നിങ്ങൾക്കു കൃത്രിമപ്പല്ലുകൾ ആവശ്യമാണോ?
പലപ്പോഴും തമാശകൾക്കു നിദാനമാകാറുള്ള വെപ്പുപല്ലുകൾ അവ ധരിക്കുന്ന അനേകരെസംബന്ധിച്ചിടത്തോളം ഒരു തമാശക്കാര്യമല്ല. നിങ്ങളുടെ എല്ലാ സ്വാഭാവിക പല്ലുകളും നല്ലസ്ഥിതിയിലാണെങ്കിൽ, കൃത്രിമപ്പല്ലിന്റെ കാര്യം നിങ്ങൾക്കു പ്രാധാന്യമുള്ളതായി തോന്നാതിരുന്നേക്കാം. എന്നാൽ ആ പ്രശ്നം നിങ്ങൾക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ട ആവശ്യം ഇല്ലെങ്കിൽപ്പോലും, ഈ ലേഖനത്തിൽ പറയുന്നതു നല്ല ആരോഗ്യമുള്ള പല്ലിന്റെ അനുഗ്രഹത്തെ വിലമതിക്കാനും, ചുരുങ്ങിയപക്ഷം കഴിവതും അവയെ ആ നിലയിൽ കാത്തുസൂക്ഷിക്കാൻതക്കവണ്ണം നിങ്ങളെ നിശ്ചയദാർഢ്യമുള്ളവനാക്കാനും സഹായിച്ചേക്കാം.
എന്നാൽ ദന്തസംരക്ഷണത്തിൽ നന്നായി ശ്രദ്ധിക്കുന്നു എന്നു കരുതുന്ന അനേകർ ഒരു ദിവസം അവരുടെ പല്ലുകൾ ഇളകുന്നതായി കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? ഏതൊരു ദന്തവൈദ്യനും ഈ ഉത്തരം നല്കും. ആളുകൾക്കു 30 വയസ്സു കഴിഞ്ഞാൽ, ദന്തനഷ്ടം സംഭവിക്കുന്നതിന്റെ ഏററവും വലിയ കാരണം രോഗബാധിതമായ മോണകളാണ് (പെരിയോഡോണ്ടൽ രോഗം). എന്നിരുന്നാലും, അപകടമോ ദന്തക്ഷയമോ മൂലവും ഒരാൾക്കു ദന്തനഷ്ടം സംഭവിക്കാം.
എന്നാൽ നിങ്ങൾക്ക് ഏതാനും പല്ലുകൾ അല്ലെങ്കിൽ മുഴുപല്ലുകളും നഷ്ടപ്പെട്ടെങ്കിൽ, നിങ്ങൾക്കു കൃത്രിമപ്പല്ലുകൾ വാസ്തവത്തിൽ ആവശ്യമാണോ?a എന്തുകൊണ്ടാണു ചിലയാളുകൾക്ക് അവയില്ലാതെ കഴിഞ്ഞുകൂടുവാൻ സാധിക്കുന്നത്? കൃത്രിമപ്പല്ലുകൾ പൊതുജനത്തിനുമേൽ വഞ്ചനാപൂർവ്വം അടിച്ചേൽപ്പിക്കുന്ന മറെറാരു വാണിജ്യോത്പന്നം മാത്രമാണോ?
കൃത്രിമപ്പല്ലുകൾ എന്തിന്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനായി, നമുക്കു നമ്മുടെ പല്ലുകളുടെ പ്രവർത്തനങ്ങൾ ഒന്നു നോക്കാം. നമ്മുടെ ആകാരത്തെ ബാധിക്കുന്നതിലധികം അവയെക്കൊണ്ടു പ്രയോജനമുണ്ട്. നമ്മൾ ഭക്ഷണം ചവയ്ക്കുമ്പോൾ, പോഷകഘടകങ്ങളെ ആഗിരണം ചെയ്യാൻ ശരീരത്തെ പ്രാപ്തമാക്കിക്കൊണ്ട്, ദഹനനീരും നന്നായി പൊടിഞ്ഞ തരികളും കൂടിക്കലരാൻതക്കവണ്ണം പല്ലുകൾ അവയെ അരച്ചു പൊടിക്കുന്നു. എന്നാൽ നമുക്കുള്ളതു തീരെ കുറച്ചു പല്ലുകൾമാത്രമാണെങ്കിലോ അല്ലെങ്കിൽ ഒരു പല്ലു പോലും ഇല്ലെങ്കിലോ, നാം കഴിക്കുന്ന ഭക്ഷണം വേണ്ടുവോളം പൊടിയുന്നില്ല. എല്ലുപോലെ നന്നായി ഉറപ്പുള്ള മോണകളുണ്ടെങ്കിൽപ്പോലും ഇത് ആവശ്യമുള്ളത്രയും പൊടിയുന്നില്ല. കാപ്പിയോ ചായയോ മറേറതെങ്കിലും പാനീയങ്ങളോ സഹിതം ഭക്ഷണം വിഴുങ്ങാൻ ശ്രമിക്കുന്ന പല്ലില്ലാത്തയാളുകൾക്കു ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്നത് അതുകൊണ്ടാണ്. ഏതാനും പല്ലുകളാണ് ഇല്ലാത്തതെങ്കിൽപ്പോലും, സാധാരണയിൽകവിഞ്ഞ ചവയ്ക്കൽ ആവശ്യമുള്ള കട്ടിയായതോ നാരുള്ളതോ ആയ ഭക്ഷണസാധനങ്ങൾ സാധാരണമായി ഒഴിവാക്കുന്നതിനാൽ, ആഹാരക്രമം നിയന്ത്രിക്കപ്പെടുന്നു.
പല്ലുകൾ നമ്മേ സംസാരിക്കാനും സഹായിക്കുന്നുവെന്നതു കുറച്ചു പല്ലുകൾ നഷ്ടമാകുന്നതുവരെ നാം ചിന്തിക്കാത്ത ഒരു പ്രയോജനമാണ്. സുഗ്രാഹ്യമായ ഭാഷാശബ്ദങ്ങൾ രൂപീകരിക്കാൻ അവ നാക്കിനെയും ചുണ്ടുകളെയും സഹായിക്കുന്നു. ഉദാഹരണത്തിന്, വ്യഞ്ജനാക്ഷരങ്ങൾകൊണ്ടവസാനിക്കുന്ന ഭാഷാശബ്ദങ്ങൾ പല്ലുകളുടെ സാന്നിദ്ധ്യംകൂടാതെ ശരിയായി ഉച്ചരിക്കാൻ കഴിയുന്നതല്ല. പല്ലില്ലാത്ത ഒരു വ്യക്തി സംസാരിക്കുന്നതു നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ, ഇതു നിങ്ങൾ ശ്രദ്ധിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. അപ്രകാരം, കൃത്രിമപ്പല്ലു വച്ചിട്ടുള്ള ഒരാൾ ഉച്ചാരണം നേരെയാക്കാൻ അയാളുടെ നാക്കിനെ അവയുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ഇതിനു കുറെ സമയമെടുത്തേക്കാമെങ്കിലും അനന്തരഫലം സാധാരണമായി പല്ലില്ലാതിരുന്ന സമയത്തെക്കാൾ മെച്ചമായിരിക്കും.
ഒരാൾക്കു കൃത്രിമപ്പല്ലുള്ളപ്പോൾ പാടുന്നതിനെയോ ചില സംഗീതോപകരണങ്ങൾ വായിക്കുന്നതിനെയോ സംബന്ധിച്ചെന്ത്? കൃത്രിമപ്പല്ലുകൾ വിവിധ വിധങ്ങളിൽ പരിഷ്ക്കരിച്ചുകൊണ്ട് സാധാരണഗതിയിൽ ഈ പ്രവർത്തനങ്ങൾ ഫലകരമായി നിർവ്വഹിക്കാൻ കഴിയും. ഗായകരും ചില നടൻമാരും കുഴൽവാദ്യക്കാരും മന്ത്രിമാരും ഫോട്ടോഗ്രാഫറുടെ ചില മോഡലുകളും തങ്ങളുടെ ജോലികൾ പല്ലിന്റെ സഹായമില്ലാതെ നിർവ്വഹിക്കുക എന്നുവെച്ചാൽ അസാധ്യമല്ലെങ്കിലും ദുഷ്ക്കരമാണെന്നു കണ്ടെത്തിയേക്കാം.
പല്ലിന്റെ അസാന്നിധ്യം ഒരു വ്യക്തിയുടെ ആകാരത്തെയും ബാധിക്കുന്നു. ഒരു വ്യക്തിക്കു വാസ്തവത്തിൽ അയാൾ ആയിരിക്കുന്നതിൽ കൂടുതൽ പ്രായം തോന്നിച്ചുകൊണ്ട്, കവിളിന് ഒരു ഒട്ടലും മൂക്കിന്റെയും താടിയുടെയും ഒരു വലിച്ചിലും ഉണ്ടാകുന്നു. ഇതിന് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കാൻ കഴിയും, ചിലർക്ക് ഒരു മാനസിക അസ്വസ്ഥത പോലും വരുത്തിയേക്കാം.
ഒരു പല്ലിന്റെ നഷ്ടം ദന്തവൃത്താംശത്തിന്റെ തകർച്ചയിലേക്കു നയിച്ചേക്കാം. പുരാതന റോമൻ ആർച്ചിലെ കല്ലുകളെപ്പോലെ നമ്മുടെ പല്ലുകൾ പരസ്പരാശ്രയങ്ങളാണ്. അതിനാൽ ഒരു “അയൽക്കാരന്റെ” അഭാവം മററു പല്ലുകളെ അങ്ങോട്ടു ചായാൻ അനുവദിക്കുന്നു. ഈ നീക്കം അവശേഷിക്കുന്ന പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുകയും ഭക്ഷണസാധനങ്ങളുടെ തരികൾ മോണയിൽ കയറിക്കൂടാനിടവരുത്തുകയും ചെയ്യുന്നു. ഇതു പലപ്പോഴും മോണ വീക്കത്തിലേക്കു നയിക്കുന്നു. ദന്തനീക്കം ചവക്കൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടു പല്ലിന്റെ വരിവരിയായുള്ള നില്പിനു ക്ഷതമേൽപ്പിച്ചേക്കാം.
അവതമ്മിലുള്ള വ്യത്യാസം
സ്വാഭാവികപല്ലുകളും കൃത്രിമപല്ലുകളും തമ്മിലുള്ള കാതലായ വ്യത്യാസം സ്വാഭാവികപല്ലുകൾ താടിയെല്ലുകളിൽ ശക്തമായി വേരൂന്നിയിരിക്കുന്നു എന്നതാണ്. ഇത് അവയെ കൂടുതൽ കാര്യക്ഷമതയോടെ മുറിക്കാനും കീറാനും നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെ നന്നായി പൊടിച്ചു തരികളാക്കാനും പ്രാപ്തമാക്കുന്നു. കീഴ്പ്പല്ലുകൾ മേൽപ്പല്ലുകൾക്കു വിലങ്ങനെ ശക്തിയോടെ പൊടിച്ചുകൊണ്ടും അറുത്തുകൊണ്ടും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു.
അതേസമയം മുഴുവനായുള്ള കൃത്രിമപ്പല്ലുകൾ വെറുതെ മോണയിലോ മോണവരമ്പിലോ ഇരിക്കുന്നു. നാക്കുകൊണ്ടും കവിളുകൊണ്ടുമുള്ള ഇറുകിപ്പിടിത്തത്തിന്റെ ഫലമായി ഉളവാകുന്ന ദുർബലമായ ശക്തിയാൽമാത്രം അവ ആ സ്ഥാനത്തിരിക്കുന്നു എന്നുമാത്രം. അത്തരം കൃത്രിമപ്പല്ലുകൾ സ്വാഭാവികപ്പല്ലുകളെപ്പോലെ നന്നായി വേരുറച്ചവയല്ല, അവയെ എളുപ്പത്തിൽ എടുത്തുമാററാവുന്നതാണ്.
അതുകൊണ്ടു കൃത്രിമപ്പല്ലുകളുടെ കാര്യക്ഷമത ഓരോ വ്യക്തിയുടെ കാര്യത്തിലും വ്യത്യസ്തമായിരിക്കും. കൃത്രിമപ്പല്ലുകൾക്ക് ഒന്നിനും സ്വാഭാവികപ്പല്ലുകളുടെ കാര്യക്ഷമത ഉണ്ടാവില്ല. അവ ഉപയോഗിക്കാനുള്ള കഴിവിനൊപ്പം താടിയെല്ലുകളുടെ ആകൃതിയും വലുപ്പവും നിർമ്മിച്ചിരിക്കുന്ന പദാർത്ഥവും ധരിക്കുന്നയാളുടെ മനോഭാവവും പോലും കൃത്രിമപ്പല്ലുകൾ എത്രമാത്രം കാര്യക്ഷമമാണെന്നു നിശ്ചയിക്കുന്ന ഘടകങ്ങളാണ്. ഉറപ്പില്ലായ്മയാണ് അവയുടെ പ്രധാന പരിമിതി. എന്നിരുന്നാലും കാഴ്ചയ്ക്കു കൃത്രിമപ്പല്ലുകളെ സ്വാഭാവികപ്പല്ലുകളിൽനിന്നു വേർതിരിച്ചറിയാൻ കഴിയാതവണ്ണം നിർമ്മിക്കാൻ കഴിയും.
ദൗർഭാഗ്യകരമെന്നുപറയട്ടെ, ചിലപ്പോൾ ഒരു വ്യക്തി സ്വാഭാവികപ്പല്ലുകൾക്കു പിന്നിലെ പ്രായോഗികതയും ആസൂത്രണവും ജ്ഞാനവും തിരിച്ചറിയുന്നതു കൃത്രിമപ്പല്ലുകൾ ധരിക്കേണ്ടിവരുമ്പോഴാണ്. മനുഷ്യർക്കു നൈസർഗ്ഗികമായതിന്റെ ഒരു ദുർബലമായ അനുകരണം ഉണ്ടാക്കുവാൻ കഴിയുമെന്നല്ലാതെ അത്ഭുതകരമായ കാര്യക്ഷമതയുടെ അതേ മാനം ഒരിക്കലും കൈവരിക്കാനാവില്ല.
നിങ്ങളുടെ സ്ഥിതിവിശേഷം പൂർണ്ണമായതോ ഭാഗികമായതോ ആയ കൃത്രിമപ്പല്ലുകൾ നിങ്ങൾക്ക് ആവശ്യമാണോ എന്നതു സംബന്ധിച്ചു നിങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് അത്യാവശ്യമാക്കിത്തീർത്തേക്കാം. തീർച്ചയായും തീരുമാനം നിങ്ങളുടേതാണ്, എന്നാൽ അവയുടെ പ്രയോജനങ്ങൾ പരിചിന്തിക്കുന്നതു ബുദ്ധിപൂർവ്വകമായിരിക്കും. അവ ഉണ്ടാകാനിടയുള്ള ദഹനക്രമക്കേടുകൾ തടയാനും ആവശ്യമായിരിക്കുന്ന പോഷകാംശങ്ങൾ നിങ്ങൾക്കു ലഭിക്കാനും നിങ്ങളുടെ സംസാരപ്രാപ്തികൾ മെച്ചപ്പെടുത്താനും നിങ്ങളെ സഹായിച്ചേക്കാം. അവയ്ക്കു വാസ്തവത്തിൽ വ്യക്തിയുടെ ആകാരത്തെ മെച്ചപ്പെടുത്താനും കഴിയും.
കൃത്രിമപ്പല്ലുവെക്കുന്നവർ അവരുടെ യഥാർത്ഥ പല്ലുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ചു വിലപിക്കാറുണ്ടെങ്കിലും, നിശ്ചയമായും കൃത്രിമപ്പല്ലുകളുടെ ആവിർഭാവം ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകളെ ആത്മസംതൃപ്തിക്കും സുസ്ഥിതിബോധത്തിനും ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ, “കൃത്രിമപ്പല്ലുകൾ” എന്ന വാക്ക് അർത്ഥമാക്കുന്നതു നഷ്ടപെട്ട പല്ലുകളുടെ സ്ഥാനത്തു പകരമായി വയ്ക്കാൻ പ്രത്യേകം പറഞ്ഞുണ്ടാക്കിപ്പിക്കുന്ന പല്ലുകളെയാണ്. സ്വാഭാവികപല്ലുകൾ മുഴുവനായി നഷ്ടപ്പെട്ടിരിക്കുന്നെങ്കിൽ, ഒരു സമ്പൂർണ്ണകൃത്രിമപ്പല്ലു സൂചിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, കുറച്ചു പല്ലുകൾ അവശേഷിക്കുന്നെങ്കിൽ, ഒരു ഭാഗികകൃത്രിമപ്പല്ലിനെയാണു വിവക്ഷിക്കുന്നത്. ഈ ലേഖനം സമ്പൂർണ്ണകൃത്രിമപ്പല്ലുകളിൻമേലും എടുത്തുമാററാവുന്ന ഭാഗികകൃത്രിമപ്പല്ലുകളിൻമേലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.
[11-ാം പേജിലെ ചതുരം]
ദന്തബില്ല് എങ്ങനെ കുറയ്ക്കാം
ഒരു ദന്തവൈദ്യന്റെയോ ഒരു ഓർഥോഡോണ്ടിസ്ററിന്റെയോ അടുക്കലേക്കുള്ള ഒരു സന്ദർശനം പലപ്പോഴും ഒരു ഉയർന്ന ബില്ലിൽ കലാശിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ കുട്ടികളെ സഹായിച്ചേക്കാവുന്ന ചില കണ്ടെത്തലുകൾ നിങ്ങൾക്കു പ്രോത്സാഹജനകമായേക്കാം.
“അമേരിക്കക്കാരുടെ ഇടയിൽ സ്ഥാനം തെററി വളരുന്ന പല്ലുകളുടെയും വൈരൂപ്യമുള്ള താടിയെല്ലുകളുടെയും ഉയർന്ന നിരക്കു നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഉഗ്രമായ ശുദ്ധീകരണപ്രക്രിയയുടെ അനന്തരഫലമായിട്ടായിരിക്കാം” എന്നു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ശക്തമായ ചവയ്ക്കൽ ആവശ്യമുള്ള ഒരു ഭക്ഷണക്രമം “(തിങ്ങിഞെരുങ്ങാതെ ആവശ്യമുള്ളത്രയും പല്ലുകൾക്കു നിൽക്കാൻ കഴിയത്തക്കവണ്ണം സ്ഥലം ഉണ്ടാക്കിക്കൊണ്ടു) താടിയെല്ലുവളർച്ചയെ ഉത്തേജിപ്പിക്കുകയും സ്ഥിരമായ പല്ലുകൾ വേണ്ട സ്ഥാനത്തു നയിക്കുകയും മുഖത്തിന്റെയും വായയുടെയും വളർച്ചയെ ഏകോപിപ്പിക്കയും ചെയ്യുന്നു” എന്നാണു സിദ്ധാന്തം.
കുരങ്ങൻമാർക്കു കട്ടിയായതും മൃദുവായതുമായ ആഹാരം കൊടുത്തുകൊണ്ടു ശാസ്ത്രജ്ഞൻമാർ ഈ സിദ്ധാന്തം തെളിയിക്കുവാൻ ശ്രമിച്ചു. ഫലമോ? കട്ടിയായ ഭക്ഷണം കഴിച്ചവർക്ക് “ഓർഥോണ്ടോൻറിക് ക്രമക്കേടുകൾ” തീരെക്കുറച്ചേ അനുഭവപ്പെട്ടുള്ളൂ. അതുകൊണ്ടു കുട്ടി ശക്തിയായി ചവയ്ക്കേണ്ടിവരുന്ന ഒരു ഭക്ഷണക്രമം ഉണ്ടായിരിക്കുന്നതു വളരെ നന്നായിരിക്കും, കാരണം ദന്തബില്ലു കുറയ്ക്കാനുള്ള ഒരു വഴിയാണ് അതെന്നു തെളിയും. നിങ്ങളുടെ കുട്ടികളെ സഹായിക്കാനുള്ള മറെറാരുവിധം അവരുടെ പല്ലുകളെ ക്രമമായി ബ്രഷ് ചെയ്യുന്നതിന്റെയും മിനുസപ്പെടുത്തുന്നതിന്റെയും സ്വഭാവം കരുപ്പിടിപ്പിക്കുകയാണ്.
[12-ാം പേജിലെ ചിത്രം]
നമ്മുടെ പല്ലുകൾ പരസ്പരാശ്രയങ്ങളാണ്. അവയെ സ്ഥാനത്തു നിർത്താൻ സഹായിക്കുന്ന “അയൽക്കാർ” ഇല്ലെങ്കിൽ പല്ലുകൾ എത്രയും വേഗത്തിൽ ചാഞ്ഞുപോവുകയും മററു പല്ലുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും