-
മർക്കോസ് 14:3-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വളരെ വിലപിടിപ്പുള്ള, ശുദ്ധമായ ജടാമാംസി തൈലവുമായി* വന്നു. ആ സ്‌ത്രീ വെൺകൽഭരണി തുറന്ന് തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.+ 4 ഇതിൽ അമർഷംപൂണ്ട് ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിനാണ്? 5 ഇതു വിറ്റാൽ 300 ദിനാറെയിൽ* കൂടുതൽ കിട്ടിയേനേ. ആ പണം വല്ല ദരിദ്രർക്കും കൊടുക്കാമായിരുന്നു.” അവർക്ക് ആ സ്ത്രീയോടു കടുത്ത ദേഷ്യം തോന്നി.* 6 പക്ഷേ യേശു അവരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ. നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്‌തത്?+ 7 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ എപ്പോൾ വേണമെങ്കിലും അവർക്കു നന്മ ചെയ്യാനും നിങ്ങൾക്കു പറ്റും. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ 8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്‌തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+ 9 ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും+ അവിടെയെല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
-
-
യോഹന്നാൻ 12:1-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പെസഹയ്ക്ക് ആറു ദിവസം മുമ്പ് യേശു, മരിച്ചവരിൽനിന്ന് താൻ ഉയിർപ്പിച്ച ലാസർ+ താമസിച്ചിരുന്ന ബഥാന്യയിൽ എത്തി. 2 അവിടെ അവർ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കി. യേശുവിന്റെകൂടെ ഭക്ഷണത്തിന് ഇരുന്നവരിൽ ലാസറുമുണ്ടായിരുന്നു. മാർത്തയാണ് അവർക്കു ഭക്ഷണം വിളമ്പിയത്.+ 3 അപ്പോൾ മറിയ വളരെ വിലപിടിപ്പുള്ള ഒരു റാത്തൽ* ശുദ്ധമായ ജടാമാംസി തൈലം* എടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് ആ പാദങ്ങൾ തുടച്ചു. സുഗന്ധതൈലത്തിന്റെ സൗരഭ്യംകൊണ്ട് വീടു നിറഞ്ഞു.+ 4 എന്നാൽ യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന, യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് ഈസ്‌കര്യോത്ത്+ അപ്പോൾ പറഞ്ഞു: 5 “ഈ സുഗന്ധതൈലം 300 ദിനാറെക്കു* വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 6 യൂദാസ് ഇതു പറഞ്ഞതു ദരിദ്രരെക്കുറിച്ച് വിചാരമുണ്ടായിട്ടല്ല, മറിച്ച് ഒരു കള്ളനായതുകൊണ്ടും തന്നെ ഏൽപ്പിച്ചിരുന്ന പണപ്പെട്ടിയിൽനിന്ന് പണം കട്ടെടുത്തിരുന്നതുകൊണ്ടും ആണ്. 7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്. എന്റെ ശവസംസ്കാരദിവസത്തിനുള്ള ഒരുക്കമായി അവൾ ഇതു ചെയ്യട്ടെ.+ 8 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.”+
-