നിങ്ങൾക്ക് ഒറ്റക്കാരായ മാതാക്കളെയും പിതാക്കൻമാരെയും എങ്ങനെ സഹായിക്കാൻ കഴിയും?
ഒറ്റക്കാരായ മാതാക്കളും പിതാക്കൻമാരും പരിഗണനയർഹിക്കുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിന്റെ പിന്തുണക്ക് ഇന്നത്തെ സാമൂഹിക പ്രവർത്തകർ ഉയർന്ന വില കൽപ്പിക്കുന്നു.
“പിന്തുണനൽകുന്ന സുഹൃദ് ശൃംഖലകൾക്കും പരിപാലനം നൽകുന്ന ബന്ധുക്കൾക്കും ഊഷ്മളവും വ്യക്തിപരവുമായ താത്പര്യം എടുക്കുന്ന അധ്യാപകർക്കും അത്തരം കുടുംബങ്ങളെ മനസ്സിൽ പിടിച്ചുകൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന സാമൂഹികവും മതപരവുമായ പ്രത്യേക പ്രവർത്തനങ്ങൾക്കും, ജീവിതത്തിൽ പ്രത്യേകിച്ചു പ്രോത്സാഹനം ആവശ്യമായിരിക്കുന്ന ഒരു സമയത്ത് ഒറ്റക്കാരായ മാതാക്കളുടെയും/പിതാക്കൻമാരുടെയും അവരുടെ കുട്ടികളുടെയും വൈകാരിക സുസ്ഥിതിക്കു വളരെയധികം സഹായം ചെയ്യാൻ കഴിയും” എന്നു സാമൂഹികശാസ്ത്രജ്ഞരായ ലീതയും ജോൺ സ്കാൻസോണിയും വിശദീകരിക്കുന്നു. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണു സഹായിക്കാൻ കഴിയുക?
പിന്തുണ നൽകുന്നവരായിരിക്കുക
ആദ്യംതന്നെ, ഒറ്റക്കാരായ മാതാക്കളും പിതാക്കൻമാരും കാര്യങ്ങളെ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അവരുടെ സാഹചര്യത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ സങ്കൽപ്പിക്കുക. 7-ഉം 14-ഉം വയസ്സുള്ള രണ്ടു കുട്ടികളുള്ള മാർഗരറ്റുമായി ഉണരുക! അഭിമുഖം നടത്തി. അഞ്ചു വർഷം മുമ്പ് വിവാഹമോചിതയായ അവൾ ഇതുവരെയും സാഹചര്യത്തെ വിജയകരമായി തരണംചെയ്തിരിക്കുന്നു. അവളുടെ അഭിപ്രായങ്ങൾ ഏറ്റവുമധികം ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.
ഉണരുക!: “ഒറ്റയ്ക്കുള്ള മാതാവെന്ന നിലയിൽ എന്തെല്ലാം പ്രശ്നങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്?”
മാർഗരറ്റ്: “പ്രഥമവും പ്രധാനവുമായ സംഗതി, ഞാൻ ഒറ്റയ്ക്കുള്ള ഒരു മാതാവായിത്തീർന്നുവെന്ന വസ്തുത അംഗീകരിക്കാൻ എനിക്കു വളരെ പ്രയാസം തോന്നിയെന്നുള്ളതാണ്. ഞാൻ ആസൂത്രണം ചെയ്യാഞ്ഞ ഒന്നായിരുന്നു അത്. ‘ഒറ്റയ്ക്കുള്ള മാതാവ്’ എന്നു മുദ്രകുത്തിയത് എന്നെ അസ്വസ്ഥയാക്കി. എന്തുകൊണ്ടെന്നാൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ പലരും ചീത്തപ്പേരുള്ള കുട്ടികളുള്ള, വിഷാദമഗ്നവും ഉൻമേഷരഹിതവുമായ കുടുംബങ്ങളായാണു വീക്ഷിക്കുന്നത്. എന്റെ വീക്ഷണം അതല്ലായിരുന്നതുകൊണ്ട് ആദ്യമൊക്കെ ഉപദേശം സ്വീകരിക്കാൻ ഞാൻ വിസമ്മതിച്ചിരുന്നു. എന്നാൽ ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആയിരിക്കുന്നതു തീർത്തും മോശമായ കാര്യമല്ലെന്നു ഞാൻ മനസ്സിലാക്കാൻ ഇടയായിരിക്കുന്നു.”
ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കും പിന്തുണ കൊടുക്കുന്നതിനു നിങ്ങൾ അവരുടെ സൂക്ഷ്മസംവേദകത്വത്തെക്കുറിച്ച് അറിവുള്ളവരായിരിക്കേണ്ടതുണ്ട്. അവരോടു ദയ കാണിച്ചുകൊണ്ടേയിരിക്കുക.
ഉണരുക!: “നിങ്ങൾക്കു നിങ്ങളുടെ മുൻ ഭർത്താവിൽനിന്നു യാതൊരു ഉപജീവനച്ചെലവും ലഭിക്കുന്നില്ല. നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്തിട്ടുള്ളത്?”
മാർഗരറ്റ്: “എനിക്ക് ഒത്തിരി ത്യാഗങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. കൂടിവരവുകൾക്കു പുതു വസ്ത്രങ്ങൾ വാങ്ങിക്കുന്നതു ഞാൻ പതിവായി ആസ്വദിച്ചിരുന്നു. ഞങ്ങൾ പുതിയ സംഗതികൾ ഇപ്പോഴും വാങ്ങുന്നുണ്ട്, എന്നാൽ മുമ്പു ചെലവിടുമായിരുന്ന അത്രയും ഞങ്ങൾക്കു ചെലവിടാൻ കഴിയുന്നില്ല. തീർച്ചയായും, കുട്ടികളെ ഏറ്റവും നല്ല രീതിയിൽ ഒരുക്കി നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ പണം സൂക്ഷിച്ചു ചെലവാക്കേണ്ടതുണ്ട്. ഓരോ ആഴ്ചയിലും അൽപ്പം പണം ഞാൻ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. ഞാൻ അത് ആശ്രയിക്കാവുന്ന ഒരു സുഹൃത്തിന്റെ കയ്യിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു, എന്തുകൊണ്ടെന്നാൽ എന്റെ കയ്യിലിരുന്നാൽ ഞാൻ അത് ഉപയോഗിച്ചു തീർക്കാനിടയുണ്ടെന്ന് എനിക്കറിയാമായിരുന്നു.”
ഒറ്റക്കാരായ മാതാക്കളെയും പിതാക്കൻമാരെയും അവരുടെ പണം സൂക്ഷിക്കാൻ സഹായിക്കുന്ന അത്തരം ആശ്രയയോഗ്യനായ ഒരു സുഹൃത്തായിരിക്കുമോ നിങ്ങൾ?
ഉണരുക!: “നിങ്ങൾ ഏകാന്തതയെ എങ്ങനെയാണു തരണം ചെയ്തിരിക്കുന്നത്?”
മാർഗരറ്റ്: “ഞാൻ പകൽസമയത്ത് എല്ലായ്പോഴും തിരക്കുള്ളവളായിരിക്കും. വൈകിട്ടു കുട്ടികൾ ഉറങ്ങിക്കഴിയുമ്പോഴാണ് എനിക്കത് ഏറ്റവുമധികം അനുഭവപ്പെടുന്നത്. ഞാൻ ഒരു ബന്ധുവിനോ സുഹൃത്തിനോ ഫോൺ ചെയ്യും. ചിലപ്പോൾ എനിക്കു കണ്ണീരോടുകൂടിയ ഒരു സംഭാഷണമായിരിക്കും ഉണ്ടായിരിക്കുക. അന്നേ ദിവസം സംഭവിച്ചതിനെക്കുറിച്ചു ഞാൻ സംസാരിക്കും. കേവലം ശ്രദ്ധിക്കുന്ന ഒരാളുണ്ടായിരിക്കുന്നതു വളരെ സഹായകമാണ്.”
ഒരുപക്ഷേ നിങ്ങൾക്കു മുൻകൈയെടുത്ത് ഏകാന്തത അനുഭവിക്കുന്ന ആളിനു ഫോൺ ചെയ്യാവുന്നതാണ്. നിങ്ങൾ ശ്രദ്ധിക്കുന്നത് അവർക്കു വളരെയധികം ആശ്വാസം പ്രദാനം ചെയ്യും.
ഉണരുക!: “ഒറ്റയ്ക്കുള്ള ഒരു മാതാവെന്ന നിലയിൽ നിങ്ങൾ ഏറ്റവും പ്രയാസകരമായി കണ്ടെത്തുന്നതെന്താണ്?”
മാർഗരറ്റ്: “ധാർമികമായി നേരായ വിധത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്. എന്റെ കുട്ടികളുടെ മനസ്സിൽ നല്ല മൂല്യങ്ങൾ പതിപ്പിക്കാനുള്ള എന്റെ ആഗ്രഹത്തെ ചോദ്യംചെയ്യാൻ അധഃപതിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക, ധാർമിക നിലവാരങ്ങൾ ആളുകളെ പ്രേരിപ്പിക്കുന്നു.”
ദൈവിക നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു നിങ്ങൾ വെക്കുന്ന മാതൃക തീർച്ചയായും അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും.
ഉണരുക!: “രണ്ടു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനു വളരെയധികം സമയം ആവശ്യമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എങ്ങനെയാണു നിങ്ങൾ സമയം കണ്ടെത്തുന്നത്?”
മാർഗരറ്റ്: “എനിക്കായിത്തന്നെ കുറച്ചു സമയം മാറ്റിവയ്ക്കാൻ ഞാൻ ശ്രമിക്കുന്നു. ഉദാഹരണം പറഞ്ഞാൽ, ഒരു സുഹൃത്തു കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോൾ എനിക്കുവേണ്ടിത്തന്നെ എനിക്ക് ഒരു മണിക്കൂർ ലഭിക്കുന്നു. ഞാൻ ടിവി ഓൺ ചെയ്യാതെ ഒരിടത്തിരിക്കും. ഞാൻ ആ ദിവസം ചെയ്ത കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നിശബ്ദയായിരിക്കും. ശരിയും തെറ്റും സംബന്ധിച്ചു ഞാൻ എല്ലായ്പോഴും വളരെ ബോധവതിയാണ്. അതുകൊണ്ട് എനിക്കു മെച്ചമായി ചെയ്യാൻ കഴിയുമായിരുന്നോയെന്നറിയുന്നതിനു ചെയ്ത കാര്യങ്ങളെക്കുറിച്ചു പിന്തിരിഞ്ഞു ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.”
ഇടയ്ക്കിടയ്ക്കു നിങ്ങൾ അവളുടെ കുട്ടികളെ പരിപാലിക്കാൻ തയ്യാറാകുന്നുവെങ്കിൽ ഒറ്റയ്ക്കുള്ള ആ മാതാവിന് അത്തരം വിചിന്തനത്തിനു വിലപ്പെട്ട നിമിഷങ്ങൾ ഉണ്ടായിരിക്കും.
പ്രായോഗിക സഹായം നൽകുക
ഉണരുക!: “നിങ്ങൾ ഏറ്റവും പ്രായോഗികമായി കണ്ടെത്തിയിരിക്കുന്ന സഹായമേതാണ്?”
മാർഗരറ്റ്: “മറ്റൊരു കുടുംബത്തിന്റെ വീട്ടിലേക്കു ക്ഷണിക്കപ്പെടുന്നതു ഞാൻ ആസ്വദിക്കുന്നു. മറ്റുള്ളവർ ചിന്തയുള്ളവരാണെന്നു മനസ്സിലാക്കുമ്പോൾ അതു വളരെ സഹായകരമാണ്. നിങ്ങൾക്കു മാത്രമേ പ്രശ്നങ്ങളുള്ളൂവെന്നു ചിലപ്പോൾ നിങ്ങൾ വിചാരിക്കുന്നു. മാത്രമല്ല, ഞാൻ എന്റെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ആരെങ്കിലും എന്നെ അഭിനന്ദിക്കുമ്പോൾ അതു വളരെയധികം അർഥമാക്കുന്നു! അലങ്കരിക്കൽ, പൂന്തോട്ട നിർമാണം, കടയിൽപോക്ക് എന്നിങ്ങനെയുള്ള പ്രായോഗിക സംഗതികളും ഞാൻ ആസ്വദിക്കുന്നു. . . . ഓ, അങ്ങനെ പല സംഗതികളുമുണ്ട്!”
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ളപ്പോൾ കാര്യങ്ങൾക്കു കൂടുതൽ സമയമെടുക്കും, അവ കൂടുതൽ പ്രയാസകരമായി കാണപ്പെടുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ സമയമെന്ന ദാനത്തിന്റെ മൂല്യം താഴ്ത്തിമതിക്കരുത്. ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കും അത് എല്ലാത്തിലുംവച്ച് ഏറ്റവും വിലപ്പെട്ട ദാനങ്ങളിലൊന്നാണ്.
[9-ാം പേജിലെ ചിത്രം]
ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കും ഒരു യഥാർഥ സഹായമായിരിക്കുന്നതിന് അവരോടൊപ്പം സമയം ചെലവഴിക്കുക