വിലാപങ്ങൾ
א (ആലേഫ്)*
1 ആളുകൾ തിങ്ങിനിറഞ്ഞിരുന്ന നഗരം തനിച്ചിരിക്കുന്നല്ലോ!+
മറ്റു രാജ്യങ്ങളെക്കാൾ ആൾപ്പെരുപ്പമുണ്ടായിരുന്നവൾ വിധവയായിപ്പോയല്ലോ!+
സംസ്ഥാനങ്ങൾക്കിടയിൽ രാജകുമാരിയായി കഴിഞ്ഞവൾ അടിമപ്പണി ചെയ്യേണ്ടിവന്നല്ലോ!+
ב (ബേത്ത്)
2 രാത്രി മുഴുവൻ അവൾ പൊട്ടിക്കരയുന്നു,+ അവളുടെ കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നു.
അവളെ ആശ്വസിപ്പിക്കാൻ അവളുടെ കാമുകന്മാർ ആരുമില്ല.+
അവളുടെ കൂട്ടുകാരെല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രുക്കളായി.
ג (ഗീമെൽ)
3 യഹൂദയ്ക്കു കഷ്ടതകളും ക്രൂരമായ അടിമത്തവും അനുഭവിക്കേണ്ടിവന്നു,+ അവളെ ബന്ദിയായി കൊണ്ടുപോയി.+
അവൾക്കു ജനതകൾക്കിടയിൽ താമസിക്കേണ്ടിവന്നു,+ അവൾക്കു വിശ്രമിക്കാനിടമില്ല.
അവളെ ഉപദ്രവിക്കുന്നവരെല്ലാം കഷ്ടതയുടെ സമയത്ത് അവളുടെ മേൽ ചാടിവീണിരിക്കുന്നു.
ד (ദാലെത്ത്)
4 ആരും സീയോനിലേക്ക് ഉത്സവത്തിനു വരാത്തതിനാൽ അവിടേക്കുള്ള വഴികൾ കരയുന്നു.+
അവളുടെ കവാടങ്ങളെല്ലാം വിജനമായിക്കിടക്കുന്നു,+ അവളുടെ പുരോഹിതന്മാർ നെടുവീർപ്പിടുന്നു.
അവളുടെ കന്യകമാർ* ദുഃഖിച്ചുകരയുന്നു, അവൾ അതിവേദനയിലാണ്.
ה (ഹേ)
5 അവളുടെ എതിരാളികളാണ് ഇപ്പോൾ അവളുടെ യജമാനന്മാർ, അവളുടെ ശത്രുക്കൾ പേടികൂടാതെ കഴിയുന്നു.+
അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകിയിരിക്കുന്നു.+
എതിരാളികൾ അവളുടെ മക്കളെ ബന്ദികളാക്കി കൊണ്ടുപോയി.+
ו (വൗ)
6 സീയോൻപുത്രിയുടെ പ്രൗഢിയെല്ലാം പൊയ്പോയി.+
അവളുടെ പ്രഭുക്കന്മാർ മേച്ചിൽപ്പുറം കിട്ടാത്ത കലമാനുകളെപ്പോലെ.
അവരെ പിന്തുടരുന്നവരുടെ മുന്നിൽ അവർ അവശരായി നടക്കുന്നു.
ז (സയിൻ)
7 കഷ്ടപ്പെടുകയും ഭവനമില്ലാതെ അലയുകയും ചെയ്യുമ്പോൾ,
പണ്ടു തനിക്കുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെക്കുറിച്ചെല്ലാം യരുശലേം ഓർക്കുന്നു.+
അവളുടെ ജനം എതിരാളിയുടെ കൈയിൽ അകപ്പെടുകയും
അവളെ സഹായിക്കാൻ ആരുമില്ലാതാകുകയും ചെയ്തപ്പോൾ+
എതിരാളികൾ അവളുടെ വീഴ്ച കണ്ട് അതിൽ ആഹ്ലാദിച്ചു.+
ח (ഹേത്ത്)
8 യരുശലേം വലിയ പാപം ചെയ്തു;+ അതുകൊണ്ട് എല്ലാവരും അവളെ വെറുക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളുടെ നഗ്നത കണ്ടു,+
അവർ ഇപ്പോൾ അവളെ അറപ്പോടെ കാണുന്നു.
അവൾ ഞരങ്ങുന്നു,+ അപമാനഭാരത്താൽ മുഖം തിരിക്കുന്നു.
ט (തേത്ത്)
9 അവളുടെ അശുദ്ധി അവളുടെ ഉടുപ്പിൽ പറ്റിയിരിക്കുന്നു.
അവളുടെ ഭാവിയെക്കുറിച്ച് അവൾ ചിന്തിച്ചില്ല.+
അവളുടെ വീഴ്ച ഭയങ്കരമായിരുന്നു, അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
യഹോവേ, എന്റെ കഷ്ടതകൾ കാണേണമേ, ശത്രു മഹത്ത്വം നേടിയിരിക്കുന്നു.+
י (യോദ്)
10 എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്കലാക്കി.+
അങ്ങയുടെ സഭയിൽ പ്രവേശിക്കരുത് എന്ന് അങ്ങ് കല്പിച്ച ജനതകൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടക്കുന്നത് അവൾ കണ്ടു.+
כ (കഫ്)
11 അവളുടെ ജനങ്ങൾ നെടുവീർപ്പിടുന്നു, അവരെല്ലാം ആഹാരം തേടി അലയുന്നു.+
അൽപ്പം ആഹാരം കഴിച്ച് ജീവൻ നിലനിറുത്താൻ അവർ അവരുടെ അമൂല്യവസ്തുക്കൾ നൽകുന്നു.
യഹോവേ, നോക്കേണമേ; ഞാൻ ഒന്നിനും കൊള്ളാത്തവളായിരിക്കുന്നു.*
ל (ലാമെദ്)
12 വഴിയേ പോകുന്നവരേ, നിങ്ങൾക്കു വിഷമം തോന്നുന്നില്ലേ?
യഹോവയ്ക്ക് ഉഗ്രകോപം തോന്നിയ ദിവസം ദൈവം എനിക്കു നൽകിയ വേദന കാണൂ!
ഞാൻ വേദനിക്കുന്നതുപോലെ മറ്റാരെങ്കിലും വേദനിക്കുന്നുണ്ടോ?+
מ (മേം)
13 സ്വർഗത്തിൽനിന്ന് ദൈവം എന്റെ അസ്ഥികളിലേക്കു തീ അയച്ച് അവ ഓരോന്നിനെയും കീഴടക്കുന്നു.+
ദൈവം എന്റെ വഴിയിൽ വല വിരിച്ചു, പിന്തിരിയാൻ എന്നെ പ്രേരിപ്പിച്ചു.
ദൈവം എന്നെ ആരോരുമില്ലാത്ത ഒരുവളാക്കിയിരിക്കുന്നു.
ദിവസം മുഴുവൻ ഞാൻ രോഗിയായി കഴിയുന്നു.
נ (നൂൻ)
14 എന്റെ ലംഘനങ്ങൾ എന്റെ മേൽ ഒരു നുകംപോലെ കെട്ടിവെച്ചിരിക്കുന്നു,
ദൈവം തന്റെ കൈകൊണ്ട് അവ കെട്ടിയിരിക്കുന്നു;
അവ എന്റെ കഴുത്തിൽ വെച്ചിരിക്കുന്നു, എന്റെ ശക്തി ചോർന്നുപോയി.
എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവരുടെ കൈയിൽ യഹോവ എന്നെ ഏൽപ്പിച്ചു.+
ס (സാമെക്)
15 എന്റെ ഇടയിലുണ്ടായിരുന്ന കരുത്തന്മാരെ യഹോവ നീക്കിക്കളഞ്ഞു.+
എന്റെ ചെറുപ്പക്കാരെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂഹത്തെ കൂട്ടിവരുത്തി.+
കന്യകയായ യഹൂദാപുത്രിയെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട് ചവിട്ടി.+
ע (അയിൻ)
16 ഇതെല്ലാം ഓർത്ത് ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നു.
എനിക്ക് ആശ്വാസം തരാനും ഉന്മേഷം പകരാനും കഴിയുന്ന ആരും എന്റെ അടുത്തില്ല.
ശത്രു ഞങ്ങളെ കീഴടക്കിയിരിക്കുന്നു, എന്റെ പുത്രന്മാർ തകർന്നുപോയി.
פ (പേ)
17 സീയോൻ കൈ വിരിച്ചുപിടിച്ചിരിക്കുന്നു,+ അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
യാക്കോബിനു നേരെ തിരിയാൻ അവന്റെ ചുറ്റുമുള്ള ശത്രുക്കൾക്ക് യഹോവ കല്പന കൊടുത്തിരിക്കുന്നു.+
യരുശലേമിനോട് അവർക്ക് അറപ്പു തോന്നുന്നു.+
צ (സാദെ)
18 യഹോവ നീതിമാനാണ്!+ ഞാനാണു ദൈവത്തിന്റെ കല്പനകൾ ലംഘിച്ചത്.*+
എല്ലാവരും ശ്രദ്ധിക്കൂ, എന്റെ വേദന കാണൂ.
എന്റെ കന്യകമാരെയും* ചെറുപ്പക്കാരെയും ബന്ദികളായി കൊണ്ടുപോയിരിക്കുന്നു.+
ק (കോഫ്)
19 ഞാൻ എന്റെ കാമുകന്മാരെ വിളിച്ചു, പക്ഷേ അവർ എന്നെ വഞ്ചിച്ചു.+
ജീവൻ നിലനിറുത്താനായി ആഹാരം തേടി അലഞ്ഞ്
എന്റെ പുരോഹിതന്മാരും മൂപ്പന്മാരും* നഗരത്തിൽ മരിച്ചുവീണു.+
ר (രേശ്)
20 യഹോവേ, കാണേണമേ, ഞാൻ വലിയ കഷ്ടത്തിലാണ്.
എന്റെ ഉള്ളം* കലങ്ങിമറിയുന്നു.
എന്റെ ഹൃദയം വേദനകൊണ്ട് പുളയുന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണിച്ചല്ലോ.+
പുറത്ത് വാൾ ജീവനെടുക്കുന്നു,+ വീടിനുള്ളിലും മരണംതന്നെ.
ש (ശീൻ)
21 ആളുകൾ എന്റെ ഞരക്കം കേട്ടു, എന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല.
എന്റെ ശത്രുക്കളെല്ലാം എനിക്കു വന്ന ദുരന്തം അറിഞ്ഞു.
അങ്ങ് അതു വരുത്തിയതുകൊണ്ട് അവരെല്ലാം സന്തോഷിക്കുന്നു.+
എന്നാൽ അങ്ങ് പറഞ്ഞ ആ ദിവസം വരുമ്പോൾ+ അവരെല്ലാം എന്നെപ്പോലെയാകും.+
ת (തൗ)
22 അവരുടെ ദുഷ്ടതയെല്ലാം അങ്ങ് കാണേണമേ.
എന്റെ ലംഘനങ്ങൾ കാരണം എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ,+ ഒട്ടും ദയ കാണിക്കരുതേ.
ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുന്നു, എന്റെ ഹൃദയം തളർന്നിരിക്കുന്നു.
א (ആലേഫ്)
2 യഹോവ സീയോൻപുത്രിയെ കോപത്തിന്റെ മേഘംകൊണ്ട് മൂടിയല്ലോ!
ദൈവം ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.+
ദൈവത്തിന്റെ കോപദിവസത്തിൽ ദൈവം തന്റെ പാദപീഠത്തെ+ ഓർത്തില്ല.
ב (ബേത്ത്)
2 യഹോവ യാക്കോബിന്റെ വാസസ്ഥലങ്ങളെ ഒരു കരുണയും കൂടാതെ വിഴുങ്ങി.
ഉഗ്രകോപത്തിൽ യഹൂദാപുത്രിയുടെ കോട്ടകളെ ദൈവം തകർത്തുകളഞ്ഞു.+
ദൈവം രാജ്യത്തെയും അവളുടെ പ്രഭുക്കന്മാരെയും+ നിലത്തേക്കു തള്ളിയിട്ട് അപമാനിച്ചു.+
ג (ഗീമെൽ)
3 കടുത്ത കോപത്തിൽ ദൈവം ഇസ്രായേലിന്റെ ശക്തി* ഇല്ലാതാക്കിയിരിക്കുന്നു.
ശത്രു വന്നപ്പോൾ ദൈവം തന്റെ വലതുകൈ പിൻവലിച്ചു.+
ചുറ്റുമുള്ള സകലവും ദഹിപ്പിക്കുന്ന ഒരു തീപോലെ ദൈവം യാക്കോബിൽ ജ്വലിച്ചുകൊണ്ടിരുന്നു.+
ד (ദാലെത്ത്)
4 ദൈവം ഒരു ശത്രുവിനെപ്പോലെ വില്ലു വളച്ച് കെട്ടിയിരിക്കുന്നു,* ഒരു എതിരാളിയെപ്പോലെ വലതുകൈ ഓങ്ങിയിരിക്കുന്നു.+
ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ദൈവം കൊല്ലുന്നു.+
ദൈവം തന്റെ ഉഗ്രകോപം ഒരു തീപോലെ+ സീയോൻപുത്രിയുടെ കൂടാരത്തിലേക്കു ചൊരിഞ്ഞു.+
ה (ഹേ)
അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളഞ്ഞു;
അതിന്റെ എല്ലാ കോട്ടകളും തകർത്തു.
ദൈവം യഹൂദാപുത്രിയിൽ നിലവിളിയും വിലാപവും നിറച്ചു.
ו (വൗ)
6 തോട്ടത്തിലെ കുടിൽപോലെ ദൈവം തന്റെ കൂടാരം നശിപ്പിച്ചുകളഞ്ഞു.+
ദൈവം തന്റെ ഉത്സവം നിറുത്തലാക്കി.+
സീയോനിലുള്ളവർ ഉത്സവവും ശബത്തും മറന്നുപോകാൻ യഹോവ ഇടയാക്കി.
ഉഗ്രമായി കോപിക്കുമ്പോൾ ദൈവം രാജാവിനോടോ പുരോഹിതനോടോ പോലും കരുണ കാണിക്കുന്നില്ല.+
ז (സയിൻ)
ദൈവം അവളുടെ ഗോപുരങ്ങളുടെ ചുവരുകൾ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു.+
ഉത്സവദിവസത്തിൽ എന്നപോലെ അവർ യഹോവയുടെ ഭവനത്തിൽ അവരുടെ ശബ്ദം ഉയർത്തി.+
ח (ഹേത്ത്)
8 സീയോൻപുത്രിയുടെ മതിൽ തകർക്കാൻ യഹോവ തീരുമാനിച്ചിരിക്കുന്നു.+
ദൈവം അളവുനൂൽകൊണ്ട് അളന്നിരിക്കുന്നു.+
അവളെ നശിപ്പിക്കാൻ ദൈവത്തിന്റെ കൈ മടിച്ചില്ല.
ദൈവം മതിലിനെയും പ്രതിരോധമതിലിനെയും കരയിച്ചിരിക്കുന്നു.
അവ രണ്ടിന്റെയും ബലം ക്ഷയിച്ചുപോയി.
ט (തേത്ത്)
9 അവളുടെ കവാടങ്ങൾ നിലത്തേക്കു വീണിരിക്കുന്നു.+
ദൈവം അവളുടെ ഓടാമ്പലുകൾ തകർത്തുനശിപ്പിച്ചിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിലാണ്.+
അവളിൽ നിയമമില്ല,* അവളുടെ പ്രവാചകന്മാർക്കുപോലും യഹോവയിൽനിന്ന് ദർശനങ്ങൾ കിട്ടുന്നില്ല.+
י (യോദ്)
10 സീയോൻപുത്രിയുടെ മൂപ്പന്മാർ ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നു.+
അവർ വിലാപവസ്ത്രം ധരിച്ച് തലയിൽ മണ്ണു വാരിയിടുന്നു.+
യരുശലേമിലെ കന്യകമാരുടെ തല നിലംമുട്ടുവോളം കുനിഞ്ഞുപോയി.
כ (കഫ്)
11 കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ തളർന്നു.+
എന്റെ ഉള്ളം* കലങ്ങിമറിയുന്നു.
എന്റെ ജനത്തിന്റെ പുത്രിയുടെ* വീഴ്ച കണ്ട്,+
നഗരവീഥികളിൽ* കുട്ടികളും ശിശുക്കളും കുഴഞ്ഞുവീഴുന്നതു കണ്ട്,
എന്റെ കരൾ ഉരുകി നിലത്തേക്ക് ഒഴുകുന്നു.+
ל (ലാമെദ്)
12 മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ കുഴഞ്ഞുവീഴുംനേരം,
അമ്മമാരുടെ കൈകളിൽ കിടന്ന് ജീവൻ പൊലിയുംനേരം,
“ധാന്യവും വീഞ്ഞും എവിടെ” എന്ന് ആ കുരുന്നുകൾ അവരോടു ചോദിക്കുന്നു.+
מ (മേം)
13 യരുശലേംപുത്രീ, ഒരു തെളിവായി ഞാൻ എന്തു കാണിച്ചുതരും?
നിന്നെ എന്തിനോട് ഉപമിക്കും?
കന്യകയായ സീയോൻപുത്രീ, നിന്നെ ആരോടു താരതമ്യം ചെയ്ത് ഞാൻ നിന്നെ ആശ്വസിപ്പിക്കും?
നിന്റെ തകർച്ച കടൽപോലെ വിശാലമാണ്.+ നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?+
נ (നൂൻ)
14 നിന്റെ പ്രവാചകന്മാർ നിനക്കുവേണ്ടി കണ്ട ദിവ്യദർശനങ്ങൾ കള്ളവും പൊള്ളയും ആയിരുന്നു.+
അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെടുത്തിത്തന്നില്ല,+ അതുകൊണ്ട് നിനക്ക് അടിമത്തത്തിലേക്കു പോകേണ്ടിവന്നു.
വഴിതെറ്റിക്കുന്ന കള്ളദർശനങ്ങൾ അവർ നിന്നെ അറിയിച്ചു.+
ס (സാമെക്)
15 വഴിയേ പോകുന്നവരെല്ലാം നിന്നെ നോക്കി പരിഹസിച്ച് കൈ കൊട്ടുന്നു.+
“‘അതിസുന്ദരമായ നഗരം, മുഴുഭൂമിയുടെയും സന്തോഷം’+ എന്ന് അവർ പറഞ്ഞ നഗരമാണോ ഇത്” എന്നു ചോദിച്ച്
അവർ യരുശലേംപുത്രിയെ നോക്കി തല കുലുക്കുന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.*
פ (പേ)
16 നിന്റെ ശത്രുക്കളെല്ലാം നിന്റെ നേരെ വായ് തുറക്കുന്നു.
“ഞങ്ങൾ അവളെ ഇല്ലാതാക്കി,+ ഇതാണു ഞങ്ങൾ കാത്തിരുന്ന ദിവസം!+
അതു വന്നു, അതു കാണാൻ ഞങ്ങൾക്കു സാധിച്ചു”+ എന്നു പറഞ്ഞ്
അവർ തല കുലുക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു.
ע (അയിൻ)
17 യഹോവ ഉദ്ദേശിച്ചതു ചെയ്തിരിക്കുന്നു;+
താൻ പറഞ്ഞത്, കാലങ്ങൾക്കു മുമ്പ് കല്പിച്ചത്,+ നടപ്പിലാക്കിയിരിക്കുന്നു.+
ഒരു ദയയുമില്ലാതെ ദൈവം തകർത്തുകളഞ്ഞു.+
ദൈവം നിന്റെ ശത്രുക്കളുടെ ശക്തി വർധിപ്പിച്ചിരിക്കുന്നു,*
നിന്റെ തോൽവി കണ്ട് അവർ സന്തോഷിക്കുന്നു.
צ (സാദെ)
18 സീയോൻപുത്രിയുടെ മതിലേ, അവരുടെ ഹൃദയം യഹോവയെ വിളിച്ച് കരയുന്നു.
രാവും പകലും കണ്ണീർ ഒരു അരുവിപോലെ ഒഴുകട്ടെ.
നീ അടങ്ങിയിരിക്കരുത്, നിന്റെ കണ്ണുകൾക്കു വിശ്രമം കൊടുക്കരുത്.
ק (കോഫ്)
19 എഴുന്നേൽക്കൂ! രാത്രിയിൽ, യാമങ്ങളുടെ തുടക്കത്തിൽ, ഉറക്കെ കരയുക.
യഹോവയുടെ മുമ്പാകെ നിന്റെ ഹൃദയം വെള്ളംപോലെ പകരുക.
ക്ഷാമത്താൽ ഓരോ തെരുക്കോണിലും* കുഴഞ്ഞുവീഴുന്ന നിങ്ങളുടെ മക്കളുടെ ജീവനുവേണ്ടി
കൈകൾ ഉയർത്തി ദൈവത്തോടു യാചിക്കുക.+
ר (രേശ്)
20 യഹോവേ, അങ്ങയുടെ ക്രൂരമായ പെരുമാറ്റത്തിന് ഇരയായവനെ അങ്ങ് നോക്കേണമേ.
സ്ത്രീകൾ ഇനിയും സ്വന്തം കുഞ്ഞുങ്ങളെ, അവർ പ്രസവിച്ച ആരോഗ്യമുള്ള കുട്ടികളെ, തിന്നണോ?+
യഹോവയുടെ വിശുദ്ധമന്ദിരത്തിൽവെച്ച് പുരോഹിതന്മാരും പ്രവാചകന്മാരും കൊല്ലപ്പെടണോ?+
ש (ശീൻ)
21 കുട്ടികളും പ്രായമായവരും തെരുവുകളിൽ മരിച്ചുകിടക്കുന്നു.+
എന്റെ കന്യകമാരും* ചെറുപ്പക്കാരും വാളിന് ഇരയായി.+
അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്നു, ഒരു ദയയുമില്ലാതെ സംഹാരം നടത്തി.+
ת (തൗ)
22 ഉത്സവത്തിനായി എന്നപോലെ+ അങ്ങ് നാലുപാടുനിന്നും ഭീതി ക്ഷണിച്ചുവരുത്തിയിരിക്കുന്നു.
യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെട്ടില്ല, ആരും ബാക്കിയായില്ല.+
א (ആലേഫ്)
3 ദൈവകോപത്തിന്റെ വടി നിമിത്തം കഷ്ടത കണ്ട മനുഷ്യനാണു ഞാൻ.
2 ദൈവം എന്നെ പുറത്തേക്ക് ഓടിച്ചു; വെളിച്ചത്തിലൂടെയല്ല, ഇരുട്ടിലൂടെ നടത്തി.+
3 വീണ്ടുംവീണ്ടും ദൈവം എനിക്കു നേരെ കൈ ഉയർത്തുന്നു; ദിവസം മുഴുവൻ ദൈവം എനിക്ക് എതിരാണ്.+
ב (ബേത്ത്)
4 ദൈവം എന്റെ തൊലിയും മാംസവും ജീർണിപ്പിച്ചു;
എന്റെ എല്ലുകൾ ഒടിച്ചു.
5 ദൈവം എന്നെ വളഞ്ഞു, മാരകവിഷവും+ ദുരിതവും കൊണ്ട് എന്നെ ചുറ്റിയിരിക്കുന്നു.
6 പണ്ടുപണ്ട് മരിച്ച മനുഷ്യരെപ്പോലെ എന്നെ ദൈവം ഇരുട്ടത്ത് ഇരുത്തി.
ג (ഗീമെൽ)
7 ഞാൻ രക്ഷപ്പെടാതിരിക്കാൻ ദൈവം എനിക്കു ചുറ്റും മതിൽ തീർത്തു;
ഭാരമുള്ള ചെമ്പുചങ്ങലകൾകൊണ്ട് എന്നെ ബന്ധിച്ചു.+
8 ഞാൻ സഹായത്തിനായി കേഴുമ്പോൾ ദൈവം എന്റെ പ്രാർഥന കേൾക്കുന്നില്ല.*+
ד (ദാലെത്ത്)
10 ഒരു കരടിയെപ്പോലെ, പതുങ്ങിയിരിക്കുന്ന ഒരു സിംഹത്തെപ്പോലെ, എന്നെ പിടിക്കാൻ ദൈവം ഒളിച്ചിരിക്കുന്നു.+
11 ദൈവം എന്നെ വഴിയിൽനിന്ന് പിടിച്ചുകൊണ്ടുപോയി പിച്ചിച്ചീന്തി;*
ദൈവം എന്നെ ഉപേക്ഷിച്ചുകളഞ്ഞു.+
12 ദൈവം വില്ലു വളച്ച് കെട്ടിയിരിക്കുന്നു,* അമ്പ് എടുത്ത് എന്നെ ഉന്നം വെക്കുന്നു.
ה (ഹേ)
13 തന്റെ ആവനാഴിയിലെ അമ്പുകൾകൊണ്ട്* ദൈവം എന്റെ വൃക്കകൾ തുളച്ചു.
14 ഞാൻ എല്ലാവരുടെയും മുന്നിൽ പരിഹാസപാത്രമായി, ദിവസം മുഴുവൻ അവർ എന്നെ കളിയാക്കി പാട്ടു പാടുന്നു.
15 ദൈവം എന്റെ ജീവിതം കയ്പു നിറഞ്ഞതാക്കി, കാഞ്ഞിരം തിന്ന് എനിക്കു മതിയായി.+
ו (വൗ)
17 അങ്ങ് എന്റെ സമാധാനം ഇല്ലാതാക്കി, സുഖം എന്തെന്നു ഞാൻ മറന്നുപോയി.
18 അതുകൊണ്ട് ഞാൻ പറയുന്നു: “എന്റെ പ്രൗഢി ഇല്ലാതായി; യഹോവയിലുള്ള എന്റെ പ്രത്യാശ നശിച്ചു.”
ז (സയിൻ)
19 എന്റെ കഷ്ടപ്പാടും വീടില്ലാതെയുള്ള അലച്ചിലും, കാഞ്ഞിരവും മാരകവിഷവും+ അങ്ങ് ഓർക്കേണമേ.+
20 അങ്ങ് ഉറപ്പായും എന്നെ ഓർക്കുകയും എന്നെ കുനിഞ്ഞുനോക്കുകയും ചെയ്യും.+
21 ഞാൻ ഇത് എന്റെ ഹൃദയത്തിൽ സ്മരിക്കുന്നു, അതുകൊണ്ട് ഞാൻ ക്ഷമയോടെ കാത്തിരിക്കും.+
ח (ഹേത്ത്)
22 യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+
ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+
23 അവ ഓരോ പ്രഭാതത്തിലും പുതുതാണ്,+ അങ്ങയുടെ വിശ്വസ്തത അളവറ്റത്.+
24 “യഹോവയാണ് എന്റെ ഓഹരി;+ അതുകൊണ്ട് ഞാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കും” എന്നു ഞാൻ പറഞ്ഞു.+
ט (തേത്ത്)
25 തന്നിൽ പ്രത്യാശ വെച്ചിരിക്കുന്നവന്,+ തന്നെ എപ്പോഴും തേടുന്നവന്,+ യഹോവ നല്ലവൻ.
26 യഹോവ രക്ഷ നൽകുന്നതും കാത്ത്+ മിണ്ടാതിരിക്കുന്നതാണു* നല്ലത്.+
27 ചെറുപ്പത്തിൽ നുകം ചുമക്കുന്നത് ഒരു മനുഷ്യനു നല്ലത്.+
י (യോദ്)
28 ദൈവം അത് അവന്റെ മേൽ വെക്കുമ്പോൾ അവൻ തനിച്ചിരിക്കട്ടെ; അവൻ മിണ്ടാതിരിക്കട്ടെ.+
29 അവൻ മുഖം മണ്ണിൽ പൂഴ്ത്തട്ടെ,+ അവനു പ്രത്യാശയ്ക്കു വകയുണ്ടായേക്കാം.+
30 അടിക്കാൻ വരുന്നവന് അവൻ കവിൾ കാണിച്ചുകൊടുക്കട്ടെ, അവൻ മതിയാകുവോളം നിന്ദ അനുഭവിക്കട്ടെ.
כ (കഫ്)
31 യഹോവ എന്നേക്കുമായി നമ്മളെ തള്ളിക്കളയില്ല.+
32 നമുക്കു ദുഃഖം നൽകിയെങ്കിലും തന്റെ അപാരമായ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ദൈവം നമ്മളോടു കരുണ കാണിക്കും.+
33 മനുഷ്യമക്കളെ ദുഃഖിപ്പിക്കുന്നതും കഷ്ടപ്പെടുത്തുന്നതും ദൈവത്തിന് ഇഷ്ടമല്ലല്ലോ.+
ל (ലാമെദ്)
34 ഭൂമിയിലെ തടവുകാരെയെല്ലാം കാൽക്കീഴിൽ ഇട്ട് ചവിട്ടിയരയ്ക്കുന്നത്,+
35 അത്യുന്നതന്റെ മുന്നിൽ ഒരുവനു നീതി നിഷേധിക്കുന്നത്,+
36 കോടതിയിൽ ഒരുവനെ ചതിക്കുന്നത്
—ഇത്തരം കാര്യങ്ങൾ യഹോവ വെച്ചുപൊറുപ്പിക്കില്ല.
מ (മേം)
37 യഹോവ കല്പിച്ചിട്ടല്ലാതെ ആർക്കാണു താൻ പറഞ്ഞ കാര്യം നടപ്പിലാക്കാൻ കഴിയുക?
38 അത്യുന്നതന്റെ വായിൽനിന്ന് നന്മയോടൊപ്പം തിന്മയും വരില്ല.
39 തന്റെ പാപത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ജീവനുള്ള ഒരുവൻ പരാതിപ്പെടുന്നത് എന്തിന്?+
נ (നൂൻ)
40 നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കാം,+ യഹോവയിലേക്കു തിരിച്ചുചെല്ലാം.+
41 കൈകളോടൊപ്പം നമുക്കു നമ്മുടെ ഹൃദയങ്ങളും സ്വർഗത്തിലെ ദൈവത്തിലേക്ക് ഉയർത്താം:+
42 “ഞങ്ങൾ ലംഘനങ്ങൾ ചെയ്തു, അങ്ങയെ ധിക്കരിച്ചു.+ അങ്ങ് അതു ക്ഷമിച്ചില്ല.+
ס (സാമെക്)
43 ഞങ്ങൾ അടുത്തുവരുന്നത് അങ്ങ് കോപത്തോടെ തടഞ്ഞു;+
അങ്ങ് ഞങ്ങളെ പിന്തുടർന്ന് ഒരു ദയയുമില്ലാതെ കൊന്നൊടുക്കി.+
44 ഞങ്ങളുടെ പ്രാർഥനകൾ അങ്ങയുടെ അടുത്തേക്കു വരാതിരിക്കാൻ അങ്ങ് ഒരു മേഘംകൊണ്ട് അവ തടഞ്ഞു.+
45 അങ്ങ് ഞങ്ങളെ ജനതകൾക്കിടയിൽ എച്ചിലും ഉച്ഛിഷ്ടവും ആക്കിയിരിക്കുന്നു.”
פ (പേ)
46 ശത്രുക്കളെല്ലാം ഞങ്ങൾക്കെതിരെ വായ് തുറക്കുന്നു.+
47 ഭീതിയും കെണികളും,+ ശൂന്യതയും തകർച്ചയും ആണ് ഇപ്പോൾ ഞങ്ങളുടെ ഓഹരി.+
48 എന്റെ ജനത്തിന്റെ പുത്രിയുടെ തകർച്ച കണ്ട് എന്റെ കണ്ണീർ അരുവിപോലെ ഒഴുകുന്നു.+
ע (അയിൻ)
51 എന്റെ നഗരത്തിലെ പുത്രിമാരുടെ അവസ്ഥ കണ്ട് ഞാൻ അതിയായി ദുഃഖിക്കുന്നു.+
צ (സാദെ)
52 ഒരു കാരണവുമില്ലാതെ എന്റെ ശത്രുക്കൾ ഒരു പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു.
53 കുഴിയിൽ തള്ളി അവർ എന്റെ ജീവനെടുക്കാൻ നോക്കി, എനിക്കു നേരെ അവർ കല്ലുകൾ വലിച്ചെറിയുന്നു.
54 എന്റെ തലയ്ക്കു മീതെ വെള്ളം ഒഴുകി; “എന്റെ കഥ കഴിഞ്ഞു” എന്നു ഞാൻ പറഞ്ഞു.
ק (കോഫ്)
55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ പേര് വിളിച്ചു.+
56 എന്റെ യാചന കേൾക്കേണമേ. ആശ്വാസത്തിനും സഹായത്തിനും വേണ്ടി അപേക്ഷിക്കുമ്പോൾ അങ്ങ് ചെവി പൊത്തരുതേ.
57 ഞാൻ അങ്ങയെ വിളിച്ച ദിവസം അങ്ങ് എന്റെ അടുത്ത് വന്നു. “പേടിക്കേണ്ടാ” എന്ന് എന്നോടു പറഞ്ഞു.
ר (രേശ്)
58 യഹോവേ, അങ്ങ് എന്റെ കേസ് വാദിച്ചു, അങ്ങ് എന്റെ ജീവൻ രക്ഷിച്ചു.*+
59 യഹോവേ, എന്നോടു കാണിച്ച അനീതികൾ അങ്ങ് കണ്ടല്ലോ, എനിക്കു നീതി നടത്തിത്തരേണമേ.+
60 അവർ എനിക്ക് എതിരെ ഉണ്ടാക്കിയ പദ്ധതികളും അവരുടെ പ്രതികാരവും അങ്ങ് കണ്ടു.
ש (സീൻ) അഥവാ (ശീൻ)
61 യഹോവേ, അവർ എനിക്ക് എതിരെ ഉണ്ടാക്കിയ പദ്ധതികളും അവരുടെ പരിഹാസങ്ങളും അങ്ങയുടെ ചെവിയിൽ എത്തി.+
62 എന്റെ എതിരാളികളുടെ വായിലെ വാക്കുകളും ദിവസം മുഴുവൻ അവർ എനിക്ക് എതിരെ രഹസ്യമായി പറഞ്ഞ കാര്യങ്ങളും അങ്ങ് കേട്ടു.
63 അവരെ നോക്കൂ! അവർ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എന്നെ കളിയാക്കി പാട്ടു പാടുന്നു.
ת (തൗ)
64 യഹോവേ, അങ്ങ് അവരുടെ പ്രവൃത്തികൾക്കു പകരം കൊടുക്കും.
65 അങ്ങ് ശപിച്ചതുപോലെതന്നെ അവരുടെ ഹൃദയം അങ്ങ് കഠിനമാക്കും.
66 യഹോവേ, അങ്ങ് കോപത്തോടെ അവരുടെ പിന്നാലെ ചെന്ന് അങ്ങയുടെ ആകാശത്തിൻകീഴിൽനിന്ന് അവരെ ഇല്ലാതാക്കും.
א (ആലേഫ്)
4 വെട്ടിത്തിളങ്ങുന്ന തനിത്തങ്കം മങ്ങിപ്പോയല്ലോ!+
വിശുദ്ധമായ കല്ലുകൾ+ ഓരോ തെരുക്കോണിലും* ചിതറിക്കിടക്കുന്നു!+
ב (ബേത്ത്)
2 ശുദ്ധീകരിച്ച സ്വർണത്തിന്റെ വിലയുണ്ടായിരുന്ന* സീയോൻപുത്രന്മാർക്ക്
ഇപ്പോൾ ഇതാ, കുശവൻ* ഉണ്ടാക്കിയ വെറും മൺപാത്രങ്ങളുടെ വില മാത്രം!
ג (ഗീമെൽ)
3 കുറുനരികൾപോലും അവയുടെ കുഞ്ഞുങ്ങൾക്കു മുല കൊടുക്കുന്നു;
എന്നാൽ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ* ഒട്ടകപ്പക്ഷിയെപ്പോലെ+ ക്രൂരയായിത്തീർന്നു.+
ד (ദാലെത്ത്)
4 മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ് ദാഹിച്ചുവരണ്ട് അണ്ണാക്കിൽ പറ്റിപ്പിടിക്കുന്നു;
കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക് ഒന്നും കൊടുക്കുന്നില്ല.+
ה (ഹേ)
5 വിശിഷ്ടവിഭവങ്ങൾ കഴിച്ചിരുന്നവർ തെരുവുകളിൽ പട്ടിണി കിടക്കുന്നു.*+
കടുഞ്ചുവപ്പുവസ്ത്രങ്ങൾ ധരിച്ച് വളർന്നവർ+ ചാരക്കൂമ്പാരത്തിൽ കിടക്കുന്നു.
ו (വൗ)
6 എന്റെ ജനത്തിന്റെ പുത്രിയുടെ ശിക്ഷ* സൊദോമിന്റെ പാപത്തിനു ലഭിച്ച ശിക്ഷയെക്കാൾ വലുതാണ്.+
സഹായിക്കാൻ ആരുമില്ലാതെ ഒരു നിമിഷംകൊണ്ടാണല്ലോ സൊദോം തകർന്നുപോയത്.+
ז (സയിൻ)
7 സീയോന്റെ നാസീർവ്രതസ്ഥർ+ മഞ്ഞിനെക്കാൾ ശുദ്ധിയുള്ളവരും പാലിനെക്കാൾ വെളുത്തവരും ആയിരുന്നു.
അവർ പവിഴക്കല്ലുകളെക്കാൾ ചുവന്നുതുടുത്തിരുന്നു, മിനുക്കിയെടുത്ത ഇന്ദ്രനീലക്കല്ലുകൾപോലെയായിരുന്നു അവർ.
ח (ഹേത്ത്)
അവരുടെ തൊലി എല്ലിൽ ഒട്ടിപ്പോയി,+ അത് ഉണക്കക്കമ്പുപോലെയായി.
ט (തേത്ത്)
9 വെട്ടേറ്റ് മരിക്കുന്നവർ പട്ടിണികൊണ്ട് മരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാർ;+
പട്ടിണികൊണ്ട് അവർ മെലിഞ്ഞ് ഉണങ്ങിപ്പോകുന്നു;
വയലിൽനിന്ന് ആഹാരം ലഭിക്കാത്തതിനാൽ വിശപ്പ് അവരെ കുത്തിക്കൊല്ലുന്നു.
י (യോദ്)
10 കരുണ നിറഞ്ഞ സ്ത്രീകൾ അവരുടെ കൈകൾകൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ വേവിച്ചു.+
എന്റെ ജനത്തിന്റെ പുത്രി വീണപ്പോൾ, അവരുടെ വിലാപകാലത്ത്, കുഞ്ഞുങ്ങൾ അവർക്ക് ആഹാരമായിത്തീർന്നു.+
כ (കഫ്)
11 യഹോവ ഉഗ്രമായി കോപിച്ചു, തന്റെ കോപാഗ്നി ചൊരിഞ്ഞു.+
ദൈവം സീയോനിൽ തീ ഇട്ടു, അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചു.+
ל (ലാമെദ്)
12 എതിരാളിയും ശത്രുവും യരുശലേമിന്റെ കവാടങ്ങൾ കടന്ന് വരുമെന്ന്
ഭൂമിയിലെ രാജാക്കന്മാരും ഭൂവാസികളും കരുതിയില്ല.+
מ (മേം)
13 അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തെറ്റുകളും കാരണമാണ് അതു സംഭവിച്ചത്;+
അവർ അവളിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞല്ലോ.+
נ (നൂൻ)
14 അവർ കാഴ്ചയില്ലാതെ തെരുവുകളിലൂടെ അലഞ്ഞു.+
അവരിൽ രക്തക്കറ പുരണ്ടിരിക്കുന്നു,+
ആർക്കും അവരുടെ വസ്ത്രങ്ങളിൽ തൊടാനാകില്ല.
ס (സാമെക്)
15 “അശുദ്ധരേ, ദൂരെപ്പോകൂ!” എന്ന് അവർ അവരോടു വിളിച്ചുപറയുന്നു. “അടുത്ത് വരരുത്! ഞങ്ങളെ തൊടരുത്! ദൂരെപ്പോകൂ!”
അവർ വീടില്ലാതെ അലഞ്ഞുനടക്കുന്നു.
ജനതകളിൽപ്പെട്ടവർ പറയുന്നു: “ഞങ്ങളോടൊപ്പം താമസിക്കാൻ* അവരെ സമ്മതിക്കില്ല.+
פ (പേ)
ആളുകൾ പുരോഹിതന്മാരെ ആദരിക്കില്ല,+ മൂപ്പന്മാരെ ബഹുമാനിക്കില്ല.”+
ע (അയിൻ)
17 സഹായത്തിനായി വെറുതേ നോക്കിയിരുന്ന് ഞങ്ങളുടെ കണ്ണുകൾ തളർന്നു.+
ഞങ്ങളെ രക്ഷിക്കാനാകാത്ത ഒരു ജനതയെ വിശ്വസിച്ച് ഞങ്ങൾ കാത്തുകാത്തിരുന്നു.+
צ (സാദെ)
18 ഞങ്ങളുടെ ഓരോ കാൽവെപ്പിലും അവർ ഞങ്ങളെ വേട്ടയാടി,+
ഞങ്ങളുടെ പൊതുസ്ഥലങ്ങളിലൂടെ* ഞങ്ങൾക്കു നടക്കാൻ വയ്യാതായി.
ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ ദിവസങ്ങൾ തീർന്നു, ഞങ്ങളുടെ അന്ത്യം വന്നെത്തിയിരിക്കുന്നു.
ק (കോഫ്)
19 ഞങ്ങളെ പിന്തുടരുന്നവർ ആകാശത്തെ കഴുകന്മാരെക്കാൾ വേഗതയുള്ളവർ.+
അവർ പർവതങ്ങളിൽ ഞങ്ങളെ പിന്തുടർന്നു, വിജനഭൂമിയിൽ പതിയിരുന്ന് ഞങ്ങളെ ആക്രമിച്ചു.
ר (രേശ്)
20 യഹോവയുടെ അഭിഷിക്തൻ+ അതാ, അവരുടെ വലിയ കുഴിയിൽ കിടക്കുന്നു!+
ഞങ്ങളുടെ മൂക്കിലെ ജീവശ്വാസമായിരുന്നു അദ്ദേഹം.
“അദ്ദേഹത്തിന്റെ തണലിൽ ഞങ്ങൾ ജനതകൾക്കിടയിൽ ജീവിക്കും” എന്നു ഞങ്ങൾ പറഞ്ഞിരുന്നു.
ש (ശീൻ)
21 ഊസ് ദേശത്ത് ജീവിക്കുന്ന ഏദോംപുത്രീ, ആനന്ദിച്ചാഹ്ലാദിക്കുക.+
എന്നാൽ ഈ പാനപാത്രം നിനക്കും കൈമാറും;+ നീ കുടിച്ച് ലക്കുകെട്ട് നഗ്നയായി നടക്കും.+
ת (തൗ)
22 സീയോൻപുത്രീ, നിന്റെ തെറ്റിനുള്ള ശിക്ഷ തീർന്നിരിക്കുന്നു.
ദൈവം നിന്നെ ഇനി ബന്ദിയായി കൊണ്ടുപോകില്ല.+
എന്നാൽ ഏദോംപുത്രീ, ദൈവം നിന്റെ തെറ്റുകൾ ശ്രദ്ധിക്കും;
നിന്റെ പാപങ്ങൾ തുറന്നുകാട്ടും.+
5 യഹോവേ, ഞങ്ങൾക്കു സംഭവിച്ചത് എന്താണെന്ന് ഓർക്കേണമേ.
ഞങ്ങൾക്ക് ഉണ്ടായ അപമാനം കാണേണമേ.+
2 ഞങ്ങളുടെ അവകാശം അന്യരുടെ കൈയിൽ എത്തിയിരിക്കുന്നു, ഞങ്ങളുടെ വീടുകൾ വിദേശികൾ കൈവശപ്പെടുത്തി.+
3 ഞങ്ങൾ അപ്പനില്ലാതെ അനാഥരായി; ഞങ്ങളുടെ അമ്മമാർ വിധവമാരെപ്പോലെയായി.+
4 സ്വന്തം വെള്ളം ഞങ്ങൾക്കു വില കൊടുത്ത് വാങ്ങേണ്ടിവരുന്നു;+ സ്വന്തം വിറകിനു ഞങ്ങൾ പണം കൊടുക്കുന്നു.
5 ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ തൊട്ടടുത്ത്* എത്തിയിരിക്കുന്നു;
ഞങ്ങൾ തളർന്നു; പക്ഷേ, ഞങ്ങൾക്കു വിശ്രമം തരുന്നില്ല.+
6 ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്തിന്റെയും+ അസീറിയയുടെയും+ മുന്നിൽ കൈ നീട്ടുന്നു.
7 പാപം ചെയ്ത ഞങ്ങളുടെ പൂർവികർ ഇപ്പോഴില്ല; പക്ഷേ ഞങ്ങൾക്ക് അവരുടെ തെറ്റുകൾ ചുമക്കേണ്ടിവരുന്നു.
8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല.
9 വിജനഭൂമിയിലെ വാൾ നിമിത്തം ജീവൻ പണയം വെച്ചാണു ഞങ്ങൾ ആഹാരം കൊണ്ടുവരുന്നത്.+
10 വിശപ്പിന്റെ വേദന നിമിത്തം ഞങ്ങളുടെ തൊലി ചൂളപോലെ ചൂടുള്ളതായി.+
11 സീയോനിലെ ഭാര്യമാരെയും യഹൂദാനഗരങ്ങളിലെ കന്യകമാരെയും അവർ മാനംകെടുത്തി.*+
12 പ്രഭുക്കന്മാരെ കൈയിൽ കുരുക്കിട്ട് തൂക്കിയിട്ടു,+ മൂപ്പന്മാരോട് അവർ ആദരവ് കാട്ടിയില്ല.+
13 ചെറുപ്പക്കാർ തിരികല്ലു ചുമക്കുന്നു, വിറകുകെട്ടിന്റെ ഭാരംകൊണ്ട് കുട്ടികൾ വീഴുന്നു.
14 നഗരകവാടത്തിൽ മൂപ്പന്മാരില്ല,+ യുവാക്കൾ വാദ്യോപകരണങ്ങൾ വായിക്കുന്നില്ല.+
15 ഞങ്ങളുടെ ഹൃദയത്തിൽനിന്ന് സന്തോഷമെല്ലാം പോയ്മറഞ്ഞു, ഞങ്ങളുടെ നൃത്തം വിലാപത്തിനു വഴിമാറി.+
16 ഞങ്ങളുടെ തലയിൽനിന്ന് കിരീടം താഴെ വീണു. പാപം ചെയ്തതുകൊണ്ട് ഞങ്ങളുടെ കാര്യം കഷ്ടംതന്നെ!
18 സീയോൻ പർവതം വിജനമായിക്കിടക്കുന്നല്ലോ,+ കുറുക്കന്മാർ അവിടെ വിഹരിക്കുന്നു.
19 എന്നാൽ യഹോവേ, അങ്ങ് എന്നെന്നും സിംഹാസനത്തിൽ ഇരിക്കുന്നു.
എത്ര തലമുറകൾ കഴിഞ്ഞാലും അങ്ങയുടെ സിംഹാസനം നിലനിൽക്കും.+
20 അങ്ങ് ഞങ്ങളെ എന്നേക്കുമായി മറന്നതും ഇത്രയും കാലം ഉപേക്ഷിച്ചതും എന്തുകൊണ്ട്?+
21 യഹോവേ, അങ്ങയിലേക്കു ഞങ്ങളെ തിരിച്ചുകൊണ്ടുപോകേണമേ, ഞങ്ങൾ മനസ്സോടെ മടങ്ങിവരാം.+
കഴിഞ്ഞ കാലങ്ങൾപോലെ ഞങ്ങളുടെ ദിവസങ്ങൾ പുതുക്കേണമേ.+
22 എന്നാൽ അങ്ങ് ഞങ്ങളെ തീർത്തും ഉപേക്ഷിച്ചു.
ഇപ്പോഴും അങ്ങ് ഞങ്ങളോടു വല്ലാതെ കോപിച്ചിരിക്കുന്നു.+
1 മുതൽ 4 വരെയുള്ള അധ്യായങ്ങൾ എബ്രായ അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ വിലാപഗീതങ്ങളാണ്.
അഥവാ “ചെറുപ്പക്കാരികൾ.”
ഇവിടെ യരുശലേമിനു വ്യക്തിത്വം കല്പിച്ചിരിക്കുന്നു.
പദാവലി കാണുക.
അക്ഷ. “വായെ ധിക്കരിച്ചത്.”
അഥവാ “ചെറുപ്പക്കാരികളെയും.”
പദാവലി കാണുക.
അക്ഷ. “കുടലുകൾ.”
അക്ഷ. “ഓരോ കൊമ്പും.”
അക്ഷ. “വില്ലു ചവിട്ടിയിരിക്കുന്നു.”
അഥവാ “ഉപദേശമില്ല.” പദാവലി കാണുക.
അക്ഷ. “കുടലുകൾ.”
കാവ്യഭാഷയിൽ വ്യക്തിത്വം കല്പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
അഥവാ “നഗരത്തിലെ പൊതുചത്വരങ്ങളിൽ.”
അക്ഷ. “അതിശയത്തോടെ ചൂളമടിക്കുന്നു.”
അക്ഷ. “കൊമ്പ് ഉയർത്തിയിരിക്കുന്നു.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്ക്കൽ.”
അഥവാ “ചെറുപ്പക്കാരികളും.”
അഥവാ “ആരോഗ്യമുള്ളവരായി പ്രസവിച്ച്.”
അഥവാ “തടയുന്നു; നിരസിക്കുന്നു.”
മറ്റൊരു സാധ്യത “നിഷ്ക്രിയനാക്കി.”
അക്ഷ. “വില്ല് ചവിട്ടിയിരിക്കുന്നു.”
അക്ഷ. “ആവനാഴിയുടെ പുത്രന്മാരെക്കൊണ്ട്.”
അഥവാ “ക്ഷമയോടിരിക്കുന്നതാണ്.”
അക്ഷ. “വീണ്ടെടുത്തു.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്ക്കൽ.”
അഥവാ “തങ്ങളുടെ തൂക്കത്തിനു തുല്യമായ ശുദ്ധീകരിച്ച സ്വർണത്തിന്റെ വിലയുണ്ടായിരുന്ന.”
പദാവലി കാണുക.
അഥവാ “വിജനഭൂമിയിലെ.” പദാവലി കാണുക.
അക്ഷ. “ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
അക്ഷ. “തെറ്റ്.”
അക്ഷ. “കറുപ്പിനെക്കാൾ.”
അഥവാ “പരദേശികളായി താമസിക്കാൻ.”
അഥവാ “പൊതുചത്വരങ്ങളിലൂടെ.”
അഥവാ “കഴുത്തിൽ.”
അഥവാ “ബലാത്സംഗം ചെയ്തു.”