ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തി സംരക്ഷിക്കാൻ യഹോവയെ അനുവദിക്കുക
“യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.” —സങ്കീ. 127:1ബി.
1, 2. (എ) ഇസ്രായേല്യരിൽ 24,000 പേർക്ക് മഹത്തായ അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടത് എന്തുകൊണ്ട്? (ബി) ആ പുരാതനവൃത്താന്തം നമുക്ക് പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?
വാഗ്ദത്തദേശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയായിരുന്നു ഇസ്രായേൽ ജനത. പക്ഷേ അവർ ‘പടിക്കൽക്കൊണ്ടുവന്ന് കലമുടച്ചു!’ അവരിൽ ആയിരക്കണക്കിന് പുരുഷന്മാർ അവിടെവെച്ച് “മോവാബ്യസ്ത്രീകളുമായി പരസംഗം” ചെയ്തു. ഫലമോ? യഹോവയുടെ കൈയാൽ അന്ന് 24,000 പേർ വീണു. ഒന്നു ചിന്തിച്ചു നോക്കൂ! നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം അവർ തങ്ങളുടെ അവകാശഭൂമിയിലേക്ക് കാലെടുത്തുവെക്കാൻ പോകുകയായിരുന്നു. പക്ഷേ പ്രലോഭനത്തിന് വശംവദരായതുനിമിത്തം അവർ സർവവും കളഞ്ഞുകുളിച്ചു.—സംഖ്യാ. 25:1-5, 9.
2 ചരിത്രത്തിലെ ആ ദുരന്തവൃത്താന്തം വ്യവസ്ഥിതിയുടെ “അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക് മുന്നറിയിപ്പിനായി” എഴുതപ്പെട്ടിരിക്കുന്നു. (1 കൊരി. 10:6-11) ഇന്ന്, “അന്ത്യകാലത്തിന്റെ” അവസാനയാമങ്ങളിൽ ജീവിക്കുന്ന ദൈവദാസർ നീതി വസിക്കുന്ന പുതിയലോകത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. (2 തിമൊ. 3:1; 2 പത്രോ. 3:13) സങ്കടകരമെന്നു പറയട്ടെ, യഹോവയുടെ ആരാധകരിൽ ചിലർ ജാഗ്രത കൈവിട്ടിരിക്കുന്നു. അധാർമികതയുടെ കെണിയിൽ അകപ്പെട്ട് അവർ അഴിഞ്ഞ നടത്തയുടെ കൈപ്പേറിയ അനന്തരഫലങ്ങൾ കൊയ്തിരിക്കുന്നു. നാശത്തിന്റെ വക്കിലൂടെയാണ് അത്തരക്കാർ സഞ്ചരിക്കുന്നത്. സുബോധം വീണ്ടെടുക്കാത്തപക്ഷം അവർ നിത്യാനുഗ്രങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.
3. ഭാര്യാഭർത്താക്കന്മാർക്ക് യഹോവയുടെ മാർഗനിർദേശവും സംരക്ഷണവും അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 ഒരു പകർച്ചവ്യാധിപോലെ അധാർമികത പടർന്നു പിടിച്ചിരിക്കുന്ന ഇക്കാലത്ത്, വിവാഹബന്ധത്തെ കാത്തുപരിപാലിക്കാനുള്ള ഭാര്യാഭർത്താക്കന്മാരുടെ ശ്രമങ്ങൾ വൃഥാവായിപ്പോകാതിരിക്കണമെങ്കിൽ അവർക്ക് യഹോവയുടെ മാർഗനിർദേശവും സംരക്ഷണവും കൂടിയേ തീരൂ. (സങ്കീർത്തനം 127:1 വായിക്കുക.) ദമ്പതികൾക്ക് തങ്ങളുടെ ദാമ്പത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യും. അവർ (1) തങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുകയും (2) ദൈവത്തോട് അടുത്ത് ചെല്ലുകയും (3) പുതിയ വ്യക്തിത്വം ധരിക്കുകയും (4) അർഥവത്തായ ആശയവിനിമയം നടത്തുകയും (5) ദാമ്പത്യധർമം നിറവേറ്റുകയും വേണം.
ഹൃദയത്തെ കാത്തുകൊള്ളുക
4. ചില ക്രിസ്ത്യാനികളെ തെറ്റിലേക്ക് നയിച്ചിട്ടുള്ളത് എന്തൊക്കെയാണ്?
4 അധാർമികനടത്തയിലേക്ക് ഒരു ക്രിസ്ത്യാനി വഴുതിവീണേക്കാവുന്നത് എങ്ങനെയാണ്? അധാർമികതയിലേക്കുള്ള വഴിവിട്ട നടത്ത ആരംഭിക്കുന്നത് പലപ്പോഴും കണ്ണുകളിൽനിന്നാണ്. “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” എന്ന് യേശു പറയുകയുണ്ടായി. (മത്താ. 5:27, 28; 2 പത്രോ. 2:14) തെറ്റിൽ അകപ്പെട്ടിരിക്കുന്ന പല ക്രിസ്ത്യാനികളും അശ്ലീലം വീക്ഷിച്ചും കാമോദ്ദീപകമായ സാഹിത്യങ്ങൾ വായിച്ചും നീലച്ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഇന്റർനെറ്റ് സൈറ്റുകൾ സന്ദർശിച്ചും കൊണ്ട്, ധാർമികശുദ്ധി നിലനിറുത്താനുള്ള തങ്ങളുടെ ആന്തരികകരുത്ത് ക്ഷയിപ്പിച്ചുകളഞ്ഞിരിക്കുന്നു. മറ്റുചിലർ ലൈംഗികത പച്ചയായി വർണിക്കുന്ന സിനിമകളോ സ്റ്റേജ് പരിപാടികളോ ടെലിവിഷൻ പരിപാടികളോ കണ്ട് രസിച്ചിട്ടുണ്ട്. വേറെ ചിലർ നിശാക്ലബ്ബുകളിലോ നഗ്നനൃത്തമാടുന്ന പരിപാടികൾക്കോ പോയിട്ടുണ്ട്. ഇനിയും ചിലർ ലൈംഗിക സുഖാനുഭൂതി തേടിക്കൊണ്ട് മസാജ് സെന്ററുകൾ സന്ദർശിച്ചിരിക്കുന്നു.
5. നമ്മൾ ഹൃദയത്തെ കാത്തുകൊള്ളേണ്ടത് എന്തുകൊണ്ട്?
5 അൽപം ശ്രദ്ധയ്ക്കും സ്നേഹത്തിനുംവേണ്ടി ഇണയല്ലാത്ത വ്യക്തികളിലേക്ക് തിരിയുന്നതു നിമിത്തമാണ് ചിലർ പ്രലോഭനത്തിന് വഴിപ്പെടുന്നത്. ആത്മനിയന്ത്രണത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട് സകലവിധ അസാന്മാർഗികതയിലും ആറാടിനിൽക്കുന്ന ഈ ലോകത്തിൽ, സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലും കാമവികാരങ്ങൾ വളർത്തിയെടുക്കാൻ കുടിലവും വഞ്ചകവും ആയ ഹൃദയത്തിന് വളരെ എളുപ്പം സാധിക്കും. (യിരെമ്യാവു 17:9, 10 വായിക്കുക.) ‘ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, എന്നിവ പുറപ്പെടുന്നത് ഹൃദയത്തിൽനിന്നാണെന്ന്’ യേശു വ്യക്തമാക്കി.—മത്താ. 15:19.
6, 7. (എ) ഹൃദയത്തിൽ വേണ്ടാത്ത മോഹങ്ങൾ വേരുപിടിക്കുന്നെങ്കിൽ നമുക്ക് എന്തു സംഭവിച്ചേക്കാം? (ബി) ദാരുണമായ ഒരു ധാർമികദുരന്തം നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
6 അന്യോന്യം ആകൃഷ്ടരാകുന്ന രണ്ട് വ്യക്തികളുടെ വഞ്ചകമായ ഹൃദയങ്ങളിൽ വേണ്ടാത്ത മോഹങ്ങൾ വേരുപിടിച്ചുകഴിഞ്ഞാൽപ്പിന്നെ, സ്വന്തം ഇണയോടു മാത്രം പങ്കുവെക്കേണ്ട കാര്യങ്ങൾ അവർ പരസ്പരം ചർച്ചചെയ്തു തുടങ്ങുന്നു. പിന്നെ, ഒരുമിച്ചുകാണാൻ കൂടുതൽക്കൂടുതൽ അവസരങ്ങൾ തേടുകയായി. നിഷ്കപടവും യാദൃച്ഛികവും എന്ന് അവർ പേരുവിളിക്കുന്ന കൂടിക്കാഴ്ചകളുടെ എണ്ണം അങ്ങനെ പെരുകുന്നു. വികാരങ്ങൾ അടിക്കടി തീവ്രമാകുമ്പോൾ അവരുടെ ആന്തരികകരുത്ത് അയഞ്ഞുതുടങ്ങുന്നു. പാപത്തിന്റെ വഴുവഴുപ്പിൽ തെന്നിനീങ്ങുന്തോറും—തെറ്റാണ് ചെയ്യുന്നതെന്ന് അറിയാമെങ്കിലും—പിന്തിരിയുക കൂടുതൽക്കൂടുതൽ ദുഷ്കരമായിത്തീരുന്നു.—സദൃ. 7:21, 22.
7 അനുചിതമായ മോഹങ്ങളും സല്ലാപങ്ങളും, കരംഗ്രഹിക്കുന്നതിലേക്കും ചുംബിക്കുന്നതിലേക്കും തലോടുന്നതിലേക്കും വികാരങ്ങളെ ഉണർത്തുംവിധം തഴുകുന്നതിലേക്കും മറ്റു കാമകേളികളിലേക്കും നയിക്കുമ്പോൾ ആത്മീയപ്രതിരോധങ്ങൾ ഒരു ചീട്ടുകൊട്ടാരംപോലെ നിലംപതിക്കുന്നു. വാസ്തവത്തിൽ, സ്വന്തം ഇണയിൽ മാത്രം ഒതുങ്ങേണ്ട കാര്യങ്ങളാണ് ഇവയെല്ലാം എന്ന് അവർ മറക്കുന്നു. അവർ ‘സ്വന്തമോഹത്താൽ ആകർഷിതരായി വശീകരിക്കപ്പെടുന്നു.’ ഒടുവിൽ, “മോഹം ഗർഭംധരിച്ച്” ലൈംഗിക അധാർമികതയുടെ രൂപത്തിൽ “പാപത്തെ പ്രസവിക്കുന്നു.” (യാക്കോ. 1:14, 15) എത്ര ദാരുണം! സ്വന്തം വിവാഹത്തിന്റെ പവിത്രതയോടുള്ള തങ്ങളുടെ ആദരവിനെ ശക്തിപ്പെടുത്താൻ രണ്ടുപേരും യഹോവയെ അനുവദിച്ചിരുന്നെങ്കിൽ പരിതാപകരമായ ഈ ധാർമികദുരന്തം ഒഴിവാക്കാനാകുമായിരുന്നു. എന്നാൽ എങ്ങനെ?
യഹോവയോട് അധികമധികം അടുത്തുചെല്ലുക
8. യഹോവയുമായുള്ള സൗഹൃദം ധാർമിക സംരക്ഷണം നൽകുന്നത് എങ്ങനെ?
8 സങ്കീർത്തനം 97:10 വായിക്കുക. യഹോവയുമായുള്ള സൗഹൃദമാണ് അധാർമികതയിൽ വീഴാതെ നമ്മെ കാത്തു സംരക്ഷിക്കുന്ന മുഖ്യസംഗതി. ദൈവത്തിന്റെ ഹൃദ്യമായ ഗുണങ്ങളെക്കുറിച്ച് പഠിക്കുകയും “പ്രിയമക്കളായി ദൈവത്തെ അനുകരി”ച്ചുകൊണ്ട് “സ്നേഹത്തിൽ ജീവിക്കു”കയും ചെയ്യുമ്പോൾ “പരസംഗ”വും എല്ലാത്തരം “അശുദ്ധി”യും ഒഴിവാക്കാൻ നാം ശക്തരും സജ്ജരും ആയിത്തീരും. (എഫെ. 5:1-4) “പരസംഗികളെയും വ്യഭിചാരികളെയും ദൈവം ന്യായംവിധിക്കു”മെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ദാമ്പത്യം ആദരണീയവും നിർമലവും ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു.—എബ്രാ. 13:4.
9. (എ) യോസേഫ് എങ്ങനെയാണ് അധാർമിക പ്രലോഭനത്തെ ചെറുത്തു നിന്നത്? (ബി) യോസേഫിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?
9 സാക്ഷികളല്ലാത്ത സഹജോലിക്കാരുമായി ജോലിക്കുശേഷം സഹവസിച്ചുകൊണ്ട് ദൈവത്തിന്റെ ചില വിശ്വസ്തസേവകർ തങ്ങളുടെ ധാർമിക പ്രതിരോധശേഷിയെ ദുർബലമാക്കിയിട്ടുണ്ട്. ജോലി സമയത്തുപോലും പ്രലോഭനങ്ങൾ ഉണ്ടായേക്കാം. യോസേഫ് എന്നു പേരുള്ള സുമുഖനായ ഒരു ചെറുപ്പക്കാരന് ജോലിസ്ഥലത്തുവെച്ചാണ് പ്രലോഭനമുണ്ടായത്. അവന്റെ ബോസിന്റെ ഭാര്യ അവനിൽ മോഹപരവശയായി. കുറെ ദിവസം അവൾ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം, “അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു.” പക്ഷേ യോസേഫ് അവളുടെ കൈയിൽനിന്ന് കുതറിമാറി അവിടെനിന്ന് ഓടിപ്പോയി. അത്തരം പ്രലോഭനകരമായ സാഹചര്യത്തിൽ തന്റെ ആത്മീയ പ്രതിരോധം ശക്തമായി നിലനിറുത്താൻ യോസേഫിനെ സഹായിച്ചത് എന്താണ്? ധാർമികനിഷ്കളങ്കതയും നിർമലതയും കാത്തുകൊള്ളാൻ തന്നെ സഹായിച്ചിരുന്ന ദൈവവുമായുള്ള തന്റെ ബന്ധം ഒരിക്കലും തകരരുത് എന്നുള്ള അവന്റെ ദൃഢനിശ്ചയമായിരുന്നു അത്. അവന്റെ ഉറച്ച നിലപാടു നിമിത്തം അവന് തന്റെ ജോലി നഷ്ടപ്പെടുകയും അന്യായമായി അവൻ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തെങ്കിലും യഹോവ അവനെ അനുഗ്രഹിച്ചു. (ഉല്പ. 39:1-12; 41:38-43) ജോലിസ്ഥലത്തായാലും സ്വകാര്യസ്ഥലത്തായാലും സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലുമൊപ്പം പ്രലോഭനകരമായ സാഹചര്യങ്ങളിൽ ഒറ്റയ്ക്കായിരിക്കുന്നത് ക്രിസ്ത്യാനികൾ ഒഴിവാക്കണം.
പുതിയ വ്യക്തിത്വം ധരിക്കുക
10. പുതിയ വ്യക്തിത്വം എന്തു ധാർമികസംരക്ഷണം പ്രദാനം ചെയ്യുന്നു?
10 ദമ്പതികളുടെ ആത്മീയ പ്രതിരോധസംവിധാനത്തിന്റെ മർമപ്രധാന ഭാഗമാണ് പുതിയ വ്യക്തിത്വം. കാരണം, “ശരിയായ നീതിയിലും വിശ്വസ്തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട”താണ് അത്. (എഫെ. 4:24) ഈ പുതിയ വ്യക്തിത്വം ധരിക്കുന്നവർ, “പരസംഗം, അശുദ്ധി, ഭോഗതൃഷ്ണ, ദുരാസക്തി, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിവ സംബന്ധമായി” തങ്ങളുടെ ഭൗമികാവയവങ്ങളെ “നിഗ്രഹിക്കു”ന്നു. (കൊലോസ്യർ 3:5, 6 വായിക്കുക.) ‘നിഗ്രഹിക്കുക’ എന്ന പദം സൂചിപ്പിക്കുന്നത് അധാർമികമായ ജഡികചിന്തകളോടു പോരാടാൻ നാം ശക്തമായ നടപടികൾ എടുക്കണം എന്നാണ്. സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലും ലൈംഗിക മോഹം ഉണർത്തിയേക്കാവുന്ന എന്തും നാം ഒഴിവാക്കും. (ഇയ്യോ. 31:1) നമ്മുടെ ജീവിതം ദൈവഹിതത്തിനു ചേർച്ചയിൽ നാം അനുരൂപപ്പെടുത്തുമ്പോൾ, “ദോഷത്തെ വെറുത്ത് നല്ലതിനോടു പറ്റിനിൽ”ക്കാൻ നാം പഠിക്കുന്നു.—റോമ. 12:2, 9.
11. പുതിയ വ്യക്തിത്വം ധരിക്കുന്നത് ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെ?
11 പുതിയ വ്യക്തിത്വം “അതിനെ സൃഷ്ടിച്ചവന്റെ” അഥവാ യഹോവയുടെ “പ്രതിരൂപം” പ്രതിഫലിപ്പിക്കുന്നു. (കൊലോ. 3:10) “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊ”ണ്ട് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ധാർമിക പ്രതിരോധം ശക്തിപ്പെടുത്തുമ്പോൾ കെട്ടുറപ്പുള്ള ഒരു വിവാഹബന്ധം അവർ ആസ്വദിക്കും! (കൊലോ. 3:12) “ക്രിസ്തുവിന്റെ സമാധാനം (തങ്ങളുടെ) ഹൃദയങ്ങളിൽ” വാഴാൻ അനുവദിക്കുമ്പോൾ ദാമ്പത്യബന്ധത്തിൽ തികഞ്ഞ ഐക്യം ആസ്വദിക്കാനും അവർക്ക് കഴിയും. (കൊലോ. 3:15) “സ്നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കു”ന്നത് അവർക്ക് അനുഗ്രഹങ്ങൾ വിളിച്ചുവരുത്തും. “പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കു”ന്നത് അവർക്ക് ആനന്ദം പകരും.—റോമ. 12:10.
12. ഒരു സന്തുഷ്ട ദാമ്പത്യബന്ധത്തിന് ഏതു ഗുണങ്ങളാണ് അനുപേക്ഷണീയമായി നിങ്ങൾ കരുതുന്നത്?
12 ഏതെല്ലാം ഗുണങ്ങളാണ് സന്തുഷ്ടമായ ദാമ്പത്യജീവിതം കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിച്ചത് എന്ന് ചോദിച്ചപ്പോൾ സിഡ് എന്നു പേരുള്ള ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എല്ലായ്പോഴും നിലനിറുത്താൻ ശ്രമിച്ച മുഖ്യഗുണം സ്നേഹമാണ്. അതുപോലെ, സൗമ്യതയും വളരെ പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.” അദ്ദേഹത്തിന്റെ ഭാര്യ സോണ്യ അതിനോട് യോജിക്കുന്നു: “ദയയും അവശ്യംവേണ്ട ഒരു ഗുണമാണ്. താഴ്മ കാണിക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. എല്ലായ്പോഴും അത് അത്ര എളുപ്പമല്ലായിരുന്നുതാനും.”
അർഥവത്തായ ആശയവിനിമയം നിലനിറുത്തുക
13. നിലനിൽക്കുന്ന വിവാഹബന്ധത്തിന്റെ ഒരു രഹസ്യം എന്താണ്, എന്തുകൊണ്ട്?
13 നിലനിൽക്കുന്ന വിവാഹബന്ധത്തിന്റെ ഒരു രഹസ്യം ഹൃദ്യമായ സംസാരമാണ് എന്നതിന് രണ്ടു പക്ഷമില്ല. അപരിചിതരോടോ വളർത്തുമൃഗങ്ങളോടോ കാണിക്കുന്ന ആദരവിന്റെ ഒരംശംപോലുമില്ലാതെ ഭാര്യാഭർത്താക്കന്മാർ അന്യോന്യം സംസാരിക്കുന്നെങ്കിൽ അത് എത്ര സങ്കടകരമാണ്! “വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും” സഹിതം ദമ്പതികൾ അന്യോന്യം പൊട്ടിത്തെറിക്കുമ്പോൾ തങ്ങളുടെ വിവാഹത്തിന്റെ ആത്മീയ പ്രതിരോധവ്യവസ്ഥയെ അവർ താറുമാറാക്കുകയാണ്. (എഫെ. 4:31) സദാ വിമർശിച്ചും കുത്തിനോവിപ്പിക്കുന്ന പരിഹാസശരങ്ങൾ എയ്തും കൊണ്ട് സ്വന്തം വിവാഹബന്ധത്തിനു തുരങ്കംവെക്കുന്നതിനുപകരം ദയയും സ്നേഹവും ആർദ്രതയും തുളുമ്പുന്ന വാക്കുകൾകൊണ്ട് ദമ്പതികൾ തങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കുകയാണ് ചെയ്യേണ്ടത്.—എഫെ. 4:32.
14. എന്തു ചെയ്യുന്നത് നാം ബുദ്ധിപൂർവം ഒഴിവാക്കും?
14 “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാ 3:7) ഇതിനർഥം, ഒന്നും മിണ്ടാതെ ഒരു മൗനവ്രതം സ്വീകരിക്കണം എന്നല്ല. ജർമൻകാരിയായ ഒരു ഭാര്യ ഇങ്ങനെ പറയുന്നു: “അങ്ങനെ ചെയ്താൽ അത് നിങ്ങളുടെ ഇണയെ മുറിപ്പെടുത്തുകയേ ഉള്ളൂ.” എന്നിരുന്നാലും, സഹോദരി തുടരുന്നു: “സമ്മർദത്തിന്മധ്യേ ശാന്തത പാലിക്കുക എന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. എന്നുവെച്ച് ഉള്ളിൽത്തിങ്ങുന്ന കോപം അൽപമൊന്ന് തുറന്നുവിട്ടാൽ അയവ് ലഭിക്കും എന്ന് ചിന്തിക്കുന്നതും നല്ലതല്ല. കാരണം അങ്ങനെ ചിന്തിച്ച് മുന്നുംപിന്നും നോക്കാതെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ അത് മറ്റെയാളെ മുറിപ്പെടുത്തിയേക്കാം. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ.” കുറെ ഒച്ചയിടുന്നതുകൊണ്ടോ മൗനവ്രതം സ്വീകരിക്കുന്നതുകൊണ്ടോ ഭാര്യാഭർത്താക്കന്മാർ ഒരിക്കലും പ്രശ്നം പരിഹരിക്കില്ല. പകരം, അഭിപ്രായഭിന്നതകൾ ഒരു പതിവാക്കാതെയും അന്തമില്ലാത്ത വാക്കുതർക്കങ്ങളായി അവ അധഃപതിക്കാൻ അനുവദിക്കാതെയും ഇരുന്നുകൊണ്ട് അവർ തങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
15. നല്ല ആശയവിനിമയം വിവാഹബന്ധത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെ?
15 വികാരവിചാരങ്ങൾ അന്യോന്യം പങ്കുവെക്കാൻ ദമ്പതികൾ സമയം കണ്ടെത്തുമ്പോൾ വിവാഹബന്ധം കൂടുതൽ ബലിഷ്ഠമാകുന്നു. നാം എന്തു പറയുന്നു എന്നതുപോലെതന്നെ പ്രധാനമാണ് നാം എങ്ങനെ പറയുന്നു എന്നതും. അതുകൊണ്ട് സമ്മർദപൂരിതമായ സാഹചര്യങ്ങളിൽപ്പോലും നിങ്ങളുടെ വാക്കുകളും പറയുന്നതിന്റെ സ്വരവും ഹൃദ്യമാക്കിത്തീർക്കാൻ ബോധപൂർവം ശ്രമം നടത്തുക. അങ്ങനെ ചെയ്താൽ ഇണയ്ക്ക് നിങ്ങളെ ശ്രദ്ധിക്കുക കൂടുതൽ എളുപ്പമായിരിക്കും. (കൊലോസ്യർ 4:6 വായിക്കുക.) ഇണയ്ക്ക് ‘ഗുണം ചെയ്യുന്ന, ആത്മീയവർധനയ്ക്ക് ഉതകുന്ന’ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നല്ല ആശയവിനിമയത്തിലൂടെ ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാഹജീവിതം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും.—എഫെ. 4:29.
നല്ല ആശയവിനിമയം നിലനിറുത്തിക്കൊണ്ട് ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാഹബന്ധത്തെ കൂടുതൽ ബലിഷ്ഠമാക്കാൻ കഴിയും (15-ാം ഖണ്ഡിക കാണുക)
ദാമ്പത്യധർമം നിറവേറ്റുക
16, 17. ഒരു ഭാര്യയോ ഭർത്താവോ തന്റെ ഇണയുടെ വൈകാരികവും ലൈംഗികവും ആയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
16 സ്വന്തം താത്പര്യത്തെക്കാൾ ഇണയുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം നൽകുന്നത് ശക്തമായ വിവാഹബന്ധം വാർത്തെടുക്കാൻ സഹായിക്കും. (ഫിലി. 2:3, 4) ഭാര്യ ഭർത്താവിന്റെയും ഭർത്താവ് ഭാര്യയുടെയും വൈകാരികവും ലൈംഗികവും ആയ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം.—1 കൊരിന്ത്യർ 7:3, 4 വായിക്കുക.
17 ഖേദകരമെന്നു പറയട്ടെ, ചില ഭാര്യാഭർത്താക്കന്മാർ ആർദ്രത കാണിക്കുന്നതിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലും മടിച്ചുനിൽക്കുന്നു. ആർദ്രത കാണിക്കുന്നത് ആണത്തമല്ല എന്നാണ് ചില പുരുഷന്മാർ ചിന്തിക്കുന്നത്. “ഭർത്താക്കന്മാരേ, . . . വിവേകപൂർവം (‘ഭാര്യമാരുടെ ആവശ്യങ്ങൾ അറിഞ്ഞ്,’ ദിവ്യസന്ദേശം ബൈബിൾ) അവരോടൊപ്പം വസിക്കുവിൻ.” (1 പത്രോ. 3:7) ദാമ്പത്യധർമം നിറവേറ്റുന്നതിൽ ശാരീരികബന്ധത്തിലും അധികം ഉൾപ്പെടുന്നെന്ന് ഭാര്യയുടെ ആവശ്യങ്ങൾ അറിയുന്ന ഒരു ഭർത്താവ് തിരിച്ചറിയും. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രമല്ല മറ്റുള്ളപ്പോഴും ഒരു ഭർത്താവ് തന്റെ ഭാര്യയോട് സ്നേഹവും ആർദ്രതയും കാണിക്കുന്നെങ്കിൽ ഭാര്യയ്ക്ക് ശാരീരികബന്ധം ഏറെ ആസ്വാദ്യകരമായിരുന്നേക്കാം. അന്യോന്യം സ്നേഹപൂർവം പരിഗണന കാണിക്കുമ്പോൾ മറ്റേ ആളിന്റെ വൈകാരികവും ശാരീരികവും ആയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇരുവരും സന്തോഷമുള്ളവരായിരിക്കും.
18. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാഹബന്ധം സുദൃഢമാക്കാൻ എങ്ങനെ കഴിയും?
18 വൈവാഹിക അവിശ്വസ്തതയ്ക്ക് യാതൊരു ന്യായീകരണവുമില്ലെങ്കിലും, ആർദ്രതയുടെ അഭാവം, ഭാര്യയോ ഭർത്താവോ ദാമ്പത്യത്തിനു വെളിയിൽ സ്നേഹവും ആർദ്രതയും തേടിപ്പോകാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. (സദൃ. 5:18; സഭാ. 9:9) അതുകൊണ്ടാണ് ബൈബിൾ ഭാര്യാഭർത്താക്കന്മാർക്ക് ഇങ്ങനെ ബുദ്ധിയുപദേശം നൽകുന്നത്: “പരസ്പരസമ്മതത്തോടെ നിശ്ചിതസമയത്തേക്കല്ലാതെ തമ്മിൽ (ദാമ്പത്യധർമം നിറവേറ്റാതെ) അകന്നിരിക്കരുത്.” എന്തുകൊണ്ട്? “ആത്മസംയമനത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ.” (1 കൊരി. 7:5) തങ്ങളുടെ “ആത്മസംയമനത്തിന്റെ അഭാവം” മുതലെടുക്കാൻ പിശാചായ സാത്താനെ അനുവദിച്ചിട്ട്, ഭാര്യയോ ഭർത്താവോ പ്രലോഭനത്തിന് വഴങ്ങി വ്യഭിചാരം ചെയ്യാൻ ഇടയായാൽ അത് എന്തൊരു ദുരന്തമായിരിക്കും. ഭാര്യയും ഭർത്താവും ‘സ്വന്തം നന്മയ്ക്കുപകരം (മറ്റേ ആളിന്റെ) നന്മ അന്വേഷിക്കുകയും’ ദാമ്പത്യധർമത്തെ ഒരു കടമയെന്നോണം കാണാതെ ആർദ്രസ്നേഹത്തിന്റെ പ്രകടനമെന്ന നിലയിൽ നിറവേറ്റുകയും ചെയ്യുമ്പോൾ, ആ സ്നേഹസംഗമം വിവാഹബന്ധത്തെ സുദൃഢമാക്കും.—1 കൊരി. 10:24.
നിങ്ങളുടെ വിവാഹബന്ധം കാത്തുസംരക്ഷിക്കുന്നതിൽ തുടരുക
19. എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം, എന്തുകൊണ്ട്?
19 നീതിവസിക്കുന്ന പുതിയലോകത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് നാം. ഈ നിർണായകഘട്ടത്തിൽ നാം ജഡികമോഹങ്ങൾക്ക് വശംവദരായാൽ അത് വലിയൊരു ദുരന്തമായിരിക്കും. മോവാബ് സമഭൂമിയിൽവെച്ച് 24,000 ഇസ്രായേല്യർക്ക് അതാണ് സംഭവിച്ചത്. ലജ്ജാകരവും അതിദാരുണവും ആയ ആ സംഭവം വിവരിച്ചശേഷം ദൈവവചനം ഈ മുന്നറിയിപ്പ് മുഴക്കുന്നു: “ആകയാൽ താൻ നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.” (1 കൊരി. 10:12) അതുകൊണ്ട്, നമ്മുടെ സ്വർഗീയ പിതാവിനോടും ഇണയോടും വിശ്വസ്തരായിരുന്നുകൊണ്ട്, നമ്മുടെ ദാമ്പത്യത്തെ ശക്തമായ ഒരു കോട്ടപോലെ നാം നിലനിറുത്തേണ്ടത് എത്ര ജീവത്പ്രധാനമാണ്! (മത്താ. 19:5, 6) ക്രിസ്തീയ ദമ്പതികളേ, “കറയും കളങ്കവും ഇല്ലാതെ സമാധാനത്തിൽ വസിക്കുന്നവരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന് നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.”—2 പത്രോ. 3:13, 14.