വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പെർഫ്യൂമിന്റെയും മറ്റും ഗന്ധത്തോട് അലർജിയുള്ള സഹോദരീസഹോദരന്മാരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
ചിലയാളുകൾക്ക് സുഗന്ധങ്ങൾ അലർജിയാണ്. അതുനിമിത്തം അവർ വളരെയധികം ബുദ്ധിമുട്ടുന്നു. അനുദിനജീവിതത്തിൽ ആളുകളുമായി ഇടപെടുമ്പോൾ അത്തരം ഗന്ധങ്ങൾ ഒഴിവാക്കുക അവർക്ക് പലപ്പോഴും പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. എന്നിരുന്നാലും, ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുമ്പോൾ തങ്ങളുടെ സഹോദരീസഹോദരന്മാർ പെർഫ്യൂം, അത്തർ, സെന്റ് തുടങ്ങിയ സുഗന്ധവസ്തുക്കൾ ഒഴിവാക്കാൻ അഭ്യർഥിക്കാമോ എന്ന് ചിലർ അന്വേഷിച്ചിട്ടുണ്ട്.
ക്രിസ്തീയകൂടിവരവുകളിൽ സംബന്ധിക്കുന്നത് ആർക്കെങ്കിലും ഒരു ബുദ്ധിമുട്ടായിത്തീരാൻ ക്രിസ്ത്യാനികളായ നാം ആരും മനപ്പൂർവം ആഗ്രഹിക്കില്ല. നമ്മുടെ യോഗങ്ങൾ പകർന്നുതരുന്ന പ്രോത്സാഹനം നമുക്കെല്ലാം ആവശ്യമാണ്. (എബ്രാ. 10:24, 25) അതുകൊണ്ടുതന്നെ, ആർക്കെങ്കിലും യോഗത്തിന് സംബന്ധിക്കാൻ കഴിയാത്തവിധം ഗന്ധങ്ങളോട് കലശലായ അലർജി (fragrance sensitivity) അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ അക്കാര്യം മൂപ്പന്മാരുമായി ചർച്ച ചെയ്യാൻ ആഗ്രഹിച്ചേക്കാം. വാസനദ്രവ്യങ്ങളുടെ ഉപയോഗത്തോടുള്ള ബന്ധത്തിൽ യോഗങ്ങളിൽ സംബന്ധിക്കുന്നവർക്കായി നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവെഴുത്തുപരമല്ല, ഉചിതവുമല്ല. എങ്കിലും ഇക്കാര്യത്തിൽ മറ്റുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിയാൻ സഭാംഗങ്ങളെ സഹായിക്കുന്നതിന് അതേക്കുറിച്ചുള്ള വിവരങ്ങൾ മൂപ്പന്മാർക്ക് അവരുമായി പങ്കുവെക്കാനാകും. സാഹചര്യങ്ങൾ കണക്കിലെടുത്ത്, സേവനയോഗത്തിലെ പ്രാദേശിക ആവശ്യങ്ങൾ എന്ന ഭാഗത്ത്, ഈ വിഷയത്തിൽ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ മൂപ്പന്മാർക്ക് തീരുമാനിക്കാവുന്നതാണ്. അതുപോലെ, ആരെയും മുറിപ്പെടുത്താതെ ആ വിഷയത്തെക്കുറിച്ച് ഒരു അറിയിപ്പ് സഭയിൽ നടത്താനുമായേക്കും.a എന്നിരുന്നാലും, ഇത്തരത്തിലുള്ള അറിയിപ്പുകൾ മൂപ്പന്മാർക്ക് കൂടെക്കൂടെ നടത്താനാവില്ല. നമ്മുടെ യോഗത്തിന് പുതിയ താത്പര്യക്കാരും സന്ദർശകരും മിക്കപ്പോഴുംതന്നെ ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് അവർക്ക് അറിവുണ്ടാകണമെന്നില്ല. ഇതിനെപ്രതി അവരുടെ സന്തോഷം ഹനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അൽപ്പം പെർഫ്യൂമോ മറ്റോ ഉപയോഗിച്ചെന്നു കരുതി ആരെയും വിഷമിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കും.
പ്രശ്നം നിലനിൽക്കുന്നപക്ഷം പ്രാദേശിക സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ, ഗന്ധങ്ങളോട് അമിത സംവേദകത്വമുള്ള ആളുകളെ രാജ്യഹാളിൽത്തന്നെ മറ്റൊരിടത്ത് മാറ്റിയിരുത്താൻ മൂപ്പന്മാരുടെ സംഘത്തിന് ക്രമീകരണം ചെയ്യാനായേക്കും. ഉദാഹരണത്തിന്, ശബ്ദസംവിധാനമുള്ള ഒരു കോൺഫറൻസ് റൂമോ സെക്കൻഡ്-സ്കൂളോ പലയിടത്തും കണ്ടേക്കാം. അവർക്ക് അവിടെയിരുന്ന് മുഴുയോഗങ്ങളിൽനിന്നും പ്രയോജനം നേടാൻ സാധിക്കും. ന്യായമായ വിധത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വരികയും ആരെങ്കിലും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നെങ്കിൽ, വീട്ടിൽ കിടപ്പിലായവർക്കുംമറ്റും ചെയ്തുകൊടുക്കാറുള്ളതുപോലെ യോഗപരിപാടികൾ അവർക്ക് റെക്കോർഡു ചെയ്തുകൊടുക്കാനോ ടെലിഫോണിലൂടെ കേൾപ്പിക്കാനോ ഉള്ള ക്രമീകരണം സഭയ്ക്ക് ചെയ്യാൻ കഴിഞ്ഞേക്കും.
മേഖലാ കൺവെൻഷനുകളിൽ സംബന്ധിക്കുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ നമ്മുടെ രാജ്യശുശ്രൂഷ സമീപവർഷങ്ങളിൽ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഭൂരിഭാഗം കൺവെൻഷനുകളും കൃത്രിമവായുസഞ്ചാരത്തെ മാത്രം ആശ്രയിക്കുന്ന കെട്ടിയടച്ച സ്ഥലങ്ങളിൽ നടക്കുന്നതുകൊണ്ട് രൂക്ഷഗന്ധമുള്ള സുഗന്ധവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ഹാജരാകുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മേളനം നടക്കുന്നിടത്ത് ഗന്ധവിമുക്തമായ സ്ഥലങ്ങൾ വേർതിരിക്കുക സാധാരണഗതിയിൽ സാധ്യമല്ലാത്തതുകൊണ്ട് മേഖലാ കൺവെൻഷനുകളോടുള്ള ബന്ധത്തിൽ ഇക്കാര്യത്തിൽ പ്രത്യേകപരിഗണന കാണിക്കാൻ സഹോദരങ്ങളോട് അഭ്യർഥിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ നിർദേശം സഭായോഗങ്ങളിൽ ഒരു ചട്ടമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ആ വിധത്തിൽ അതിനെ വ്യാഖ്യാനിക്കരുത്.
ഈ വ്യവസ്ഥിതിയിൽ ജീവിക്കവേ, പാരമ്പര്യമായി കൈമാറിക്കിട്ടിയ അപൂർണതയുടെ അനന്തരഫലങ്ങൾ നാമെല്ലാം അനുഭവിക്കുന്നു. നമ്മുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനായി മറ്റുള്ളവർ ചെയ്യുന്ന ത്യാഗങ്ങളെ നാം എത്രയധികം വിലമതിക്കുന്നു! ഒരു സഹോദരനോ സഹോദരിക്കോ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നത് ബുദ്ധിമുട്ടാകാതിരിക്കാൻ പെർഫ്യൂം പോലുള്ള വാസനദ്രവ്യങ്ങൾ തങ്ങൾ ഉപയോഗിക്കാതിരുന്നുകൊണ്ട് ചിലർ ത്യാഗമനഃസ്ഥിതി കാണിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ യഥാർഥ സ്നേഹം അങ്ങനെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും.
പൊന്തിയൊസ് പീലാത്തൊസ് ജീവിച്ചിരുന്നെന്ന് ലൗകിക ഉറവിടങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടോ?
പീലാത്തൊസിന്റെ പേര് ലത്തീനിൽ കൊത്തിവെച്ചിരിക്കുന്ന ശിലാഫലകം
ബൈബിൾ വായിച്ചിട്ടുള്ളവർക്ക് സുപരിചിതനാണ് പൊന്തിയൊസ് പീലാത്തൊസ്. യേശുവിനെ വിചാരണചെയ്ത് വധിക്കാൻ ഏൽപ്പിച്ചുകൊടുത്തതിൽ അയാൾ മുഖ്യപങ്കുവഹിച്ചു. (മത്താ. 27:1, 2, 24-26) ബൈബിളിനുപുറമേ സമകാലീന ചരിത്രരേഖകളിലും അയാളുടെ പേര് പലപ്രാവശ്യം കാണാനാകും. ലൗകികചരിത്ര പ്രമാണരേഖകളിൽ, “യഹൂദ്യ ഭരിച്ചിരുന്ന മറ്റേതൊരു റോമൻ ഗവർണറിനെക്കുറിച്ച് ഉള്ളതിലും കൂടുതൽ വിവരങ്ങളും വിശദാംശങ്ങളും” അയാളെക്കുറിച്ചുള്ളതായി ഒരു ബൈബിൾ നിഘണ്ടു (The Anchor Bible Dictionary) പറയുന്നു.
യഹൂദ ചരിത്രകാരനായ ജോസീഫസിന്റെ ലിഖിതങ്ങളിൽ പീലാത്തൊസിന്റെ പേര് കൂടെക്കൂടെ കാണാനാകും. യഹൂദ്യ ഭരിക്കുന്ന കാലത്ത് പീലാത്തൊസ് നേരിട്ട പ്രതിസന്ധികളോട് ബന്ധപ്പെട്ട് മൂന്ന് സംഭവങ്ങൾ ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു യഹൂദ ചരിത്രകാരനായ ഫൈലോ അത്തരത്തിൽ നാലാമത് ഒരു സംഭവത്തെക്കുറിച്ചും പറയുന്നുണ്ട്. റോമൻ ചക്രവർത്തിമാരുടെ ചരിത്രം എഴുതിയ റോമൻ എഴുത്തുകാരനായ റ്റാസിറ്റസ്, തിബെര്യൊസിന്റെ വാഴ്ചക്കാലത്ത് പൊന്തിയൊസ് പീലാത്തൊസാണ് യേശുവിനെ വധിക്കാൻ ഉത്തരവിട്ടതെന്ന് സ്ഥിരീകരിക്കുന്നു.
1961-ൽ ഇസ്രയേലിലെ കൈസര്യയിലുള്ള റോമൻ നാടകശാലയുടെ ഉത്ഖനനവേളയിൽ, പീലാത്തൊസിന്റെ പേര് ലത്തീനിൽ കൊത്തിവെച്ചിട്ടുള്ള ഒരു ശിലാഫലകം പുരാവസ്തുഗവേഷകർ കണ്ടെത്തി. (ചിത്രത്തിൽ കാണുന്ന) ശിലാലിഖിതം ഭാഗികമായി പൊട്ടിപ്പോയതാണ്. എങ്കിലും ആ ലിഖിതത്തിന്റെ പൂർണരൂപം “യഹൂദ്യദേശാധിപതിയായിരുന്ന പൊന്തിയൊസ് പീലാത്തൊസ് റ്റൈബീരിയത്തിലെ ശ്രേഷ്ഠദൈവങ്ങൾക്ക് സമർപ്പിച്ചത്” എന്നാണെന്ന് കരുതപ്പെടുന്നു. ഇവിടെ പരാമർശിച്ചിരിക്കുന്ന റ്റൈബീരിയം റോമൻ ചക്രവർത്തിയായിരുന്ന തിബെര്യൊസിന്റെ ബഹുമതിക്കായി നിർമിച്ച ഒരു ക്ഷേത്രമാകാനാണ് സാധ്യത.
ഒരു പ്രസാധകന്റെ സാന്നിധ്യത്തിൽ ഒരു രാജ്യപ്രസാധിക ബൈബിളധ്യയനം നിർവഹിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കണമോ?
ഒരു പ്രസാധകന്റെ സാന്നിധ്യത്തിൽ ഒരു സഹോദരി ബൈബിളധ്യയനം നിർവഹിക്കുമ്പോൾ, പ്രസാധകൻ സ്നാനമേറ്റതാണെങ്കിലും അല്ലെങ്കിലും, സഹോദരി ശിരോവസ്ത്രം ധരിക്കണമെന്ന് 2002 ജൂലൈ 15 വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ പറഞ്ഞിരുന്നു. എന്നാൽ അതെക്കുറിച്ച് കൂടുതലായ പരിചിന്തനം നടത്തിയപ്പോൾ ഈ നിർദേശത്തിൽ ഒരു പൊരുത്തപ്പെടുത്തൽ ഉചിതമാണെന്ന് വ്യക്തമായി.
ഒരു സഹോദരി ബൈബിളധ്യയനം നടത്തുമ്പോൾ, സ്നാനമേറ്റ ഒരു സഹോദരനാണ് കൂടെയുള്ളതെങ്കിൽ സഹോദരി നിശ്ചയമായും ശിരോവസ്ത്രം ധരിക്കേണ്ടതാണ്. ആ വിധത്തിൽ പ്രവർത്തിക്കുമ്പോൾ, യഹോവ ക്രിസ്തീയ സഭയ്ക്കുള്ളിൽ ആക്കിവെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ മാനിക്കുകയാണ് സഹോദരി. കാരണം, സാധാരണഗതിയിൽ ഒരു സഹോദരൻ നിർവഹിക്കേണ്ട ഉത്തരവാദിത്വമാണ് സഹോദരി ഇവിടെ കൈകാര്യംചെയ്യുന്നത്. (1 കൊരി. 11:5, 6, 10) ഇനി, ബൈബിളധ്യയനം നിർവഹിക്കാൻ സഹോദരൻ യോഗ്യനും പ്രാപ്തനും ആണെങ്കിൽ അതു നിർവഹിക്കാൻ സഹോദരിക്ക് വേണമെങ്കിൽ സഹോദരനോട് പറയാവുന്നതാണ്.
നേരെ മറിച്ച്, തന്റെ ഭർത്താവല്ലാത്ത, സ്നാനമേൽക്കാത്ത ഒരു സഹോദരനാണ് ബൈബിളധ്യയനത്തിന് സഹോദരിയുടെ കൂടെയുള്ളതെങ്കിൽ തിരുവെഴുത്തുപ്രകാരം ശിരോവസ്ത്രം ധരിക്കാനുള്ള കടപ്പാട് സഹോദരിക്കില്ല. പക്ഷേ, അത്തരം സാഹചര്യങ്ങളിൽപ്പോലും ശിരോവസ്ത്രം ധരിക്കാൻ ചില സഹോദരിമാരുടെ മനഃസാക്ഷി അവരെ പ്രേരിപ്പിച്ചേക്കാം.
a ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ, 2000 ആഗസ്റ്റ് 8 ലക്കം ഉണരുക!-യുടെ 8-10 പേജുകളിൽ പ്രസിദ്ധീകരിച്ച “എം സി എസ് ഉള്ളവരെ സഹായിക്കൽ” എന്ന ലേഖനം കാണുക.