ദിവ്യാധിപത്യ ലൈബ്രറി സജ്ജീകരിക്കേണ്ട വിധം
ഷെരസാഡേ എന്ന മിടുക്കിയായ സ്പാനീഷ് പെൺകുട്ടിക്കു നാലു വയസ്സുള്ള സമയം. “സാൻറ ക്ലോസി”ന്റെ ചിത്രം ചായം പൂശാൻ അധ്യാപിക ക്ലാസിലെ എല്ലാവരോടുമായി പറഞ്ഞു. ഉടനെതന്നെ, ഷെരസാഡേ തന്നെ അതിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. അതു ചെയ്യാൻ മനസ്സാക്ഷി തന്നെ അനുവദിക്കില്ലെന്ന് അവൾ വിശദീകരിച്ചു.
ഈ വിസമ്മതത്തിൽ അതിശയിച്ചുപോയ അധ്യാപിക അവളോടു പറഞ്ഞു, ഒരു പാവയുടെ ചിത്രത്തിൽ ചായം പൂശുന്നതുപോലെയാണ് അത്, അതിൽ യാതൊരു തെററുമില്ല. ഷെരസാഡേയുടെ മറുപടി ഇതായിരുന്നു: “അതൊരു പാവ മാത്രമാണെങ്കിൽ, ഒരു പാവയെ ഞാൻതന്നെ വരയ്ക്കാം. എന്താ സമ്മതമാണോ?”
മറെറാരവസരത്തിൽ, കുട്ടികളോടു ദേശീയ പതാകയ്ക്കു ചായം കൊടുക്കാനാവശ്യപ്പെട്ടു. അപ്പോഴും തന്നെ മറെറന്തെങ്കിലും ചെയ്യാൻ അനുവദിക്കണമെന്നായി ഷെരസാഡേ. വിശദീകരണം കൊടുക്കുന്നതിനിടയിൽ ശദ്രക്, മേശക്, അബേദ്നെഗോ എന്നിവരുടെ കഥ അവൾ അധ്യാപികയോടു പറഞ്ഞു.—ദാനീയേൽ 3:1-28.
അതിനുശേഷം ഏറെ താമസിയാതെ അധ്യാപിക ഷെരസാഡേയുടെ അമ്മയെ ഫോണിൽ വിളിച്ചു തന്റെ അത്ഭുതം പ്രകടമാക്കിക്കൊണ്ടു പറഞ്ഞു: “പല സന്ദർഭങ്ങളിലായി നിങ്ങളുടെ മകൾ എന്നോട് അവളുടെ മനസ്സാക്ഷിയെക്കുറിച്ചു സംസാരിക്കുന്നു. അവളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടി, അതും എന്നോട്, തന്നെ മനസ്സാക്ഷി അലട്ടുന്നതിന്റെ കാരണം വിശദമാക്കുന്നതിനെക്കുറിച്ച് ആർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ? നിങ്ങൾ അവളെ പഠിപ്പിക്കുന്ന സംഗതികളോട് എനിക്കു യോജിപ്പില്ലെങ്കിലും നിങ്ങൾ അക്കാര്യത്തിൽ വിജയിക്കുന്നുണ്ട് എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഒരു കാര്യമറിഞ്ഞോളൂ, എനിക്കു നിങ്ങളുടെ കുട്ടിയോട് ആദരവാണുള്ളത്.”
ഒരു നാലു വയസ്സുകാരിക്ക് എങ്ങനെയാണു ബൈബിൾ-പരിശീലിത മനസ്സാക്ഷിയുണ്ടാവുക? അവളുടെ അമ്മയായ മരീനയ്ക്ക് അതിനു വിശദീകരണമുണ്ട്, കിടപ്പുമുറിയിൽ ഷെരസാഡേക്കു സ്വന്തമായി ഒരു ദിവ്യാധിപത്യ ലൈബ്രറിയുണ്ട്. അവൾ അടിവരയിട്ടു പഠിച്ച വീക്ഷാഗോപുരത്തിന്റെ വ്യക്തിപരമായ പ്രതികൾ, പ്രസംഗവേലയ്ക്കുള്ള സാഹിത്യങ്ങൾ, അവൾ ജനിച്ചതിനുശേഷം വാച്ച് ടവർ സൊസൈററി പ്രകാശനം ചെയ്തിട്ടുള്ള പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം ഈ ലൈബ്രറിയിലുണ്ട്. അവളുടെ ലൈബ്രറിയിൽ അവൾക്ക് ഏററവും ഇഷ്ടപ്പെട്ട ഇനമാണ് എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ ഓഡിയോടേപ്പ്. പുസ്തകത്തിൽ നോക്കിക്കൊണ്ട് അവൾ അതു ദിവസവും രാത്രി കേൾക്കാറുണ്ട്. മേൽപ്പറഞ്ഞ തീരുമാനങ്ങളെടുക്കാൻ അവളെ പ്രാപ്തയാക്കിയത് ഈ ബൈബിൾവിവരണങ്ങളാണ്.
നന്നായി സജ്ജീകരിക്കപ്പെട്ട ഒരു ദിവ്യാധിപത്യ ലൈബ്രറിക്കു നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും സഹായിക്കാനാകുമോ? ഭവനത്തിൽ ഒരു ലൈബ്രറി അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?
“ലൈബ്രറി ഒരു ആഡംബരമല്ല”
“ലൈബ്രറി ഒരു ആഡംബരമല്ല, മറിച്ച് ജീവിതത്തിലെ അത്യാവശ്യ സംഗതികളിൽ ഒന്നാണ്” എന്നു ഹെൻട്രി ബീച്ചർ പറയുകയുണ്ടായി. അറിയാതെയാണെങ്കിൽപ്പോലും, മിക്കവാറും നമുക്കെല്ലാവർക്കും ഈ ‘ജീവിതത്തിലെ അത്യാവശ്യ സംഗതി’ ഉണ്ട്. എങ്ങനെ? കാരണം, നമ്മുടെ കൈവശം ബൈബിളല്ലാതെ മറെറാന്നുമില്ലെങ്കിൽപ്പോലും ഒരു തരത്തിലുള്ള ലൈബ്രറിയാണു നമുക്കുള്ളത്.
വാസ്തവത്തിൽ ഏററവും മികച്ച ഒരു ദിവ്യാധിപത്യ ലൈബ്രറിയാണു ബൈബിൾ. നാലാം നൂററാണ്ടിൽ ജെറോം ബിബ്ലിയോത്തിക്ക ദിവാനാ (ദിവ്യ ലൈബ്രറി) എന്ന ലത്തീൻ പദപ്രയോഗത്തിനു രൂപം കൊടുത്തു. നാം ഇന്നു ബൈബിൾ എന്നു വിളിക്കുന്ന നിശ്വസ്തപുസ്തകങ്ങൾ എല്ലാംകൂടി ചേർന്നതിനെ വർണിക്കാനായിരുന്നു ആ പ്രയോഗം. നമുക്കു പ്രായോഗികമായ സഹായവും പ്രബോധനവും മാർഗനിർദേശവും നൽകാൻ യഹോവ നമുക്കു നൽകിയിരിക്കുന്നതാണ് ഈ വിശുദ്ധ ലൈബ്രറി. നാം ഒരിക്കലും നിസ്സാരമായി കാണാൻ പാടില്ലാത്ത ഒന്നാണിത്. സമ്പൂർണ ബൈബിൾ നമ്മുടെ കൈവശമുണ്ടായിരിക്കുകയെന്നാൽ മുൻകാലത്തെ മിക്ക ദൈവദാസൻമാർക്കും ഉണ്ടായിരുന്നതിനെക്കാൾ ബൃഹത്തായ ഒന്ന് നമുക്കുണ്ട് എന്നാണ്.
ആകെ ലഭ്യമായിരുന്നതു വിലപിടിച്ച കയ്യെഴുത്തുപ്രതികൾ മാത്രമായിരുന്നെങ്കിൽ, തുലോം ചുരുക്കം സ്വകാര്യ ഭവനങ്ങളിൽ മാത്രമേ ഒരു സമ്പൂർണ ബൈബിൾ ഉണ്ടാകുമായിരുന്നുള്ളൂ. റോമിലെ തന്റെ അവസാനത്തെ തടവിനിടയിൽ തിരുവെഴുത്തുകൾ പഠിക്കാൻ ആഗ്രഹിച്ച പൗലോസിന് ഏഷ്യാമൈനറിൽനിന്ന് ഏതാനും ചുരുളുകൾ—എബ്രായ തിരുവെഴുത്തുഭാഗങ്ങൾ ആയിരിക്കാനാണു സാധ്യത—കൊണ്ടുവരാൻ തിമോത്തിയോട് ആവശ്യപ്പെടേണ്ടിവന്നു. (2 തിമൊഥെയൊസ് 4:13) എന്നിരുന്നാലും, ചുരുളുകളുടെ ഒരു ശേഖരം സിനഗോഗുകളിൽ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രസംഗവേലയിൽ യേശുക്രിസ്തുവും അപ്പോസ്തലനായ പൗലോസും ഈ ലൈബ്രറികൾ ഉപയോഗപ്പെടുത്തുകയുണ്ടായി. (ലൂക്കൊസ് 4:15-17; പ്രവൃത്തികൾ 17:1-3) സന്തോഷകരമെന്നു പറയട്ടെ, ഒന്നാം നൂററാണ്ടിനെ അപേക്ഷിച്ച് തിരുവെഴുത്തുകൾ ഇന്ന് വളരെ എളുപ്പം ലഭ്യമാണ്.
അച്ചടിയന്ത്രം കണ്ടുപിടിച്ചതു കാരണം ഇന്നത്തെ ദൈവദാസരിൽ മിക്കവർക്കും, തങ്ങളുടെ ഭാഷ എന്തുതന്നെയായാലും, ന്യായമായ വിലയ്ക്കു സമ്പൂർണ ബൈബിൾ കരസ്ഥമാക്കാനാവും. ഈ വിശുദ്ധ “ലൈബ്രറി”യോടൊപ്പം മററു പുസ്തകങ്ങൾകൂടി ലഭിക്കുന്നതിനുള്ള അനുപമമായ അവസരവും നമുക്കുണ്ട്. ഒരു നൂററാണ്ടിലധികമായിട്ട്, കൃത്യസമയത്തുള്ള ആത്മീയഭക്ഷണം നൽകുന്നതിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” തിരക്കോടെ മുഴുകിയിരിക്കുകയാണ്.—മത്തായി 24:45-47.
എന്നാൽ നാം വ്യക്തിപരമായ ഒരു ദിവ്യാധിപത്യ ലൈബ്രറി സജ്ജീകരിക്കുന്നില്ലെങ്കിൽ ഈ അമൂല്യ വിവരങ്ങളിൽനിന്നു മുഴു പ്രയോജനവും നേടുന്നതിനു സാധ്യതയില്ല. ഇതെങ്ങനെ ചെയ്യാനാവും? അത്തരം ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ കരസ്ഥമാക്കുകയാണു തീർച്ചയായും ഒന്നാമത്തെ പടി. അതു പ്രയത്നത്തിനുതക്ക മൂല്യമുള്ളതാണ്. കാരണം നമുക്കു കൈകാര്യം ചെയ്യാനുള്ള പ്രശ്നങ്ങൾക്കും ഉത്തരം കൊടുക്കാനുള്ള ബൈബിൾചോദ്യങ്ങൾക്കും ആവശ്യമായ കൃത്യവിവരങ്ങൾ കയ്യെത്തുന്ന ദൂരത്തിലുണ്ടായിരിക്കാൻ അതു നമ്മെ സഹായിക്കും.
എനിക്ക് ആവശ്യമുള്ള പുസ്തകങ്ങളേവ?
വിവാഹജീവിതത്തിലെ ആശയവിനിമയ പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും, മയക്കുമരുന്നുകളോട് വേണ്ട എന്നു പറയാൻ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും എന്നെല്ലാം നിങ്ങൾ എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ? വിഷാദത്തിനടിപ്പെട്ട ഒരു സുഹൃത്തിനെ സഹായിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം ഉണ്ടെന്നതിന് എന്തു തെളിവുണ്ടെന്നും അവൻ ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടെന്നും നിങ്ങൾക്കു വ്യക്തമായി വിശദീകരിക്കാനാവുമോ? വെളിപ്പാടു 17-ാം അധ്യായത്തിലെ കടുഞ്ചുവപ്പു നിറമുള്ള മൃഗം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
പര്യാപ്തമായ ഒരു ദിവ്യാധിപത്യ ലൈബ്രറി നിങ്ങൾക്കുണ്ടെങ്കിൽ ഇവയ്ക്കും മററ് എണ്ണമററ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാവും. തിരുവെഴുത്തു വിവരങ്ങൾ മുഴുവനും ചർച്ച ചെയ്യുന്ന പുസ്തകങ്ങളും ലഘുപത്രികകളും മാസികാലേഖനങ്ങളും വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലുപരി, ഈ സാഹിത്യങ്ങൾ കുടുംബവിഷയങ്ങൾ ചർച്ച ചെയ്യുന്നു, ദൈവത്തിലും ബൈബിളിലും നമ്മുടെ വിശ്വാസം പടുത്തുയർത്തുന്നു, നമ്മുടെ പ്രസംഗവൈദഗ്ധ്യത്തിനു മൂർച്ച കൂട്ടാൻ നമ്മെ പ്രാപ്തരാക്കുന്നു, ബൈബിൾ പ്രവചനങ്ങൾ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു.
കഴിഞ്ഞ 20 വർഷങ്ങളിൽ സൊസൈററി അച്ചടിച്ച മിക്ക പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ലഭ്യമാണ്. നിങ്ങൾ അടുത്തകാലത്താണു സത്യത്തിൽ വന്നതെങ്കിൽ, നിങ്ങളുടെ ഭാഷയിൽ ലഭ്യമായിരിക്കുന്ന അത്തരം സകല സാഹിത്യങ്ങളും കരസ്ഥമാക്കുന്നതു പ്രയോജനപ്രദമായിരിക്കും. കഴിഞ്ഞ വർഷങ്ങളിലെ വീക്ഷാഗോപുരത്തിന്റെ ബയൻറിട്ട വാല്യങ്ങൾ ചിലപ്പോൾ നിങ്ങളുടെ ഭാഷയിലുണ്ടായിരിക്കാം. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, കോംബ്രിഹെൻസിവ് കൺകോർഡൻസ് എന്നിവപോലുള്ള മികച്ച പരാമർശഗ്രന്ഥങ്ങളും പല ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പുസ്തകങ്ങൾ സംഘടിപ്പിക്കുന്നത് ആദ്യപടി മാത്രമേ ആകുന്നുള്ളൂ.
നിങ്ങളുടെ ലൈബ്രറി സജ്ജീകരിക്കുക!
പുസ്തകം എവിടെയെങ്കിലും ഉണ്ടായിരുന്നാൽമാത്രം പോരാ, ആവശ്യമായിരിക്കുന്ന പുസ്തകം കണ്ടെത്തുന്നതാണു പ്രധാനമായിരിക്കുന്നത്. നമുക്ക് ആവശ്യമുള്ള പരാമർശഗ്രന്ഥം തിരക്കി ധാരാളം സമയം പാഴാക്കേണ്ടിവരുന്നെങ്കിൽ വിഷയത്തിലുള്ള നമ്മുടെ താത്പര്യം നഷ്ടപ്പെടാനാണു സാധ്യത. എന്നാൽ അതേസമയം, നാം നമ്മുടെ പുസ്തകങ്ങൾ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ക്രമമായി അടുക്കിവെച്ചിരിക്കുകയാണെങ്കിൽ, വ്യക്തിപരമായ ഗവേഷണം നടത്താൻ നാം കൂടുതൽ ചായ്വുള്ളവരായിരിക്കും.
സാധിക്കുമെങ്കിൽ, ദിവ്യാധിപത്യ പുസ്തകങ്ങൾ മിക്കവയും ഒരു സ്ഥലത്തുതന്നെ വെക്കുന്നതായിരിക്കും നല്ലത്. റെഡിമെയ്ഡ് പുസ്തകഷെൽഫുകൾ വാങ്ങാൻ നമുക്കു ബുദ്ധിമുട്ടാണെങ്കിൽ അവ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. അതിനു സാധാരണമായി അധികം ചെലവൊന്നും വരില്ല. അതു വലുതായിരിക്കണമെന്നില്ല. ലൈബ്രറി എളുപ്പം എത്തിപ്പെടാവുന്നതായിരിക്കണം എന്നതാണ് പ്രധാനം. മുകളറയിൽ പുസ്തകങ്ങൾ വെച്ചാൽ സാധാരണമായി അവ പൊടിപിടിക്കുകയേയുള്ളൂ, അല്ലാതെ പ്രയോജനപ്പെടുത്താനാവില്ല.
പുസ്തകങ്ങൾ ക്രമീകരിച്ചുവയ്ക്കുന്നതാണ് അടുത്ത പടി. പുസ്തകങ്ങൾ അടുക്കോടും ചിട്ടയോടുംകൂടെ ക്രമത്തിൽ വെക്കാൻ അല്പം സമയമെടുക്കുന്നതുകൊണ്ടു പ്രയോജനങ്ങളുണ്ട്.
നിങ്ങളുടെ കുടുംബത്തിൽ മിക്കവരും യഹോവയുടെ സാക്ഷികളല്ലെങ്കിലോ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ലൈബ്രറി സജ്ജീകരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിലും തിരുവെഴുത്തുപരമായ ഏതാനും പ്രസിദ്ധീകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകഷെൽഫ് നിങ്ങൾക്കു വെക്കാനാവും.
ഒരു ദിവ്യാധിപത്യ ലൈബ്രറിക്ക് ആത്മീയത കെട്ടുപണി ചെയ്യാനാവും
പുസ്തകങ്ങൾ അടുക്കിവെച്ചു കഴിഞ്ഞാൽപ്പിന്നെ, വിവരങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു മുറ നമുക്കുണ്ടായിരിക്കണം. ചിലപ്പോൾ ഓർമക്കുറവുള്ളവരാകാം നാം. ചിലപ്പോൾ നമ്മുടെ ദിവ്യാധിപത്യ ലൈബ്രറിയിലെ സകല പുസ്തകങ്ങളുടെയും ഉള്ളടക്കത്തെക്കുറിച്ചു നാം വ്യക്തിപരമായി പരിചിതമായിരിക്കില്ല. എന്നിരുന്നാലും, ലൈബ്രറിയിലെ സകല വിവരങ്ങളും എളുപ്പം ലഭ്യമാണ്. നിങ്ങളുടെ ഭാഷയിൽ വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക ലഭ്യമാണെങ്കിൽ, നിസ്സാര സമയംകൊണ്ട് മിക്കവാറും ഏതൊരു വിഷയത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ അതു നമ്മെ സഹായിക്കും.
വ്യക്തിപരമായ പഠനം നിർവഹിക്കാൻ തന്റെ ഏററവും ഇളയ മകനെ പഠിപ്പിക്കുന്നതിൽ സൂചിക വിലമതിക്കാനാവാത്തതായിരുന്നുവെന്ന് വർഷങ്ങളോളം ഒരു പ്രത്യേക പയനിയറും മൂപ്പനുമായി സേവിച്ച കൂല്യാൻ പറയുന്നു. “ഏഴു വയസ്സുള്ള കൈറോ ഒരു ദിവസം സ്കൂളിൽനിന്നു വന്നപാടെ എന്നോടു ചോദിച്ചു, ‘ഡിനോസറുകളെക്കുറിച്ച് സൊസൈററി എന്താണു പറഞ്ഞിരിക്കുന്നത്?’ ഞങ്ങൾ നേരേ സൂചിക എടുത്ത് ‘ഡിനോസറുകൾ’ എന്ന പദം നോക്കി. ആ വിഷയം പ്രധാന ലേഖനപരമ്പരയായി അവതരിപ്പിച്ചിരിക്കുന്ന ഒരു ഉണരുക! ഞങ്ങൾക്ക് ഉടനടി കിട്ടി. [1990 ഫെബ്രുവരി 8 (ഇംഗ്ലീഷ്)] അന്നുതന്നെ കൈറോ അതു വായിക്കാൻ തുടങ്ങി. മിക്കവാറും എല്ലാ വിഷയത്തെ സംബന്ധിച്ചുമുള്ള പ്രയോജനപ്രദമായ വിവരങ്ങൾ ഞങ്ങളുടെ ദിവ്യാധിപത്യ ലൈബ്രറിയിൽനിന്നു ലഭ്യമാണെന്ന് അവന് അറിയാം. ഞങ്ങളുടെ കുട്ടികൾ ദിവ്യാധിപത്യ ലൈബ്രറി വേണ്ടവിധം ഉപയോഗിക്കുമ്പോൾ അത് അവരെ ആത്മീയമായി വളരാൻ സഹായിക്കുന്നുവെന്ന് എനിക്കു വ്യക്തിപരമായി ബോധ്യമുണ്ട്. അവർ ന്യായവാദം ചെയ്യാൻ പഠിക്കുന്നു, അതിലുപരി, വ്യക്തിപരമായ പഠനം ആസ്വാദ്യമായിത്തീരുന്നു എന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു.”
ദിവ്യാധിപത്യ ലൈബ്രറി ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതു നിങ്ങൾ എത്രയും നേരത്തെ തുടങ്ങണമെന്നു വിശ്വസിക്കുന്നയാളാണ് ആരംഭത്തിൽ സൂചിപ്പിച്ച, ഷെരസാഡേയുടെ പിതാവായ ഫൗസ്തോ. “സൂചിക എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നു ഷെരസാഡേയെ ഞങ്ങൾ ഇപ്പഴേ കാണിച്ചുകൊടുക്കുന്നുണ്ട്” എന്ന് അദ്ദേഹം പറയുന്നു. “തുടക്കമിട്ടത് ഇപ്രകാരമായിരുന്നു. ഭൗമിക പറുദീസയെക്കുറിച്ചുള്ള പ്രതീക്ഷ അവളുടെ മനംകവരുന്നതായതുകൊണ്ട് സൂചികയിൽ ‘പറുദീസ’ എന്ന വാക്ക് ആദ്യം കാണിച്ചുകൊടുത്തു. പിന്നെ അവിടെ പരാമർശിച്ചിരിക്കുന്ന വീക്ഷാഗോപുര ലേഖനങ്ങൾ എടുത്തുനോക്കി. സാധാരണമായി, ഞങ്ങൾ അവൾക്കു ചിത്രങ്ങളേ കാണിച്ചുകൊടുക്കാറുള്ളായിരുന്നൂ. എന്നുവരികിലും, ഞങ്ങളുടെ ഭവനലൈബ്രറിയിൽനിന്നു വിവരങ്ങൾ കണ്ടെത്തുന്നതിനു സൂചിക മർമപ്രധാനമാണെന്ന് ഇതുമുഖാന്തരം അവൾക്കു മനസ്സിലായി. ഈ ആശയം അവൾക്കു പിടികിട്ടിയെന്നു ഞങ്ങൾക്കു ബോധ്യമായി. കാരണം ഒരു ദിവസം ഈസ്ററർ ആഘോഷവുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമായി സ്കൂളിൽനിന്നു മടങ്ങിയെത്തിയ അവൾ അമ്മയോടു ചോദിച്ചു: ‘നമുക്കു സൂചികയിലൊന്നു നോക്കിയാലോ?’”
നമ്മുടെ പ്രായം എന്തായാലും “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ” എന്നു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:21) ഇതിനു തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നു നാം പരിശോധിക്കേണ്ടത് ആവശ്യമാണ്. (പ്രവൃത്തികൾ 17:11) നല്ലരീതിയിൽ സജ്ജമാക്കപ്പെട്ട ഒരു ദിവ്യാധിപത്യ ലൈബ്രറി നമുക്കുണ്ടെങ്കിൽ, അത്തരം ഗവേഷണം ഉല്ലാസമായിത്തീരും. ഒരു പ്രസംഗം തയ്യാറാകാൻ, ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പ്രായോഗിക ബുദ്ധ്യുപദേശം കണ്ടെത്താൻ, അല്ലെങ്കിൽ ഒരു രസകരമായ വിവരം കണ്ടെത്താൻ നാം ഓരോ പ്രാവശ്യവും നമ്മുടെ ലൈബ്രറി വിജയകരമായി ഉപയോഗിക്കുമ്പോൾ അതു നമ്മുടെ ലൈബ്രറിയുടെ പ്രായോഗിക മൂല്യം മനസ്സിൽ പതിപ്പിക്കും.
“ഒരു ക്രിസ്തീയ ഭവനത്തിൽ ദിവ്യാധിപത്യ ലൈബ്രറി ഒരു ആഡംബരമല്ല!” എന്നു ഷെരസാഡേയുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
[30-ാം പേജിലെ ചതുരം]
നിങ്ങളുടെ പുസ്തകങ്ങൾ എങ്ങനെ ക്രമീകരിക്കാം?
നിങ്ങളുടെ പുസ്തകങ്ങൾ എങ്ങനെ സജ്ജീകരിക്കണമെന്നതു സംബന്ധിച്ചു കർശന നിയമങ്ങളൊന്നുമില്ല. എന്നിരുന്നാലും താഴെ കാണുന്ന വിധത്തിലുള്ള യുക്തിപൂർവകമായ ഒരു വിഭജനം ഉള്ളടക്കത്തിന് അനുസൃതമായി പുസ്തകങ്ങൾ ക്രമീകരിക്കാവുന്ന ഒരു വിധം നിങ്ങൾക്കു കാണിച്ചുതരുന്നു.
1.ബൈബിളിന്റെ ചില ഭാഗങ്ങളുടെ വാക്യാനുവാക്യ അപഗ്രഥനം അടങ്ങുന്ന പുസ്തകങ്ങൾ
(ഉദാഹരണങ്ങൾ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, “ഞാൻ യഹോവയാണെന്ന് രാഷ്ട്രങ്ങൾ അറിയും”—എങ്ങനെ?, “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ”)
2.കുടുംബജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ
(ഉദാഹരണങ്ങൾ: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, എന്റെ ബൈബിൾ കഥാപുസ്തകം)
3.ബൈബിളും പരാമർശഗ്രന്ഥങ്ങളും
(ഉദാഹരണങ്ങൾ: പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടു കൂടിയത്, മററു ബൈബിളുകൾ, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ സൂചികകൾ, കൊംബ്രിഹെൻസിവ് കൺകോർഡൻസ്, തിരുവെഴുത്തുകളെ സംബന്ധിച്ച ഉൾക്കാഴ്ച, ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരം, ഒരു നല്ല നിഘണ്ടു)
4.നിലവിലുള്ള സഭാപുസ്തകാധ്യയനത്തിനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനുംവേണ്ടി ഉപയോഗിക്കുന്ന പുസ്തകങ്ങൾ
5.ഓഡിയോ കാസററുകളും വീഡിയോകളും
6.വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻറിട്ട വാല്യങ്ങൾ
7.യഹോവയുടെ സാക്ഷികളുടെ ചരിത്രം
(ഉദാഹരണങ്ങൾ: യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകങ്ങൾ, യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ)
8.നമ്മുടെ ശുശ്രൂഷയിൽ നാം നിരന്തരം ഉപയോഗിക്കുന്ന പുസ്തകങ്ങളും ലഘുപത്രികകളും
(ഉദാഹരണങ്ങൾ: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം, ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ)
[31-ാം പേജിലെ ചിത്രം]
ഷെരസാഡേ ഇപ്പോഴേ ഒരു ഉത്തമ ബൈബിൾവിദ്യാർഥി ആയിത്തീർന്നിരിക്കുന്നു
[31-ാം പേജിലെ ചിത്രം]
ചെറുപ്പമെങ്കിലും, ഈ ബാലൻ ദിവ്യാധിപത്യ ലൈബ്രറി ഉപയോഗിക്കുന്നു