ഞങ്ങളുടെ വായനക്കാരിൽനിന്ന്
തൊഴിലില്ലായ്മ “തൊഴിലില്ലായ്മ—ഒരു പരിഹാരമുണ്ട്” (മാർച്ച് 8, 1996) എന്ന ലേഖനപരമ്പരയ്ക്ക് അങ്ങേയറ്റം നന്ദി. ഞാൻ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും ഒരു തൊഴിലും കണ്ടെത്താതിരുന്ന അവസരത്തിലായിരുന്നു അതു വന്നത്. നിങ്ങൾ 11-ാം പേജിൽ പരാമർശിച്ചതനുസരിച്ചു ഞാൻ ഭവനത്തിൽ തൊഴിൽ സൃഷ്ടിക്കാൻ ശ്രമിച്ചു. അവ എന്റെ കാര്യത്തിൽ വിജയപ്രദമാകുന്നുണ്ട്. നിങ്ങളെപ്രതി യഹോവയ്ക്കു നന്ദി!
ജെ. എം., ഫ്രഞ്ച് ഗയാന
അടുത്തകാലത്തു ഞാൻ ആയിരുന്ന അവസ്ഥയെക്കുറിച്ചായിരുന്നു ലേഖനങ്ങളിൽ വിവരിച്ചിരുന്നത്. ഏതാനും മാസത്തേക്ക്, എനിക്ക് ഒരു ലേഖനം പറഞ്ഞതുപോലെതന്നെ “എല്ലാത്തരത്തിലുള്ള ജോലിയും” ചെയ്യുന്നതിനോട് അനുരൂപപ്പെടേണ്ടിവന്നു. പക്ഷേ ഞാൻ ഭഗ്നാശനായില്ല. ഒരു ശുഭോദർക്കമായ വീക്ഷണഗതിയുണ്ടായിരിക്കുന്നതിനു ഞാൻ പരിശ്രമിച്ചു. ഒടുക്കം ഞാൻ ഒരു സ്ഥിരതയുള്ള തൊഴിൽ കണ്ടെത്തി. ആ കാലഘട്ടത്തിൽ, സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ വളരെ മിതവ്യയശീലമുള്ള ഭാര്യയുടെ സഹായം എനിക്കു ലഭിച്ചിരുന്നു. പ്രയാസ സാഹചര്യങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിനു സഹായിക്കുന്ന വിവരങ്ങൾ നൽകുന്നതിന് ഒരിക്കൽക്കൂടി നന്ദി.
യു. സി., ഇറ്റലി
എനിക്ക്, നിങ്ങളുടെ “ഭവനത്തിൽ ജോലി ഉളവാക്കൽ” എന്ന ചതുരം പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു. ഞാൻ ഒരു നിരന്തരപയനിയർ, ഒരു മുഴുസമയ ശുശ്രൂഷകയാണ്. രണ്ടു വർഷം ഞാൻ ലൈസൻസോടുകൂടി വീട്ടിൽത്തന്നെ ഒരു ശിശുപരിപാലനകേന്ദ്രം നടത്തി. സ്കൂൾ തുടങ്ങുന്നതിനുമുമ്പും വിട്ടുകഴിഞ്ഞും ഞാൻ കുട്ടികളെ നോക്കി, ഒരു നല്ല വരുമാനവും കിട്ടി. അത് ദിവസത്തിന്റെ ഇടസമയം മുഴുവൻ പ്രസംഗവേലയ്ക്കായി എന്നെ സ്വതന്ത്രയാക്കുന്നു. മികച്ച പരിപാലനം ലഭിക്കുന്നതു ബുദ്ധിമുട്ടായതിനാൽ വളരെയേറെ മാതാപിതാക്കൾ കൃതജ്ഞതയുള്ളവരായിരുന്നു. യഹോവയെ സേവിക്കുന്നതിനു സഹായകമായ രീതിയിലുള്ള തൊഴിലുകൾ കണ്ടെത്താൻ മറ്റുള്ളവർക്കും സാധിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
റ്റി. കെ. എൽ., ഐക്യനാടുകൾ
തൊഴിലില്ലാത്ത ആളുകൾക്ക്, തുണിതറച്ച മരസാമാനങ്ങളുണ്ടാക്കൽ, ക്ഷൗരം, പരിരക്ഷകജോലികൾ തുടങ്ങിയവ സ്വകാര്യാടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ കഴിയുമെന്നു നിങ്ങൾ പറഞ്ഞിരുന്നല്ലോ. ചില പ്രത്യേക സാഹചര്യങ്ങളിൽ അവർക്ക് അവരുടെ സേവനങ്ങളെ സംബന്ധിച്ച് സൗജന്യമായോ കുറഞ്ഞചെലവിലോ പരസ്യപ്പെടുത്തുന്നതിനു സാധിക്കുമെന്നും നിങ്ങൾ പറഞ്ഞു. ഇതു ജർമനിയിൽ നിയമവിരുദ്ധമല്ലേ?
ആർ. റ്റി., ജർമനി
രാജ്യങ്ങൾതോറും നിയമങ്ങൾ വ്യത്യസ്തമാണ്, ഒരുപക്ഷേ ഇതു ചില രാജ്യങ്ങളിൽ നിയമവിരുദ്ധമായിരുന്നേക്കാം. അതുകൊണ്ടാണ് 9-ാം പേജിൽ അത്തരം ഉദ്യമങ്ങളിൽ ഏർപ്പെടുന്നതിനുമുമ്പു സാമ്പത്തികവും നികുതിപരവുമായ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതിന്റെയും അവയോട് ആദരവുണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകതയെ സംബന്ധിച്ച് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്. ക്രിസ്ത്യാനികൾ തങ്ങൾ ജീവിക്കുന്ന ദേശത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. (റോമർ 13:1)—പത്രാധിപർ
മൃഗശാല “ബൈബിൾ പഠനം—മൃഗശാലയിൽ!” എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. (മാർച്ച് 8, 1996) ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. ബൈബിളിൽ വരയൻ കുതിരകളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന് എനിക്കൊരിക്കലും അറിയാമായിരുന്നില്ല. ഉറുമ്പുകളെ സംബന്ധിച്ച ഖണ്ഡിക എനിക്കു വളരെ ഇഷ്ടമായി. ലേഖനം, ഓരോ മാസവും ഓരോ വ്യത്യസ്ത മൃഗത്തെ സംബന്ധിച്ചു ഗവേഷണം നടത്താൻ എനിക്കു പ്രചോദനമേകി.
എം. എഫ്., ഐക്യനാടുകൾ
എന്റെ പ്രിയപ്പെട്ട സുഹൃത്ത് “എന്റെ പ്രിയപ്പെട്ട സുഹൃത്ത്” (ഫെബ്രുവരി 22, 1996) എന്ന വശ്യമായ ഒരു ലേഖനത്തെപ്രതിയുള്ള എന്റെ വിലമതിപ്പു പ്രകടമാക്കാൻ ഞാനാഗ്രഹിക്കുന്നു. പ്രായത്തിൽ അത്രയും വ്യത്യാസമുണ്ടായിരുന്നിട്ടുപോലും നിലനിന്ന അത്തരം നല്ല സൗഹൃദത്തെ സംബന്ധിച്ചു വായിക്കുന്നത് ആനന്ദകരമാണ്. യുവജനങ്ങൾക്കു തങ്ങളുടെ അടുത്ത സുഹൃത്തുക്കളായി തങ്ങളുടെതന്നെ പ്രായപരിധിയിലുള്ളവരുണ്ടായിരിക്കണം എന്നത് അവശ്യം ആവശ്യമായിരിക്കുന്നില്ലെന്ന് അതു ദൃഷ്ടാന്തീകരിക്കുന്നു. അനുഭവപരിചയവും ജ്ഞാനവും നർമഭാവവും പങ്കുവെക്കാൻ കഴിയുന്ന നിരവധി പ്രായമേറിയവരുണ്ട്.
എസ്. റ്റി., ഇംഗ്ലണ്ട്
യുവജനങ്ങൾക്കും പ്രായമായവർക്കും നന്നായി ഒത്തുപോകാനും യുവജനങ്ങൾക്ക് പ്രായമേറിയ തലമുറയുടെ സമ്പന്നമായ അനുഭവപരിചയത്തിൽനിന്നു പ്രയോജനം നേടാനും സാധിക്കുമെന്നു ലേഖനം തെളിയിച്ചു. ഞാനും പ്രായമേറിയ ഒരു സുഹൃത്തുമൊത്ത് ഉന്മേഷപ്രദവും ആഹ്ലാദകരവുമായ ധാരാളം മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം പോലെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്നെ അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ട്.
ഡബ്ലിയു. എസ്., ഓസ്ട്രിയ
ഇതുവരെ ഒരിക്കൽപ്പോലും ഞാൻ പ്രായമായവരിൽനിന്നു പഠിക്കാൻ ശ്രമിച്ചിട്ടില്ല. പ്രസ്തുത ലേഖനം ഹേതുവായി അങ്ങനെയുള്ളവരിൽനിന്ന് എന്തെല്ലാം കാര്യങ്ങൾ പഠിക്കാനാവുമെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. ജ്ഞാനത്തിൽ സമ്പന്നരായ ചില പ്രായമായവരുടെ ഒരു അടുത്ത സുഹൃത്തായിത്തീരാൻ എനിക്കു വളരെയധികം ആഗ്രഹം തോന്നുന്നു.
ആർ. കെ., ജപ്പാൻ