യുവാക്കളേ, നിങ്ങൾ സേവനപദവികൾക്കായി യത്നിക്കുന്നുവോ?
1. യുവസഹോദരന്മാർക്ക് 1 തിമൊഥെയൊസ് 3:1-ലെ നിർദേശം എപ്പോൾമുതൽ ബാധകമാക്കാം?
1 “മേൽവിചാരകപദത്തിലെത്താൻ യത്നിക്കുന്ന ഒരുവൻ നല്ല വേലയത്രേ ആഗ്രഹിക്കുന്നത്.” (1 തിമൊ. 3:1) സഭയിലെ സേവനപദവികൾക്കായി യോഗ്യത പ്രാപിക്കാൻ ഈ നിശ്വസ്തവാക്കുകൾ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നുണ്ടോ? ഇല്ല, ചെറുപ്രായത്തിൽത്തന്നെ അതിനുവേണ്ടി ശ്രമിച്ചുതുടങ്ങുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ നിങ്ങൾക്കു പരിശീലനം നേടാനും മുതിർന്നുവരുമ്പോൾ ഒരു ശുശ്രൂഷാദാസനാകാൻ യോഗ്യതയുണ്ടെന്നു തെളിയിക്കാനും കഴിയും. (1 തിമൊ. 3:10) നിങ്ങൾ സ്നാനമേറ്റ ഒരു യുവസഹോദരനാണെങ്കിൽ ഈ യോഗ്യതകളിലെത്തിച്ചേരാൻ എങ്ങനെ കഴിയും?
2. ആത്മത്യാഗമനോഭാവം നട്ടുവളർത്താനും പ്രകടമാക്കാനും എങ്ങനെ കഴിയും?
2 ആത്മത്യാഗമനോഭാവം: നല്ല വേലയ്ക്കുവേണ്ടിയാണ് നിങ്ങൾ യത്നിക്കുന്നതെന്ന് ഓർക്കുക, അല്ലാതെ സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല. അതുകൊണ്ട്, സഹോദരീസഹോദരന്മാരെ സഹായിക്കാനുള്ള ആഗ്രഹം നട്ടുവളർത്തുക. അതിനുള്ള ഒരു മാർഗം യേശുവിന്റെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നതാണ്. (മത്താ. 20:28; യോഹ. 4:6, 7; 13:4, 5) കൂടാതെ, മറ്റുള്ളവരോടു താത്പര്യം കാണിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. (1 കൊരി. 10:24) സഭയിലെ പ്രായമായവരെയും രോഗികളെയും സഹായിക്കാൻ നിങ്ങൾ മുൻകൈയെടുക്കാറുണ്ടോ? രാജ്യഹാൾ ശുചീകരണമോ അറ്റകുറ്റപ്പണികളോ ചെയ്യാൻ സ്വമേധയാ നിങ്ങൾ മുന്നോട്ടുവരാറുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ തത്ക്ഷണപ്രസംഗം നടത്താൻ നിങ്ങൾ ഒരുങ്ങിയിരിക്കാറുണ്ടോ? ഇങ്ങനെ മറ്റുള്ളവർക്കുവേണ്ടി നിങ്ങളെത്തന്നെ ലഭ്യമാക്കുന്നെങ്കിൽ യഥാർഥസന്തോഷം ആസ്വദിക്കാൻ കഴിയും.—പ്രവൃ. 20:35.
3. ആത്മീയത എത്രത്തോളം പ്രധാനമാണ്, അത് എങ്ങനെ വളർത്തിയെടുക്കാം?
3 ആത്മീയത: സേവനപദവികളിൽ എത്തിച്ചേരാൻ ഒരു വ്യക്തിയുടെ കഴിവുകളെക്കാളും സ്വാഭാവികപ്രാപ്തികളെക്കാളും പ്രധാനം ആത്മീയതയാണ്. ആത്മീയതയുള്ള ഒരു വ്യക്തി യഹോവയുടെയും യേശുവിന്റെയും അതേ വീക്ഷണമുണ്ടായിരിക്കാൻ ശ്രമിക്കും. (1 കൊരി. 2:15, 16) ‘ആത്മാവിന്റെ ഫലം’ പ്രകടമാക്കും. (ഗലാ. 5:22, 23) തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ടു രാജ്യതാത്പര്യങ്ങൾ ഒന്നാമതുവെക്കും. (മത്താ. 6:33) ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാൻ വ്യക്തിപരമായ പഠനത്തിന്റെ നല്ല ഒരു ദിനചര്യ നിങ്ങളെ സഹായിക്കും. ദിവസവും ബൈബിൾ വായിക്കുന്നതും വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും ഓരോ ലക്കവും വായിച്ചുതീർക്കുന്നതും സഭായോഗങ്ങൾക്കായി തയ്യാറാകുന്നതും പങ്കുപറ്റുന്നതും എല്ലാം ഇതിൽ ഉൾപ്പെടുന്നു. (സങ്കീ. 1:1, 2; എബ്രാ. 10:24, 25) ആത്മീയപുരോഗതി കൈവരിക്കാൻ യുവാവായ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചപ്പോൾ പൗലോസ് ഇങ്ങനെ എഴുതി: ‘നിന്റെ പ്രബോധനത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കുക.’ (1 തിമൊ. 4:15, 16) അതുകൊണ്ട്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിങ്ങളുടെ നിയമനങ്ങൾ നന്നായി നടത്താൻ കഠിനശ്രമം ചെയ്യുക. ശുശ്രൂഷയ്ക്കായി തയ്യാറാകുകയും ക്രമമായി അതിൽ ഏർപ്പെടുകയും ചെയ്യുക. പയനിയറിങ്, ബെഥേൽ സേവനം, ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്കൂൾ എന്നിവപോലുള്ള ആത്മീയലക്ഷ്യങ്ങൾ വെക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. ‘യൗവനമോഹങ്ങളെ വിട്ടോടാൻ’ ആത്മീയത തീർച്ചയായും നിങ്ങളെ സഹായിക്കും.—2 തിമൊ. 2:22.
4. ആശ്രയയോഗ്യതയുടെയും വിശ്വസ്തതയുടെയും മൂല്യം എന്ത്?
4 ആശ്രയയോഗ്യത, വിശ്വസ്തത: ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾക്കു ഭക്ഷണം വിതരണം ചെയ്യേണ്ട ഒരു സാഹചര്യമുണ്ടായപ്പോൾ ‘സുസമ്മതരായ’ പുരുഷന്മാരെയാണ് നിയമിച്ചത്. വിശ്വസ്തതയ്ക്കും ആശ്രയയോഗ്യതയ്ക്കും പേരുകേട്ടവരായിരുന്നതിനാൽ അവർ ആ ഉത്തരവാദിത്വം നിർവഹിക്കുമെന്ന കാര്യത്തിൽ അപ്പൊസ്തലന്മാർക്ക് യാതൊരു ഉത്കണ്ഠയുമില്ലായിരുന്നു. മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് അപ്പൊസ്തലന്മാരെ സഹായിച്ചു. (പ്രവൃ. 6:1-4) അതുകൊണ്ട് സഭയിൽ ഒരു നിയമനം ലഭിക്കുന്നെങ്കിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുക. പെട്ടകംപണിയോടു ബന്ധപ്പെട്ടു ലഭിച്ച നിർദേശങ്ങളെല്ലാം അതുപോലെതന്നെ ബാധകമാക്കിയ നോഹയെ അനുകരിക്കുക. (ഉല്പ. 6:22) നിങ്ങൾ വിശ്വസ്തരാണെങ്കിൽ യഹോവ തീർച്ചയായും അതു വിലമതിക്കും, ആത്മീയപക്വത ദൃശ്യമായിത്തീരുകയും ചെയ്യും.—1 കൊരി. 4:2; “പരിശീലനത്തിന്റെ പ്രയോജനങ്ങൾ” എന്ന ചതുരം കാണുക.
5. യുവാക്കൾ സേവനപദവികളിൽ എത്തിച്ചേരാൻ യത്നിക്കേണ്ടത് എന്തുകൊണ്ട്?
5 മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ യഹോവ കൂട്ടിച്ചേർക്കലിനെ ത്വരിതപ്പെടുത്തിയിരിക്കുന്നു. (യെശ. 60:22) ഓരോ വർഷവും ശരാശരി രണ്ടര ലക്ഷത്തോളം ആളുകളാണു സ്നാനമേൽക്കുന്നത്. ധാരാളം പുതിയ ആളുകൾ സത്യത്തിലേക്ക് ഒഴുകിവരുന്നതുകൊണ്ട് സഭയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആത്മീയയോഗ്യതയുള്ള കൂടുതൽ പുരുഷന്മാരെ ആവശ്യമുണ്ട്. മുമ്പെന്നത്തെക്കാളധികമായി യഹോവയുടെ സേവനത്തിൽ ധാരാളം ചെയ്യാനുണ്ട്. (1 കൊരി. 15:58) യുവാക്കളേ, നിങ്ങൾ സേവനപദവികളിൽ എത്തിച്ചേരാൻ യത്നിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നല്ല വേലയാണു നിങ്ങൾ ആഗ്രഹിക്കുന്നത്!
[5-ാം പേജിലെ ആകർഷകവാക്യം
ധാരാളം പുതിയ ആളുകൾ സത്യത്തിലേക്ക് ഒഴുകിവരുന്നതുകൊണ്ട് സഭയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആത്മീയയോഗ്യതയുള്ള കൂടുതൽ പുരുഷന്മാരെ ആവശ്യമുണ്ട്
[6-ാം പേജിലെ ചതുരം]
പരിശീലനത്തിന്റെ പ്രയോജനങ്ങൾ
മൂപ്പന്മാർ നിയമനങ്ങളും പരിശീലനവും കൊടുക്കുമ്പോൾ യോഗ്യതയുള്ള യുവസഹോദരന്മാർ അതിൽനിന്നു പ്രയോജനം നേടുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ യോഗശേഷം സ്റ്റേജിൽ ഇരുന്നുകൊണ്ട് ഒരു പ്രസാധകനു പ്രോത്സാഹനം നൽകുകയായിരുന്നു. ഒരു ചെറിയ ആൺകുട്ടി സ്റ്റേജിനടുത്തു കാത്തുനിൽക്കുന്നതു കണ്ടപ്പോൾ തന്നോടു സംസാരിക്കാനാണോ എന്ന് അദ്ദേഹം ചോദിച്ചു. എല്ലാ യോഗങ്ങൾക്കും ശേഷം സ്റ്റേജ് വൃത്തിയാക്കുന്ന നിയമനം തനിക്കാണെന്ന് അവൻ പറഞ്ഞു. അവന്റെ മാതാപിതാക്കൾ വീട്ടിലേക്കു പോകാൻ തയ്യാറായിരുന്നെങ്കിലും തന്റെ നിയമനം നിർവഹിക്കാതെ പോകാൻ അവൻ ആഗ്രഹിച്ചില്ല. സർക്കിട്ട് മേൽവിചാരകൻ സന്തോഷത്തോടെ മാറിക്കൊടുത്തു. അദ്ദേഹം പറഞ്ഞു: “ആ സഭയിലെ മൂപ്പന്മാർ യോഗ്യതയുള്ള കുട്ടികൾക്കു സഭാനിയമനങ്ങൾ കൊടുത്തുകൊണ്ടു പതിവായി പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് ഞാൻ ആ സഭയിൽ ചെല്ലുമ്പോൾ, മൂപ്പന്മാർ ഒരു ശുശ്രൂഷാദാസനെയെങ്കിലും ശുപാർശ ചെയ്യുന്നത് ഒരു സാധാരണസംഗതിയായിരുന്നു.”