കനാന്യർ ക്രൂരതയ്ക്കു കുപ്രസിദ്ധരായിരുന്നു. അവർ ദൈവത്തിനും ദൈവജനത്തിനും എതിരെ ശാഠ്യപൂർവം മത്സരിച്ചു
ദിവ്യന്യായവിധികൾ അവ ക്രൂരമായിരുന്നോ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്കു ബൈബിളിലെ ദിവ്യന്യായവിധികളുടെ രണ്ട് ഉദാഹരണങ്ങൾ നോക്കാം—നോഹയുടെ നാളിലെ ജലപ്രളയവും കനാന്യരുടെ സമ്പൂർണനാശവും.
നോഹയുടെ നാളിലെ ജലപ്രളയം
ചില ആളുകൾ പറയുന്നു: “ദൈവം ക്രൂരനായതുകൊണ്ടല്ലേ നോഹയെയും കുടുംബത്തെയും മാത്രം രക്ഷിച്ച് മുഴുമാനവരാശിയെയും ജലപ്രളയത്തിൽ നശിപ്പിച്ചത്?”
ബൈബിൾ പറയുന്നത്: “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്ന്” ദൈവം പറയുന്നു. (യെഹെസ്കേൽ 33:11) അതുകൊണ്ട്, നോഹയുടെ നാളിലെ ദുഷ്ടന്മാരെ നശിപ്പിച്ചതു ദൈവത്തിനു യാതൊരു സന്തോഷവും കൈവരുത്തിയില്ല. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണു ദൈവം അതു ചെയ്തത്?
ബൈബിൾ ഉത്തരം നൽകുന്നു, ‘വരുങ്കാലത്ത് ഭക്തികെട്ടു ജീവിക്കുന്നവർക്ക് ഒരു ദൃഷ്ടാന്ത’മായാണു ദൈവം കഴിഞ്ഞ കാലങ്ങളിൽ അഭക്തരായ മനുഷ്യരെ ന്യായം വിധിച്ചത്. (2 പത്രോസ് 2:5, 6) എന്ത് ദൃഷ്ടാന്തം—അഥവാ കീഴ്വഴക്കം—ആണു ദൈവം വെച്ചത്?
ഒന്നാമതായി, മനുഷ്യരെ നശിപ്പിക്കേണ്ടിവരുന്നതു ദൈവത്തെ വേദനിപ്പിക്കുന്നെങ്കിലും കഷ്ടപ്പാടുകൾക്കിടയാക്കുന്ന ദുഷ്ടമനുഷ്യരുടെ പ്രവൃത്തികളെ യഹോവ ശ്രദ്ധിക്കുകയും അവരോടു കണക്കു ചോദിക്കുകയും ചെയ്യുന്നു. തക്കസമയത്ത് എല്ലാ അനീതിയും കഷ്ടപ്പാടും അവൻ അവസാനിപ്പിക്കും.
രണ്ടാമതായി, ന്യായവിധി നടത്തുന്നതിനു മുമ്പ് ദൈവം ജനങ്ങൾക്കു സ്നേഹത്തോടെ മുന്നറിയിപ്പു നൽകുന്നുവെന്ന് അവന്റെ മുൻകാലപ്രവൃത്തികൾ സ്ഥിരീകരിക്കുന്നു. നോഹ ദൈവത്തിന്റെ നീതിയെക്കുറിച്ചു പ്രസംഗിച്ചെങ്കിലും ഭൂരിഭാഗം ആളുകളും അതു ചെവിക്കൊണ്ടില്ല. ബൈബിൾ പറയുന്നു: “ജലപ്രളയം വന്ന് അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല.”—മത്തായി 24:39.
ദൈവം ആ കീഴ്വഴക്കത്തോടു പറ്റിനിന്നോ? ഉവ്വ്. ഉദാഹരണത്തിന്, ഇസ്രായേൽജനം ചുറ്റുമുള്ള ജനതകളെപ്പോലെ ദുഷ്ടതയിലേക്കു തിരിഞ്ഞാൽ ശത്രുക്കൾ ദേശം ആക്രമിച്ച് തലസ്ഥാനമായ യെരുശലേമിനെ നശിപ്പിക്കുമെന്നും അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുമെന്നും അവൻ മുന്നറിയിപ്പു കൊടുത്തു. എന്നിട്ടും ഇസ്രായേൽജനം ദുഷ്ടതയിലേക്കു തിരിഞ്ഞു. ശിശുബലിപോലും അവർ നടത്തി! ഇതിനോടു യഹോവ പ്രതികരിച്ചോ? തീർച്ചയായും. പക്ഷേ മുന്നറിയിപ്പു കൊടുക്കാൻ തന്റെ പ്രവാചകന്മാരെ വീണ്ടും വീണ്ടും അയച്ചതിനുശേഷം മാത്രമാണ് ദൈവം അങ്ങനെ ചെയ്തത്. അങ്ങനെ, അവരുടെ വഴികൾ തിരുത്താൻ മതിയായ സമയം അവൻ കൊടുത്തു. മാത്രമല്ല, അവൻ ഇങ്ങനെ പറയുകയും ചെയ്തു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”—ആമോസ് 3:7.
നിങ്ങളെ ബാധിക്കുന്ന വിധം: കഴിഞ്ഞ കാലങ്ങളിൽ യഹോവ ന്യായവിധികൾ നടപ്പിലാക്കിയ രീതി നമുക്കു പ്രത്യാശ നൽകുന്നു. അതിനാൽ കഷ്ടപ്പാടുകൾക്കിടയാക്കുന്ന ക്രൂരരായ ആളുകൾക്കെതിരെയുള്ള ദൈവത്തിന്റെ ന്യായവിധിക്കായി നമുക്ക് ഉറപ്പോടെ കാത്തിരിക്കാം. ബൈബിൾ പറയുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:9-11) കഷ്ടപ്പാടിൽനിന്നു മാനവരാശിയെ രക്ഷിക്കുന്ന ഒരു ന്യായവിധിയെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അതു ക്രൂരതയാണോ, അതോ കരുണയോ?
കനാന്യരുടെ സമ്പൂർണനാശം
ചില ആളുകൾ പറയുന്നു: “കനാന്യരുടെ നാശം ഇക്കാലത്തെ വംശഹത്യകൾ പോലെയുള്ള ഹീനമായ ഒരു യുദ്ധക്കുറ്റകൃത്യമാണ്.”
ബൈബിൾ പറയുന്നത്: ‘(ദൈവത്തിന്റെ) വഴികൾ നീതി ഉള്ളവ. അവിടുന്ന്, വിശ്വസ്തയുള്ളവനും അനീതിയില്ലാത്തവനും ആകുന്നു.’ (ആവർത്തനപുസ്തകം 32:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ദൈവത്തിന്റെ ന്യായവിധിയെ മനുഷ്യരുടെ യുദ്ധങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. കാരണം, മനുഷ്യരിൽനിന്നു വ്യത്യസ്തമായി ദൈവത്തിനു ഹൃദയങ്ങളെ വായിക്കാൻ, അതായത് നാം അകമെ ആരാണെന്ന് അറിയാൻ കഴിയും.
ഉദാഹരണത്തിന്, ദൈവം സൊദോമിനെയും ഗൊമോറയെയും നാശത്തിനു വിധിച്ചപ്പോൾ അതു ന്യായമാണോ എന്നു വിശ്വസ്ത ദൈവദാസനായ അബ്രാഹാം ആശങ്കപ്പെട്ടു. ന്യായപ്രിയനായ തന്റെ ദൈവം ‘ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കും’ എന്ന് അവനു ചിന്തിക്കാനാകുമായിരുന്നില്ല. എന്നാൽ സൊദോമിൽ പത്തു നീതിമാന്മാരെങ്കിലുമുണ്ടെങ്കിൽ അവരെപ്രതി താൻ ആ നഗരം നശിപ്പിക്കില്ലെന്നു ദൈവം അവന് ഉറപ്പു കൊടുത്തു. (ഉല്പത്തി 18:20-33) ദൈവം അവിടത്തെ ആളുകളുടെ ഹൃദയം പരിശോധിച്ച് അവരുടെ ദുഷ്ടത എത്ര കൊടിയതാണെന്നു കണ്ടെത്തി എന്നു വ്യക്തം.—1 ദിനവൃത്താന്തം 28:9.
അതുപോലെ, കനാന്യരെയും ദൈവം ദുഷ്ടരെന്നു കണ്ടെത്തി നശിപ്പിക്കാൻ കല്പന കൊടുത്തു. അത് അവർ ശരിക്കും അർഹിക്കുന്നതായിരുന്നു. കുട്ടികളെ ജീവനോടെ അഗ്നിയിൽ ബലി കഴിക്കുന്നതുപോലെയുള്ള ക്രൂരകൃത്യങ്ങൾക്കു കുപ്രസിദ്ധരായിരുന്നു കനാന്യർ.a (2 രാജാക്കന്മാർ 16:3) യഹോവ ഇസ്രായേല്യരോടു മുഴുദേശവും അവകാശമാക്കിക്കൊള്ളാൻ കല്പിച്ചിട്ടുണ്ടെന്നു കനാന്യർക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടെത്തന്നെ തുടരാനും യുദ്ധം ചെയ്യാനും തീരുമാനിച്ച് ഉറച്ച കനാന്യർ ഇസ്രായേൽജനത്തിനെതിരെ മനഃപൂർവം നിലപാട് സ്വീകരിക്കുകയായിരുന്നു; മാത്രമല്ല, തന്റെ ജനത്തോടൊപ്പമുണ്ടെന്നതിനു ശക്തമായ തെളിവു നൽകിയ യഹോവയ്ക്കെതിരെയും.
എന്നിരുന്നാലും, തങ്ങളുടെ ദുഷ്ടത വിട്ടുതിരിയുകയും തന്റെ ഉയർന്ന ധാർമികനിലവാരങ്ങൾ അംഗീകരിക്കുകയും ചെയ്ത കനാന്യരോടു യഹോവ കരുണ കാണിച്ചു. ഉദാഹരണത്തിന്, കനാന്യവേശ്യയായിരുന്ന രാഹാബിനെ അവളുടെ കുടുബത്തോടൊപ്പം അവൻ രക്ഷിച്ചു. കൂടാതെ കനാന്യനഗരമായ ഗിബെയോനിലെ നിവാസികൾ കരുണയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ അവരെയും അവരുടെ കുട്ടികളെയും അവൻ ജീവനോടെ സംരക്ഷിച്ചു.—യോശുവ 6:25; 9:3, 4, 24-26.
നിങ്ങളെ ബാധിക്കുന്ന വിധം: കനാന്യരെ ന്യായംവിധിച്ചതിൽനിന്നു നമുക്കു വിലയേറിയ ഒരു പാഠം പഠിക്കാനുണ്ട്. മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന “ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്കു” നാം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. (2 പത്രോസ് 3:7) അന്ന്, തന്റെ നീതിപൂർവമായ ഭരണത്തെ തള്ളിക്കളഞ്ഞ് ദുഷ്ടത പ്രവർത്തിക്കുന്ന ആളുകളെ യഹോവ ഭൂമിയിൽനിന്നു തുടച്ചുനീക്കും. അപ്പോൾ നാം സംരക്ഷിക്കപ്പെടണമെങ്കിൽ യഹോവയെ സ്നേഹിക്കുകയും അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുകയും വേണം.
ജലപ്രളയത്തിൽ ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനു മുമ്പ് ദൈവം നോഹയോടു മുന്നറിയിപ്പു കൊടുക്കാൻ ആവശ്യപ്പെട്ടു
കൂടാതെ, മാതാപിതാക്കൾ എടുക്കുന്ന തിരഞ്ഞെടുപ്പുകൾ മക്കളെയും ബാധിക്കുമെന്നു യഹോവ സ്നേഹപൂർവം ഓർമിപ്പിക്കുന്നു. ദൈവവചനം പറയുന്നു: “നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്തകം 30:19, 20) ഈ വാക്കുകൾ ക്രൂരനായ ഒരു ദൈവത്തിന്റെയാണോ, അതോ ആളുകളെ സ്നേഹിക്കുകയും അവർ ശരിയായ തിരഞ്ഞെടുപ്പുകൾ എടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെയോ? (w13-E 05/01)
a കനാന്യരുടെ ആരാധനയിൽ ശിശുബലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ പുരാവസ്തുഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്.