“വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക
“വന്നുതാമസിക്കുന്ന വിദേശികളെ യഹോവ സംരക്ഷിക്കുന്നു.”—സങ്കീ. 146:9.
1, 2. (എ) നമ്മുടെ ചില സഹോദരങ്ങൾ എന്തൊക്കെ പ്രശ്നങ്ങൾ നേരിടുന്നു? (ബി) ഇത് ഏതൊക്കെ ചോദ്യങ്ങൾ ഉയർത്തുന്നു?
“ബുറുണ്ടിയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയ സമയത്ത് ഞങ്ങളുടെ കുടുംബം ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ആളുകൾ പരക്കംപായുന്നതും വെടിവെക്കുന്നതും ഞങ്ങൾ കണ്ടു. പപ്പയും മമ്മിയും ഞങ്ങൾ 11 മക്കളും ജീവനുംകൊണ്ട് ഓടി. ഞങ്ങളുടെ കൈയിൽ വളരെ കുറച്ച് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ 1,600-ലധികം കിലോമീറ്റർ താണ്ടി ഞങ്ങൾ മലാവിയിലെ ഒരു അഭയാർഥിക്യാമ്പിൽ എത്തി. പക്ഷേ കുടുംബത്തിലെ ചിലർ ഇടയ്ക്കുവെച്ച് കൂട്ടംതെറ്റിപ്പോയിരുന്നു.” ലീജെ എന്ന സഹോദരന്റെ അനുഭവമാണ് ഇത്.
2 ലോകമെമ്പാടുമായി 6,50,00,000 ആളുകളാണു യുദ്ധമോ അക്രമങ്ങളോ കാരണം വീടുകൾ ഉപേക്ഷിച്ച് അഭയാർഥികളായി കഴിയുന്നത്. മുമ്പ് ഒരിക്കലും അഭയാർഥികളുടെ സംഖ്യ ഇത്രയും ഉയർന്നിട്ടില്ല.a ഇക്കൂട്ടത്തിൽ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളുമുണ്ട്. പലർക്കും അവരുടെ പ്രിയപ്പെട്ടവരെയും അവർക്കുണ്ടായിരുന്ന സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റ് എന്തൊക്കെ പ്രശ്നങ്ങളാണ് അവർ നേരിടുന്നത്? പ്രശ്നങ്ങൾക്കിടയിലും ‘സന്തോഷത്തോടെ യഹോവയെ സേവിക്കാൻ’ ഈ സഹോദരങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാം? (സങ്കീ. 100:2) യഹോവയെക്കുറിച്ച് അറിയില്ലാത്ത അഭയാർഥികളോടു നമുക്ക് എങ്ങനെ സന്തോഷവാർത്ത മെച്ചമായി പങ്കുവെക്കാം?
ഒരു അഭയാർഥിയുടെ ജീവിതം
3. യേശുവിനും, പിൽക്കാലത്ത് യേശുവിന്റെ പല ശിഷ്യന്മാർക്കും അഭയാർഥികളായി കഴിയേണ്ടിവന്നത് എന്തുകൊണ്ട്?
3 കൊച്ചുകുട്ടിയായിരുന്ന യേശുവിനെ ഹെരോദ് രാജാവ് കൊല്ലാൻ ശ്രമിക്കുകയാണെന്ന് യഹോവയുടെ ദൂതൻ യോസേഫിനു മുന്നറിയിപ്പു കൊടുത്തപ്പോൾ യോസേഫും മറിയയും യേശുവിനെയുംകൊണ്ട് ഈജിപ്തിലേക്കു പോയി. ഹെരോദ് മരിക്കുന്നതുവരെ അവർ അവിടെ അഭയാർഥികളായി കഴിഞ്ഞു. (മത്താ. 2:13, 14, 19-21) പതിറ്റാണ്ടുകൾക്കു ശേഷം, യേശുവിന്റെ ശിഷ്യന്മാർ ഉപദ്രവം നേരിട്ടപ്പോൾ “യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയി.” (പ്രവൃ. 8:1) തന്റെ അനുഗാമികളിൽ പലർക്കും വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവരുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു: “ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുക.” (മത്താ. 10:23) എന്തു കാരണത്തിന്റെ പേരിലായാലും പലായനം ചെയ്യുകയെന്നത് ഒട്ടും എളുപ്പമല്ല.
4, 5. (എ) പലായനം ചെയ്യുമ്പോൾ അഭയാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? (ബി) അഭയാർഥിക്യാമ്പിൽ കഴിയേണ്ടിവരുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
4 മറ്റൊരു സ്ഥലത്തേക്കു പലായനം ചെയ്യുമ്പോഴോ അഭയാർഥിക്യാമ്പിൽ താമസിക്കുമ്പോഴോ അഭയാർഥികൾ പല അപകടങ്ങളും നേരിട്ടേക്കാം. ലീജെയുടെ അനിയനായ ഗാഡ് ഓർക്കുന്നു: “ഞങ്ങൾ ആഴ്ചകളോളം നടന്നു. വഴിയിൽ നൂറുകണക്കിനു ശവശരീരങ്ങൾ കിടക്കുന്നതു കാണാമായിരുന്നു. എനിക്ക് അന്ന് 12 വയസ്സേ ഉള്ളൂ. നടന്നുനടന്ന് എന്റെ കാൽ നീരുവെച്ച് വീങ്ങിയപ്പോൾ, എന്നെ കൂട്ടാതെ പൊയ്ക്കൊള്ളാൻ പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു. പക്ഷേ വിപ്ലവകാരികൾക്ക് എന്നെ വിട്ടുകൊടുക്കാൻ പപ്പ ഒരുക്കമല്ലായിരുന്നു. പപ്പ എന്നെ എടുത്തുകൊണ്ട് നടന്നു. അന്നന്നത്തെ ആവശ്യങ്ങളെക്കുറിച്ച് മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളൂ. പ്രാർഥനയും യഹോവയിലുള്ള ആശ്രയവും അതിനു ഞങ്ങളെ സഹായിച്ചു. ചിലപ്പോൾ ഞങ്ങൾക്കു കഴിക്കാൻ കിട്ടിയിരുന്നതു വഴിയിൽ കായ്ച്ചുനിന്നിരുന്ന മാമ്പഴങ്ങൾ മാത്രമായിരുന്നു.”—ഫിലി. 4:12, 13.
5 ലീജെയുടെ കുടുംബത്തിലെ പലരും അനേകവർഷം ഐക്യരാഷ്ട്രസംഘടനയുടെ അഭയാർഥിക്യാമ്പുകളിൽ ജീവിതം കഴിച്ചുകൂട്ടി. അവിടം ഒട്ടും സുരക്ഷിതമല്ലായിരുന്നു. ഇപ്പോൾ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്ന ലീജെ പറയുന്നു: “ക്യാമ്പിലെ മിക്കവർക്കും ജോലിയൊന്നുമില്ലായിരുന്നു. പരദൂഷണം പറച്ചിലും കുടിയും ചൂതുകളിയും മോഷണവും അധാർമികപ്രവർത്തനങ്ങളും ഒക്കെയായിരുന്നു അവരുടെ തൊഴിൽ.” അത്തരം മനോഭാവം തങ്ങളെ ബാധിക്കാതിരിക്കാൻ ക്യാമ്പുകളിലെ സഹോദരങ്ങൾ സഭാപ്രവർത്തനങ്ങളിൽ മുഴുകി. (എബ്രാ. 6:11, 12; 10:24, 25) ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് അവർ അവരുടെ സമയം പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു. പലരും മുൻനിരസേവനം ചെയ്തു. ഇസ്രായേൽ ജനതയുടെ മരുപ്രയാണത്തെക്കുറിച്ച് ചിന്തിച്ചത് അഭയാർഥികളായുള്ള കഷ്ടപ്പാടിന് ഒരു അവസാനമുണ്ടാകുമെന്ന ശുഭപ്രതീക്ഷ അവർക്കു നൽകി.—2 കൊരി. 4:18.
അഭയാർഥികളെ സ്നേഹിക്കുക
6, 7. (എ) സഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കാൻ ക്രിസ്ത്യാനികളെ ‘ദൈവസ്നേഹം’ പ്രേരിപ്പിക്കുന്നത് എങ്ങനെ? (ബി) ഒരു ഉദാഹരണം പറയുക.
6 പരസ്പരം സ്നേഹം കാണിക്കാൻ ‘ദൈവസ്നേഹം’ നമ്മളെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച്, പ്രയാസകരമായ സാഹചര്യങ്ങളിലുള്ള സഹോദരങ്ങളെ നമ്മൾ സ്നേഹിക്കണം. (1 യോഹന്നാൻ 3:17, 18 വായിക്കുക.) ഒന്നാം നൂറ്റാണ്ടിൽ ഒരു ക്ഷാമമുണ്ടായപ്പോൾ, യഹൂദ്യയിലുള്ള സഹോദരങ്ങളെ സഹായിക്കാൻ ക്രിസ്തീയസഭ മുൻകൈയെടുത്തു. (പ്രവൃ. 11:28, 29) അതുപോലെ, അതിഥിസത്കാരം കാണിക്കാൻ അപ്പോസ്തലന്മാരായ പൗലോസും പത്രോസും ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (റോമ. 12:13; 1 പത്രോ. 4:9) മറ്റു സ്ഥലങ്ങളിൽനിന്ന് നമ്മളെ സന്ദർശിക്കുന്ന സഹോദരങ്ങളോട് ആതിഥ്യം കാണിക്കാൻ പ്രോത്സാഹിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക്, ജീവൻ അപകടത്തിലായിരിക്കുകയോ വിശ്വാസത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്ന സഹോദരങ്ങളോട് എത്രയധികം ആതിഥ്യം കാണിക്കണം!—സുഭാഷിതങ്ങൾ 3:27 വായിക്കുക.b
7 ഈ അടുത്ത കാലത്ത്, യുദ്ധവും അക്രമസംഭവങ്ങളും കാരണം പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾക്കു കിഴക്കൻ യുക്രെയിനിൽനിന്ന് പലായനം ചെയ്യേണ്ടിവന്നു. ദുഃഖകരമെന്നു പറയട്ടെ, ചിലർക്ക് അവരുടെ ജീവൻ നഷ്ടമായി. എന്നാൽ യുക്രെയിനിലെ മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന സഹോദരങ്ങളും റഷ്യയിലെ സഹോദരങ്ങളും, അഭയാർഥികളായി എത്തിയ സഹോദരങ്ങൾക്കു തങ്ങളുടെ വീടുകളിൽ അഭയം കൊടുത്തു. രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിനിന്നുകൊണ്ട് ഈ രണ്ടു രാജ്യങ്ങളിലെ സഹോദരങ്ങളും തങ്ങൾ ‘ലോകത്തിന്റെ ഭാഗമല്ലെന്നു’ തെളിയിക്കുന്നു. “ദൈവവചനത്തിലെ സന്തോഷവാർത്ത” ഉത്സാഹത്തോടെ അറിയിക്കുന്നതിലും അവർ തുടരുന്നു.—യോഹ. 15:19; പ്രവൃ. 8:4.
വിശ്വാസം ശക്തമാക്കാൻ അഭയാർഥികളെ സഹായിക്കുക
8, 9. (എ) പുതിയ രാജ്യത്ത് അഭയാർഥികൾ നേരിടുന്ന ചില വെല്ലുവിളികൾ എന്തെല്ലാം? (ബി) നമ്മൾ അവരോടു ക്ഷമയോടെ ഇടപെടേണ്ടത് എന്തുകൊണ്ട്?
8 ചിലർ പലായനം ചെയ്തിരിക്കുന്നതു സ്വന്തം രാജ്യത്തെ മറ്റൊരു സ്ഥലത്തേക്കാണ്. എന്നാൽ വേറെ ചിലർക്കു മറ്റൊരു രാജ്യത്ത് തീർത്തും അപരിചിതമായ ഒരു ചുറ്റുപാടിലേക്കു മാറേണ്ടിവന്നിരിക്കുന്നു. ഗവൺമെന്റുകൾ അവർക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും നൽകിയേക്കാം. പക്ഷേ, കഴിച്ചുശീലിച്ചിട്ടുള്ള ഭക്ഷണം കിട്ടിയെന്നുവരില്ല. ചൂടു കൂടിയ സ്ഥലങ്ങളിൽനിന്ന് തണുപ്പുള്ള സ്ഥലങ്ങളിലേക്കു പലായനം ചെയ്ത അഭയാർഥികൾക്ക് അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരിക്കും. ആ കാലാവസ്ഥയ്ക്കു ചേരുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അറിയില്ലായിരിക്കും. ഉൾനാടുകളിൽനിന്ന് വന്നവർക്കാകട്ടെ, അത്യാധുനിക വീട്ടുപകരണങ്ങളൊന്നും ഉപയോഗിച്ച് പരിചയമുണ്ടാകില്ല.
9 പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അഭയാർഥികളെ സഹായിക്കുന്നതിനുള്ള പദ്ധതികൾ ചില ഗവൺമെന്റുകൾ നടപ്പാക്കാറുണ്ട്. എന്നാൽ പലപ്പോഴും അത്തരം സഹായം കുറച്ച് മാസങ്ങൾ മാത്രമേ കാണൂ. അതു കഴിഞ്ഞാൽ അഭയാർഥികൾ സ്വന്തം കാലിൽ നിൽക്കാൻ അവർ പ്രതീക്ഷിക്കുന്നു. പക്ഷേ, ഒരു പുതിയ രാജ്യത്തെ ഭാഷ, നിയമം, നാട്ടുനടപ്പുകൾ, നികുതിവ്യവസ്ഥ, ബില്ലുകൾ അടയ്ക്കേണ്ട വിധം എന്നിവയൊന്നും അവർക്ക് അറിയില്ലായിരിക്കും. വിദ്യാഭ്യാസസമ്പ്രദായവും കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്ന രീതിയും പോലും വ്യത്യസ്തമായിരിക്കാം. വളരെ പെട്ടെന്ന് ഇത്രയധികം കാര്യങ്ങൾ പഠിച്ചെടുക്കേണ്ടിവരുന്ന സഹോദരങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. അവരെ ക്ഷമയോടെയും ആദരവോടെയും സഹായിക്കാൻ നിങ്ങൾക്കാകുമോ?—ഫിലി. 2:3, 4.
10. അഭയാർഥികളായ സഹോദരങ്ങളുടെ വിശ്വാസം ശക്തമാക്കാൻ നമുക്ക് എങ്ങനെ കഴിയും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 അധികാരികളുടെ ചില നടപടികൾ കാരണം അഭയാർഥികളായ സഹോദരങ്ങൾക്കു പ്രാദേശികസഭയുമായി ബന്ധപ്പെടുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. സഭാമീറ്റിങ്ങുകൾക്കു പോകാൻ തടസ്സം നിൽക്കുന്ന തരം ജോലികൾ ഏറ്റെടുക്കാതിരുന്നാൽ, അവർക്കു കൊടുക്കുന്ന സഹായം നിറുത്തുമെന്നോ അവർക്കു താമസസൗകര്യങ്ങൾ കൊടുക്കില്ലെന്നോ ചില ഏജൻസികൾ നമ്മുടെ സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഭയന്നുപോയ ചില സഹോദരങ്ങൾ അത്തരം ജോലികൾ ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ട് സഹോദരങ്ങൾ ആരെങ്കിലും അഭയാർഥികളായി എത്തിയെന്നു വിവരം കിട്ടിയാൽ, എത്രയും പെട്ടെന്ന് അവരെ ചെന്നുകാണണം. നമുക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്ന് അവർ മനസ്സിലാക്കട്ടെ. അനുകമ്പയോടെ നമ്മൾ അവരെ സഹായിക്കുമ്പോൾ അവരുടെ വിശ്വാസം കൂടുതൽ ശക്തമാകും.—സുഭാ. 12:25; 17:17.
അഭയാർഥികളെ എങ്ങനെ സഹായിക്കാം?
11. (എ) അഭയാർഥികളുടെ ഏത് ആവശ്യങ്ങളാണു നമ്മൾ ആദ്യം നിറവേറ്റിക്കൊടുക്കേണ്ടത്? (ബി) അഭയാർഥികൾക്ക് എങ്ങനെ നന്ദി കാണിക്കാം?
11 ആദ്യംതന്നെ, ആഹാരവും വസ്ത്രവും പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളായിരിക്കാം നമ്മൾ സഹോദരങ്ങൾക്കു കൊടുക്കേണ്ടത്.c സോപ്പോ തോർത്തോ പോലുള്ള ചെറിയ സാധനങ്ങൾ കൊടുക്കുന്നതുപോലും അവർ വിലമതിച്ചേക്കും. എന്നാൽ അഭയാർഥികളായ സഹോദരങ്ങളും ചിലതു ശ്രദ്ധിക്കണം. ഇന്നിന്നതു വേണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, ലഭിക്കുന്ന കാര്യങ്ങൾക്കു നന്ദിയുള്ളവരായിരിക്കുക. അപ്പോൾ, കൊടുക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയാൻ ആതിഥേയരായ സഹോദരങ്ങൾക്കു കഴിയും. എപ്പോഴും മറ്റുള്ളവരുടെ ഔദാര്യത്തെ ആശ്രയിച്ച് ജീവിക്കുന്നത് അഭയാർഥികളുടെ ആത്മാഭിമാനം നശിപ്പിക്കുകയും സഹോദരങ്ങളുമായുള്ള ബന്ധത്തിനു വിള്ളൽ വീഴ്ത്തുകയും ചെയ്തേക്കാം എന്നതു ശരിയാണ്. (2 തെസ്സ. 3:7-10) പക്ഷേ ചില സാഹചര്യങ്ങളിൽ അവർക്കു സഹോദരങ്ങളുടെ സഹായം കൂടിയേ തീരൂ.
അഭയാർഥികളായ സഹോദരീസഹോദരന്മാരെ നമുക്ക് എങ്ങനെ സഹായിക്കാം? (11-13 ഖണ്ഡികകൾ കാണുക)
12, 13. (എ) പ്രായോഗികമായി നമുക്ക് എങ്ങനെ അഭയാർഥികളെ സഹായിക്കാം? (ബി) ഒരു ഉദാഹരണം പറയുക.
12 അഭയാർഥികളെ സഹായിക്കുകയെന്നാൽ അവർക്കു കുറെ പണം കൊടുക്കുക എന്നല്ല അർഥം. നമ്മുടെ സമയവും ശ്രദ്ധയും കൊടുക്കുന്നതാണു പ്രധാനം. പൊതുഗതാഗതസൗകര്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അധികം പണം ചെലവാക്കാതെ നല്ല ആഹാരസാധനങ്ങൾ എങ്ങനെ വാങ്ങാമെന്നും ഉപജീവനമാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി തയ്യൽമെഷീൻപോലെയുള്ള ചില ഉപകരണങ്ങൾ എങ്ങനെ സംഘടിപ്പിക്കാമെന്നും പറഞ്ഞുകൊടുക്കാം. ജോലി ചെയ്യുന്നതിന് ആവശ്യമായ വൈദഗ്ധ്യങ്ങൾ എങ്ങനെ നേടിയെടുക്കാമെന്നും കാണിച്ചുകൊടുക്കാവുന്നതാണ്. ഏറ്റവും പ്രധാനമായി, സഭാപ്രവർത്തനങ്ങളിൽ നന്നായി ഏർപ്പെടാൻ നിങ്ങൾക്ക് അവരെ സഹായിക്കാം. സാധിക്കുമെങ്കിൽ നിങ്ങളുടെ വാഹനത്തിൽ അവരെ മീറ്റിങ്ങുകൾക്കു കൊണ്ടുപോകുക. നിങ്ങളുടെ പ്രദേശത്തുള്ളവരോട് എങ്ങനെ ഫലപ്രദമായി ദൈവരാജ്യസന്ദേശം അറിയിക്കാമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്യുക. അഭയാർഥികളായ സഹോദരീസഹോദരന്മാരെ ശുശ്രൂഷയിൽ നിങ്ങളോടൊപ്പം കൊണ്ടുപോകാനും കഴിയും.
13 അഭയാർഥികളായി തങ്ങളുടെ സഭയിൽ എത്തിയ നാലു ചെറുപ്പക്കാരെ അവിടത്തെ മൂപ്പന്മാർ വണ്ടി ഓടിക്കാനും ടൈപ്പു ചെയ്യാനും ബയോഡാറ്റ തയ്യാറാക്കാനും പഠിപ്പിച്ചു. അതുപോലെ, ദൈവസേവനത്തിൽ കൂടുതൽ ഏർപ്പെടാൻ കഴിയുംവിധം സമയം എങ്ങനെ ചിട്ടപ്പെടുത്താമെന്നും കാണിച്ചുകൊടുത്തു. (ഗലാ. 6:10) പെട്ടെന്നുതന്നെ ആ നാലു പേരും മുൻനിരസേവനം ആരംഭിച്ചു. മൂപ്പന്മാർ കൊടുത്ത സഹായവും ആത്മീയലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ അവർ ചെയ്ത ശ്രമവും അവരെ ആത്മീയവ്യക്തികളാക്കി. സാത്താന്റെ വ്യവസ്ഥിതിയുടെ സ്വാധീനത്തെ ചെറുത്തുനിൽക്കാനും അത് അവരെ സഹായിച്ചു.
14. (എ) അഭയാർഥികൾ ഏതു പ്രലോഭനത്തെ ചെറുത്തുനിൽക്കണം? (ബി) ഒരു ഉദാഹരണം പറയുക.
14 എല്ലാ ക്രിസ്ത്യാനികളെയുംപോലെ, അഭയാർഥികളായ സഹോദരങ്ങളും പണവും വസ്തുവകകളും വാരിക്കൂട്ടാനുള്ള പ്രലോഭനത്തെയും സമ്മർദങ്ങളെയും ചെറുത്തുനിൽക്കണം. അല്ലാത്തപക്ഷം യഹോവയുമായുള്ള ബന്ധത്തിന് അതു തടസ്സമായേക്കാം.d നേരത്തേ പരാമർശിച്ച ലീജെ സഹോദരൻ, അവർ പലായനം ചെയ്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെയും കൂടപ്പിറപ്പുകളെയും വിശ്വാസത്തെക്കുറിച്ച് ചില വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചത് ഓർക്കുന്നു. ലീജെ പറയുന്നു: “ഞങ്ങളുടെ കൈയിലുണ്ടായിരുന്ന ആവശ്യമില്ലാത്ത സാധനങ്ങൾ പപ്പ ഒന്നൊന്നായി കളഞ്ഞു. അവസാനം, കാലിയായ ബാഗ് ഉയർത്തിക്കാട്ടി ഒരു ചെറുചിരിയോടെ പപ്പ പറഞ്ഞു: ‘കണ്ടോ, അവയുടെയൊന്നും ആവശ്യം നമുക്കില്ല!’”—1 തിമൊഥെയൊസ് 6:8 വായിക്കുക.
അഭയാർഥികളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾ
15, 16. (എ) നമുക്ക് അഭയാർഥികളെ ആത്മീയമായി എങ്ങനെ സഹായിക്കാം? (ബി) നമുക്ക് അവരെ എങ്ങനെ വൈകാരികമായി സഹായിക്കാം?
15 അഭയാർഥികൾക്ക് ആഹാരവും വസ്ത്രവും പോലുള്ള കാര്യങ്ങൾ മാത്രം പോരാ. അവർക്ക് ആത്മീയവും വൈകാരികവും ആയ പിന്തുണ കൊടുക്കുകയും വേണം. (മത്താ. 4:4) അവരുടെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുത്തുകൊണ്ടും അവരുടെ ഭാഷ സംസാരിക്കുന്ന സഹോദരങ്ങളുമായി ബന്ധപ്പെടാനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടും മൂപ്പന്മാർക്ക് അഭയാർഥികളെ സഹായിക്കാം. അടുത്ത ബന്ധുക്കളോ സഭാംഗങ്ങളോ കൂടെയില്ലാത്തതിന്റെയും വളർന്നുവന്ന സമൂഹത്തിൽനിന്ന് വിട്ടുപോരേണ്ടിവന്നതിന്റെയും വേദന അനുഭവിക്കുന്നവരാണു പല അഭയാർഥികളും. അതുകൊണ്ട്, സഹക്രിസ്ത്യാനികളിൽനിന്ന് യഹോവയുടെ സ്നേഹവും അനുകമ്പയും അവർ അനുഭവിച്ചറിയണം. നമ്മൾ അവർക്കു പിന്തുണ കൊടുത്തില്ലെങ്കിൽ, അവർ സഹായത്തിനായി അവിശ്വാസികളായ ബന്ധുക്കളിലേക്കും തങ്ങളുടെ രാജ്യക്കാരായ മറ്റുള്ളവരിലേക്കും തിരിഞ്ഞേക്കാം. (1 കൊരി. 15:33) അഭയാർഥികളായ സഹോദരങ്ങളും സഭയിൽ വേണ്ടപ്പെട്ടവരാണെന്നു നമ്മുടെ പ്രവൃത്തികളിലൂടെ തെളിയിക്കുമ്പോൾ, ‘വന്നുതാമസിക്കുന്ന വിദേശികളെ സംരക്ഷിക്കുന്ന’ യഹോവയോടൊപ്പം പ്രവർത്തിക്കുകയാണു നമ്മൾ.—സങ്കീ. 146:9.
16 യേശുവിന്റെയും മാതാപിതാക്കളുടെയും കാര്യത്തിലെന്നപോലെ, ഇന്നു പല അഭയാർഥികൾക്കും അവരെ ഉപദ്രവിച്ചവർ ഭരണത്തിലിരിക്കുന്നിടത്തോളം സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാൻ കഴിയില്ല. ഇനി ചിലരുടെ കാര്യത്തിൽ, സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാൻ അവർക്ക് ഇഷ്ടമില്ല. കാരണം, ലീജെ സഹോദരൻ പറയുന്നതുപോലെ “കുടുംബാംഗങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതു കണ്ട മാതാപിതാക്കൾക്ക് ആ ദുരന്തം നടന്ന സ്ഥലത്തേക്കു കുട്ടികളെയുംകൊണ്ട് തിരിച്ചുപോകുന്നതു മാനസികമായി ബുദ്ധിമുട്ടായിരിക്കും.” അത്തരം വിഷമഘട്ടങ്ങളിലൂടെ കടന്നുപോയ അഭയാർഥികളെ സഹായിക്കാൻ സഹോദരങ്ങൾ “സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും താഴ്മയും” ഉള്ളവരായിരിക്കണം. (1 പത്രോ. 3:8) അനുഭവിച്ച ദുരന്തങ്ങൾ കാരണം ചില അഭയാർഥികൾ തങ്ങളെത്തന്നെ ഒറ്റപ്പെടുത്താറുണ്ട്. ഉണ്ടായ കഷ്ടപ്പാടുകളെക്കുറിച്ച് പറയാൻ, പ്രത്യേകിച്ച് മക്കളുടെ മുന്നിൽവെച്ച് സംസാരിക്കാൻ, അവർക്കു ലജ്ജ തോന്നുന്നുണ്ടാകും. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ ആളുകൾ എന്നോട് എങ്ങനെ പെരുമാറാനാണു ഞാൻ ആഗ്രഹിക്കുക?’—മത്താ. 7:12.
സാക്ഷികളല്ലാത്ത അഭയാർഥികളോടു പ്രസംഗിക്കുക
17. പ്രസംഗപ്രവർത്തനം അഭയാർഥികൾക്ക് ആശ്വാസം കൊടുക്കുന്നത് എങ്ങനെ?
17 നമ്മുടെ പ്രസംഗപ്രവർത്തനത്തിനു നിരോധനമുള്ള രാജ്യങ്ങളിൽനിന്നാണു പല അഭയാർഥികളും വരുന്നത്. അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലെ ഉത്സാഹമുള്ള സാക്ഷികളുടെ പ്രവർത്തനഫലമായി, ആയിരക്കണക്കിന് അഭയാർഥികൾ ഇന്ന് ആദ്യമായി “ദൈവരാജ്യത്തെക്കുറിച്ചുള്ള വചനം” കേൾക്കുന്നു. (മത്താ. 13:19, 23) “ഭാരങ്ങൾ ചുമന്ന് വലയുന്ന” പലർക്കും നമ്മുടെ മീറ്റിങ്ങുകളിൽനിന്ന് ആത്മീയമായി ഉന്മേഷം ലഭിക്കുന്നു. “ദൈവം തീർച്ചയായും നിങ്ങളുടെ ഇടയിലുണ്ട്” എന്ന് അവർ അംഗീകരിച്ചുപറയുന്നു.—മത്താ. 11:28-30; 1 കൊരി. 14:25.
18, 19. അഭയാർഥികളോടു പ്രസംഗിക്കുമ്പോൾ നമുക്ക് എങ്ങനെ വിവേകം കാണിക്കാം?
18 അഭയാർഥികളോടു പ്രസംഗിക്കുമ്പോൾ ‘ജാഗ്രതയും’ ‘വിവേകവും’ കാണിക്കണം. (മത്താ. 10:16; സുഭാ. 22:3) അവർ അവരുടെ വിഷമങ്ങൾ പറയുമ്പോൾ ശ്രദ്ധയോടെ കേൾക്കുക. എന്നാൽ അവരുമായി രാഷ്ട്രീയം ചർച്ച ചെയ്യരുത്. നിങ്ങൾക്കും മറ്റുള്ളവർക്കും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ, ബ്രാഞ്ചോഫീസും നിങ്ങളുടെ പ്രദേശത്തെ അധികാരികളും തരുന്ന നിർദേശങ്ങൾ പാലിക്കുക. അഭയാർഥികളെ അസ്വസ്ഥരാക്കുന്ന മതപരവും സാംസ്കാരികവും ആയ കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കിയെടുക്കുകയും അവ ഒഴിവാക്കുകയും ചെയ്യുക. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽനിന്നുള്ളവർക്കു സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് ശക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നേക്കാം. അതുകൊണ്ട് അഭയാർഥികളോടു പ്രസംഗിക്കുമ്പോൾ അവരെ അസ്വസ്ഥരാക്കിയേക്കാവുന്ന വസ്ത്രധാരണം ഒഴിവാക്കണം.
19 യേശുവിന്റെ കഥയിലെ നല്ല ശമര്യക്കാരനെപ്പോലെ, കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതിൽ സാക്ഷികളല്ലാത്തവരും ഉൾപ്പെടും. (ലൂക്കോ. 10:33-37) അവരുമായി സന്തോഷവാർത്ത പങ്കുവെക്കുന്നതാണ് അവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം. പല അഭയാർഥികളെയും സഹായിച്ച ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “നമ്മൾ യഹോവയുടെ സാക്ഷികളാണെന്നും നമ്മുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം അവരെ ആത്മീയമായി സഹായിക്കുക എന്നതാണ്, സാമ്പത്തികമായി സഹായിക്കുക എന്നതല്ലെന്നും ആദ്യംതന്നെ വ്യക്തമാക്കണം. അല്ലെങ്കിൽ പലരും സാമ്പത്തികനേട്ടത്തിനുവേണ്ടി നമ്മുടെകൂടെ കൂടിയേക്കാം.”
സന്തോഷകരമായ ഫലങ്ങൾ
20, 21. (എ) അഭയാർഥികളോടു ക്രിസ്തീയസ്നേഹം കാണിക്കുന്നതിന്റെ പ്രയോജനം എന്താണ്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 ‘വന്നുതാമസിക്കുന്ന വിദേശികളോടു’ ക്രിസ്തീയസ്നേഹം കാണിക്കുന്നതു നല്ല ഫലം ചെയ്യും. കടുത്ത ഉപദ്രവങ്ങൾ കാരണം എറിട്രിയയിലെ ഒരു സഹോദരിയുടെ കുടുംബത്തിന് അവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നു. മരുഭൂമിയിലൂടെ എട്ടു ദിവസം യാത്ര ചെയ്ത് സഹോദരിയുടെ നാലു മക്കൾ സുഡാനിൽ എത്തി. അവിടെ എത്തിയപ്പോഴേക്കും അവർ ആകെ ക്ഷീണിച്ചുതളർന്നിരുന്നു. സഹോദരി പറയുന്നു: “അടുത്ത ബന്ധുക്കളോടെന്നപോലെയാണു സഹോദരങ്ങൾ അവരോട് ഇടപെട്ടത്. അവർ അവർക്ക് ആഹാരവും വസ്ത്രവും താമസസൗകര്യവും യാത്രയ്ക്കു വേണ്ട പണവും ഒക്കെ കൊടുത്തു. ഒരേ ദൈവത്തെ ആരാധിക്കുന്നവരാണ് എന്ന ഒറ്റക്കാരണത്താൽ വേറെ ആരെങ്കിലും പരിചയമില്ലാത്തവരെ വീട്ടിലേക്കു ക്ഷണിക്കുമോ? യഹോവയുടെ സാക്ഷികൾ മാത്രമേ അങ്ങനെ ചെയ്യൂ!”—യോഹന്നാൻ 13:35 വായിക്കുക.
21 അഭയാർഥികളുടെയും മറ്റു ദേശങ്ങളിൽനിന്ന് കുടിയേറിപ്പാർത്തവരുടെയും മക്കളുടെ കാര്യമോ? മാതാപിതാക്കളോടൊപ്പം എത്തിയ അവരെ, യഹോവയെ സന്തോഷത്തോടെ സേവിക്കാൻ എങ്ങനെ സഹായിക്കാമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
a ഈ ലേഖനത്തിൽ “അഭയാർഥികൾ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, യുദ്ധമോ അക്രമമോ പ്രകൃതിവിപത്തോ കാരണം മറ്റൊരു രാജ്യത്തേക്കോ സ്വന്തം രാജ്യത്തെ മറ്റൊരു സ്ഥലത്തേക്കോ പലായനം ചെയ്യേണ്ടിവരുന്ന വ്യക്തികളെയാണ്. ഐക്യരാഷ്ട്ര അഭയാർഥി കമ്മീഷന്റെ (United Nations High Commissioner for Refugees) കണക്കനുസരിച്ച് ലോകവ്യാപകമായി ഇന്ന് “113 പേരിൽ ഒരാൾ . . . സ്വന്തം സ്ഥലം ഉപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.”
b 2016 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിന്റെ 8-12 പേജുകളിലുള്ള “അപരിചിതരോടു ദയ കാണിക്കാൻ മറക്കരുത്” എന്ന ലേഖനം കാണുക.
c അഭയാർഥിയായി ആരെങ്കിലും എത്തിയാൽ ഉടനെ അവിടെയുള്ള മൂപ്പന്മാർ, യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 8-ാം അധ്യായത്തിലെ 30-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന നിർദേശം ബാധകമാക്കണം. മറ്റു രാജ്യങ്ങളിലെ സഭകളുമായി ബന്ധപ്പെടേണ്ടതുണ്ടെങ്കിൽ jw.org ഉപയോഗിച്ച് മൂപ്പന്മാർക്കു തങ്ങളുടെ ബ്രാഞ്ചോഫീസിലേക്ക് എഴുതാവുന്നതാണ്. കൂടാതെ, അഭയാർഥിയോട് അദ്ദേഹത്തിന്റെ സഭയെയും ശുശ്രൂഷയെയും കുറിച്ച് നയപൂർവം ചോദിച്ചറിയുകയാണെങ്കിൽ അവരുടെ ആത്മീയതയെക്കുറിച്ച് മനസ്സിലാക്കാൻ മൂപ്പന്മാർക്കു കഴിയും.
d 2014 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-26 പേജുകളിലെ “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല,” “ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!” എന്നീ ലേഖനങ്ങൾ കാണുക.