ആരാണ് സ്വർഗത്തിൽ പോകുന്നത്?
ബൈബിളിന്റെ ഉത്തരം
ഒരു നിശ്ചിത എണ്ണത്തിലുള്ള വിശ്വസ്തരായ ക്രിസ്ത്യാനികളെ ദൈവം തിരഞ്ഞെടുക്കുകയും അവരുടെ മരണശേഷം സ്വർഗത്തിൽ ജീവിക്കാനായി പുനരുത്ഥാനപ്പെടുത്തുകയും ചെയ്യുന്നു. (1 പത്രോസ് 1:3, 4) ഒരിക്കൽ അവരെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവരുടെ സ്വർഗീയ അവകാശം നഷ്ടപ്പെടാതിരിക്കുന്നതിന്, അവർ ക്രിസ്തീയ വിശ്വാസം ശക്തമാക്കി നിലനിറുത്തുകയും ശുദ്ധമായ ജീവിതം നയിക്കുകയും ചെയ്യണം.—എഫെസ്യർ 5:5; ഫിലിപ്പിയർ 3:12-14.
സ്വർഗത്തിൽ പോകുന്നവർ അവിടെ എന്തായിരിക്കും ചെയ്യുന്നത്?
അവർ രാജാവും പുരോഹിതന്മാരും എന്ന നിലയിൽ യേശുവിനോടൊപ്പം 1,000 വർഷം ഭരിക്കും. (വെളിപാട് 5:9, 10; 20:6) അവർ ‘പുതിയ ഭൂമിയെ’ (ഭൂമിയിലെ മനുഷ്യസമൂഹത്തെ) ഭരിക്കുന്ന ‘പുതിയ ആകാശം’ (സ്വർഗീയ ഗവൺമെന്റ്) ആയിരിക്കും. ആ സ്വർഗീയ ഭരണാധികാരികൾ ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ നീതി വസിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യകുടുംബത്തെ പുനഃസ്ഥിതീകരിക്കുന്നതിൽ ഒരു പങ്കു വഹിക്കും.—യശയ്യ 65:17; 2 പത്രോസ് 3:13.
എത്ര പേർ സ്വർഗത്തിൽ പോകും?
1,44,000 പേർക്ക് സ്വർഗീയപുനരുത്ഥാനം ലഭിക്കുമെന്ന് ബൈബിൾ പറയുന്നു. (വെളിപാട് 7:4) വെളിപാട് 14:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനത്തിൽ സീയോൻ മലയിൽ കുഞ്ഞാടിനോടൊപ്പം 1,44,000 പേർ നിൽക്കുന്നതായി അപ്പോസ്തലനായ യോഹന്നാൻ കണ്ടു. ഇതിലെ കുഞ്ഞാട് പുനരുത്ഥാനപ്പെട്ട യേശുവിനെയാണ് അർഥമാക്കുന്നത്. (യോഹന്നാൻ 1:29; 1 പത്രോസ് 1:19) ‘സീയോൻ പർവ്വതം’ യേശുവിന്റെയും ഒപ്പം ഭരിക്കുന്ന 1,44,000 പേരുടെയും ഉന്നതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നു.—സങ്കീർത്തനം 2:6; എബ്രായർ 12:22.
ക്രിസ്തുവിനോടൊപ്പം ഭരിക്കുന്ന “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും” ആയവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ് വിളിച്ചിരിക്കുന്നത്. (വെളിപാട് 17:14; ലൂക്കോസ് 12:32) യേശുവിന്റെ മുഴുവൻ ആട്ടിൻകൂട്ടത്തോടുമുള്ള താരതമ്യത്തിൽ അവരുടെ എണ്ണം കുറവായിരിക്കുമെന്ന് ഇതു കാണിക്കുന്നു.—യോഹന്നാൻ 10:16.
സ്വർഗത്തിൽ പോകുന്നവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകും.
വസ്തുത: ഭൂരിപക്ഷം വരുന്ന എല്ലാ നല്ല ആളുകൾക്കും ഭൂമിയിൽ എന്നുമെന്നേക്കുമുള്ള ജീവിതമാണു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്.—സങ്കീർത്തനം 37:11, 29, 34.
‘ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടില്ല’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 3:13) അതായത് അബ്രാഹാം, മോശ, ഇയ്യോബ്, ദാവീദ് തുടങ്ങി തനിക്കു മുമ്പേ മരിച്ചുപോയിട്ടുള്ള നല്ല ആളുകൾ സ്വർഗത്തിൽ പോയിട്ടില്ലെന്ന് യേശു അതിലൂടെ വ്യക്തമാക്കി. (പ്രവൃത്തികൾ 2:29, 34) പകരം ഭൂമിയിൽ വീണ്ടും ജീവിക്കാനുള്ള പ്രത്യാശയാണ് അവർക്കുള്ളത്.—ഇയ്യോബ് 14:13-15.
സ്വർഗീയജീവനിലേക്കുള്ള പുനരുത്ഥാനത്തെ ‘ഒന്നാമത്തെ പുനരുത്ഥാനം’ എന്നു വിളിച്ചിരിക്കുന്നു. (വെളിപാട് 20:6) ഇതു സൂചിപ്പിക്കുന്നത് മറ്റൊരു പുനരുത്ഥാനം ഉണ്ടാകുമെന്നാണ്, അതായത് ചില ആളുകൾ ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ചുവരും.
ദൈവരാജ്യഭരണത്തിൻകീഴിൽ, “മരണം ഉണ്ടായിരിക്കില്ല” എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 21:3, 4) സ്വർഗത്തിൽ മരണം ഇല്ലാത്തതിനാൽ ഈ പ്രവചനം ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ളതാണെന്നു വ്യക്തം.
തെറ്റിദ്ധാരണ: സ്വർഗത്തിലാണോ ഭൂമിയിലാണോ ജീവിക്കേണ്ടതെന്ന് ഓരോ വ്യക്തിക്കും തിരഞ്ഞെടുക്കാം.
വസ്തുത: ‘സ്വർഗീയവിളിയെന്ന സമ്മാനം’ തന്റെ വിശ്വസ്തദാസന്മാരിൽ ആർക്കു കൊടുക്കണമെന്ന് ദൈവമാണ് തീരുമാനിക്കുന്നത്. (ഫിലിപ്പിയർ 3:14) മനുഷ്യരുടെ വ്യക്തിപരമായ ആഗ്രഹാഭിലാഷങ്ങളുടെ അടിസ്ഥാനത്തിലല്ല ദൈവം ആളുകളെ തിരഞ്ഞെടുക്കുന്നത്.—മത്തായി 20:20-23.
തെറ്റിദ്ധാരണ: സ്വർഗത്തിൽ ജീവിക്കാൻ അർഹരല്ലാത്തവരെയാണ് ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുന്നത്. ആ അർഥത്തിൽ ഭൂമിയിലെ എന്നുമെന്നേക്കുമുള്ള ജീവിതം തരംതാഴ്ന്നതാണ്.
വസ്തുത: ഭൂമിയിൽ എന്നെന്നും ജീവിതം ആസ്വദിക്കാനിരിക്കുന്നവരെ ‘എന്റെ ജനം,’ ‘ഞാൻ തിരഞ്ഞെടുത്തവർ,’ ‘യഹോവ അനുഗ്രഹിച്ചവർ’ എന്നൊക്കെയാണ് ദൈവം വിളിച്ചിരിക്കുന്നത്. (യശയ്യ 65:21-23) മനുഷ്യവർഗം പറുദീസാഭൂമിയിൽ പൂർണതയോടെ എന്നുമെന്നേക്കും ജീവിക്കുക എന്നതാണ് ദൈവത്തിന്റെ ആദിമോദ്ദേശ്യം. അതു നിറവേറ്റാനുള്ള അനുപമ പദവിയായിരിക്കും അവർക്കുള്ളത്.—ഉൽപത്തി 1:28; സങ്കീർത്തനം 115:16; യശയ്യ 45:18.
തെറ്റിദ്ധാരണ: വെളിപാടിൽ പറഞ്ഞിട്ടുള്ള 1,44,000 എന്ന സംഖ്യ ആലങ്കാരികമാണ്, അക്ഷരാർഥമല്ല.
വസ്തുത: വെളിപാടിൽ, ആലങ്കാരികാർഥത്തിൽ ചില സംഖ്യകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, എല്ലാം അങ്ങനെയല്ല. ഉദാഹരണത്തിന്, ‘കുഞ്ഞാടിന്റെ 12 അപ്പൊസ്തലന്മാരുടെ 12 പേരുകളെക്കുറിച്ച്’ പറഞ്ഞിരിക്കുന്നു. (വെളിപാട് 21:14) ഇതനുസരിച്ച് 1,44,000 എന്ന സംഖ്യയും അക്ഷരാർഥത്തിലുള്ളതാണെന്ന് ന്യായമായും നിഗമനം ചെയ്യാവുന്നതാണ്.
വെളിപാട് 7:4-ൽ “മുദ്ര ലഭിച്ചവർ (സ്വർഗീയജീവൻ ഉറപ്പായവർ) ആകെ 1,44,000” പേരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അവരെ അടുത്ത വാക്യത്തിൽ, “ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം” എന്ന രണ്ടാമതൊരു ഗണത്തോടാണു താരതമ്യം ചെയ്തിരിക്കുന്നത്. അവിടെ പറഞ്ഞിട്ടുള്ള ‘മഹാപുരുഷാരവും’ ദൈവത്തിൽനിന്നുള്ള രക്ഷ നേടുന്നവരാണ്. (വെളിപാട് 7:9, 10) 1,44,000 എന്ന സംഖ്യ ആലങ്കാരികമായ അർഥത്തിലുള്ളതാണെങ്കിൽ, അതിനെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു കൂട്ടവുമായി താരതമ്യം ചെയ്യാനാകില്ല. അങ്ങനെ ചെയ്താൽ അവ തമ്മിലുള്ള താരതമ്യത്തിന് അർഥമില്ലാതാകും.a
കൂടാതെ 1,44,000 വരുന്ന അംഗങ്ങളെ ‘ആദ്യഫലമായി മനുഷ്യവർഗത്തിൽനിന്ന് വിലയ്ക്കു വാങ്ങിയവർ’ എന്ന് വർണിച്ചിരിക്കുന്നു. (വെളിപാട് 14:4) ഇതിൽ ‘ആദ്യഫലം’ എന്ന പദപ്രയോഗം, തിരഞ്ഞെടുത്ത ചെറിയ ഒരു പ്രതിനിധിസംഘത്തെയാണ് കുറിക്കുന്നത്. അതു ഭൂമിയിലെ എണ്ണമറ്റ പ്രജകളുടെ മേൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന വ്യക്തികളെ വ്യക്തമായി തിരിച്ചറിയിക്കുന്നു.—വെളിപാട് 5:10.
a സമാനമായി വെളിപാട് 7:4-ൽ പറഞ്ഞിരിക്കുന്ന 1,44,000 എന്ന സംഖ്യയെക്കുറിച്ച് പ്രൊഫസർ റോബർട്ട് എൽ. തോമസ് ഇങ്ങനെ എഴുതി: “ഇവിടെ പറഞ്ഞിരിക്കുന്ന നിശ്ചിത സംഖ്യ വെളിപാട് 7:9-ൽ പറഞ്ഞിരിക്കുന്ന എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു സംഖ്യയോട് താരതമ്യം ചെയ്തിരിക്കുന്നു. ആ എണ്ണവും ആലങ്കാരികാർഥത്തിലാണ് എടുക്കേണ്ടതെങ്കിൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു അക്കവും അക്ഷരാർഥത്തിൽ എടുക്കാൻ കഴിയില്ല.”—വെളിപാട് 1–7, ഒരു സ്പഷ്ടമായ വ്യാഖ്യാനം (ഇംഗ്ലീഷ്) പേജ് 474.