മണൽ, എണ്ണ, മതം എന്നിവയിൽ പടുത്തുയർത്തിയ ഒരു രാജ്യം
പശ്ചിമ യൂറോപ്പിനോളം വലിപ്പമുള്ളതും 12 ദശലക്ഷം മാത്രം ജനസംഖ്യയുള്ളതും ഏതാണ്ട് മുഴുവനും മരുഭൂമിയായതുമായ രാജ്യം ഏത്? 1932-ൽ സ്ഥാപിതമായതും 1938-ൽ എണ്ണയുടെ വൻശേഖരം കണ്ടെത്തപ്പെട്ടതും അസംസ്കൃത എണ്ണയുടെ ഉൽപാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമുള്ളതുമായ രാജ്യം ഏത്? ഖുർആനെ ഭരണഘടനയായി സ്വീകരിക്കുന്നതും ഇസ്ലാമിന്റെ ഏററവും ആദരിക്കപ്പെടുന്ന രണ്ടു നഗരങ്ങളും മോസ്ക്കുകളും ഉള്ളതുമായ രാജ്യം ഏത്?
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം, ഫഹ്ദ് ബിൻ അബ്ദുൾ അസീസ് രാജാവിനാൽ ഭരിക്കപ്പെടുന്ന കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്നതാണ്. 22,40,000 ചതുരശ്ര കിലോമീററർ വിസ്തീർണ്ണം ഉള്ളതും അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറിയ പങ്കും ഉൾപ്പെടുന്നതുമായ ഇതിന്റെ പടിഞ്ഞാറ് ചെങ്കടലും തെക്ക് അറബിക്കടലും കിഴക്ക് അറേബ്യൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു.
ഞാൻ എങ്ങനെയാണ് ഈ അറബി രാജ്യത്തിൽ തൽപ്പരനായിത്തീർന്നത്? സൗദി അറേബ്യയിലെ ഗവൺമെൻറിന്റെ ഉത്തരവാദിത്ത്വത്തിൽ ന്യൂയോർക്ക് നഗരത്തിൽ നടക്കുന്ന ഒരു പ്രദർശനത്തിലേക്കുള്ള ഒരു ക്ഷണം ഞാൻ വർത്തമാനപ്പത്രത്തിൽ കണ്ടു. ഈ വ്യത്യസ്ത സംസ്ക്കാരത്തെയും ജീവിതരീതിയെയും കുറിച്ച് കൂടുതലറിയാൻ ഞാൻ ആകാംക്ഷാഭരിതനായി. ഒരു പക്ഷേ, ഞാനൊരിക്കലും സൗദി അറേബ്യയിൽ പോകാനിടയില്ല. പിന്നെന്തുകൊണ്ട് സൗദി അറേബ്യയെ എങ്കലേക്കു വരാൻ അനുവദിച്ചു?
സൗദി അറേബ്യ—പഴയതും പുതിയതും
പ്രദർശന സ്ഥലത്തേക്കു പ്രവേശിച്ച ഉടനെതന്നെ, ഈ അറബി രാജ്യത്തെക്കുറിച്ച് ആളുകൾക്ക് നല്ല ധാരണ ഉളവാക്കാനാണ് സകലവും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. നല്ല അറിവുള്ള ഗൈഡുകളായി പ്രവർത്തിച്ചിരുന്ന യു. എസ്സ്.-അധിഷ്ഠിത സൗദി സർവകലാശാലാ വിദ്യാർത്ഥികൾ എല്ലായിടത്തും ഉണ്ടായിരുന്നു. ഏവരും സവിശേഷമായ തോബ്, നീളമുള്ള ഒരു നിലയങ്കിയോടു സാമ്യമുള്ള, പാദങ്ങളോളമെത്തുന്ന ഒരു വെള്ളവസ്ത്രം ധരിച്ചിരുന്നു. ഓരോരുത്തരും ഇരട്ട ചുററുള്ള കറുത്ത ചരടിനാൽ യഥാസ്ഥാനത്തുറപ്പിച്ച, ചുവപ്പും വെള്ളയും കളങ്ങളോടുകൂടിയ ‘ഖുത്ര’ അഥവാ ശിരോവസ്ത്രം ധരിച്ചിരുന്നു. ഏവരും നല്ല ഇംഗ്ലീഷ് സംസാരിക്കുന്നവരും ഞാനോ മററാരെങ്കിലുമോ ചോദിക്കാൻ താത്പര്യപ്പെട്ട ഏതു ചോദ്യത്തിനും വളരെ വിനയാന്വിതരായി ഉത്തരം പറയുന്നവരും ആയിരുന്നു.
സൗദി രാജകുടുംബത്തിന്റെ ഫോട്ടോകളോടൊപ്പം സൗദി അറേബ്യയുടെ വിവിധവശങ്ങളുടെ ഒരു മൾട്ടിസൈഡ്ള് അവതരണവും ഉണ്ടായിരുന്ന അരണ്ട വെളിച്ചമുള്ള ഒരു പൊതു മുറിയെ തുടർന്ന് ഞാൻ അടുത്തതായി പരമ്പരാഗത അറബികളുടെയും ബെഡോവിൻ വർഗ്ഗക്കാരുടെയും ജീവിതം ചിത്രീകരിച്ചിരുന്ന ഭാഗമാണ് സന്ദർശിച്ചത്. ഒരു കറുത്ത ബെഡോവിൻ കൂടാരം അവരുടെ നാടോടി ജീവിതത്തിന്റെ എല്ലാ സജ്ജീകരണങ്ങളോടും കൂടെ പ്രദർശിപ്പിച്ചിരുന്നു. എന്നുവരികിലും ആധുനിക സാങ്കേതിക വിദ്യയുടെ മുന്നേററത്തോടെ ബെഡോവിൻ ജീവിത ശൈലി അപരിചിതരോടുള്ള അതിന്റെ പൗരാണിക അതിഥി പ്രിയം സഹിതം മൃതമായിക്കൊണ്ടിരിക്കുന്നു.
പര്യടനത്തിന്റെ അടുത്ത ഭാഗം സൗദി അറേബ്യയുടെ ജീവിതത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മതപരമായ ശക്തി—ഇസ്ലാംa—യെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പായിരുന്നു.
മെക്ക, കാബ, ഖുർആൻ
ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനെ “(സൗദി അറേബ്യയുടെ) ഭരണഘടനയായും ധാർമ്മികമൂല്യങ്ങളും മാർഗ്ഗദർശനവും പ്രദാനം ചെയ്യുന്ന ഒന്നായും പരിഗണിക്കപ്പെടുന്നു”വെന്ന് ഒരു ഔദ്യോഗിക ലഘുപത്രിക പ്രസ്താവിക്കുന്നു. ഒരു ലഘുലേഖ “രാജ്യം അതിന്റെ സമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ ഇസ്ലാമിക പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ രൂപപ്പെടത്തുന്നതായി” പ്രസ്താവിക്കുന്നു. ഖുർആന്റെ നിരവധി കയ്യെഴുത്തു പ്രതികൾ പ്രദർശനത്തിനുണ്ടായിരുന്നുവെങ്കിലും മദ്ധ്യത്തിൽ കാബായോടുകൂടിയ വലിപ്പമേറിയ മോസ്ക് സഹിതമുള്ള തീർത്ഥാടന നഗരിയായ മെക്ക (അറബി, മക്ക) ആയിരുന്നു ഈ വിഭാഗത്തിന്റെ മുഖ്യ വിഷയം. ഇവ വലിയ തോതിലുള്ള മാതൃകകളാൽ ചിത്രീകരിക്കപ്പെട്ടിരുന്നു.
കല്ലുകൊണ്ട് പണിയപ്പെട്ട ഒരു കൂററൻ സമചതുരക്കട്ടയുടെ ആകൃതിയിലുള്ളതും ഒരു ഭാരിച്ച കറുത്ത ശീലയാൽ ആവരണം ചെയ്യപ്പെട്ടതുമായ കാബായെ ഒരു ഇസ്ലാമിക പ്രസിദ്ധീകരണം, “ദൈവം നാലായിരം വർഷങ്ങൾക്കു മുമ്പ് അബ്രാഹാമിനോടും യിശ്മായേലിനോടും പണിയാൻ കൽപ്പിച്ച ആരാധനാസ്ഥലം എന്നു നിർവചിക്കുന്നു.b അങ്ങനെ (ക്രി.വ. ഏഴാം നൂററാണ്ടിൽ പ്രവാചകനായ മുഹമ്മദ് ആരംഭിച്ച) ഇസ്ലാം മതം യഹൂദ മതത്തിന്റെയും ക്രിസ്ത്യാനിത്വത്തിന്റെയും ഗോത്രപിതാവെന്ന നിലയിലുള്ള മുന്നോടിയായ അബ്രാഹാമിനോട് ബന്ധപ്പെട്ടിരിക്കുന്നതായി അവകാശപ്പെടുന്നു. അതുകൊണ്ട് അത് ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ മൂന്ന് പ്രമുഖ മത വ്യവസ്ഥിതികളിലൊന്നാണ്.
വാസ്തവത്തിൽ മെക്കയിലെ കൂററൻ മോസ്ക്കിന്റെ ഭാഗമായ വിശാലവും തുറസ്സുമായ ചതുര സ്ഥലത്തിന്റെ മദ്ധ്യത്തിലാണ് കാബാ സ്ഥിതിചെയ്യുന്നത്. വാർഷിക തീർത്ഥാടന (ഹജ്ജ്) സമയത്ത് പ്രാർത്ഥിക്കുന്നതിനും കാബായെ ഏഴു തവണ പ്രദക്ഷിണം ചെയ്യുന്നതിനുമായി പത്തുലക്ഷത്തിലധികം മുസ്ലീങ്ങൾ അവിടെ ഒത്തുചേരുന്നു. ഏററവും കുറഞ്ഞത് ജീവകാലത്തൊരിക്കലെങ്കിലും ഈ യാത്ര നിർവഹിക്കുന്നത് ഓരോ ശാരീരിക പ്രാപ്തിയുള്ള മുസ്ലീമും ഒരു കർത്തവ്യമായി പരിഗണിക്കുന്നു. മുഹമ്മദിന്റെ ശവ സംസ്ക്കാര സ്ഥാനമായ മെദീന (അറബി, മദീന)യിലെ കൂററൻ മോസ്ക്കിന്റെ മാതൃകയും പ്രദർശത്തിലുൾപ്പെട്ടിരുന്നു.
വിശേഷാൽ താൽപ്പര്യകരമായിരുന്നത് പ്രദർശനത്തിനുണ്ടായിരുന്ന കാബായുടെ കനത്ത അലംകൃത വാതായനങ്ങൾ ആയിരുന്നു. സാധാരണ നിലയിൽ മെക്കയിലെ മോസ്ക്കിൽ മുസ്ലീങ്ങൾ മാത്രമെ പ്രവേശിക്കാൻ അനുവദിക്കപ്പെടുന്നുള്ളൂവെന്നതിനാൽ അവർ മാത്രമെ അത് എപ്പോഴെങ്കിലും കാണുമായിരുന്നുള്ളൂ. അവ 1942 മുതൽ 1982 വരെ ഉപയോഗിക്കപ്പെട്ടിരുന്ന വാതിലുകളാണെന്നും അവ പുതിയവയാൽ പുനഃസ്ഥാപിക്കപ്പെട്ടവയാണെന്നും ഗൈഡ് വിശദീകരിച്ചുതരുന്നതുവരെ അവ യഥാർത്ഥത്തിലുള്ളവയായിരുന്നുവെന്നു വിശ്വസിക്കാൻ പ്രയാസമായിരുന്നു. അവ സ്വർണ്ണത്തിലും വെള്ളിയിലും തീർത്തവയും അറബിയിൽ ഖുർ-ആൻ സൂക്തങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്വർണ്ണഫലകങ്ങളാൽ അലംകൃതവും ആയിരുന്നു. സമീപത്തുള്ള ഒരു ഭിത്തിയിൽനിന്ന് കാബാ ആവരണം ചെയ്യാനുപയോഗിച്ചിരുന്ന വളരെ ഖുർആൻ ഉദ്ധരണികളുടെ സ്വർണ്ണ ചിത്രത്തുന്നലുകളോടു കൂടിയ കിസ്വ അഥവാ കനത്ത കറുത്ത തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു.
സൗദി അറേബ്യയിലെ ആധുനിക ജീവിതം
പര്യടനത്തിൽ മുന്നേറവേ, കരകൗശലപ്പണിക്കാർ പായ്കൾ നെയ്യുന്നതും മററു ചിലർ ഇരുമ്പിൽനിന്നും വീട്ടുപകരണങ്ങൾ അടിച്ചു തീർക്കുന്നതും ആയ തെരുവു ദൃശ്യങ്ങളുടെ മാതൃകയുടെ പുനരാവിഷ്ക്കരണവും ഉണ്ടായിരുന്നു. വിശേഷമായ അറബി പാദുകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് മററ് കൗശലപ്പണിക്കാർ തുകലിൽ വേല ചെയ്തുകൊണ്ടിരുന്നു. മറെറാരാൾ തടികൊണ്ടുള്ള ലളിതമായ പക്ഷിക്കൂടുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇനിയുമൊരാൾ കാലുകൊണ്ടു പ്രവർത്തിപ്പിക്കുന്ന കുശവന്റെ ചക്രത്തിൽ പാത്രം മെനയുകയായിരുന്നു.
ഒടുവിൽ ഞാൻ ആധുനിക സൗദി അറേബ്യയുടെ നേട്ടങ്ങൾ പ്രദീപ്തമാക്കുന്ന ഭാഗത്തു ചെന്നു. എണ്ണയുടെ കണ്ടെത്തൽ സൗദി സമ്പത്ഘടനയെയും ജനതയുടെ ജീവിതനിലവാരത്തെയും മാററിമറിച്ചിട്ടുണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. അരാംകോ (അറേബ്യൻ അമേരിക്കൻ എണ്ണ കമ്പനി) 1938-ൽ വിപുലമായ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തി. “അരാംകോയ്ക്ക് ഇപ്പോൾ 43,000-ൽ പരം ജോലിക്കാരുണ്ട്. ഏതാണ്ട് 550 കിണറുകൾ ഉൽപ്പാദനത്തിലാണ്. 20,500 കിലോ മീറററോളം ഒഴുക്കു ചാലുകളും പൈപ്പ്ലൈനുകളും 60-തിലധികം എണ്ണ-വാതക വേർതിരിക്കൽ ശാലകളും ഉണ്ട്,” എന്ന് ഒരു കമ്പനിലഘുപത്രിക പ്രസ്താവിക്കുന്നു.
ഇത്തരം ഒരു ഉറച്ച സാമ്പത്തിക അടിത്തറയോടു കൂടിയതാകയാൽ സൗദി അറേബ്യ 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ സേവിക്കുന്ന ഏതാണ്ട് 15000 സ്ക്കൂളുകളെയും വിദ്യാഭ്യാസകേന്ദ്രങ്ങളെയും പിന്തുണക്കുന്നു എന്ന് വിവരം നൽകുന്നതിനുള്ള ലഘുപത്രികകൾക്ക് പ്രസ്താവിക്കാൻ കഴിയുന്നത് അതിശയമല്ല. സർവകലാശാലാതലം വരെ സകലർക്കും വിദ്യാഭ്യാസം സൗജന്യമാണ്. അവിടെ ഏഴു സർവകലാശാലകളും ഉണ്ട്.
നിശ്ചയമായും എണ്ണ സൗദി അറേബ്യയിൽ എല്ലാമില്ല. വമ്പിച്ച ജലസേചന പദ്ധതികൾ പൂർത്തിയാക്കപ്പെട്ടിട്ടുള്ളതിനാൽ രാജ്യത്തു നിന്ന് മത്സ്യം, വളർത്തുകോഴികൾ, ഗോതമ്പ്, ഈന്തപ്പഴം, പച്ചക്കറികൾ, പാൽ, മററു ക്ഷീരോത്പ്പന്നങ്ങൾ ഇവ കയററുമതി ചെയ്യുന്ന അളവോളം കൃഷി തഴച്ചു വളർന്നിട്ടുണ്ട്.
സകല നാണയത്തിനും രണ്ടു വശങ്ങൾ
സൗദി അറേബ്യയിലേക്കുള്ള മൂന്നു മണിക്കൂർ സന്ദർശനം പൂർത്തിയാക്കവേ, താരതമ്യേന ചെറിയ ഒരു രാജ്യത്തിന്റെ നേട്ടങ്ങളിൽ എനിക്ക് വളരെ മതിപ്പുളവായി. ഓരോ രാഷ്ട്രവും പെട്രോളിയം ശേഖരങ്ങളാലും ലോകവിസ്തൃതമായി ആവശ്യമുള്ള മററ് അമൂല്യ വിഭവങ്ങളാലും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ എത്ര വ്യത്യസ്തമായിരുന്നേനേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു.
ഞാൻ എന്റെ സന്ദർശനം വളരെ വിജ്ഞാനപ്രദമായി കണ്ടെത്തിയപ്പോൾപോലും മതത്തിന്റെ മണ്ഡലത്തിലുള്ള ഒഴിവാക്കലുകളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. മെക്ക സന്ദർശിക്കുന്ന മുസ്ലീങ്ങൾ ആദരിക്കുന്ന ഒരു കറുത്ത ഉൽക്കക്കല്ലായ യഥാർത്ഥ കാബാ ശിലയെ സംബന്ധിച്ച് ഞാൻ ഒന്നും ഗ്രഹിച്ചില്ല. ഫിലിപ്പ് കെ. ഹിററി തന്റെ, “ഹിസ്റററി ഓഫ് ദി ആരബ്സി”ൽ പറയുന്ന പ്രകാരം ഇസ്ലാമിന്റെ സ്ഥാപിക്കലിനു മുമ്പ് ഈ ശില ഒരു “മാന്ത്രിക ശിലയെന്ന നിലയിൽ പൂജിക്കപ്പെട്ടിരുന്നു. ഇശ്മായേൽ കാബാ പുനർനിർമ്മിക്കവേ അയാൾക്ക് ഈ കൃഷ്ണശില ഗബ്രിയേൽ ദൂതനിൽ നിന്നും ലഭിച്ചുവെന്നാണ് പാരമ്പര്യം.
പ്രദർശനത്തിലെ മറെറാരു ഒഴിവാക്കൽ ഇസ്ലാമിന്റെ രണ്ട് പ്രമുഖ വിഭാഗങ്ങളായ സുന്നിയേയും ഷിയായേയും സംബന്ധിച്ച് യാതൊരു പരാമർശവും ഇല്ലാതിരുന്നതാണെന്ന് ഞാൻ കണ്ടെത്തി. ഈ ഭിന്നത, മുഹമ്മദിന്റെ പിൻഗാമികളോളം പിന്നോട്ടുചെല്ലുകയും അദ്ദേഹത്തിന്റെ യഥാർത്ഥ ആത്മീയ പിന്തുടർച്ചാവകാശികൾ ആരാണെന്നതു സംബന്ധിച്ച് ഷിയാ മുസ്ലീങ്ങൾ അവകാശപ്പെടുന്നതുപോലെ മുഹമ്മദിന്റെ രക്തബന്ധം പിന്തുടരപ്പെടണമോ അതോ ഭൂരിപക്ഷ സുന്നികൾ അവകാശപ്പെടുന്നതുപോലെ അതു തെരഞ്ഞെടുപ്പിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കണമോ എന്ന ഒരു വ്യാഖ്യാന വ്യത്യാസത്തിൽ അധിഷ്ഠിതമായിരിക്കുകയും ചെയ്യുന്നു. സൗദിയിലുള്ളവർ സുന്നി മുസ്ലീങ്ങളുടെ നാലു ആശയ ധാരകളിൽ ഏററവും ദൃഢമായ ഹാൻബാലി സമിതിയിലെ കർശനക്കാരായ വഹ്ഹബി വിഭാഗത്തിൽ പെടുന്നു.
പ്രദർശനത്തിൽ പ്രകടമായ അസാന്നിദ്ധ്യം അറബി സ്ത്രീകളുടേതായിരുന്നു. ഈ ഒഴിവാക്കൽ, പൊതുജീവിതത്തിൽ സ്ത്രീകളുടെ ധർമ്മം സംബന്ധിച്ച ഇസ്ലാമിക നിയമങ്ങളുടെ കർശനമായ സൗദി വ്യാഖ്യാനം നിമിത്തമായിരിക്കുമെന്ന് ഞാൻ നിഗമനം ചെയ്തു.
ഞാൻ പ്രദർശനം കഴിഞ്ഞു മടങ്ങവേ, ഏതു നാണയത്തിനും രണ്ടു വശങ്ങളുണ്ട് എന്ന ചൊല്ലിനെപ്പററി ബലമായി ഓർമ്മിപ്പിക്കപ്പെട്ടു. പുറത്ത്, തെരുവിൽ, സൗദി അറേബ്യയിലെ ക്രൂരതയുടെയും അനീതിയുടെയും നടപടികളെപ്പററി ആരോപിച്ചുകൊണ്ടും ആ രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ അഭാവത്തെപ്പററി (മതേതര ഭരണഘടനയോ പാർലമെന്റോ അവിടെയില്ല) അപലപിച്ചുകൊണ്ടും ഉള്ള ലഘുലേഖകൾ അറബി പ്രക്ഷോഭകർ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ചില ആളുകൾക്ക് മണൽ, എണ്ണ, മതം ഇവ അവശ്യം മുഴു കഥയും അല്ല എന്ന് ഞാൻ തിരിച്ചറിയാൻ അത് ഇടയാക്കി. എങ്കിലും ഏററവും കുറഞ്ഞപക്ഷം സൗദി അറേബ്യയിലെ ജീവിതത്തെക്കുറിച്ചും ഇസ്ലാമിന് അതിന്റെ ആളുകളിൻമേലുള്ള സ്വാധീനതയെക്കുറിച്ചും ഏറെ വ്യക്തമായ ഒരു കാഴ്ചപ്പാട് എനിക്ക് ലഭിച്ചിരുന്നു.—സംഭാവനചെയ്യപ്പെട്ടത്. (g91 1/8)
[അടിക്കുറിപ്പുകൾ]
a ഇസ്ലാമിനെ സംബന്ധിച്ച ഒരു വിശദമായ പരിചിന്തനത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി 1990ൽ പ്രസിദ്ധീകരിച്ച “ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം” എന്ന പുസ്തകത്തിന്റെ “ഇസ്ലാം—വിധേയത്വത്തിലൂടെ ദൈവത്തിലേക്കുള്ള വഴി” എന്ന 12-ാം അദ്ധ്യായം കാണുക.
b ഈ സംഭവത്തിനോ അബ്രാഹാം പുരാതന മെക്കയിലായിരുന്നുവെന്നുള്ളതിനോ ബൈബിളിൽ പരാമർശങ്ങളൊന്നുമില്ല.—ഉല്പത്തി 12:8-13, 18.
[28-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സൗദി അറേബ്യ
ഇറാക്ക്
ഇറാൻ
സുഡാൻ
മെക്ക
ചെങ്കടൽ
അറേബ്യൻ സമുദ്രം
[29-ാം പേജിലെ ചിത്രങ്ങൾ]
(ഇടത്തു നിന്ന്) കാബായുടെ വാതിലുകൾ, അറബി കൗശലപ്പണിക്കാരൻ, അറബിലിപി ചിത്രത്തുന്നൽ നടത്തുന്നു
[കടപ്പാട്]
David Patterson