സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം
“ഫിലിപ്പോസ് എന്ന സുവിശേഷകന്റെ” തീക്ഷ്ണമായ പ്രവർത്തനത്തിന്റെ ചില വിശദാംശങ്ങൾ ബൈബിളിലുണ്ട്. (പ്രവൃ 21:8) യരുശലേമിലെ ഗ്രീക്കുഭാഷക്കാരായ ശിഷ്യന്മാർക്കും എബ്രായഭാഷക്കാരായ ശിഷ്യന്മാർക്കും ഭക്ഷണം വിതരണം ചെയ്തിരുന്ന ‘സത്പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്നു അദ്ദേഹം. (പ്രവൃ 6:1-6) സ്തെഫാനൊസിന്റെ മരണശേഷം ‘അപ്പോസ്തലന്മാർ ഒഴികെ എല്ലാവരും ചിതറിപ്പോയപ്പോൾ’ ഫിലിപ്പോസ് ശമര്യയിലേക്കു പോയി. അവിടെ അദ്ദേഹം സന്തോഷവാർത്ത പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. (പ്രവൃ 8:1, 4-7) പിന്നീട് യഹോവയുടെ ദൂതൻ ഫിലിപ്പോസിനോട്, യരുശലേമിൽനിന്ന് ഗസ്സയിലേക്കു പോകുന്ന, മരുപ്രദേശത്തുകൂടെയുള്ള വഴിയിലേക്കു ചെല്ലാൻ പറഞ്ഞു. (പ്രവൃ 8:26) ആ വഴിയിൽവെച്ച് എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ കണ്ട ഫിലിപ്പോസ് അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. (പ്രവൃ 8:27-38) തുടർന്ന് യഹോവയുടെ ആത്മാവ് ഫിലിപ്പോസിനെ അവിടെനിന്ന് കൊണ്ടുപോകുകയും (പ്രവൃ 8:39) അദ്ദേഹം അസ്തോദിലും തീരപ്രദേശത്തുള്ള മറ്റു നഗരങ്ങളിലും പ്രസംഗിച്ചുകൊണ്ട് കൈസര്യയിൽ എത്തിച്ചേരുകയും ചെയ്തു. (പ്രവൃ 8:40) വർഷങ്ങൾക്കു ശേഷം ലൂക്കോസും പൗലോസും കൈസര്യയിൽ ഫിലിപ്പോസിന്റെ വീട്ടിൽ താമസിച്ചതായി രേഖയുണ്ട്. ആ സമയത്ത് ഫിലിപ്പോസിന്, ‘പ്രവചിക്കുന്നവരും’ ‘അവിവാഹിതരും ആയ നാലു പെൺമക്കളുണ്ടായിരുന്നു.’—പ്രവൃ 21:8, 9.
1. യരുശലേം: കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.—പ്രവൃ 6:5
2. ശമര്യ: സന്തോഷവാർത്ത പ്രസംഗിക്കുന്നു.—പ്രവൃ 8:5
3. മരുപ്രദേശത്തുകൂടെ ഗസ്സയിലേക്കു പോകുന്ന വഴി: എത്യോപ്യക്കാരൻ ഷണ്ഡനു തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുന്നു, അദ്ദേഹത്തെ സ്നാനപ്പെടുത്തുന്നു.—പ്രവൃ 8:26-39
4. തീരപ്രദേശം: എല്ലാ നഗരങ്ങളിലും സന്തോഷവാർത്ത അറിയിക്കുന്നു.—പ്രവൃ 8:40
5. കൈസര്യ: ഫിലിപ്പോസ് പൗലോസിനെ വീട്ടിൽ സ്വീകരിക്കുന്നു.—പ്രവൃ 21:8, 9
ബന്ധപ്പെട്ട തിരുവെഴുത്ത്: