൾ ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ യഹോവയ്ക്കു കഴിഞ്ഞു.—യിരെ. 13:11.
20 പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കാൻ നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കാനൊന്നും ഇന്ന് യഹോവ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നില്ല. എന്നാൽ നിങ്ങളുടെ ക്രിസ്തീയജീവിതരീതി ഒരുപക്ഷേ അയൽക്കാരെയോ സഹപ്രവർത്തകരെയോ അതിശയിപ്പിച്ചേക്കാം. അവർ നിങ്ങളെ അതിന്റെ പേരിൽ കളിയാക്കുകപോലും ചെയ്തേക്കാം. നിങ്ങളുടെ വസ്ത്രധാരണവും ചമയവും, നിങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസം, ജോലി, എന്തിന്, ലഹരിപദാർഥങ്ങളോടുള്ള നിങ്ങളുടെ മനോഭാവംപോലും അതിൽ വന്നേക്കാം. ദൈവത്തിന്റെ മാർഗനിർദേശം അനുസരിക്കാൻ യിരെമ്യ കാണിച്ച മനസ്സൊരുക്കം നിങ്ങൾക്കുണ്ടോ? ഹൃദയത്തെ രൂപപ്പെടുത്താൻ ദൈവത്തെ അനുവദിച്ചുകൊണ്ടുള്ള നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവർക്കു നല്ലൊരു സാക്ഷ്യമായിത്തീരും. ദൈവവചനത്തിൽ കാണുന്ന യഹോവയുടെ വാക്കുകളും വിശ്വസ്തനായ അടിമയിലൂടെ നൽകുന്ന നിർദേശങ്ങളും അനുസരിക്കുന്നതു നമ്മുടെ നന്മയിലേ കലാശിക്കൂ. ഒരു വഞ്ചകഹൃദയം നിങ്ങളെ വഴിനയിക്കാൻ അനുവദിക്കുന്നതിനു പകരം യിരെമ്യയെ അനുകരിക്കുക. നിങ്ങളെ മനയാൻ, എന്നും ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു മനോഹരപാത്രമായി നിങ്ങളെ രൂപപ്പെടുത്താൻ, യഹോവയെ അനുവദിക്കുമെന്ന് നിശ്ചയിച്ചുറയ്ക്കുക.
it-1-E 1121 ¶2
അരക്കെട്ട്
യഹോവ ഇസ്രായേൽഗൃഹത്തെയും യഹൂദാഗൃഹത്തെയും അരയിൽ പറ്റിച്ചേർന്നിരിക്കുന്ന അരപ്പട്ടയോടാണ് ഉപമിച്ചത്. അവർ യഹോവയ്ക്ക് ഒരു പുകഴ്ചയും ഒരു മനോഹരവസ്തുവും ആകണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. (യിരെ. 13:11)
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 12:1, 2) യഹോവേ, ഞാൻ അങ്ങയോടു പരാതി ബോധിപ്പിക്കുമ്പോഴും നീതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴും നീതിയോടെയാണല്ലോ അങ്ങ് കാര്യങ്ങൾ ചെയ്യുന്നത്. പിന്നെ എന്താണു ദുഷ്ടന്മാരുടെ വഴി സഫലമാകുന്നത്? എന്തുകൊണ്ടാണു വഞ്ചകന്മാർക്ക് ഉത്കണ്ഠയില്ലാത്തത്? അങ്ങ് അവരെ നട്ടു; അവർ വേരുപിടിച്ചു. അവർ വളർന്ന് ഫലം കായ്ച്ചു. അങ്ങ് അവരുടെ ചുണ്ടുകളിലുണ്ട്; പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളിൽ അങ്ങയ്ക്ക് ഒരു സ്ഥാനവുമില്ല.
(യിരെമ്യ 12:14) യഹോവ പറയുന്നത് ഇതാണ്: “എന്റെ ജനമായ ഇസ്രായേലിനു ഞാൻ കൊടുത്ത അവകാശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും ഇതാ, ഞാൻ ദേശത്തുനിന്ന് പിഴുതുകളയുന്നു. അവരുടെ ഇടയിൽനിന്ന് യഹൂദാഗൃഹത്തെയും ഞാൻ പിഴുതുകളയും.
jr-E 118 ¶11
“യഹോവ എവിടെ” എന്ന് ദിവസവും ചോദിക്കാറുണ്ടോ?
11 ദുഷ്ടന്മാരുടെ വിജയം കണ്ട യിരെമ്യയുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നുവന്നു. (യിരെമ്യ 12:1, 3 വായിക്കുക.) യഹോവയുടെ നീതിയെയല്ല യിരെമ്യ ചോദ്യം ചെയ്തത്. തന്റെ ‘പരാതിക്ക്’ ഉത്തരം കിട്ടാൻ യിരെമ്യ ശ്രമിക്കുകയായിരുന്നു. ആ തുറന്ന ചിന്താഗതി വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്: ഒരു കൊച്ചുകുട്ടിക്ക് തന്റെ പിതാവിനോടു തോന്നുന്നതുപോലുള്ള ഒരു ഉറ്റബന്ധമാണ് യിരെമ്യക്ക് യഹോവയുമായി ഉണ്ടായിരുന്നത്. ദുഷ്ടന്മാരായ ജൂതർക്ക് എന്തുകൊണ്ടാണ് സമൃദ്ധിയുള്ളത് എന്ന ചിന്ത യിരെമ്യയെ അലട്ടി. തൃപ്തികരമായ ഉത്തരം യിരെമ്യക്ക് ലഭിച്ചോ? ദുഷ്ടന്മാരെ വേരോടെ പിഴുതുകളയുമെന്ന ഉറപ്പ് യഹോവ പ്രവാചകനു നൽകി. (യിരെ. 12:14) പ്രാർഥനയിൽ ചോദിച്ച കാര്യങ്ങളുടെ ഉത്തരം ഇതൾ വിരിയുന്നതു കണ്ടപ്പോൾ ദിവ്യനീതിയിലുള്ള യിരെമ്യയുടെ ബോധ്യം ആഴമുള്ളതായിത്തീർന്നു. കൂടെക്കൂടെ പ്രാർഥനയിൽ ദൈവത്തെ സമീപിക്കാൻ, തന്റെ പിതാവിന്റെ മുമ്പാകെ ചിന്തകൾ പകരാൻ, യിരെമ്യയെ അതു പ്രേരിപ്പിച്ചിട്ടുണ്ടാകും.