ആരാണ് ദൈവരാജ്യത്തിന്റെ രാജാവ്?
ദൈവരാജ്യത്തിന്റെ രാജാവ് ആരാണെന്ന് തിരിച്ചറിയിക്കുന്ന വിവരങ്ങൾ എഴുതാൻ ദൈവം ബൈബിളെഴുത്തുകാരെ ഉപയോഗിച്ചു. ആ ഭരണാധികാരി:
ദൈവം തിരഞ്ഞെടുത്ത ആളാണ്. “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. . . . ഞാൻ ജനതകളെ നിനക്ക് അവകാശമായും ഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.”—സങ്കീർത്തനം 2:6, 8.
ദാവീദ് രാജാവിന്റെ പിൻതലമുറക്കാരനാണ്. “നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു, ദാവീദിന്റെ സിംഹാസനത്തിലും രാജ്യത്തിലും ഉള്ള അവന്റെ ഭരണത്തിന്റെ വളർച്ചയ്ക്കും സമാധാനത്തിനും അവസാനമുണ്ടാകില്ല. അതിനെ സുസ്ഥിരമാക്കാനും നിലനിറുത്താനും” അവൻ ഭരിക്കും.—യശയ്യ 9:6, 7.
ബേത്ത്ലെഹെമിൽ ജനിക്കും. “ബേത്ത്ലെഹെമേ, എനിക്കുവേണ്ടി ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും. അവന്റെ മഹത്ത്വം ഭൂമിയുടെ അതിരുകൾവരെ എത്തും.”—മീഖ 5:2, 4.
മനുഷ്യരാൽ അവഗണിക്കപ്പെടും, വധിക്കപ്പെടും. “നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല. നമ്മുടെ ലംഘനങ്ങൾ നിമിത്തം അവനു കുത്തേൽക്കേണ്ടിവന്നു. നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.”—യശയ്യ 53:3, 5.
മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടും, മഹത്ത്വീകരിക്കപ്പെടും. “അങ്ങ് എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല; അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി കാണാൻ അനുവദിക്കില്ല. അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.”—സങ്കീർത്തനം 16:10, 11.
യേശുക്രിസ്തു—മികച്ച ഭരണാധികാരി
മനുഷ്യചരിത്രം നോക്കിയാൽ മികച്ച ഭരണാധികാരി എന്ന വിശേഷണം ചേരുന്ന ഒരേ ഒരു വ്യക്തി യേശുക്രിസ്തുവാണ്. ദൂതൻ യേശുവിന്റെ അമ്മയായ മറിയയോടു ഇങ്ങനെ പറഞ്ഞിരുന്നു: “ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും. . . . അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”—ലൂക്കോസ് 1:31-33.
യേശു ഭരിക്കുന്നത് ഭൂമിയിൽനിന്ന് ആയിരിക്കില്ല. ദൈവരാജ്യത്തിന്റെ രാജാവായി മനുഷ്യകുടുംബത്തെ സ്വർഗത്തിൽനിന്ന് ഭരിക്കും. എന്താണ് യേശുവിനെ ഏറ്റവും മികച്ച ഭരണാധികാരിയാക്കുന്നത്? യേശു ഭൂമിയിലായിരുന്നപ്പോൾ ചെയ്തത് എന്താണെന്നു നോക്കാം.
യേശു ആളുകൾക്കുവേണ്ടി കരുതി. യേശു സ്ത്രീകളെയും പുരുഷന്മാരെയും ചെറുപ്പക്കാരെയും പ്രായമായവരെയും അവരുടെ പശ്ചാത്തലമോ സമൂഹത്തിലെ നിലയോ ഒന്നും നോക്കാതെ സഹായിച്ചു. (മത്തായി 9:36; മർക്കോസ് 10:16) കുഷ്ഠരോഗിയായ ഒരാൾ യേശുവിനോട് ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം.” മനസ്സലിഞ്ഞ യേശു ആ കുഷ്ഠരോഗിയെ സുഖപ്പെടുത്തി.—മർക്കോസ് 1:40-42.
ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് യേശു ആളുകളെ പഠിപ്പിച്ചു. “ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല” എന്ന് യേശു പറഞ്ഞു. കൂടാതെ, മറ്റുള്ളവർ നമ്മളോട് എങ്ങനെ ഇടപെടണമെന്നു നമ്മൾ ആഗ്രഹിക്കുന്നുവോ, അതുപോലെ നമ്മളും അവരോട് ഇടപെടണമെന്ന് യേശു പഠിപ്പിച്ചു. ഇതിനെയാണ് സുവർണനിയമം എന്നു വിളിക്കുന്നത്. കൂടാതെ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ മാത്രമല്ല നമ്മൾ എങ്ങനെ ചിന്തിക്കുന്നു, നമുക്ക് എന്താണു തോന്നുന്നത് എന്നീ കാര്യങ്ങളും ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് യേശു പറഞ്ഞു. അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ നമ്മൾ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെവരെ നിയന്ത്രിക്കേണ്ടതുണ്ട്. (മത്തായി 5:28; 6:24; 7:12) ശരിക്കും സന്തോഷമുള്ളവരായിരിക്കാൻ നമ്മൾ ദൈവം ആവശ്യപ്പെടുന്നതു മനസ്സിലാക്കുകയും അതു ചെയ്യുകയും വേണം.—ലൂക്കോസ് 11:28.
സ്നേഹിക്കുക എന്നു പറഞ്ഞാൽ എന്താണെന്നു യേശു പഠിപ്പിച്ചു. യേശുവിന്റെ വാക്കുകളും പ്രവൃത്തികളും കേൾവിക്കാരുടെ ഹൃദയങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ കഴിയുന്നത്ര ശക്തമായിരുന്നു. “യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി. . . . അധികാരമുള്ളവനായിട്ടാണ് യേശു പഠിപ്പിച്ചത്.” (മത്തായി 7:28, 29) “ശത്രുക്കളെ സ്നേഹിക്കുക” എന്ന് യേശു പഠിപ്പിച്ചു. തന്റെ മരണത്തിനു കാരണക്കാരായവർക്ക് വേണ്ടിപ്പോലും യേശു പ്രാർഥിച്ചു. “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ.”—മത്തായി 5:44; ലൂക്കോസ് 23:34.
എന്തുകൊണ്ടും ഈ ലോകം ഭരിക്കാൻ യോഗ്യതയുള്ള ആളാണ് യേശു. യേശു ദയയുള്ളവനും സഹായിക്കാൻ മനസ്സുള്ള വ്യക്തിയുമാണ്. എന്നാൽ യേശു എന്ന് ഭരണം തുടങ്ങും?