ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ ധാർമികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കുക
മനുഷ്യരുടെ പ്രയോജനത്തിനായി യഹോവ ചില ധാർമികനിലവാരങ്ങൾ വെച്ചിരിക്കുന്നു. ഉദാഹരണത്തിന് വിവാഹം എന്നുപറഞ്ഞാൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണെന്ന് യഹോവ പറഞ്ഞു. (മത്ത 19:4-6, 9) എല്ലാ തരത്തിലുമുള്ള ലൈംഗിക അധാർമികതയെ ദൈവം കുറ്റംവിധിക്കുന്നു. (1കൊ 6:9, 10) തന്റെ ജനത്തെ വ്യത്യസ്തരാക്കിനിറുത്താൻ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽപ്പോലും ദൈവം തത്ത്വങ്ങൾ നൽകിയിരിക്കുന്നു.—ആവ 22:5; 1തിമ 2:9, 10.
ഇന്നത്തെ ലോകത്തിലെ ഭൂരിപക്ഷം ആളുകളും യഹോവയുടെ നിലവാരങ്ങളെ കാറ്റിൽപ്പറത്തുന്നു. (റോമ 1:18-32) പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളാണ് അവരുടെ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും പെരുമാറ്റത്തിന്റെയും ഒക്കെ മാനദണ്ഡം. ഇന്നു പലരും തങ്ങൾ ചെയ്ത കൊടുംപാപങ്ങളെക്കുറിച്ച് വീമ്പിളക്കുന്നു. അവരിൽനിന്ന് വ്യത്യസ്തമായി ഉയർന്ന നിലവാരത്തോടെ ജീവിക്കുന്നവരെ അവർ വിമർശിക്കുകയും ചെയ്യുന്നു.—1പത്ര 4:3, 4.
യഹോവയുടെ സാക്ഷികളായ നമ്മൾ ദൈവത്തിന്റെ ഉയർന്ന ധാർമികനിലവാരങ്ങൾ ധൈര്യത്തോടെ മുറുകെപ്പിടിക്കണം. (റോമ 12:9) എങ്ങനെ? ദൈവം അംഗീകരിക്കുന്നത് എന്താണെന്ന് നമ്മൾ നയപൂർവം മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കണം. എന്നാൽ അതുമാത്രം പോരാ, നമ്മുടെ ജീവിതത്തിലും ആ ഉയർന്ന നിലവാരങ്ങൾ പാലിക്കണം. ഉദാഹരണത്തിന്, നമ്മൾ വസ്ത്രവും ചമയവും ഒക്കെ തിരഞ്ഞെടുക്കുമ്പോൾ സ്വയം ചോദിക്കുക: ‘എന്റെ തിരഞ്ഞെടുപ്പുകൾ യഹോവയുടെ നിലവാരങ്ങളെയാണോ അതോ ലോകത്തിന്റെ നിലവാരങ്ങളെയാണോ എടുത്തുകാണിക്കുന്നത്? എന്റെ വസ്ത്രധാരണവും ചമയവും ദൈവഭയമുള്ള ഒരു ക്രിസ്ത്യാനിയായി എന്നെ തിരിച്ചറിയിക്കുമോ?’ ഇനി, നിങ്ങൾ ഒരു സിനിമയോ മറ്റെന്തെങ്കിലും പരിപാടിയോ കാണാൻ തീരുമാനിച്ചെന്നു കരുതുക. അപ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ പരിപാടി യഹോവയ്ക്ക് ഇഷ്ടമാകുമോ? ആരുടെ ധാർമികനിലവാരങ്ങളാണ് ഇതിലുള്ളത്? എന്റെ ധാർമികപോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണോ ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം? (സങ്ക 101:3) ഇത് എന്റെ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും ഇടറിവീഴിക്കുമോ?’—1കൊ 10:31-33.
യഹോവയുടെ ധാർമികനിലവാരങ്ങൾ നമ്മൾ മുറുകെപ്പിടിക്കേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തുയേശു ജനതകളെയും ദുഷ്ടതയുടെ കണികകളെയും പെട്ടെന്നു തുടച്ചുനീക്കും. (യഹ 9:4-7) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമേ ശേഷിക്കൂ. (1യോഹ 2:15-17) അതുകൊണ്ട് യഹോവയുടെ ധാർമികനിലവാരങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുക. അങ്ങനെയാകുമ്പോൾ നമ്മുടെ നല്ല പെരുമാറ്റം കാണുന്ന വ്യക്തികൾ ദൈവത്തെ മഹത്ത്വപ്പെടുത്തും.—1പത്ര 2:11, 12.
എന്റെ വസ്ത്രധാരണവും ചമയവും എന്റെ ധാർമികനിലവാരങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് എന്ത് സന്ദേശമാണു നൽകുന്നത്?
യഹോവയുടെ കൂട്ടുകാരാകാം—ഒരു പുരുഷൻ, ഒരു സ്ത്രീ എന്ന വീഡിയോ കാണുക. തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾ പരിശോധിക്കുക:
യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്നതു ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ട്?
കുട്ടികളെ നന്നേ ചെറുപ്പംമുതലേ യഹോവയുടെ ധാർമികനിലവാരങ്ങളെക്കുറിച്ച് മാതാപിതാക്കൾ പഠിപ്പിക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തിന്റെ നന്മയിൽനിന്ന് പ്രയോജനം നേടാൻ ചെറുപ്പക്കാർക്കും പ്രായമായവർക്കും എങ്ങനെ മറ്റുള്ളവരെ സഹായിക്കാൻ കഴിയും?