വിജയകരമായ ഒരു രീതിയിൽ ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ആയിരിക്കൽ
“ഒറ്റക്കാരായ എല്ലാ മാതാക്കൾക്കും പിതാക്കൻമാർക്കും ഒരിക്കലും വേണ്ടത്രയില്ലാത്ത ഒരു സംഗതിയാണു സമയം.”—ഒറ്റയ്ക്കുള്ള മാതാവിന്റെയോ പിതാവിന്റെയോ അതിജീവന സഹായി (ഇംഗ്ലീഷ്).
“പണത്തിന്റെ അഭാവമാണ് ഏറ്റവും ഗുരുതരമായ പ്രശ്നം.”—ലണ്ടനിലെ ടൈംസ്.
‘ഒറ്റയ്ക്കുള്ള മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം സമ്മർദത്തിന്റെ ഒരു മുഖ്യ ഉറവ് ഏകാന്തതയാണ്.’—ഞങ്ങൾക്ക് ഒരിടവേള തരൂ (ഇംഗ്ലീഷ്), ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കുമുള്ള ഇടവേള അവസരങ്ങളെക്കുറിച്ചുള്ള ഒരു സർവേ.
മാതാപിതാക്കളെല്ലാവരും വെല്ലുവിളികളെയും സന്തോഷങ്ങളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ഒറ്റക്കാരായ മാതാക്കളും പിതാക്കൻമാരും അവ ഒരു പങ്കാളിയുടെ സഹായം കൂടാതെയാണു ചെയ്യുന്നത്. അതിന്റെ ഫലമായി സമയവും പണവും ഏകാന്തതയും പലപ്പോഴും അവരുടെ ജീവിതത്തിൽ തലയെടുത്തുനിൽക്കുന്നു.
ഒറ്റക്കാരായ മാതാക്കളുടെയും പിതാക്കൻമാരുടെയും ജീവിതം കഠിനമാണെങ്കിലും അവർക്കു തങ്ങളുടെ കുടുംബജീവിതത്തിൽ വിജയിക്കാൻ കഴിയുമെന്നതു വാസ്തവമായിരിക്കാവുന്നതാണ്, പലരും വിജയിക്കുന്നുമുണ്ട്. അവർ ഏതു നിലവാരങ്ങൾ സ്വീകരിക്കുന്നുവെന്നതിനെയും അവയിൽ എത്രയധികം ഉറച്ചു നിൽക്കുന്നുവെന്നതിനെയുമാണ് അധികവും ആശ്രയിച്ചുനിൽക്കുന്നത്.
ഇന്നത്തെ ധാർമികവും സാമൂഹികവുമായ പ്രക്ഷുബ്ധതയെക്കുറിച്ച് ബൈബിൾ ദീർഘനാൾമുമ്പു പ്രവചിച്ചു എന്നതു രസാവഹമാണ്. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് യുവശിഷ്യനായ തിമോത്തിയെ ഇതു സംബന്ധിച്ചു ജാഗരൂകനാക്കിയ വിധം ശ്രദ്ധിക്കുക. അവൻ ഇപ്രകാരം മുന്നറിയിപ്പു നൽകി: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക, എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും, . . . മാതാപിതാക്കളെ അനുസരിക്കാത്തവരും, നന്ദിയില്ലാത്തവരും, അവിശ്വസ്തരും, സ്വാഭാവിക പ്രിയമില്ലാത്തവരും, യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും . . . ആയിരിക്കും.”—2 തിമോത്തി 3:1-3, NW.
ഇന്നത്തെ മനോഭാവങ്ങൾ കൃത്യമായി പ്രവചിച്ചിരിക്കുന്ന കേവലമൊരു പുസ്തകമല്ല ബൈബിൾ. പിൻപറ്റുന്ന പക്ഷം കുടുംബജീവിതത്തിൽ വിജയം ഉറപ്പുനൽകുന്ന തത്ത്വങ്ങൾ അതിൽ ഉൾക്കൊള്ളുന്നു. (2 തിമൊഥെയൊസ് 3:16, 17) സമയം, പണം, ഏകാന്തത എന്നീ പ്രശ്നങ്ങളെ തരണം ചെയ്യാൻ ഇവയിൽ ചിലതിന് ഒറ്റക്കാരായ മാതാക്കളെയും പിതാക്കൻമാരെയും എങ്ങനെ സഹായിക്കാൻ കഴിയുമെന്നു പരിചിന്തിക്കുക.
സമയം വിലയ്ക്കു വാങ്ങുക
നിങ്ങൾ എത്ര ക്രമീകൃതനാണെങ്കിലും സമയം പിടികിട്ടാത്ത ഒരു വസ്തുവാണ്. നിങ്ങളുടെ സമയം നന്നായി ഉപയോഗിക്കുന്നതിന് ആദ്യംതന്നെ വാസ്തവത്തിൽ അതിന് എന്താണു സംഭവിക്കുന്നതെന്നു നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഏതു പ്രവർത്തനങ്ങളാണു നിങ്ങൾക്ക് ഏറ്റവും പ്രധാനമെന്നു തീരുമാനിക്കാൻ അപ്പോൾ നിങ്ങൾക്കു കഴിയും. ഒറ്റക്കാരായ മാതാക്കളുടെയും പിതാക്കൻമാരുടെയും ഒരു സംഘടന ഇപ്രകാരം നിർദേശിക്കുന്നു: “ഒരു ‘സമയ ഡയറി’ സൂക്ഷിക്കുക. ഒരു ദിവസത്തിലോ ആഴ്ചയിലോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെയെല്ലാം ഒരു രേഖ ഇതിൽ സൂക്ഷിക്കുക, അവയ്ക്ക് എത്രമാത്രം സമയം ആവശ്യമാണെന്നു നോക്കുക. അതിനുശേഷം, സംഗതികൾ പുനഃക്രമീകരിച്ചുകൊണ്ട് അല്ലെങ്കിൽ ചില സംഗതികൾ ഒഴിവാക്കിക്കൊണ്ടു സമയം എവിടെ ലാഭിക്കാം അല്ലെങ്കിൽ മെച്ചമായി ഉപയോഗിക്കാം എന്നു നോക്കുക.”
തെറ്റുപറ്റാത്ത അത്തരം ഉപദേശം അപ്പോസ്തലന്റെ പിൻവരുന്ന പ്രബോധനത്തിനു പിന്നിലെ തിരുവെഴുത്തുപരമായ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു: “നാളുകൾ ദുഷ്ടമാകയാൽ നിങ്ങൾക്കുവേണ്ടി അവസരോചിതമായ സമയം വിലയ്ക്കു വാങ്ങിക്കൊണ്ട്, നിങ്ങളുടെ നടപ്പ് അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായിട്ടായിരിക്കാൻ കർശനമായി സൂക്ഷിച്ചുകൊൾക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—എഫേസ്യർ 5:15, 16, NW.
ഉദാഹരണത്തിന്, ടിവി കാഴ്ച നിങ്ങളുടെ ദിനക്രമത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നുവോ? ഇതിന്റെ അളവു കുറയ്ക്കുന്നതു നിങ്ങളുടെ കുട്ടികളോടു സംസാരിക്കുന്നതിനും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നതിനും നിങ്ങൾക്കു കൂടുതൽ സമയം പ്രദാനം ചെയ്യും. അത് അവരുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കും.
‘കുട്ടികളോടൊപ്പമിരുന്നു സംസാരിക്കാൻ ശ്രമിച്ചാൽ അതു വെറുതെ ദീർഘനേരത്തെ കടുത്ത നിശബ്ദതയിലേ കലാശിക്കൂ’ എന്നു നിങ്ങൾ പറഞ്ഞേക്കാം. സാധ്യതയനുസരിച്ച് അങ്ങനെയായിരിക്കും. എന്നാൽ അതു നിങ്ങളെ പിന്തിരിപ്പിക്കരുത്. സ്കൂൾ കൂട്ടുകാരെക്കുറിച്ചോ ചെയ്യാൻ ആസൂത്രണം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചോ നിങ്ങളുടെ കുട്ടികൾ നടത്തുന്ന അഭിപ്രായങ്ങൾ പോലെയുള്ള അവരുടെ അനുദിന സംഭാഷണങ്ങളിലുൾപ്പെട്ടിരിക്കുന്ന വികാരങ്ങൾ നിങ്ങൾ ശ്രദ്ധിക്കണമെന്ന് ഒറ്റക്കാരായ മാതാക്കളുടെയും പിതാക്കൻമാരുടെയും ഉപദേഷ്ടാക്കൾ ശുപാർശ ചെയ്യുന്നു. എന്നാൽ ടിവി നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുമ്പോൾ നിങ്ങൾക്കതു ചെയ്യാൻ കഴിയില്ല, കഴിയുമോ? അതു വെറുതെ പ്രവർത്തിച്ചുകൊണ്ടിരിക്കാൻ നിങ്ങൾ അനുവദിച്ചാൽപ്പോലും ശ്രദ്ധാശൈഥില്യം നിങ്ങളുടെ കുട്ടികളുടെ ഏറ്റവും ആന്തരികമായ ചിന്തകളും വികാരങ്ങളും സംബന്ധിച്ച ജീവൽപ്രധാനമായ വിവരങ്ങൾ നിങ്ങളിൽനിന്നും കവർന്നെടുക്കും. അതുകൊണ്ട് നിങ്ങളുടെ കുട്ടികൾക്കുവേണ്ടി സമയമുണ്ടാക്കുക. വീട്ടുജോലികൾ ഒത്തൊരുമിച്ചു ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾതന്നെ അവരുമായി സംസാരിക്കുക—അവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക!
അവരോടൊപ്പമിരുന്നു വായിക്കുകയും ചെയ്യുക. ഒരു കുട്ടിക്ക് അഞ്ചാമത്തെ വയസ്സിൽ കിട്ടുന്ന സാക്ഷരതയും അവന്റെ തുടർന്നുള്ള വിജയവും തമ്മിൽ ഒരു ശക്തമായ ബന്ധമുണ്ടെന്നു ഗവേഷണം പ്രകടമാക്കുന്നു. ഒന്നിച്ചിരുന്നു വായിക്കുന്നതിനു സമയം വിലയ്ക്കുവാങ്ങാനുള്ള കൂടുതലായ ഒരു കാരണമാണ് ഇത്. കിടക്കുന്നതിനുമുമ്പ് ഏതാനും നിമിഷം അല്ലെങ്കിൽ വളരെയധികം ക്ഷീണം തോന്നുന്നതിനുമുമ്പായി വൈകുന്നേരം സമയം നന്നായി ചെലവിടാവുന്നതാണ്.
അത്യാവശ്യങ്ങൾക്കൊണ്ടു തൃപ്തിയടയുക
ഒറ്റക്കാരായ പല മാതാക്കളും പിതാക്കൻമാരും ഒരു സാമ്പത്തിക വിഷമ വൃത്തത്തിൽ കുടുങ്ങിയിരിക്കുന്നതായി സ്വയം കണ്ടെത്തുന്നു. മതിയായരീതിയിലുള്ള പാർപ്പിടം, ആഹാരം, വസ്ത്രം എന്നിവയ്ക്കു വേണ്ടത്ര പണം അവർക്ക് എങ്ങനെയെങ്കിലും സമ്പാദിച്ചേ പറ്റൂ. എന്നാൽ പുറത്തുപോയി ജോലിചെയ്യുമ്പോൾ കുട്ടികളുടെ ശരിയായ പരിചരണം പ്രശ്നമായിത്തീരുന്നു.
കുട്ടികൾക്കുവേണ്ടിയുള്ള സംരക്ഷണ സൗകര്യങ്ങൾ കണ്ടെത്തുക എല്ലായ്പോഴും എളുപ്പമല്ല. മാത്രമല്ല അവ ചെലവേറിയതുമാണ്. ബന്ധുക്കളുടെ—വല്യമ്മവല്യപ്പൻമാർ, ആൻറിമാർ, അമ്മാവൻമാർ എന്നിവരുടെ—സഹായം ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റക്കാരായ ചില മാതാക്കളും പിതാക്കൻമാരും വിജയിക്കുന്നു. മറ്റുചിലർ ശിശുക്കൾക്കുവേണ്ടിയുള്ള സ്കൂളുകൾ, കളി സ്ഥലങ്ങൾ, തങ്ങളുടെ ജോലിയുടമകൾ പ്രദാനം ചെയ്യുന്ന കുട്ടികൾക്കുവേണ്ടിയുള്ള സംരക്ഷണ സൗകര്യങ്ങൾ എന്നിവയെ ആശ്രയിക്കുന്നു. ഗവൺമെൻറ് സഹായധനങ്ങൾ ലഭ്യമാണെങ്കിൽത്തന്നെ കുട്ടികൾക്കുവേണ്ടിയുള്ള അത്തരം സംരക്ഷണത്തിനുള്ള ഫീസ് അടയ്ക്കാൻ അവ എല്ലായ്പോഴും മതിയാകില്ല. ചില രാജ്യങ്ങളിൽ കൊച്ചുകുഞ്ഞുങ്ങളുള്ള ഒറ്റക്കാരായ മാതാക്കളും പിതാക്കൻമാരും ജോലിതേടാതെ വീട്ടിലിരുന്നു ഗവൺമെന്റു പ്രദാനംചെയ്യുന്ന പണംകൊണ്ടു കഴിഞ്ഞുകൂടാൻ തീരുമാനിച്ചേക്കാം.
സംരക്ഷണം ആവശ്യമുള്ള ഒറ്റക്കാരായ മാതാക്കളുടെയും പിതാക്കൻമാരുടെയും എണ്ണം വർധിച്ചുവരുന്നതുകൊണ്ട്, ഗവൺമെന്റുകൾ ഉത്തരവാദിത്വമുള്ളവരായി തങ്ങൾ കണക്കാക്കുന്ന ആളുകളെ തിരഞ്ഞുകണ്ടുപിടിക്കുന്നു. തങ്ങളുടെ കുട്ടികൾക്കുവേണ്ടി സാമ്പത്തികമായി കരുതാത്ത, വീടുവിട്ടുപോയിരിക്കുന്ന ബ്രിട്ടനിലെ പിതാക്കൻമാർക്ക് ഇത് ഇപ്പോൾത്തന്നെ കൂടുതലായ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. കൊടുക്കാതിരിക്കുന്ന പണത്തിന്റെ നഷ്ടപരിഹാരം കൊടുപ്പിക്കാനായി കുട്ടികൾക്കു പിന്തുണ നൽകുന്ന ഏജൻസികൾ അപഥസഞ്ചാരികളായ പിതാക്കൻമാരെ പിന്തുടരുന്നു. എന്നാൽ പിതാവിനെ കണ്ടുപിടിക്കാൻ ഒറ്റക്കാരായ മാതാക്കൾ ഏജൻസികളെ സഹായിക്കാൻ വിസമ്മതിക്കുന്നപക്ഷം അവർക്കു ചില സാമ്പത്തിക പ്രയോജനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് “സ്വീഡനിലെ അപരാധികളിൽ 40 ശതമാനം പ്രാദേശിക സാമൂഹിക ഇൻഷ്വറൻസ് ഏജൻസികളാൽ പിടിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു, ഫ്രാൻസിലെ കോടതികൾ കുടുംബം പുലർത്തൽ സംബന്ധിച്ച ഉത്തരവുകളും അപരാധികളുടെ പിന്തുടരലും ശക്തിപ്പെടുത്തുന്നു.”
കോടതി ഉത്തരവു പുറപ്പെടുവിച്ചാലും ഇല്ലെങ്കിലും, ഗവൺമെൻറിൽനിന്നു സഹായം ലഭിച്ചാലും ഇല്ലെങ്കിലും, മുമ്പ് ഉപയോഗിച്ചിരുന്നതിനെക്കാൾ കുറവു പണം കൊണ്ടു കഴിഞ്ഞുകൂടാനുള്ള മാർഗങ്ങൾ ഒറ്റക്കാരായ പല മാതാക്കളും പിതാക്കൻമാരും കണ്ടെത്തുന്നു. അതെങ്ങനെ? വ്യത്യസ്തമായ രീതിയിൽ ബജറ്റു തയ്യാറാക്കിക്കൊണ്ട്.
വ്യത്യസ്തമായ രീതിയിൽ ബജറ്റു തയ്യാറാക്കാൻ പഠിക്കുന്നത് ഒരു വൈദഗ്ധ്യമാണ്. അതു പലപ്പോഴും ചെലവഴിക്കൽ പ്രാമുഖ്യതകൾക്കു മാറ്റം വരുത്തുന്നതിനെ അർഥമാക്കുന്നു—ഉദാഹരണമായി, വാടകയ്ക്കും മുറികൾ ചൂടുപിടിപ്പിക്കുന്നതിനുമുള്ള പണം ആദ്യം മാറ്റിവയ്ക്കുന്നു, പിന്നെ ആഹാരം വാങ്ങുന്നതിനും അതിനുശേഷം കടം വീട്ടുന്നതിനും ഉള്ള പണം നീക്കിവയ്ക്കുന്നു. “ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു.—1 തിമൊഥെയൊസ് 6:8.
മറ്റുള്ളവരുമായി ചെലവുകൾ പങ്കിടുന്നതിനെക്കുറിച്ചു നിങ്ങൾ പരിചിന്തിച്ചിട്ടുണ്ടോ? ആഹാരസാധനങ്ങളും വീട്ടുസാമാനങ്ങളും മറ്റു മാതാപിതാക്കളോടു ചേർന്നു വലിയ അളവിൽ വാങ്ങിക്കുന്നതു വഴി പണം ലാഭിക്കാൻ കഴിയും. ഏതു രീതിയിൽ ബജറ്റു തയ്യാറാക്കിയാലും നിങ്ങൾ ഇരുന്ന് നിങ്ങളുടെ ചെലവുകൾ കണക്കുകൂട്ടേണ്ടതുണ്ടെന്ന് ഓർമിക്കുക. (ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.) ബജറ്റു തയ്യാറാക്കുന്നതിൽ നിങ്ങളുടെ കുട്ടികളുടെ സഹായം എന്തുകൊണ്ട് ഉൾപ്പെടുത്തിക്കൂടാ? അപ്പോൾ അതിനോടു പറ്റിനിൽക്കാൻ നിങ്ങളെ സഹായിക്കുന്നത് അവർ ഒരു പദവിയായി കണക്കാക്കിയേക്കാം. നിങ്ങൾക്കു പണം നിക്ഷേപിക്കാൻ പോലും കഴിയുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം.
സുഹൃത്തുക്കളെ നേടുന്നതിന് സുഹൃത്തായിരിക്കുക
“കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; . . . നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും” എന്ന് യേശു ഉപദേശിച്ചു. (ലൂക്കൊസ് 6:38) വ്യക്തിപരമായ ബന്ധങ്ങളുടെ കാര്യത്തിലും ഇപ്പറഞ്ഞതു സത്യമാണ്. മറ്റുള്ളവരിലുള്ള നിങ്ങളുടെ താത്പര്യത്തിനു സൗഹൃദപരമായ ഒരു പ്രതികരണം ഉളവാക്കാൻ കഴിയും. ഏകാന്തതയെ കീഴടക്കാനുള്ള ഏറ്റവും നല്ല മാർഗം സുഹൃത്തുക്കളെ നേടാൻ മുൻകൈ എടുക്കുകയെന്നതാണ്. നിങ്ങൾക്കു വെളിയിൽ സന്ദർശനത്തിനു പോകാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്ന ആശ്രയയോഗ്യരായ സുഹൃത്തുക്കളെ ഒരുപക്ഷേ നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞേക്കും. ഇതിലും മെച്ചമായ ഒരു സംഗതി, നിങ്ങളെ സന്ദർശിക്കാൻ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടുകൂടേ?
എന്നാൽ ഇവിടെ ജാഗ്രതയുടെ ഒരു വാക്ക് അത്യാവശ്യമാണ്. “മോശമായ സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നോർമിക്കുക. (1 കൊരിന്ത്യർ 15:33, NW) നിങ്ങൾ നേടിയെടുക്കുന്ന സുഹൃദ്ബന്ധങ്ങൾ യഥാർഥത്തിൽ കെട്ടുപണിചെയ്യുന്നതും സംതൃപ്തി കൈവരുത്തുന്നതുമായിരിക്കുമ്പോൾ മാത്രമേ ഏകാന്തതയെ തൃപ്തികരമായി കീഴടക്കാൻ കഴിയൂ.
മാതാവും പിതാവും എന്നനിലയിൽ പ്രവർത്തിക്കൽ
ഒറ്റക്കാരായ മാതാക്കളെയും പിതാക്കൻമാരെയും സംബന്ധിച്ചിടത്തോളം അവർക്കു തങ്ങളുടെ കുട്ടികളുടെ മാതാവും പിതാവും ആയിരിക്കേണ്ടതുണ്ട്—അത് ആർക്കും എളുപ്പമുള്ള ജോലിയല്ല. കുട്ടികൾ ജൻമനാ അനുകരണ സ്വഭാവമുള്ളവരാണെന്ന കാര്യം മറക്കരുത്. ഉത്തരവാദിത്വമുള്ള മുതിർന്നവർ ചെയ്യുന്നതു കണ്ടാണ് അവർ ഉത്തരവാദിത്വമുള്ള മുതിർന്നവരായിത്തീരാൻ പഠിക്കുന്നത്. അപ്പോൾ, നിങ്ങളുടെ കുട്ടികൾക്കു നിങ്ങൾ ഏതു തരത്തിലുള്ള മാതൃകാപാത്രമാണ് എന്നതിനെ അതു വളരെയധികം ആശ്രയിച്ചിരിക്കുന്നു. അമേരിക്കയിലെ ഉൾനഗരങ്ങളിൽ വളരുന്ന അനവധി ആൺകുട്ടികൾക്കു പിതാക്കൻമാർ അടുത്തില്ല. ലണ്ടനിലെ ദ സൺഡേ ടൈംസ് അതേക്കുറിച്ച് ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒരു മുതിർന്ന പുരുഷൻ എന്നു പറഞ്ഞാൽ ആരാണെന്നുള്ള നിയന്ത്രിത ബോധമില്ലാതെ ആൺകുട്ടികളുടെ ഏതാണ്ട് പകുതിപേർ കൗമാരത്തിലേക്കു വളരുമ്പോൾ ആണുങ്ങളുടെ ഒരു തലമുറ എങ്ങനെ പെരുമാറുമെന്ന് . . . അക്രമവും സാമൂഹിക വ്യാമിശ്രതയും . . . നമുക്കു കാണിച്ചുതരുന്നു.”
കുട്ടികളെ ഒറ്റക്കാരായ മാതാക്കളോ പിതാക്കൻമാരോ വളർത്തുമ്പോൾ അവരുടെ ആരോഗ്യവും സ്കൂൾജോലിയും സാമ്പത്തിക പ്രതീക്ഷകൾപോലും പ്രതികൂലമായി ബാധിക്കപ്പെട്ടേക്കാമെന്ന് ഡുങ്കൻ ഡോർമർ ദ റിലേഷൻഷിപ്പ് റെവലൂഷനിൽ പറയുന്നു. മറ്റു ഗവേഷകർ ഈ കണ്ടുപിടിത്തങ്ങൾക്കെതിരെ വാദിക്കുന്നു. ദാരിദ്ര്യത്തെയും സാമ്പത്തിക പരാധീനതയെയുമാണ് അവർ കുറ്റപ്പെടുത്തുന്നത്. എന്നിരുന്നാലും പലരും സാമൂഹിക ശാസ്ത്രജ്ഞനായ ചാൾസ് മുറെയുടെ ഈ വിലയിരുത്തലിനോടു യോജിക്കുന്നു: “പിതാക്കൻമാരില്ലാതെ മാതാക്കൾ മാത്രമുള്ള ഒരു ചുറ്റുവട്ടത്തു പാർക്കുന്ന പിതാവില്ലാതെ മാതാവു മാത്രമുള്ള ഒരു കുട്ടി അവൻ കാണുന്നതിന്റെ അടിസ്ഥാനത്തിലാണു വിലയിരുത്തുന്നത്. വളർന്നുവരുമ്പോൾ തന്റെ കുട്ടികളുടെ ഒരു നല്ല പിതാവായിരിക്കണമെന്നു നിങ്ങൾക്കു സാമൂഹിക പ്രവർത്തകരെക്കൊണ്ടോ സ്കൂൾ അധ്യാപകരെക്കൊണ്ടോ പുരോഹിതൻമാരെക്കൊണ്ടോ ഒരു ആൺകുട്ടിയോടു പറയിക്കാവുന്നതാണ്. എന്നാൽ അതിന്റെ അർഥമെന്താണെന്ന് അതു കാണാതെ അവനു മനസ്സിലാകയില്ല.” അതേ ആൺകുട്ടികൾക്കു മാതാവിന്റെയും പിതാവിന്റെയും ആവശ്യമുണ്ട്, പെൺകുട്ടികൾക്കും അങ്ങനെതന്നെ.
സങ്കീർത്തനം 68:5 [NW]-ൽ ബൈബിൾ യഹോവയാം ദൈവത്തെ ‘പിതാവില്ലാത്ത ബാലൻമാരുടെ ഒരു പിതാവായി’ വർണിക്കുന്നു. മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കുന്ന അമ്മമാർ തങ്ങളുടെ കുട്ടികൾക്കുള്ള ഏറ്റവും നല്ല മാതൃക അവനിൽ കണ്ടെത്തുന്നു. തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്കു വളർത്തിക്കൊണ്ടുവരുന്ന പിതാക്കൻമാർ ഉത്തരവാദിത്വവും പക്വതയുമുള്ള സ്ത്രീകളുടെ സഹായം വിലമതിക്കുന്നു. അതേ ഒറ്റക്കാരായ എല്ലാ മാതാക്കൾക്കും പിതാക്കൻമാർക്കും വേണ്ടിയിരിക്കുന്നതു സ്നേഹപൂർവകമായ പിന്തുണയാണ്. ഒരുപക്ഷേ നിങ്ങൾക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിഞ്ഞേക്കും.
ഒറ്റയ്ക്കു കുടുംബം നോക്കുന്ന പിതാക്കൻമാർ ന്യൂനപക്ഷമാണ്. എന്നാൽ കൂടുതൽ വിവാഹങ്ങൾ തകരുന്നതോടെ കൂടുതൽ കൂടുതൽ പുരുഷൻമാർ തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്കു പരിപാലിക്കാൻ തീരുമാനിക്കുന്നു. “ഈ സാഹചര്യത്തിലുള്ള പുരുഷൻമാർ നേരിടുന്നതായി കാണുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് യൗവനക്കാരിയായ പുത്രിയാണ്” എന്ന് ഒറ്റയ്ക്കുള്ള മാതാവിന്റെയോ പിതാവിന്റെയോ അതിജീവന സഹായി വിശദീകരിക്കുന്നു. ലജ്ജ മൂലം ചില പിതാക്കൻമാർ ലൈംഗിക സംഗതികൾ ചർച്ചചെയ്യുന്നത് ഒഴിവാക്കുന്നു. മറ്റുചിലർ ബന്ധത്തിലുള്ള ആശ്രയയോഗ്യയായ ഒരു സ്ത്രീയെ തങ്ങളുടെ പുത്രിമാരോടു സംസാരിക്കുന്നതിനു ക്രമീകരിക്കുന്നു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും* എന്ന പുസ്തകം കുട്ടികളോടൊത്തു വായിക്കുന്നതിൽനിന്ന് ഒറ്റക്കാരായ എല്ലാ മാതാക്കൾക്കും പിതാക്കൻമാർക്കും ഒരുപോലെ മഹത്തായ പ്രയോജനം അനുഭവിക്കാൻ കഴിയും. “ലൈംഗികതയും ധാർമ്മികതയും,” “ഡെയിറ്റിംഗ്, പ്രേമം, വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവർ” എന്നീ തലക്കെട്ടുകളോടു കൂടിയ ഭാഗങ്ങൾ ഈ പ്രസിദ്ധീകരണത്തിലുണ്ട്.a ഓരോ അധ്യായത്തിന്റെയും അവസാനം ചർച്ചക്കുള്ള ചോദ്യങ്ങൾ എന്ന സവിശേഷത കാണാം. ഏറ്റവും രഹസ്യമായ സംഗതികളുടെപോലും ഒരു ഉചിതമായ പുനരവലോകനം ഉറപ്പുവരുത്തുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അത്.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നതു നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു
[7-ാം പേജിലെ ചിത്രം]
നിങ്ങൾ ഏതു രീതിയിൽ ബജറ്റു തയ്യാറാക്കിയാലും ഇരുന്നു നിങ്ങളുടെ ചെലവുകണക്കാക്കുക