ജീവിതകഥ
യഹോവയ്ക്ക് എല്ലാം സാധ്യമാണ്
“മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരുകപോലും ചെയ്യും.” ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു സ്ത്രീ ഇങ്ങനെ പറയുന്നത് എന്റെ ഭാര്യ മെയ്രംബുബു കേൾക്കാനിടയായി. അവൾക്കു ജിജ്ഞാസ തോന്നി, കൂടുതൽ അറിയണമെന്നായി. ബസ്സ് നിറുത്തി യാത്രക്കാരെല്ലാം ഇറങ്ങിയപ്പോൾ അവൾ ആ സ്ത്രീയുടെ പിന്നാലെ ചെന്ന് അവരോടു സംസാരിച്ചു. ആപൂൻ മാംബെറ്റ്സാഡികോവാ എന്നായിരുന്നു അവരുടെ പേര്. അവർ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. സാക്ഷികളോടു സംസാരിക്കുന്നത് അക്കാലത്ത് അപകടംപിടിച്ച ഒരു കാര്യമായിരുന്നു, എങ്കിലും ആപൂനിൽനിന്നും ഞങ്ങൾ പിന്നീടു പഠിച്ച കാര്യങ്ങൾ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു.
ദിവസം മുഴുവൻ നീളുന്ന ജോലി
1937-ൽ കിർഗിസ്ഥാനിലെ തൊക്മാകിനടുത്തുള്ള ഒരു കൂട്ടുകൃഷിഫാമിലാണു (കാൽഖൊസ്) ഞാൻ ജനിച്ചത്. കിർഗിസ് ഭാഷ സംസാരിക്കുന്ന കിർഗിസ് വംശജരാണു ഞങ്ങൾ. എന്റെ മാതാപിതാക്കളുടെ ജോലി കൃഷിപ്പണിയായിരുന്നു. അവർ പകലന്തിയോളം കാൽഖൊസുകളിൽ പണിയെടുത്തിരുന്നു. പണിക്കാർക്ക് അവിടെനിന്ന് ഭക്ഷ്യവസ്തുക്കൾ കിട്ടിയിരുന്നെങ്കിലും വേതനമായി പണം ആണ്ടിലൊരിക്കലേ കിട്ടിയിരുന്നുള്ളൂ. എന്നെയും എന്റെ അനിയത്തിയെയും പോറ്റാനായി അമ്മ എല്ലുമുറിയെ പണിയെടുത്തു. വെറും അഞ്ചു വർഷത്തെ സ്കൂൾവിദ്യാഭ്യാസത്തിനു ശേഷം ഞാനും കാൽഖൊസിൽ പണിക്കുപോയിത്തുടങ്ങി.
തെസ്കെ അല-ടൂ പർവതനിരകൾ
കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ഞങ്ങളുടെ നാട്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞങ്ങൾ പെടാപ്പാടുപെട്ടു. ചെറുപ്പകാലത്ത് ജീവിതത്തിന്റെ ഉദ്ദേശ്യത്തെയോ ഭാവിയെയോ കുറിച്ച് ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. യഹോവയെയും യഹോവയുടെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള വിസ്മയകരമായ സത്യങ്ങൾ എന്റെ ജീവിതത്തിന് ഇത്രയധികം മാറ്റംവരുത്തുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നതുമില്ല. ബൈബിൾസന്ദേശം കിർഗിസ്ഥാനിലെത്തിയതും അത് അവിടെ വ്യാപിച്ചതും ത്രസിപ്പിക്കുന്ന ഒരു കഥയാണ്. അതിന്റെ തുടക്കമോ, വടക്കൻ കിർഗിസ്ഥാനിലെ എന്റെ ജന്മനാട്ടിലും!
നാടുകടത്തപ്പെട്ടവർ സത്യവുമായി തിരിച്ചുവരുന്നു
1950-കളിലാണു ദൈവമായ യഹോവയെക്കുറിച്ചുള്ള സത്യം കിർഗിസ്ഥാനിൽ വേരുപിടിച്ചു തുടങ്ങിയത്. പക്ഷേ ശക്തമായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിയ പ്രതിബന്ധങ്ങൾ അതിനു തടസ്സമായിരുന്നു. എന്തുകൊണ്ട്? ഇന്നു കിർഗിസ്ഥാൻ എന്ന് അറിയപ്പെടുന്ന പ്രദേശം അന്നു സോവിയറ്റ് യൂണിയന്റെ (യുഎസ്എസ്ആർ) കീഴിലായിരുന്നു. സോവിയറ്റ് യൂണിയനിലെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷത പാലിച്ചു. (യോഹ. 18:36) അതുകൊണ്ട് അവരെ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ശത്രുക്കളായി മുദ്രകുത്തി പീഡിപ്പിച്ചു. പക്ഷേ ആത്മാർഥതയുള്ള ആളുകളുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ വിത്ത് എത്തിക്കുന്നതിനു തടയിടാൻ ഒരു പ്രത്യയശാസ്ത്രത്തിനും കഴിഞ്ഞില്ല. എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽനിന്ന് ഞാൻ പഠിച്ച അമൂല്യമായ പാഠങ്ങളിൽ ഒന്ന് യഹോവയ്ക്ക് “എല്ലാം സാധ്യം” എന്നതാണ്.—മർക്കോ. 10:27.
എമിൽ യാൻസെൻ
യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള പീഡനങ്ങൾ കിർഗിസ്ഥാനിലെ സാക്ഷികളുടെ വളർച്ചയ്ക്കു കാരണമായി. എങ്ങനെ? യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന സൈബീരിയയിലേക്കായിരുന്നു രാജ്യത്തിന്റെ ശത്രുക്കളെ നാടുകടത്തിയിരുന്നത്. നാടുകടത്തപ്പെട്ടവരെ മോചിപ്പിച്ചപ്പോൾ അവരിൽ പലരും കിർഗിസ്ഥാനിലേക്കു വന്നു, ചിലർ വന്നതു രാജ്യസന്ദേശവുമായിട്ടായിരുന്നു. അതിലൊരാളായിരുന്നു എമിൽ യാൻസെൻ. അദ്ദേഹം 1919-ൽ കിർഗിസ്ഥാനിലാണു ജനിച്ചത്. എമിലിനെ അയച്ച തൊഴിൽപ്പാളയത്തിൽവെച്ച് അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. സത്യം പഠിച്ച അദ്ദേഹം 1956-ൽ കിർഗിസ്ഥാനിലേക്കു തിരിച്ചുവന്നു. എന്റെ സ്വദേശമായ സൊകുലുകിനു സമീപം എമിൽ താമസമാക്കി. സൊകുലുകിലാണു കിർഗിസ്ഥാനിലെ ആദ്യത്തെ സഭ രൂപംകൊള്ളുന്നത്, 1958-ൽ.
വിക്ടർ വിന്റർ
ഏകദേശം ഒരു വർഷത്തിനു ശേഷം വിക്ടർ വിന്റർ എന്ന സഹോദരൻ സൊകുലുകിൽ വന്നു. പലപല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ ഒരാളായിരുന്നു ഈ വിശ്വസ്തസഹോദരൻ. നിഷ്പക്ഷത കാത്തുസൂക്ഷിച്ചതിന് അദ്ദേഹത്തെ രണ്ടു പ്രാവശ്യം മൂന്നു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. പിന്നീട് പത്തു വർഷംകൂടി അദ്ദേഹത്തിനു തടവിൽ കഴിയേണ്ടിവന്നു, അഞ്ചു വർഷത്തേക്ക് അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. പക്ഷേ സത്യാരാധനയുടെ വളർച്ചയെ തടയാൻ ഉപദ്രവങ്ങൾക്കു കഴിഞ്ഞില്ല.
സത്യം വീടിന് അടുത്തേക്ക്
എഡ്വേർഡ് വാർട്ടർ
1963-ൽ കിർഗിസ്ഥാനിൽ ഏകദേശം 160 സാക്ഷികളുണ്ടായിരുന്നു, അവരിൽ പലരും ജർമനി, യുക്രെയിൻ, റഷ്യ എന്നീ ദേശങ്ങളിൽനിന്നുള്ളവരായിരുന്നു. അതിൽ ഒരാളായിരുന്നു എഡ്വേർഡ് വാർട്ടർ. 1924-ൽ ജർമനിയിൽവെച്ച് സ്നാനമേറ്റ ഈ സഹോദരനെ സൈബീരിയയിലേക്കു നാടുകടത്തി. 1940-കളിൽ നാസികൾ അദ്ദേഹത്തെ ഒരു തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ യുഎസ്എസ്ആറിലെ കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ നാടുകടത്തി. 1961-ൽ ഞങ്ങളുടെ അടുത്തുള്ള പട്ടണമായ കാന്റിലേക്കു വിശ്വസ്തനായ ഈ സഹോദരൻ താമസം മാറിവന്നു.
എലിസബത്ത് ഫോട്ട്; അക്സമ സുൽറ്റാനാലേയെവ
എലിസബത്ത് ഫോട്ട് എന്ന വിശ്വസ്തയായ സഹോദരിയും കാന്റിലാണു താമസിച്ചിരുന്നത്. തയ്യലായിരുന്നു ആ സഹോദരിയുടെ ജോലി. നല്ല തയ്യൽക്കാരിയായതുകൊണ്ട് ഡോക്ടർമാരും അധ്യാപകരും ഒക്കെ ആ സഹോദരിയുടെ അടുത്തുനിന്ന് വസ്ത്രങ്ങൾ വാങ്ങുമായിരുന്നു. അതിലൊരാളായിരുന്നു അക്സമ സുൽറ്റാനാലേയെവ. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അവരുടെ ഭർത്താവ്. അക്സമ ചില വസ്ത്രങ്ങൾ വാങ്ങാനായി എലിസബത്തിന്റെ അടുത്ത് വന്നപ്പോൾ, ജീവിതത്തിന്റെ അർഥത്തെയും മരിച്ചവരുടെ അവസ്ഥയെയും കുറിച്ച് ചില ചോദ്യങ്ങൾ എലിസബത്തിനോടു ചോദിച്ചു. ബൈബിളിൽനിന്ന് എലിസബത്ത് അതിനുള്ള ഉത്തരങ്ങൾ കൊടുത്തു. വൈകാതെ അക്സമ ഒരു പ്രചാരകയായി, സന്തോഷവാർത്ത ഉത്സാഹത്തോടെ പ്രസംഗിക്കാൻതുടങ്ങി.
നിക്കലായ് ഷീംപെഷ്
ഏതാണ്ട് ആ കാലത്താണു മൊൾഡോവയിൽനിന്നുള്ള നിക്കലായ് ഷീംപെഷ് സഹോദരൻ സർക്കിട്ട് മേൽവിചാരകനായി അവിടെ എത്തിയത്. അദ്ദേഹം 30-ഓളം വർഷം ആ നിയമനത്തിൽ തുടർന്നു. സഭകൾ സന്ദർശിക്കുക മാത്രമല്ല സഹോദരൻ ചെയ്തത്. അദ്ദേഹം നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ പകർപ്പുണ്ടാക്കലിന്റെയും വിതരണത്തിന്റെയും മേൽനോട്ടവും വഹിച്ചു. നിക്കലായ് സഹോദരന്റെ പ്രവർത്തനം അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെപോയില്ല. അതുകൊണ്ട് എഡ്വേർഡ് വാർട്ടർ സഹോദരൻ പ്രോത്സാഹനം നിറഞ്ഞ ഈ ഉപദേശം കൊടുത്തു: “അധികാരികൾ ചോദ്യം ചെയ്താൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വരുന്നതു ബ്രൂക്ലിനിലെ ആസ്ഥാനത്തുനിന്നാണ് എന്ന് തുറന്നുപറഞ്ഞേക്ക്. അതു കെജിബി ഏജന്റിന്റെ മുഖത്ത് നോക്കിത്തന്നെ പറയണം. ഒന്നും പേടിക്കാനില്ല.”—മത്താ. 10:19.
അധികം വൈകാതെ കാന്റിലുള്ള കെജിബിയുടെ ആസ്ഥാനത്തേക്കു നിക്കലായ് സഹോദരനെ വിളിപ്പിച്ചു. പിന്നീട് എന്തു സംഭവിച്ചെന്ന് അദ്ദേഹം പറയുന്നു: “നമുക്കു പ്രസിദ്ധീകരണങ്ങൾ കിട്ടുന്നത് എവിടെനിന്നാണെന്ന് ഏജന്റ് എന്നോടു ചോദിച്ചു. ബ്രൂക്ലിനിൽനിന്നാണെന്നു ഞാൻ പറഞ്ഞു. അതിനു തിരിച്ച് എന്തു പറയണമെന്ന് ഏജന്റിന് അറിയില്ലായിരുന്നു. എന്നെ വെറുതേ വിട്ടു, പിന്നെ ഒരിക്കലും വിളിപ്പിച്ചതുമില്ല.” ധീരരായ അത്തരം സാക്ഷികൾ വടക്കൻ കിർഗിസ്ഥാനിലെ ഞങ്ങളുടെ പ്രദേശത്ത് ജാഗ്രതയോടെ സന്തോഷവാർത്ത പ്രചരിപ്പിക്കുന്നതിൽ തുടർന്നു. വർഷങ്ങൾ കഴിഞ്ഞ് 1980-കളിലാണു ഞങ്ങളുടെ കുടുംബം സത്യം കേൾക്കുന്നത്, ആദ്യം അറിഞ്ഞത് എന്റെ ഭാര്യ മെയ്രംബുബുവാണ്.
എന്റെ ഭാര്യ സത്യം മനസ്സിലാക്കുന്നു
കിർഗിസ്ഥാനിലെ നാൺ പ്രദേശത്താണു മെയ്രംബുബുവിന്റെ വീട്. 1974 ആഗസ്റ്റിൽ, ഒരു ദിവസം അവൾ എന്റെ അനിയത്തിയുടെ വീട്ടിൽ വന്നു. അവിടെവെച്ചാണു ഞാൻ ആദ്യമായി മെയ്രംബുബുവിനെ കാണുന്നത്. ആദ്യകാഴ്ചയിൽത്തന്നെ എനിക്ക് അവളെ ഇഷ്ടപ്പെട്ടു. അന്നുതന്നെ ഞങ്ങൾ വിവാഹിതരായി.
ആപൂൻ മാംബെറ്റ്സാഡികോവാ
1981 ജനുവരിയിൽ മെയ്രംബുബു ബസ്സിൽ ചന്തയിലേക്കു പോകുമ്പോഴാണു തുടക്കത്തിൽ പറഞ്ഞ സംഭാഷണം അവൾ കേൾക്കാനിടയായത്. എന്റെ ഭാര്യക്കു കൂടുതൽ അറിയണമെന്ന് ആഗ്രഹം തോന്നി. അതുകൊണ്ട് അവൾ ആ സ്ത്രീയോടു പേരും മേൽവിലാസവും ചോദിച്ചു. തന്റെ പേര് ആപൂൻ എന്നാണെന്ന് ആ സ്ത്രീ പറഞ്ഞു. പക്ഷേ ആ കാലത്തും, അതായത് 1980-കളിലും, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിരോധനം ഉണ്ടായിരുന്നതുകൊണ്ട് ആ സ്ത്രീ വളരെ ജാഗ്രതയോടെയാണ് ഇടപെട്ടത്. അതുകൊണ്ട് ആപൂൻ മേൽവിലാസം തന്നില്ല, പകരം ഞങ്ങളുടെ അഡ്രസ്സ് വാങ്ങി. ആവേശഭരിതയായാണ് എന്റെ ഭാര്യ വീട്ടിൽ വന്നത്.
അവൾ എന്നോടു പറഞ്ഞു: “ഞാൻ എന്താ കേട്ടതെന്നു പറയട്ടെ! മനുഷ്യർ ആരും മരിക്കില്ലാത്ത ഒരു കാലം ഉടനെ വരാൻപോകുന്നെന്ന് ഒരു സ്ത്രീ പറഞ്ഞു. കാട്ടുമൃഗങ്ങൾപോലും മനുഷ്യനോട് ഇണങ്ങുമെന്ന്!” സത്യം പറഞ്ഞാൽ, അതെല്ലാം വെറും കെട്ടുകഥയായേ എനിക്കു തോന്നിയുള്ളൂ. അതുകൊണ്ട് ഞാൻ പറഞ്ഞു: “അവർ വന്ന് കാര്യങ്ങളൊക്കെ പറയട്ടെ, എന്നിട്ട് നോക്കാം.”
മൂന്നു മാസം കഴിഞ്ഞപ്പോൾ ആപൂൻ വന്നു. പിന്നീടു മറ്റു സഹോദരിമാർ ഞങ്ങളെ പല തവണ സന്ദർശിച്ചു. അങ്ങനെ ഞങ്ങൾക്കു കിർഗിസ് വംശജരിൽപ്പെട്ട ആദ്യത്തെ ചില സാക്ഷികളെ പരിചയപ്പെടാൻ കഴിഞ്ഞു. ഈ സഹോദരിമാർ ബൈബിളിലെ മഹത്തായ സത്യങ്ങളിലേക്കു ഞങ്ങളുടെ കണ്ണുകൾ തുറന്നു. യഹോവയെയും മനുഷ്യവർഗത്തെക്കുറിച്ച് യഹോവയ്ക്കുള്ള ഉദ്ദേശ്യത്തെയും കുറിച്ച് ഞങ്ങൾ മനസ്സിലാക്കി. നഷ്ടപ്പെട്ട പറുദീസയിൽനിന്ന് തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്)a എന്ന പുസ്തകം ഉപയോഗിച്ചാണ് അവർ ഞങ്ങളെ ബൈബിൾ പഠിപ്പിച്ചത്. തൊക്മാക് പട്ടണത്തിൽ ഈ പുസ്തകത്തിന്റെ ഒരു കോപ്പിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾക്കുള്ള പകർപ്പുകൾ ഞങ്ങൾതന്നെ എഴുതിയുണ്ടാക്കി.
ഉൽപത്തി 3:15-ലെ പ്രവചനമാണു ഞങ്ങൾ ആദ്യം പഠിച്ച കാര്യങ്ങളിൽ ഒന്ന്. ദൈവത്തിന്റെ മിശിഹൈകരാജാവായ യേശുവിലൂടെ ഈ പ്രവചനം നിവൃത്തിയേറുമെന്നു ഞങ്ങൾ മനസ്സിലാക്കി. തീർച്ചയായും എല്ലാവരും കേൾക്കേണ്ട ഒരു സന്ദേശംതന്നെ! സന്തോഷവാർത്തയെക്കുറിച്ചുള്ള പ്രസംഗപ്രവർത്തനത്തിൽ ഞങ്ങളും പങ്കുചേരേണ്ടതിന്റെ പ്രാധാന്യം ഇത് എടുത്തുകാട്ടി. (മത്താ. 24:14) പെട്ടെന്നുതന്നെ ബൈബിൾസത്യം ഞങ്ങളുടെ ജീവിതത്തിൽ പരിവർത്തനം വരുത്താൻ തുടങ്ങി.
നിരോധനത്തിൻകീഴിലെ മീറ്റിങ്ങുകളും സ്നാനവും
തൊക്മാകിലെ ഒരു സഹോദരൻ ഞങ്ങളെ ഒരു വിവാഹത്തിനു ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ യഹോവയുടെ സാക്ഷികൾ തികച്ചും വ്യത്യസ്തരാണെന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു. വിവാഹച്ചടങ്ങിൽ മദ്യം വിളമ്പിയിരുന്നില്ല, അതുപോലെ പരിപാടികളെല്ലാം അടുക്കോടും ചിട്ടയോടും കൂടെയാണു നടന്നത്. ഞങ്ങൾ പോയ മറ്റു വിവാഹച്ചടങ്ങുകളിലാകട്ടെ, അതിഥികൾ കുടിച്ച് മത്തരാകുകയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇവിടെ അങ്ങനെയൊന്നുമുണ്ടായില്ല.
ഞങ്ങൾ ചില ക്രിസ്തീയയോഗങ്ങൾക്കും പോയി. വനപ്രദേശത്താണു തൊക്മാക് സഭയുടെ മീറ്റിങ്ങുകൾ നടന്നിരുന്നത്. പോലീസ് എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുണ്ടായിരുന്നതുകൊണ്ട് മുന്നറിയിപ്പു തരാനായി ഒരു സഹോദരനെ കാവൽ ഏർപ്പെടുത്തിയിരുന്നു. തണുപ്പുകാലത്ത് ഒരു സഹോദരന്റെ വീട്ടിലാണു മീറ്റിങ്ങുകൾ നടന്നിരുന്നത്. ഒന്നുരണ്ടു വട്ടം പോലീസ് ആ വീട്ടിൽ വന്ന്, അവിടെ എന്താണു നടക്കുന്നതെന്ന് അന്വേഷണം നടത്തി. 1982 ജൂലൈയിൽ മെയ്രംബുബുവും ഞാനും ചുയി നദിയിൽ സ്നാനമേറ്റു. അതീവ ജാഗ്രതയോടെയായിരുന്നു സ്നാനം. (മത്താ. 10:16) കൂട്ടം ചേരാതെയാണു സഹോദരങ്ങൾ വനത്തിലെ യോഗസ്ഥലത്ത് എത്തിയത്. ഞങ്ങൾ ഒരു രാജ്യഗീതം പാടി, പിന്നെ സ്നാനപ്രസംഗം കേട്ടു.
ശുശ്രൂഷ വികസിപ്പിക്കുന്നു
1987-ൽ ബാലിക്ഷി പട്ടണത്തിൽ താമസിക്കുന്ന ഒരു താത്പര്യക്കാരനെ സന്ദർശിക്കാൻ ഒരു സഹോദരൻ എന്നോട് ആവശ്യപ്പെട്ടു. അവിടെയെത്താൻ ഞങ്ങളുടെ വീട്ടിൽനിന്ന് നാലു മണിക്കൂർ ട്രെയിനിൽ സഞ്ചരിക്കണമായിരുന്നു. പ്രസംഗപ്രവർത്തനത്തിനായി ബാലിക്ഷിയിൽ പല തവണ പോയിക്കഴിഞ്ഞപ്പോൾ അവിടെ താത്പര്യമുള്ള ധാരാളം ആളുകളുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി. ഇതു ശുശ്രൂഷ വികസിപ്പിക്കാനുള്ള നല്ല അവസരമാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.
മെയ്രംബുബുവും ഞാനും മിക്കപ്പോഴും ബാലിക്ഷിയിലേക്കു പോയി. ശുശ്രൂഷയിൽ ഏർപ്പെടുകയും യോഗങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് മിക്ക വാരാന്തങ്ങളും ഞങ്ങൾ അവിടെ ചെലവഴിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കു ധാരാളം ആവശ്യക്കാരുണ്ടായി. തൊക്മാകിൽനിന്നും മിഷോക്കിൽ, അതായത് ഉരുളക്കിഴങ്ങ് നിറയ്ക്കാനുള്ള ചാക്കിൽ, ആണ് പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോയിരുന്നത്. മാസത്തിൽ രണ്ടു ചാക്കു നിറയെ പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോയിരുന്നെങ്കിലും കഷ്ടിച്ചേ തികഞ്ഞിരുന്നുള്ളൂ. ബാലിക്ഷിയിലേക്കും തിരിച്ചും ഉള്ള ട്രെയിൻയാത്രയിൽ യാത്രക്കാരോടും ഞങ്ങൾക്കു സാക്ഷീകരിക്കാൻ കഴിഞ്ഞു.
1995-ൽ ബാലിക്ഷിയിൽ ഒരു സഭ രൂപംകൊണ്ടു, ഞങ്ങൾ ആദ്യം ആ പട്ടണത്തിൽ ചെന്നിട്ട് എട്ടു വർഷത്തിനു ശേഷം. അത്രയും വർഷങ്ങൾ തൊക്മാകിൽനിന്ന് ബാലിക്ഷിയിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്കു ധാരാളം പണം ആവശ്യമായിരുന്നു. ഞങ്ങളുടെ വരുമാനം വളരെ തുച്ഛമായിരുന്നു. പിന്നെ എങ്ങനെയാണു കാര്യങ്ങളൊക്കെ നടന്നുപോയത്? കുറവ് വരുന്ന പണം ഒരു സഹോദരൻ ക്രമമായി ഞങ്ങൾക്കു തരുമായിരുന്നു. ശുശ്രൂഷ വികസിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം യഹോവ കണ്ടു. “ആകാശത്തിന്റെ പ്രളയവാതിലുകൾ” യഹോവ ഞങ്ങൾക്കായി തുറന്നു. (മലാ. 3:10) തീർച്ചയായും യഹോവയ്ക്ക് എല്ലാം സാധ്യമാണ്!
കുടുംബം, ശുശ്രൂഷ തിരക്കോടു തിരക്ക്!
1992-ൽ രാജ്യത്തെ കിർഗിസ് ഭാഷക്കാരനായ ആദ്യത്തെ മൂപ്പനായി എന്നെ നിയമിച്ചു. തൊക്മാകിലെ ഞങ്ങളുടെ മാതൃസഭയിൽ സേവനത്തിന്റെ പുതിയ മേഖലകൾ തുറക്കപ്പെട്ടു. ടെക്നിക്കൽ സ്കൂളുകൾ പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കിർഗിസ് ഭാഷക്കാരായ അനേകം വിദ്യാർഥികളുമായി ഞങ്ങൾ ബൈബിൾപഠനങ്ങൾ നടത്തി. അവരിൽ ഒരാൾ ഇന്ന് ബ്രാഞ്ച് കമ്മിറ്റിയിലെ അംഗമാണ്, രണ്ടു പേർ പ്രത്യേക മുൻനിരസേവകരും. മീറ്റിങ്ങുകളിലും ഞങ്ങൾ ആളുകളെ സഹായിച്ചു, എങ്ങനെയെന്നോ? 1990-കളുടെ തുടക്കത്തിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചിരുന്നതും മീറ്റിങ്ങുകൾ നടത്തിയിരുന്നതും റഷ്യൻ ഭാഷയിലായിരുന്നു. പക്ഷേ സഭയിലെ മിക്കവരുടെയും മാതൃഭാഷ കിർഗിസായിരുന്നു. അതുകൊണ്ട് കുറച്ചുകൂടെ എളുപ്പത്തിൽ അവർക്കു സത്യം മനസ്സിലാക്കാൻ കഴിയേണ്ടതിനു ഞാൻ പരിപാടികൾ കിർഗിസിലേക്കു പരിഭാഷ ചെയ്യുമായിരുന്നു.
എന്റെ ഭാര്യയോടും എട്ടു മക്കളോടും ഒപ്പം, 1989-ൽ
മെയ്രംബുബുവിനും എനിക്കും ഞങ്ങളുടെ മക്കളെ പരിപാലിക്കാനും സമയം കണ്ടെത്തണമായിരുന്നു. ശുശ്രൂഷയ്ക്കും മീറ്റിങ്ങുകൾക്കും ഞങ്ങൾ കുട്ടികളെ കൂടെ കൊണ്ടുപോയി. ഞങ്ങളുടെ മകൾ ഗുൽസിരാ വെറും 12 വയസ്സുള്ളപ്പോൾത്തന്നെ വഴിപോക്കരോട് ഉത്സാഹത്തോടെ ബൈബിളിനെക്കുറിച്ച് സംസാരിച്ചിരുന്നു. തിരുവെഴുത്തുകൾ മനഃപാഠമാക്കുന്നതു മക്കൾക്ക് എന്ത് ഇഷ്ടമായിരുന്നെന്നോ! സന്തോഷകരമെന്നു പറയട്ടെ, ഞങ്ങളുടെ മക്കളും പിന്നീടു കൊച്ചുമക്കളും സഭാപ്രവർത്തനങ്ങളിൽ നന്നായി ഏർപ്പെട്ടു. എന്റെ 9 മക്കളും 11 കൊച്ചുമക്കളും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. അതിൽ 16 പേർ യഹോവയെ സേവിക്കുന്നവരോ മാതാപിതാക്കളുടെകൂടെ മീറ്റിങ്ങുകൾക്കു പോകുന്നവരോ ആണ്.
ശ്രദ്ധേയമായ മാറ്റങ്ങൾ
ഞങ്ങളുടെ പ്രദേശത്ത് 1950-കളിലാണു പ്രസംഗപ്രവർത്തനം ആരംഭിച്ചത്. അന്നത്തെ പ്രിയങ്കരരായ സഹോദരങ്ങൾ ഇപ്പോഴത്തെ മാറ്റങ്ങൾ കണ്ടാൽ അത്ഭുതസ്തബ്ധരായിപ്പോകും. 1990-കൾമുതൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ സന്തോഷവാർത്ത പ്രസംഗിക്കാനും വലിയ കൂട്ടങ്ങളായി കൂടിവരാനും ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.
ശുശ്രൂഷയിൽ ഭാര്യയോടൊപ്പം
1991-ൽ ഭാര്യയും ഞാനും കസാഖ്സ്ഥാനിലെ അൽമോ-അറ്റയിൽ, ഇപ്പോഴത്തെ അൽമോറ്റീയിൽ, ഞങ്ങളുടെ ആദ്യത്തെ കൺവെൻഷനു കൂടിവന്നു. 1993-ൽ കിർഗിസ്ഥാനിൽ സഹോദരങ്ങൾ ആദ്യമായി ഒരു കൺവെൻഷൻ സംഘടിപ്പിച്ചു. ബിഷ്കെകിലെ സ്പാർടക് സ്റ്റേഡിയത്തിലായിരുന്നു അത്. കൺവെൻഷനു മുമ്പ് ഒരാഴ്ചകൊണ്ട് സഹോദരങ്ങൾ സ്റ്റേഡിയം വൃത്തിയാക്കി. മതിപ്പുതോന്നിയ ഡയറക്ടർ സ്റ്റേഡിയം സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതി നൽകി.
1994-ൽ ആദ്യമായി കിർഗിസ് ഭാഷയിലേക്കു നമ്മുടെ ഒരു പ്രസിദ്ധീകരണം പരിഭാഷ ചെയ്തുകൊണ്ട് നമ്മൾ മറ്റൊരു നാഴികക്കല്ലു കുറിച്ചു. ബിഷ്കെകിലെ ബ്രാഞ്ചോഫീസിൽ പ്രവർത്തിക്കുന്ന ഒരു പരിഭാഷാസംഘം ഇപ്പോൾ ക്രമമായി കിർഗിസിലേക്കു പ്രസിദ്ധീകരണങ്ങൾ തർജമ ചെയ്യുന്നുണ്ട്. 1998-ൽ കിർഗിസ്ഥാനിലെ നമ്മുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിച്ചു. വേല പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇവിടെ 5,000-ത്തിലധികം പ്രചാരകരുണ്ട്. നമുക്ക് ഇന്ന് ഇംഗ്ലീഷ്, ഉയ്ഗൂർ, ഉസ്ബെക്, കിർഗിസ്, ചൈനീസ്, ടർക്കിഷ്, റഷ്യൻ, റഷ്യൻ ആംഗ്യഭാഷ എന്നീ ഭാഷകളിലായി 83 സഭകളും 25 ഗ്രൂപ്പുകളും ഉണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള പ്രിയങ്കരരായ ഈ സഹോദരീസഹോദരന്മാർ യഹോവയെ ഐക്യത്തോടെ സേവിക്കുന്നു. ശ്രദ്ധേയമായ ഈ വളർച്ച സാധ്യമാക്കിയത് യഹോവയാണ്.
യഹോവ എന്റെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഒരു എളിയ കർഷകകുടുംബത്തിൽ ജനിച്ച എനിക്കു വെറും അഞ്ചു വർഷത്തെ സ്കൂൾവിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും യഹോവ എനിക്ക് ഒരു മൂപ്പനായി സേവിക്കാനുള്ള പദവി തന്നു. എന്നെക്കാൾ വിദ്യാഭ്യാസമുള്ള ആളുകളെ ബൈബിളിലെ അമൂല്യസത്യങ്ങൾ പഠിപ്പിക്കാനായി എന്നെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും, തികച്ചും അസാധ്യമെന്നു കരുതിയ കാര്യങ്ങൾ യഹോവ സാധ്യമാക്കി. എന്റെ അനുഭവങ്ങൾ യഹോവയ്ക്കു വിശ്വസ്തമായി സാക്ഷ്യം വഹിക്കാൻ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. അതെ, യഹോവയ്ക്ക് “എല്ലാം സാധ്യം.”—മത്താ. 19:26.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.